Slider

കഥ സ്വപ്നാടനം

0

സ്വന്തം മരണം എപ്പഴെങ്ങിലും നിങ്ങളുടെ സ്വപ്നത്തില്‍ വന്നിട്ടുണ്ടോ..ഞാന്‍ കണ്ടിട്ടുണ്ട് സുഹൃത്തേ..എന്‍റെ മരണം.
മുഖം ചെളിയില്‍ പൂണ്ട് ശ്വാസം കിട്ടാതെ കാലിട്ടടിച്ച് ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ..
എത്ര ഭീതിതമായ കാഴ്ചയാണത്. എനിക്ക് ശ്വാസം കിട്ടാത്തതു പോലെ തോന്നി.മണ്ണെണ്ണ വിളക്കിന്‍റെ തിരി അല്‍പം ഉയര്‍ത്തിവെച്ച് ഞാന്‍ കിടക്കപ്പായില്‍ എഴുന്നേറ്റിരുന്നു.തൊട്ടടുത്ത് അനിയത്തി മൂടിപ്പുതച്ചു കിടന്ന് ഉറങ്ങുന്നു. അടുത്തിരുന്ന കൂജയിലെ വെള്ളം വായിലേക്കു കമഴ്ത്തി.നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പു തുള്ളികള്‍ കഴുത്തിനെ ഇക്കിളിപ്പെടുത്തിക്കൊണ്ട് താഴേക്ക് ഊര്‍ന്നിറങ്ങി.വെറും കൈയ്യാല്‍ വിയര്‍പ്പ് തുടച്ചുകൊണ്ട് സ്വപ്നത്തില്‍ കണ്ട മരണചിത്രത്തിലെ ശേഷിപ്പുകള്‍ ഭയത്തോടെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
അതെ.. അത് തെക്കിലെ കാര്‍ത്തുച്ചേച്ചി ആയിരുന്നില്ലേ..അതെ.
പുല്ലരിയാന്‍ പോയ കാര്‍ത്തുച്ചേച്ചി അരിവാള്‍ വീശിക്കോണ്ട് വയല്‍ വരമ്പിലൂടെ ഓടിക്കിതച്ചുകൊണ്ട് വിളിച്ചു പറഞ്ഞത് വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നുണ്ട്.
-''...കോട്ടക്കൊളത്തില്‍ ശാലിനിക്കൊച്ചിന്‍റെ ശവം..''-
''- എന്താ കാര്‍ത്തൂ..''-
ചെത്തുകാരന്‍ കണാരന്‍ തെങ്ങിനു മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു.
''- കോട്ടക്കൊളത്തില്‍ ശവം....''
--'' ആരാന്നറിയോ..,''-
അതിനു മറുപടി പറയും മുന്‍പ് കോട്ടക്കുളം ലക്ഷ്യമാക്കി ഓടുന്നവരുടെ കൂട്ടത്തില്‍ കാര്‍ത്തുവും കൂടിക്കഴിഞ്ഞിരുന്നു.
കണാരന്‍ തെങ്ങിന്‍റെ പാതിയില്‍ നിന്നും താഴേക്ക് ഒറ്റച്ചാട്ടം.
പള്ളിമുക്കും പരിസരവും ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.കോട്ടക്കുളത്തിനു ചുറ്റും ജനം മൂക്കത്ത് വിരല്‍ വെച്ച് തന്‍റെ ശവത്തിലേക്കു തന്നെ ഉറ്റു നോക്കുന്നു.
'' വേനല്‍ ചൂടില്‍ വറ്റിയ കുളത്തില്‍ ഇങ്ങിനെ മരിച്ചു കിടക്കണമെങ്കില്‍ ഇത് കൊലപാതകമാവും.''
ചിലര്‍ അടക്കം പിടിച്ച് പറയുന്നുണ്ടായിരുന്നു.
..'' ആത്മഹത്യ തന്നെയാവും. സ്കൂളില്‍ ഏതോ കൊച്ചനുമായി പ്രേമത്തിലായിരുന്നു. ഒരാഴ്ച മുന്‍പല്ലേ ആ ചെക്കനും കൂട്ടരും പെണ്ണിന്‍റെ മാനം കെടുത്തിയേ..''-
ആളുകള്‍ക്ക് ഊഹിച്ചെടുക്കാന്‍ എന്തൊക്കെ കഥകളാണ്.
അതൊന്നുമായിരുന്നില്ല എന്നെ വേദനിപ്പിച്ചത്. അമ്മയും അനുജത്തിയും ഒന്നു വിതുമ്പുന്നതു പോലുമില്ല. കുടുംബത്തിനു മാനംകെടുത്തിയവള്‍ പോയത് നന്നായി എന്നാവും.അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അനുജത്തിയുടെ ഭാവി കൂടി തുലക്കും എന്ന തോന്നലാവാം.
''- അല്ലേലും ഇനിയീ പെണ്ണ് ജീവിച്ചിട്ടെന്താ .. ആളുകളുടെ മുന്നില്‍ എന്നും ഒരു അപഹാസ്യയായിട്ട്..
ആ വാക്കുകള്‍ എന്‍റെ മനസില്‍ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു. ഇനി ഞാന്‍ ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥം.
ഞാന്‍ അനിയത്തിയെ ഉണര്‍ത്താതെ പതിയെ എണീറ്റു. കതകു തുറന്ന് പുറത്തേക്കിറങ്ങി.
ആ സ്വപ്നം എന്നെ കോട്ട ക്കുളം ലക്ഷ്യമാക്കി നയിച്ചു. സ്വപ്നത്തില്‍ വറ്റി വരണ്ടു നിന്നിരുന്ന കുളം സത്യത്തില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. യദാര്‍ത്ഥത്തില്‍ അത് വേനല്‍ക്കാലവും ആയിരുന്നില്ല.
പിറ്റേന്ന് കാലത്ത് പുല്ലരിയാന്‍ വന്ന കാര്‍ത്ത്യായനി അരിവാള്‍ വീശിക്കൊണ്ട് വയല്‍ വരമ്പിലൂടെ ഓടിക്കിതച്ച് വിളിച്ചു പറഞ്ഞു
''--കോട്ടക്കൊളത്തില്‍ ശാലിനിക്കൊച്ചിന്‍റെ ശവം...''
-------------!-----------------!-------------------!
പുരുഷു പരോള്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo