Slider

അഴുക്കുകൾ

0

വടക്കിനിയിലെ കുളത്തില്‍ മുങ്ങി നിവരുമ്പോള്‍ ദേവന്റെ ശരീരത്തേക്കാളുപരി മനസ്സിനായിരുന്നു കുളിര്‍മ്മ. ഇന്ന് അവന്റെ കല്ല്യാണമായിരുന്നു അതിന്റെ ക്ഷീണമൊക്കെ നിലാവ് പരന്ന് തുടങ്ങിയാ ഈ നേരത്തവന്‍ മുങ്ങി കുളിച്ച് തീര്‍ത്തു. ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി തന്റെ മുറിയിലേക്ക് എത്തിയ അവന്‍ കണ്ടത് ആദ്യരാത്രിയുടെ വർണ്ണങ്ങൾ നിറഞ്ഞു നിൽക്കേണ്ട മുറിയിലാകെ ഇരുള്‍ പരന്ന് കിടക്കുന്നതാണു..
ഈ കുട്ടി എവിടെപ്പോയി?? ഇത് വരെ മുറിയിലേക്ക് വന്നില്ലേ? സ്വയം ചോദിച്ചു കൊണ്ട് മുറിയില്‍ കയറാതെ അവന്‍ വീടിനകത്തെല്ലാം നടന്നു പല മുറിയിലും ബന്ധുക്കളുണ്ട് അവളെ മാത്രം കാണാനില്ല.. അവസാനം അടുക്കള വരെ അവന്റെ നോട്ടമെത്തി. അവിടേയുമില്ല.. ചേച്ചിയും അമ്മയും ബന്ധുക്കളുമെല്ലാം അടക്കി ചിരിക്കുന്നു..
തെല്ലൊരു അമ്പരപ്പോടെ തിരിയെ മുറിയിലേക്ക് കയറിയ അവന്‍ ലൈറ്റ് ഓണ്‍ ചെയ്തു. അവന്റേ നോട്ടം ചെന്ന് നിന്നതാ മുറിയുടെ മൂലയിലേക്കാണു. പേടിച്ചരണ്ടു അവളവിടെ ഇരിക്കുന്നു..
"അയ്യോ? ന്താ?? ന്തു പറ്റി അനൂ?. തെല്ലൊരു ഞെട്ടലോടെ അവൻ ചോദിച്ചു..
തന്റെ അടുക്കലേക്ക് വരുന്ന അവനു നേരെ മിഴി ഉയര്‍ത്താതെ അവള്‍ പറഞ്ഞു
പൊറുക്കണം.. എന്നെ തൊടരുത്.. ഞാന്‍ ചീത്തയാ.. എന്നെ തൊടരുത്...
ഒരു നിമിഷം പതറി പോയ അവന്‍ സമനില വീണ്ടെടുത്തു.. ന്താ കുട്ടീ?.. ന്തു പറ്റി?? എന്താ ഇങ്ങനൊക്കെ?
അറിഞ്ഞുകൊണ്ടല്ല. ഞാനാരെയും ചതിച്ചതല്ല. എന്നെ... എന്നെ എല്ലാരും കൂടി നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചതാ.. .
അവള്‍ പുലരും വരെ അത് തന്നെ പതം പറഞ്ഞുകൊണ്ടേയിരുന്നു.. എന്ത് ചോദിച്ചിട്ടും അവള്‍ മറ്റൊന്നും പറയുന്നില്ല. ഒന്ന് സമാധാനിപ്പിക്കാൻ അടുത്തേക്ക് ചെന്നാൽ തന്നെ കരച്ചിലിന് ശക്തി കൂടുന്നു.. ഈശ്വരാ എന്ത് പരീക്ഷണം.. ഇതാണോ താൻ സ്വപ്നം കണ്ട വൈവാഹിക ജീവിതം.. അവളുടെ ഈ പെരുമാറ്റം അവന്റെ മനസ്സമാധാനം കെടുത്തി...
എന്തായാലും ആരോടും ഒന്നും പറയാൻ അവനു മനസ്സ് വന്നില്ല. വീട്ടുകാരെയോ ബന്ധുക്കളെയോ ഒന്നും അറിയിക്കാതെ ദേവൻ തന്റെ ദിവസങ്ങള്‍ തള്ളി നീക്കി.. മുറിയിലെ കനത്ത നിശബ്ദത അയാള്‍ക്ക് അസഹനീയമായി തോന്നി..
തന്നോട് മാത്രം ഈ അകൽച്ച.. വീട്ടിൽ എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ പെരുമാറുന്നു... അവനു സ്വയം പുച്ഛം തോന്നിതുടങ്ങി.. പതിവുപോലെ അന്നും അയാള്‍ അനുവിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴും അവള്‍ പേടിച്ചരണ്ട് ഓടി മാറി. എന്റടത്ത് വരരുത്.പ്ലീസ്... എന്നെ തൊടരുത്. പതിവ് പല്ലവി തന്നെ.. ഈ ഒരാഴ്ച്ചയായിട്ടും അനുവില്‍ നിന്ന് മറ്റൊരു വാക്കും പുറത്തു വന്നിട്ടില്ല..
ഇല്ലാ അനൂ.. ഞാന്‍ നിന്നെ തൊടില്ല.. പക്ഷേ എന്നോട് പറയൂ ? ന്താ കുട്ടീടെ പ്രശ്നം? ഒരുപാട് പ്രതീക്ഷയോടെ വിവാഹം ചെയ്ത ഒരു മനുഷ്യനാണു ഞാന്‍. എന്നോട് എന്തും തുറന്നു പറയാം. എനിക്ക് പരിഹരിക്കാനാകുന്ന പ്രശ്നമാണെങ്കില്‍ ഞാന്‍ അതും ചെയ്തു തരാം. വേറേ ഇഷ്ടമുണ്ടെങ്കി ഞാന്‍ കൊണ്ട് ചെന്നാക്കാം അവീടെ. പക്ഷേ അനു പറയൂ.. ഇങ്ങനെ നമ്മളെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും??
ഇല്ലാ.. എന്നെ നിര്ബന്ധിക്കരുതേ.... എനിക്കൊന്നും പറയാനില്ല.. എന്നോട് ക്ഷമിക്കണേ..
സകല നിയന്ത്രണവും വിട്ട ദേവൻ അവളുടെ കയ്യിൽ കടന്നു പിടിച്ചു പറഞ്ഞു. പറഞ്ഞേ പറ്റുള്ളൂ അനൂ.. നീ എന്നോട് പറഞ്ഞെ പറ്റൂ.. ആജ്ഞാ സ്വരമാണു പുറത്ത് വന്നതെങ്കിലും തന്റെ മിഴികള്‍ നിറഞ്ഞത് അനുവിന്റെ മുന്നില്‍ നിന്നും അവന്‍ പെട്ടെന്ന് മറ്ച്ചു പിടിച്ചു
പെട്ടന്നുള്ള ദേവന്റെ ഭാവ മാറ്റത്തിൽ ആണ് ഞെട്ടിപ്പോയി... മുഖം രണ്ടു കൈകൊണ്ടും പൊത്തിപ്പിടിച്ചു അവൾ കരഞ്ഞു... കണ്ണീരിനൊടുവിൽ പതുക്കെ മുഖമുയർത്തി അവൾ പറഞ്ഞു.. എനിക്കൊരു പേനയും പേപ്പറും തരൂ. എനിക്കൊരിക്കലും അത് പറയാന്‍ കഴിയില്ല. ഞാന്‍ എഴുതിക്കോട്ടെ..? ഞാന്‍ എഴുതി തരാം.. അവനൊരു പേനയും പേപ്പറും എടുത്തു കൊടുത്തു. വിറയാർന്ന കൈകളാൽ കണ്ണ് നീര് തുടച്ചു കൊണ്ട് അവൾ എഴുതി.. അവളുടെ മനസ്സ് അക്ഷരങ്ങളായി കടലാസ്സിൽ പടർന്നു.. എഴുതി മുഴുമിപ്പിച്ചു അവൾ ഓടി ചെന്ന് കട്ടിലിൽ കമിഴ്ന്നു വീണു കരയാൻ തുടങ്ങി..
മേശപുറത്തു നിന്നും അവളുടെ ജീവിതം കൈകളിൽ എടുത്തു അവൻ വായിക്കാൻ തുടങ്ങി. കണ്ണു നീര്‍ വീണു ചുളിഞ്ഞ ആ പേപ്പറിന്റെ ആഴങ്ങളിലേക്കമരുമ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു അച്ഛന്റെ ആദ്യം ഭാര്യയിലെ മകന്‍ തന്റെ പെങ്ങളായി കരുതേണ്ടവളെ അറിയാനായ നാള്‍ മുതല്‍ താന്‍ വിവാഹം ചെയ്യും വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദ്രോഹിച്ച കഥ.
കമിഴ്ന്നു കിടന്നു ഏങ്ങലടിച്ച് കരയുന്ന അനുവിനെ ബലമായി പിടിച്ചെണീപ്പിച്ച് അവൻ നെഞ്ചോട് ചേര്‍ത്തു. ഇന്ന് വരെ കിട്ടാത്ത സ്നേഹത്തിന്റെ നെഞ്ചിടിപ്പുകൾ അവളുടെ മനസ്സിനെ ശാന്തമാക്കി... അവളുടെ മുഖം കൈകളിൽ പതുക്കെ കോരിയെടുത്തു കുറുനിരകൾ വീണു കിടക്കുന്ന ആ നെറ്റിയിൽ അവൻ ചുണ്ടു ചേർത്തു.. പെയ്തൊഴിഞ്ഞ മനസ്സോടെ അവൾ അവനോടു ചേർന്നിരുന്നു..
അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട്‌ അവൻ പറഞ്ഞു... നിന്റെ ശരീരമല്ലേ അവന്‍ നശിപ്പിച്ചുള്ളൂ.. നിന്റെ മനസ്.. അതിൽ തൊടാൻ അവനു കഴിഞ്ഞില്ലല്ലോ... ഇനി അതെനിക്ക് തന്നെ വേണം. നമ്മുക്ക് ജീവിക്കണം നമ്മുടെ മാത്രം ജീവിതം. ഇനി നിന്നെ ആരും ഉപദ്രവിക്കില്ല.. ഈ കഥ നമ്മളോട് കൂടെ മണ്ണിൽ അലിഞ്ഞു ചേരട്ടെ.. നിനക്ക് ഞാനുണ്ട്.. എന്നും..
പാതി സമാധാനത്തിൽ അവനോടു കൂടെ ജീവിതം തുടങ്ങിയ അവൾക്ക് ഒരുപാട് കൗൺസിലിംഗുകൾ വേണ്ടി വന്നു. പൂർണ്ണമായും സന്തോഷവതിയാക്കാൻ.. കൗൺസിലിംഗിന്റെ എല്ലാം ഒടുവിൽ അവർ അവരുടെ ജീവിതമാരംഭിച്ചു.. ദേവന്റെ അനുവായി സ്വപ്നംപോലെ ഒരു ജീവിതം..
മനസ്സ് കളങ്കപ്പെടാത്തിടത്തോളം കാലം നശ്വരമായ ഈ ശരീരത്തിൽ ഏൽക്കുന്നതെല്ലാം കേവലം അഴുക്കു മാത്രം.. കണ്ണീരിനാൽ കഴുകിക്കളയാവുന്ന ചെറിയ അഴുക്ക്
-------------------
രേഷ്മ എൻ. കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo