Slider

അഭിനന്ദനം

0

ഭാര്യ മുന്നിൽ കൊണ്ടു വെച്ച പുട്ടും പഴവും മിക്സ് ചെയ്ത് കഴിക്കാനൊരുങ്ങുമ്പോഴാണ് പത്ത്‌ വട്ടം അമർത്തുമ്പോള്‍ ഒരുവട്ടം മാത്രം ശബ്‌ദമുണ്ടാക്കുന്ന കോളിംഗ്‌ ബെല്‍ നിർത്താതെ അമറുന്നത്‌ കേട്ടത്. ഞാൻ ഓടിച്ചെന്ന്‌ വാതില്‍ തുറന്നു നോക്കി.മുറ്റത്ത്‌ അഞ്ച്‌പേരടങ്ങുന്ന ഒരുയുവജനസംഘം.ബെല്ലില്‍ ടൈപ്‌റൈറ്റിംഗ്‌ നടത്തി ക്ഷീണിച്ചിട്ടാകണം,ബെല്‍ ശബ്‌ദിക്കുന്നതറിഞ്ഞ്‌ അതില്‍ ഞെക്കിപ്പിടിച്ചിരിക്കുകയാണ്‌ ഒരു യുവരാജന്‍. എന്നെ കണ്ടതും ബെല്‍സ്വിച്ചിലുറപ്പിച്ചിരുന്ന വിരല്‍ വലിച്ചൂരി അല്‍പം പിറകോട്ട്‌ മാറി അറ്റന്‍ഷനായി നിന്നു.
മുറ്റത്ത്‌ നില്‍ക്കുന്ന യുവന്‍മരെല്ലാം നമ്മുടെ പരിചയക്കാരാണ്‌.അതിലൊരാളുടെ കക്ഷത്തില്‍ ചുരുട്ടിയ നോട്ട്‌ബുക്കും കൈയിലൊരു പേനയും കണ്ടപ്പോള്‍ കാര്യം മനസിലായി.എട്ടിന്റെ പണികിട്ടിയത്‌ തന്നെയെന്ന്‌ മനസില്‍ കരുതുകയും ചെയ്‌തു.വെയില്‌ ചൂടാകും മുമ്പെ ഇറങ്ങിക്കോളും ഓരോരുത്തർ പിരിവെന്നും പറഞ്ഞ്‌.ഏതായാലും പെട്ടുപോയില്ലേ നേരിടുക തന്നെ.
"എന്താ എല്ലാവരും കൂടെ അതിരാവിലെ...?''
"ഒരു ചെറിയ പിരിവാ... ഇപ്പൊ ഇറങ്ങിയാലല്ലേ നിങ്ങളെപ്പോലെ തിരക്കുള്ള വരെ കാണാൻ പറ്റുകയുള്ളൂ.''
തിരക്കിന്റെ കാര്യം പറയണ്ട. ഒരാഴ്ചയായി പണിയില്ലാതെ ഭാര്യ കണ്ണുരുട്ടുന്നതും കണ്ട് മിണ്ടാതെ അനങ്ങാതെ വീട്ടിലിരിക്കുന്നു. ഇതുണ്ടോ ഇവരറിയുന്നു.
പിരിവാണെന്ന് മനസിലായി.കാരണം അധ്വാനിച്ച് തിന്നുള്ള പരിചയം നിങ്ങൾക്കില്ലല്ലോയെന്ന് ഞാൻ മനസിൽ പറഞ്ഞു
"ക്ലബ്ബിന്റെ വാർഷികം,വിദ്യാർഥികള്‍ക്കുള്ള സമ്മാന വിതരണം....ഏന്താ ഇപ്പോഴത്തെ പ്രശ്നം.?''
"ഇത്‌ വിഷയം വേറെയാ.നമ്മുടെ എം എല്‍ എ അദ്ദേഹത്തിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും പണം ചിലവഴിച്ച്‌ ഓണം കേറാമൂല ജംഗ്ഷനിൽ ഒരു ബസ്‌വെയ്‌റ്റിംഗ്‌ ഷെഡ്‌ പണികഴിപ്പിച്ചില്ലേ.അതിന് നമ്മുടെ എം എൽ എ യെ അഭിനന്ദിക്കുന്ന ഒരു ചടങ്ങുണ്ടാക്കുന്നുണ്ട്.
"അതിന്‌ ആ റൂട്ടില്‍ ഇപ്പോള്‍ ബസ്‌ സർവീസൊന്നും ഇല്ലല്ലോ.പിന്നെന്തിനാണവിടെ ഒരു വെയ്‌റ്റിംഷെഡ്‌?''
"എന്നെങ്കിലും അതുവഴി ബസൊക്കെ വരുമ്പോള്‍ ഒരു ഉപകാരമാകുമല്ലൊ.നമ്മുടെ എം എല്‍ എ യുടെ ദീർഘവീക്ഷണത്തോടെയുള്ള വികസന പരിപാടിയാ. പുള്ളി ആരാ മോന്‍...''
എം എല്‍ എയുടെ ദീർഘവീക്ഷണം കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി.എങ്കിലും അത്‌ പുറത്ത്‌ കാണിക്കാതെ ഞാന്‍ ചോദിച്ചു.
"അഭിനന്ദനമറിയിക്കുന്നതിന്‌ പിരിവെന്തിനാ.അയാളെ ഫോണില്‍ വിളിച്ചറിയിച്ചാല്‍ പോരെ.?''
ഇത്രയും ചെറിയൊരു കാര്യത്തിനാണൊ നിങ്ങൾ അതിരാവിലപിരിവെന്ന് പറഞ്ഞിറങ്ങിയതെന്ന് ഞാൻ പറഞ്ഞുവെച്ചെങ്കിലും പിരിവന്‍മാർ വിട്ടില്ല.
"ബസ്‌ വരാത്തയിടങ്ങളില്‍ വരെ ബസ്‌ വെയ്‌റ്റിംഗ്‌ഷെഡുകള്‍ പണിതു തന്ന നമ്മുടെ നേതാവിന്‌ അഭിനന്ദനമറിയിച്ച്‌ മുക്കിലും മൂലയിലും വലിയ ഫ്‌ളക്‌സ്‌ ബോഡുകള്‍ വെക്കാനാണ്‌ ഞങ്ങളുടെ തീരുമാനം.ചുരുങ്ങിയത് ഒരു ഇരുപതിനായിരം രൂപയെങ്കിലും ചെലവാകും''
പിരിവുകാർ വളഞ്ഞാല്‍ പിന്നെ പുലിയുടെ മുന്നില്‍ പെട്ടപോലെയാണ്‌. സാക്ഷാൽ പുലിമുരുകൻ വന്നാലും രക്ഷപ്പെടുത്താൻ കഴിയില്ല. അവർക്ക്‌ സന്‍മനസ്‌ തോന്നി ഒഴിവാക്കിയാലേ രക്ഷപ്പെട്ടുവെന്ന് പറയാനൊക്കൂ.ഒരാഴ്‌ചയായി തന്റെ നെഞ്ചോട്‌ ചേർന്ന്‌കിടന്നിരുന്ന ആകെയുള്ള ആ നൂറിന്റെ നോട്ട്‌ മനസില്ലാമനസോടെ പുറത്തെടുത്തു.
"അമ്പത്‌ രൂപാ എഴുതിക്കോളൂവെന്ന്‌ ഞാൻ പറഞ്ഞ്‌ തീരും മുമ്പ്‌ അവർ നൂറ്‌രൂപ എന്നെഴുതുകയും എന്റെ കൈയിലിരുന്ന നൂറിന്റെ നോട്ട്‌ വലിച്ചെടുക്കുകയും ചെയ്‌തു.
ഖജനാവിന്റെ എ മുതൽ ഡബ്ലിയു വരെയുള്ള നിലവറകള്‍ തുറന്ന്‌ അമ്മാനമാടുന്ന രാഷ്‌ട്രീയക്കാർ ഇടക്കിടെ ജനങ്ങൾക്കിടയിലേക്ക് വലിച്ചെറിയുന്ന എല്ലിന്‍കഷ്‌ണങ്ങളെ ഇത്തരത്തിൽ പർവതീകരിച്ച്‌ ഫ്‌ളക്‌സ്‌വല്‍കരക്കുന്നതെന്തിന്‌...?
നൂറ്‌രൂപ പോയ സങ്കടത്തിനകമ്പടിയായി എന്നിലെ ജനാധിപത്യപ്പോരാളിയുണർന്ന്‌ പിരിവുകാർക്കെതിരെ ഒരു ചോദ്യമെറിഞ്ഞു
"എം എല്‍ എ സ്വന്തം പോക്കറ്റില്‍നിന്ന് കാശെടുത്തിട്ടൊന്നുമല്ലല്ലോ ഈ വെയ്‌റ്റിംഗ്‌ ഷെഡ്‌ ഉണ്ടാക്കിയത്‌.ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും അദ്ദേഹത്തിനനുവദിച്ച ഫണ്ടില്‍നിന്നല്ലേ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് അതിൽ നിന്നു തന്നെ അവർ കമ്മീഷനും കൈപറ്റുന്നു.നാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പരിഹരിക്കല്‍ അവരുടെ കടമയല്ലേ. അതിനു വേണ്ടിയല്ലേ അവരെ തിരഞ്ഞെടുത്ത യച്ചത്.നിർബന്ധമായും അവർചെയ്തിരിക്കേണ്ട കാര്യങ്ങള്‍ക്ക്‌ അവരെ അഭിനന്ദിക്കുന്നതെന്തിന്ന്‌?"
ഉടനെ വന്നു വിശദീകരണം.
" സക്കീറിന് മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ അറിയാത്തത്‌ കൊണ്ടാണ്‌.ഇതൊക്കെ ഒരു നാട്ടുനടപ്പാണിപ്പോള്‍.പത്രമൊന്നും വായിക്കാറില്ല അല്ലേ.കൊലപാതകക്കേസുകളും മോഷണക്കേസുകളുമൊക്കെ തെളിയിക്കുന്ന പൊലീസുകാർക്ക്‌ ഗവണ്‍മെന്റ്‌ അഭിനന്ദനങ്ങളും പാരിതോഷികങ്ങളും നല്‍കുന്നത്‌ കണ്ടിട്ടില്ലേ...കള്ളന്‍മാരെയും കൊലപാതകികളെയും പിടിക്കല്‍ അവരുടെ കടമയല്ലെ?അതിനല്ലേ അവർക്ക്‌ ശമ്പളം കൊടുക്കുന്നത്‌?പിന്നെ അവരെയെന്തിനാണ്‌ അഭിനന്ദിക്കുന്നത്‌? അവർക്കെന്തിനാണ് പാരിതോഷികങ്ങൾ നൽകുന്നത്.അതൊക്കെയാണ്‌ അതിന്റെ ഒരിത്‌.."
അടുത്ത ഇരയെത്തേടി അവർ വീട്ടില്‍നിന്നിറങ്ങി.വാതില്‍ തുറക്കാന്‍ തോന്നിയ നിമിഷത്തെ മനസില്‍ ശപിച്ചുകൊണ്ട്‌ അകത്തേക്ക്‌ നടക്കവെ അടുക്കളയില്‍നിന്നും സഹധർമ്മിണിയുടെ ചോദ്യം.
"ആരാ വന്നത്‌ , ചായയെടുക്കട്ടെ?''
പോക്കറ്റില്‍ ആകെയുണ്ടായിരുന്ന നൂറ്‌ രൂപ അഭിനന്ദനക്കമ്മറ്റിക്കാർ വലിച്ചോണ്ടുപോയത്‌ അവള്‍ക്കറിയില്ലല്ലോ.അതിലേക്കാ ഇനിയൊരു ചായ.
ഇനിയെന്നാണാവൊ ഇവളും കുട്ടികളും കൂടി പിരിവെടുത്ത്‌ "പന്ത്രണ്ട്‌ വർഷമായി ഞങ്ങള്‍ക്ക്‌ ചെലവിന്‌ തരുന്ന എന്റെ ഭർത്താവിന് അഭിനന്ദനങ്ങള്‍''എന്നെഴുതിയ ഫ്‌ളക്‌സ്‌ ബോർഡ്‌ വീടിനു മുന്നിൽ തൂക്കുന്നത്‌.....
________________________
എം.പി. സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo