''സര്‍''..
''സര്‍''...
ഗോള്‍ഡന്‍ ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലൂടെ അദ്ദേഹം ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. ഒരു പരിചയവും തോന്നുന്നില്ലെന്നുള്ള മുഖഭാവം. സ്ററീല്‍ കസേരയുടെ ഹാന്റ്റെസ്റ്റില്‍ ബലമായി പിടിച്ചിരുന്ന കൈ ഒന്നു കൂടി മുറുകെപ്പിടിച്ചു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി നില്‍ക്കുന്നു. അദ്ദേഹം ആഗതനെത്തന്നെ നോക്കുകയാണ്.
''സര്‍, എന്താണിവിടെ?, കുറെ നാളുകള്‍ക്കു ശേഷം കാണാന്‍ സാധിച്ചല്ലോ. സന്തോഷമായി. അന്ന് സാര്‍ പറഞ്ഞതുപോലെ ഞാന്‍ 'ഫ്ളെയി' മില്‍ നിന്നു വിട്ടു. ഇപ്പോള്‍ സ്വന്തമായിത്തന്നെയാണ് ചെയ്യുന്നത്.''
അയാളുടെ സംസാരവും പെരുമാറ്റവുമെല്ലാം അദ്ദേഹത്തില്‍ വല്ലാത്ത ഈര്‍ഷ്യ ഉളവാക്കുന്നു എന്ന് നെറ്റിയിലെ ചുളിവുകള്‍ വിളിച്ചോതുന്നുണ്ട്.
'ഇയാള്‍ എന്തൊക്കെയാണ് പുലമ്പുന്നത്, തീര്‍ത്തും അപരിചിതനായ തന്നോട്,... നെവര്‍ എന്റര്‍ടെയിന്‍ ദീസ് ടൈപ്പ് ഓഫ് പീപ്പിള്‍..' അദ്ദേഹം വെറുപ്പോടെ മുഖം തിരിച്ച് അകലേക്കു നോക്കിയിരുന്നു.
ആഗതന്‍ വല്ലാത്ത ഒരമ്പരപ്പിലായി.
'സാറെന്താണിങ്ങനെ, ഇനി എല്ലാം മുന്‍പേ പറയാത്തതു കൊണ്ടാണോ, അതോ സ്റ്റേഷനിലെ അനൗണ്‍സ്മെന്റ് കാരണം ഒന്നും കേട്ടില്ലേ... അല്ല, ദേഷ്യം തന്നെയായിരിക്കും. തെറ്റ് തന്റെ ഭാഗത്തുതന്നെയാണ്. എത്ര നാളായി ഒന്നു വിളിച്ചിട്ടു കൂടി, ആര്‍ക്കായാലും തോന്നും, പക്ഷേ..., സാര്‍ അങ്ങനെയുള്ള ആളല്ലല്ലോ, ..'
എന്ത് ചെയ്യണമെന്നറിയാതെ ശരിക്കും അന്ധാളിച്ചുനിന്നപ്പോഴാണ്, ആശ്വാസകരമായി ആ പരിചിത ശബ്ദം ..
''ഹലോ..ആരാണിത്, എത്ര നാളായി ഹരീ കണ്ടിട്ട്, താനിവിടെയൊക്കെയുണ്ടോ?..ദി ബിസ്സിയസ്റ്റ് ക്രിയേറ്റീവ് റൈറ്റര്‍ ഇന്‍ ദി മാര്‍ക്കറ്റ്..ഇപ്പോള്‍ തീരെ സമയമില്ല നാട്ടിലേയ്ക്കൊക്കെ വരാന്‍ അല്ലേ''..
''ഹായ് മനൂ....എടീ നീയുമുണ്ടായിരുന്നോ, ഞാനാകെ വിരണ്ടുപോയി. മുരളി സാര്‍ ഒരക്ഷരം മിണ്ടുന്നില്ല, ഞാന്‍ വിളിക്കാത്തതിന്റെ ദേഷ്യമാണെന്നറിയാം.. നിന്നെ കണ്ടപ്പോഴാ ശ്വാസം നേരെ വീണത്. അല്ലാ നിങ്ങളെന്താ ഇവിടെ?''
''ഏയ്, കമോണ്‍ ഹരീ..തനിക്കറിയില്ലേ അച്ഛനങ്ങനെയുള്ള പ്രോബ്ളംസ് ഒന്നുമില്ലെന്ന്,... ഞങ്ങള്‍ മായേച്ചിയെയും മോനേയും യാത്രയാക്കാന്‍ വന്നതായിരുന്നു. ട്രെയിന്‍ ദാ ഇപ്പോള്‍ പോയതേയുള്ളൂ.''
''പിന്നെന്താ, സാര്‍ ഒരപരിചിതനെ കാണുന്ന പോലെ എന്നെ...ദൂരേക്ക് നോക്കി ഒറ്റയിരുപ്പ് ... ആകെ വിഷമമായി മനൂ..''
''ഹരീ... അത്...''
അവള്‍ക്ക് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
''പറയൂ, എന്താണ് മനൂ''
''അത്, അച്ഛന് ഹരിയും മറ്റുള്ളവരും മാത്രമല്ല അപരിചിതര്‍, നിഴലായി നടക്കുന്ന ഈ ഞാന്‍ പോലും പലപ്പോഴും...''.
അവള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല, അവ ഒരു തേങ്ങലില്‍ അലിഞ്ഞില്ലാതായി.. ഉരുണ്ടുകൂടിയ രണ്ട് കണ്ണുനീര്‍ത്തുള്ളികളില്‍ കാഴ്ചയും...
== == == == == == == ==
''എടീ മായേ, മായേച്ചീ..വേഗം വാ.. ബാക്കി ജോലിയൊക്കെ പിന്നെ. അച്ഛന്‍ വന്നാല്‍ പിന്നെ അന്താക്ഷരിയും നടക്കില്ല, ഒന്നും നടക്കില്ല''.
''നീ പോയെ മനൂ..എല്ലാ പണിയും തീര്‍ത്തിട്ടെ വരാന്‍ പറ്റു. നിനക്കു സുഖമല്ലേ..എനിക്കാണല്ലോ മുഴുവന്‍ ഉത്തരവാദിത്തവും..''
''അതു പിന്നെ എന്റെ പാചകപരീക്ഷണങ്ങള്‍ പ്രൊഫ. മുരളീധരന്‍നായര്‍ക്ക് പിടിക്കാത്തതു കൊണ്ടല്ലേ പൊന്നു ചേച്ചീ..''
''ഉം, അമ്മയുണ്ടായിരുന്നെങ്കില്‍ ഇതിനോടകം നീയും എല്ലാം പഠിച്ചേനും.''
''ചേച്ചീ ..'' അവള്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ചു, ഒന്നും മിണ്ടാതെ രണ്ടുപേരും..
കാറിന്റെ ശബ്ദം കേട്ടാണ് മായ പറഞ്ഞത്,
''എടീ പോയി കതക് തുറക്ക്, അച്ഛന്‍ വന്നു''.
അവള്‍ കതക് തുറന്നപ്പോഴേക്കും അദ്ദേഹം സിറ്റൗട്ടിലെത്തിയിരുന്നു.
''എടാ ഞാന്‍ പെട്ടെന്ന് കുളിച്ചിട്ടു വരാം, അപ്പോഴേക്കും നീ മായയോടു പറഞ്ഞ് ഒരു ചായ റെഡിയാക്ക്, വീ വില്‍ സ്റ്റാര്‍ട്ട് എ ന്യു ബാറ്റില്‍ ടുഡേ..ഓക്കെ?''
''അച്ഛാ, ഞാന്‍ ആയിരം വട്ടം പറഞ്ഞു, ഞാന്‍ ആണല്ല പെണ്ണാണെന്ന്. എത്ര പറഞ്ഞാലും കേള്‍ക്കില്ല, എന്നിട്ട് എല്ലാവരുടെയും മുന്നില്‍ വെച്ചൊരു 'എടാ' വിളിയും, അതിനു ചേരുന്ന ഒരു പേരും, 'മനു'...''
''മനുക്കുട്ടാ, നീ പെണ്ണല്ല, യൂ ആര്‍ മൈ ബോയ്..നീ എന്റെ പുന്നാരച്ചെക്കനല്ലേ''
''മതിയേ..സുഖിപ്പിച്ചിരുത്താന്‍ അല്ലെങ്കിലും പ്രൊഫസ്സര്‍ക്കൊരു പ്രത്യേക കഴിവാ..അതായിരിക്കും ഒറ്റ ഉഴപ്പന്‍ പോലും മുരളിസാറിന്റെ ക്ളാസ്സ് കട്ട് ചെയ്യാത്തത്.''
''യെസ്, യു സെഡ് ഇറ്റ്, ഉഴപ്പില്‍ അഗ്രഗണ്യനായ നിന്റെ ഫ്രണ്ട് ഹരി പോലും, ഹ..ഹ..'' ചിരിച്ചുകൊണ്ട് അദ്ദേഹം മുറിയിലേക്കു പോയി.
'അതെന്താ ഹരിക്കൊരു സ്പെഷ്യല്‍ മെന്‍ഷന്‍, ആ..എന്തെങ്കിലുമാകട്ടെ..പക്ഷേ ഹരി എന്ന ഹരിലാല്‍ കൊള്ളാവുന്ന ഒരുഴപ്പനാണ്. വരട്ടെ നോക്കാം...' മനു സ്വയം പറഞ്ഞു.
''എടീ ഞാന്‍ റെഡി, അച്ഛന്‍ വരുന്നതു വരെ സമയമുണ്ടല്ലോ''
''ഉം, നടന്നതു തന്നെ, ദാ ക്വിസ് മാസ്റ്റര്‍ ഇപ്പോള്‍ ഇങ്ങെത്തും. ചേച്ചി ഒറ്റക്കവിടെയിരുന്നു പാടിക്കോ..ഇന്നും ഞാന്‍ അനുഭവിച്ചോളാം''
''ഓ.. ആയിക്കോട്ടെ..രണ്ടു ബുദ്ധിജീവികളും ആഹാരം കഴിക്കാന്‍ സമയത്തിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു''
''നീ സിനിമാപ്പാട്ടും പാടി നടന്നോ, മനു വില്‍ ബി ദ വിന്നര്‍ ഓഫ് ഇന്റര്‍ കൊളീജിയറ്റ് ക്വിസ് ചാമ്പ്യന്‍ഷിപ്പ്''
''ഉവ്വേ, നമുക്കു കാണാം, അല്ലാ.. ഇന്ന് പെട്ടെന്ന് കുളി കഴിഞ്ഞോ, ഉം.. മകളെ ചാംപ്യന്‍ ആക്കാനല്ലേ, നടക്കട്ടെ...''
''ശരി, മനൂ, ടുഡേ ഐ വില്‍ എന്‍ഷ്യുര്‍ ദാറ്റ്..''
''വേണ്ടാ, ഞാന്‍ ഇന്നുറങ്ങില്ല പോരെ''
''ഓക്കെയോക്കെ...ഗുഡ് ബോയ്..ഹ..ഹ..അപ്പൊ ഇന്ന് നീ ക്വിസ് മാസ്റ്റര്‍''
''നതിംഗ് ഡൂയിംഗ്...ഞാനില്ലേ...ഒരു ചോദ്യത്തിലും പ്രൊഫസ്സറെ പൊട്ടിക്കാന്‍ പറ്റില്ല. ഈ ഓര്‍മശക്തിക്കു മുന്നില്‍ അടിയന്റെ സാഷ്ടാംഗപ്രണാമം...''
''ഓക്കെ, നീ ചൂടാകാതെടാ..നീയാ ഹരിയെക്കൂടി വിളിക്ക്, അല്ലെങ്കില്‍ അവര്‍ ഗെയിം വില്‍ എന്റ്സപ്പ് വിത്ത് എ ക്വാറല്‍ ആസ് യൂഷ്വല്‍.. ഒരു മദ്ധ്യസ് ഥന്‍ കൂടി ഇരിക്കട്ടെ..ഹ..ഹ..''
''അയ്യോ വേണ്ടായേ, കഴിഞ്ഞ ദിവസവും ആ പാവത്തിനെ വഴക്കു പറഞ്ഞില്ലേ, എനിക്കു വയ്യ എന്നും വിളിച്ചുവരുത്തി ചീത്ത കേള്‍പ്പിക്കാന്‍''
''സീ മനൂ, യൂ നോ ... ദാറ്റ്സാള്‍ ആര്‍ കണ്‍സ്‌ട്രക്റ്റീവ് ക്രിട്ടിസിസം ഒണ്‍ലി. അല്ലാതെ വഴക്കല്ല, ഹീ ഈസ് ടാലന്റഡ്. ബട്ട് അവന്‍ ആ ക്ളബില്‍ പോയിരുന്ന് സമയം കളയുകയല്ലേ. ഐ വാണ്ട് ഹിം ടു കം അപ്..''
''ഉവ്വേ, അച്ഛനോടു തര്‍ക്കിക്കാന്‍ ഞാനില്ലേ.., നമ്മള്‍ പ്രൊഫസ്സര്‍ ഒന്നുമല്ലല്ലോ..''
''എടീ, മുതിര്‍ന്ന പെണ്ണാണെന്നൊന്നും നോക്കില്ല, നിന്റെ ചെവി ഞാന്‍ പൊന്നാക്കും''
''ഓഹോ, അപ്പൊ ഞാന്‍ പെണ്ണ് തന്നെയാണ് അല്ലേ..''
''എടീ..എടീ ...ഹ..ഹ..''
== == == == == ==
== == == == == ==
''മനൂ, എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്..മനൂ ...''
ഹരിയുടെ ശബ്ദമാണ് അവളെയുണര്‍ത്തിയത്. പെട്ടെന്ന് അവള്‍ കണ്ണുകള്‍ തുടച്ചു.
''ഹരീ ..അച്ഛന്‍..എന്റച്ഛന്‍ എല്ലാം മറന്നുപോകുന്നു''
വീണ്ടും അവളുടെ മിഴികള്‍ നിറഞ്ഞു.
''മനൂ, വല്ലപ്പോഴുമൊക്കെയുള്ള ഫോണ്‍വിളികളിലൊന്നും നീ ഒന്നു സൂചിപ്പിച്ചിട്ടുകൂടിയില്ലല്ലോ സാറിന്റെ കാര്യം''
''ആരോടും ഞാനായിട്ടു പറഞ്ഞിട്ടില്ല, ഹരീ..എന്താ ഞാന്‍ പറയേണ്ടത്, അച്ഛന്‍ മറവിയുടെ ഇരുള്‍ക്കയങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നോ, ഓര്‍മയുടെ വര്‍ണ്ണചിത്രങ്ങള്‍ എല്ലാം മാഞ്ഞുപോയെന്നോ, എന്റച്ഛന്‍ ഒരു അല്‍ഷിമേഴ്സ് പേഷ്യന്റ് ആണെന്നോ..വയ്യ, എനിക്കങ്ങനെ വിശ്വസിക്കാന്‍ വയ്യ..'' അവള്‍ പൊട്ടിക്കരഞ്ഞു.
''അല്ല മനൂ, സാറിനു പെട്ടെന്നിങ്ങനെ..''
''ആയിരിക്കില്ല ഹരീ..എല്ലാവരും മനസ്സിലാക്കാന്‍ വൈകിപ്പോയി..എത്ര സന്തോഷമായിരുന്നു വീട്ടില്‍. അമ്മ മരിച്ചതിനു ശേഷം അച്ഛന്‍ ഞങ്ങള്‍ക്കുവേണ്ടിയല്ലേ ജീവിച്ചത്. ചിരിയും ബഹളവും...ഞങ്ങള്‍ ഒരു രീതിയിലും വിഷമിക്കാതിരിക്കാന്‍ അച്ഛന്‍ എത്ര ശ്രദ്ധിച്ചിരുന്നു. എപ്പോഴും മുഖത്ത് പുഞ്ചിരിയുമായി, ഉള്ളം നീറിയിരുന്നെങ്കിലും. ക്ളബുകള്‍, സുഹൃത് സംഗമങ്ങള്‍ എല്ലാം ഞങ്ങള്‍ക്കു വേണ്ടി ഉപേക്ഷിച്ചില്ലേ, അച്ഛനെ ഇങ്ങനെ കാണാന്‍ വയ്യ.. ഹരീ ...''
അവളുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു.
''മനൂ, നീ ഇപ്പോള്‍ ഒന്നും പറയണ്ട, വരൂ വീട്ടിലേക്കു പോകാം.''
അകലേക്കു തന്നെ കണ്ണുകള്‍ നട്ടിരിക്കുന്ന അച്ഛന്റെ, കസേരയിലെ പിടുത്തം ബലമായി വിടുവിച്ചുകൊണ്ട് അവള്‍ അദ്ദേഹത്തെയും കൊണ്ട് മുന്‍പില്‍ നടന്നു. പിന്നാലെ ഹരിയും. അവര്‍ വരുന്നത് കണ്ട ഡ്രൈവര്‍ ഫ്രണ്ട് ഡോര്‍ തുറന്നു കൊടുത്തു. അദ്ദേഹത്തെ മുന്നില്‍ ഇരുത്തി, അവളും ഹരിയും പുറകിലും കയറി. വണ്ടി നീങ്ങി, ആരും ഒന്നും മിണ്ടുന്നില്ല..
കാറ്റത്ത് പാറിയ മുടിയിഴകള്‍ വലംകൈ കൊണ്ട് ഒതുക്കിയപ്പോഴാണ് അവള്‍ കരയുന്നത് ഹരി ശ്രദ്ധിക്കുന്നത്. കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ച്ചാലുകള്‍.
സീറ്റില്‍ത്തന്നെ വെച്ചിരുന്ന അവളുടെ ഇടംകൈയില്‍ അവന്‍ മുറുകെപ്പിടിച്ചു, അവള്‍ പൊട്ടിക്കരഞ്ഞുപോയി...മറുകൈ കൊണ്ട് അവന്‍ അവളുടെ സജലമിഴികള്‍ മെല്ലെ തുടച്ചു, അവള്‍ വിതുമ്പിക്കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു...
അദ്ദേഹം അപ്പോഴും കണ്ണിമ വെട്ടാതെ വിദൂരതയിലേക്ക് തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.....
--- --- --- --- ---
ഉണ്ണിക്കൃഷ്ണന്‍ മുരുപ്പേല്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക