Slider

ഞാനും നീയും

0
നിന്റെ
വിരലുകളുടെ അറ്റത്തെ 
നനുത്ത മൃഗരോമങ്ങള്‍
എന്റെ നിമ്നോന്നതങ്ങളില്‍
ചിത്രവര്‍ണ്ണപതംഗം പോലെ
മൃദുലചലനങ്ങളുടെ
മധുരഭാഷ്യവുമായി
ഒഴുകി നടക്കുന്നു
നീ
മുഖത്തു ചുണ്ണാമ്പുകൊണ്ട്ചുട്ടികുത്തി
കറുത്ത വരകളാല്‍ കളം വരച്ചു
നിറസഞ്ചയ ങ്ങളുടെ അപൂര്‍വ്വ
വര്‍ണ്ണ വിസ്മയം തീര്‍ത്തു
ഇരുണ്ട മാറിടങ്ങളില്‍
നീണ്ട വിരല്‍ ബ്രഷു കൊണ്ട്
സ്തൂപ ബിംബങ്ങളെ വെല്ലുന്ന
സ്ഥൂല കുചദ്വയങ്ങളുടെ
അലങ്കാര വേലകള്‍ തീര്‍ത്തു
നീ
ചുവര്‍ചിത്ര വരകളില്‍
ലക്ഷണാംഗനമാരില്‍കാണും
അണി വയറിലൊളിക്കുന്ന
പൊക്കിള്‍ത്തടത്തില്‍ പിറക്കും
അദൃശ്യസുന്ദരരതിപദ്മങ്ങളെ
അനന്യമനോഹരചാരുതയില്‍
വിരല്‍ത്തുമ്പാല്‍ വരച്ചിട്ടു
നീ എന്റെ
മുഖത്തെ വേദനയുടെ
കാലാതീത വടുക്കളില്‍
വരയുടെ നിറം പുരട്ടി മറച്ചു
വരണ്ടുങ്ങിയ വക്ഷസ്സില്‍
അലിവിന്റെ പാല്‍മണം നിറച്ചു
ആഴത്തില്‍ കീറിയ മനസ്സിന്റെ
നൊമ്പരച്ചാറിറ്റു വീഴുന്ന
ഉണങ്ങാമുറിവുകളെ
ഒരു തലോടല്‍ കൊണ്ട് കരിച്ചു
ഞാന്‍ നിന്റെ ക്യാന്‍വാസ്
നീ ഇനിയും വരയ്ക്കുക
നിറങ്ങള്‍ ഒഴുകട്ടെ
മിഴികളിലെ ചുവപ്പുരാശി
മങ്ങി മറഞ്ഞു മായട്ടെ
എന്നെ മറക്കട്ടെ ഞാന്‍
ഞാനെന്ന പുതുചിത്രം പിറക്കട്ടെ
----------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo