Slider

മിഴിയടയ്ക്കാതെ ... -മംഗലയ്ക്കൽ -

0

ഇനിയുറങ്ങുക,നിന്റെ കൺചാരെയെൻ 
വിരലനക്കങ്ങളുണ്ടുനിൻ കൂട്ടിനായ്‌ .
വിജനമായൊരീ സംഗീതശലയിൽ
മൊഴികളൊക്കെ നിലച്ചു:നാം മാത്രമായ്‌ .
പ്രിയദവാക്യം മൊഴിഞ്ഞവരൊക്കെയും
പടിയിറങ്ങിപ്പിരിഞ്ഞുപോയെപ്പൊഴോ .
ഇവിടെയീ നാദശാലയിൽ നമ്മൾതൻ
നിഴലുമാത്രമുണ്ടിപ്പൊഴും ബാക്കിയായ്‌ .
ദുരിതജീവിതത്തിന്റെ രാപ്പാതയിൽ
വിരൽകൊരുത്തു നടന്നവരാണു നാം .
മഴമടങ്ങുന്ന പാതയോരത്തിരുൾ-
പ്പതിരുകൊയ്തു പരാജയപ്പെട്ടു നാം .
ഭാംഗുമോർമ്മയും നിന്നുപെയ്യുന്നൊരീ
വ്യഥിതജീവിതത്തിൻ നാദശാലയിൽ,
തുരിശുചിന്നുന്ന കവിതകൾ പിന്നെയും
അലയടിക്കുകയാണെന്റെ പ്രാണനിൽ .
മിഴിതുടയ്ക്കൂ ...ക്ഷണിക്കു നീ,നിദ്രയെ
പ്രിയദസ്വപ്നങ്ങൾ നീകണ്ടുറങ്ങുക .
അരികിലുണ്ട്‌ ഞാനെപ്പൊഴും,വേനലിൻ
കുടയൊരുക്കമായ്‌ നീയുറങ്ങീടുക ...

by: Mangalackal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo