Slider

കീമോവാർഡിനുമുന്നിൽ (ചെറുകഥ)

0

അത് ഒരു മഴക്കാലമായിരുന്നു.
ഞാൻ മലബാർ കാൻസർ സെന്ററിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഇടതുഭാഗത്ത് ഏറ്റവും അവസാനമുള്ള കീമോ വാർഡിനുമുന്നിൽ ഇരിക്കുകയായിരുന്നു. വാർഡിനുള്ളിലും വരാന്തയിലും രോഗികളും അവരുടെ കൂടെ വന്നവരും.
വാർഡിനുള്ളിൽ ചെരുപ്പിടാൻ പറ്റാത്തതുകൊണ്ട് വാതിലിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള സ്റ്റാന്റിലും നിലത്തും ധാരാളം ചെരുപ്പുകളുണ്ട് . അത് അകത്തേക്കും പുറത്തേക്കുമുള്ള സുഖസഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു.
നല്ല തിരക്കുള്ള ദിവസമാണ്.... കേരളത്തിൽ കാൻസർ രോഗികൾ കൂടിവരുന്നുണ്ടെന്ന സത്യം വേദനയോടെ ഞാന് മനസ്സിലാക്കി. എന്റെ കൂടെ ഇരിക്കുന്നവരിൽ പലരും രോഗികളാണ്. അതിൽ 60 കഴിഞ്ഞ വൃദ്ധനും എന്റെ സമപ്രായക്കാരനായ ഒരു ചെറുപ്പക്കാരനുമുണ്ട്. പലരും മെലിഞ്ഞു ശോഷിച്ച ശരീരങ്ങൾ മാത്രമായിരിക്കുന്നു. രോഗം വിളഞ്ഞാടിയ ശരീരങ്ങൾ.... നീരുവറ്റിയ കണ്ണുകൾ..... ഊർജ്ജം നഷ്ടപ്പെട്ട മനസ്സ് ..... കൊഴിഞ്ഞുതീരാറായ തലമുടി പലരും തുണീകൊണ്ട് മറച്ചു വെച്ചിട്ടുണ്ട്... നിറം മങ്ങിയ കാഴ്ച്ചകൾ.....എന്റെ മനസ്സു മരവിച്ചിരിക്കുന്നു. ഞാൻ എന്റെ ചിന്തകളെ മഴക്കാഴ്ച്ചകളിലേക്ക് തള്ളിവിട്ടു........
അങ്ങനെ ഞാൻ ആ വരാന്തയിലിരിക്കുബോഴാണ്
എന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് ആ വീൽചെയർ ഉരുണ്ടുനീങ്ങി പോയത്...
50 നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു അതിലെ യാത്രക്കാരൻ. അയാൾ തീർത്തും അവശനാണ്... രോഗം ആരോഗ്യത്തിന്റെ നല്ലൊരു ശതമാനവും കീഴ് പ്പെടുത്തിയിരിക്കുന്നു.
ഞാൻ അയാളെക്കുറിച്ചാണ് ചിന്തിച്ചത്. ഒരു കാലത്ത് ഒരുപാടുപേരുടെ തണലായിരിക്കാം അയാൾ.... മകനായിരിക്കാം... അച്ഛനായിരിക്കാം...
അയാൾ ആരുടെയും മുഖത്ത് നോക്കിയതെയില്ല... തലകുനിച്ചിരിപ്പാണ്.... വീല് ചെയർ തള്ളികൊണ്ട് വന്നത് ഒരു സ്ത്രീയാണ് അവർ യൂണിഫോം ധരിച്ചിട്ടുണ്ട്. അസാമാന്യ ഉയരവും തടിയും അവർക്കുണ്ട്. വീല് ചെയറിനോട് ചേർന്ന് മറ്റൊരു സ്ത്രീകൂടി നടന്നു നീങ്ങി. അയാളുടെ ഭാര്യയായിരിക്കണം. വെളുത്തുമെലിഞ്ഞ ശരീരം. ആദ്യമായി ഒരു ആശുപത്രിയിൽ ഒറ്റയ്ക്ക് വന്നതിന്റെ വെപ്രാളം അവരുടെ കണ്ണിലും മുഖത്തുമുണ്ടായിരുന്നു. അവരുടെ കൈയിൽ ഒരു കുപ്പിവെള്ളവും വെളുത്ത ഒരു തോർത്തും, പിന്നെ മരുന്ന് കുറിപ്പുകളും ഹോസ്പിറ്റൽ രേഖകളും .....
എന്നെ പിന്നിട്ട് അവർ വാർഡിനുള്ളിലേക്ക് പോയി... അധികം വൈകാതെ തിരിച്ചുവരികയും ചെയ്തു. കീമോ വാർഡിനോട് ചേർന്ന് കിടക്കുന്ന ഒരു മുറിയിലേക്കാണ് ആ സ്ത്രീ അവരെ കൂട്ടികൊണ്ടു പോയത.് അതും ഒരു വിശ്രമ സങ്കേതമാണ്. അവരെ അവിടെ ഇരുത്തി ആ സ്ത്രീ പുറത്തേക്ക് പോയി.... വാർഡിൽ നല്ലതിരക്കുള്ളതുകൊണ്ടാവും അവരെ അവിടെ ഇരുത്തിയതെന്നു ഞാൻ കരുതി.
സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളും പിന്നിട്ടിരിക്കുന്നു. അവർ അതെ ഇരിപ്പുതന്നെയാണ്. പുറത്ത് മഴ കനത്ത് പെയ്തുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് എപ്പോഴോ എന്റെ ശ്രദ്ധ മഴയിലും പരിസര കാഴ്ച്ചകളിലും നീങ്ങി......
നേഴ്സിന്റെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.... ഹൃദയം നൊന്ത ഒരു കാഴ്ചയായിരുന്നു എനിക്ക് പുറകിൽ ഉണ്ടായിരുന്നത്.... വീല് ചെയറിൽ ഇരുന്ന ആ മനുഷ്യനെ കാണുന്നില്ല.. പകുതിയായ ആ മനുഷ്യൻ തറയിൽ കിടന്നിരിക്കുന്നു. ഒരു ഷീറ്റുപോലും വിരിക്കാതെ ആ വെറും നിലത്ത് ..... തണുത്തുറഞ്ഞ മാർബിൾ തറയിൽ ബോധം നഷ്ടപ്പെട്ടവനെപ്പോലെ കിടക്കുകയാണ് അയാൾ....
രോഗിയായ അയാളെ തറയിൽ കിടത്തിയതിന് നേഴ്സ് ആ സ് ത്രീയെ ശകാരിക്കുകയായിരുന്നു.....
പൊടുന്നനെ അവർ പൊട്ടിക്കരഞ്ഞു. നിസ്സഹായതയുടെ കണ്ണുനീർ..... സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ കഴിയാത്ത ഒരു പാവം വീട്ടമ്മയുടെ കണ്ണുനീർ.... ഒരു നിമിഷം ആ കനത്ത മഴയുടെ ശബ്ദം പോലും അവിടെ കേട്ടില്ല.... അടക്കിപ്പിടിച്ച ആ സ്ത്രീ യുടെ കരച്ചിൽ മാത്രം അതിന്റെ ഏങ്ങലുകൾ മാത്രം...
ഉടനെ നേഴ്സ് അവരെ സമാന്താനിപ്പിച്ചു.... അയാളെ വീല് ചെയറിലിരുത്തി അവർ വരാന്തയിലൂടെ നടന്നു നീങ്ങി.... അവർ എന്റെ കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ നോക്കിനിന്നു...
പുറത്ത് മഴതോർന്നിരിക്കുന്നു. ആകാശം തെളിനീരുപോലെ കാണപ്പെട്ടു. അപ്പോഴും ചില ഹൃദയങ്ങളിൽ ദൈവം കണ്ണീർ മഴ വർഷിക്കുകയായിരുന്നു....
ഇന്ന് എന്റെ ചിന്തകളിൽ മുഴുവൻ അയാളായിരുന്നു..... കാൻസറിനെ പൊരുതി തോല്പ്പിച്ച് അയാൾ ഇപ്പോഴും എവിടെ എങ്കിലും ജീവിക്കുന്നുണ്ടാകും .....?
അറിയില്ല......
എന്തുകൊണ്ടോ അങ്ങനെ ചിന്തിക്കാനാണ് ഞാനാഗ്രഹിക്കുന്നത് ........
(ദിനേനൻ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo