Showing posts with label മംഗലയ്ക്കൽ. Show all posts
Showing posts with label മംഗലയ്ക്കൽ. Show all posts

ഡാനിയ


കടലുകാണുന്നനേരത്തു നീയെന്റെ 
വിരലു മെല്ലെപ്പിടിച്ചുമ്മ വയ്ക്കവെ ,
ഇടറി നിൽക്കുന്ന കടലു നിൻ കൺകളിൽ
തിരയിളക്കുന്ന കണ്ടു ഞാൻ ഡാനിയാ ...
പ്രണയവേഗങ്ങളൊക്കെപ്പിഴച്ച നാം
മിഴി തുടയ്ക്കാൻ മറന്നു നിന്നീടവെ ,
തിരയഴിക്കുന്നു ഡാനിയാ...നാം തീർത്ത
പ്രണയഭംഗിതൻ ചാരുചിത്രങ്ങളെ .
ഡാനിയാ ..,നീ പെയ്തുപെയ്തങ്ങനെ
തീക്ഷ്ണമോർമ്മപോൽ ദൂരെ മാഞ്ഞീടുക .
കാറ്റു തുള്ളുമീ സായന്തനത്തിന്റെ
മൂർച്ഛകൾ പകുത്തെന്നെ മറക്കുക ...
കടലിരമ്പുന്നു പ്രാണനിൽ,ഡാനിയാ
പിരിയലിൻ തീക്ഷ്ണനേരമായോർക്കുക .
രുധിതസങ്കടം വന്നലയ്ക്കുന്നൊരീ
മിഴികൾകൊണ്ടെന്നെ നോക്കാതിരിക്കുക .
അരുത്‌ ,വയ്യെനിക്കത്രമേൽ നിന്നെയെൻ
ഉയിരിടത്തിൽ പകുത്തിട്ടതാണു ഞാൻ .

by: 
Mangalakkal Unni Krishnan

വൃദ്ധസായന്തനം

ഇലകളിൽനിന്നും നിറം വാർന്നകന്നപോൽ
പകലുകളെത്രയോ മാഞ്ഞു .
ക്ഷണികമീ ജീവിതത്തിന്റെ തീരങ്ങളിൽ
ചിറകടിച്ചകലുന്നു സന്ധ്യ .
ഇവിടെയീ,രോഗാലയത്തിന്റെ വാതിലിൽ
വെറുതേ നിഴൽ നോക്കിനിൽക്കേ
നരവന്നുമൂടിയ മിഴികൾക്കു പിന്നിലൂ-
ടൊഴുകുന്നു പോയകാലങ്ങൾ ...
ഉണ്ണീയൊരച്ഛന്റെ സ്വപങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളതായിരുന്നു .
മുട്ടിഴഞ്ഞെപ്പൊഴോ എന്നൊപ്പമാകവെ
ഒപ്പമുണ്ടാവുമെന്നോർത്തിരുന്നു .
മണലിൽ വിരൽപിടിച്ചെഴുതിയ കൈകളെ
വഴിയിലുപേക്ഷിച്ചു നീ മടങ്ങേ,
മുഖമൊന്നു വാടിയതില്ല;നീ വാക്കുകൾ
വെറുതേ പരതിത്തളർന്നതില്ല .
ഇടനെഞ്ചുപൊട്ടിപ്പിടയ്ക്കുമൊരച്ഛന്റെ-
യകനൊമ്പരം നീയറിഞ്ഞതില്ല ...
പടിവാതിലപ്പുറം മറയുന്നു സന്ധ്യകൾ
ചിറകറ്റപക്ഷികൾ പോലെ
ഇരുളെത്തിനോക്കുന്ന ജീവസത്രത്തിലെൻ
തിരി താഴ്ത്തിയെത്തുന്നു യാമം .

Mangalakkal

മിഴിയടയ്ക്കാതെ ... -മംഗലയ്ക്കൽ -


ഇനിയുറങ്ങുക,നിന്റെ കൺചാരെയെൻ 
വിരലനക്കങ്ങളുണ്ടുനിൻ കൂട്ടിനായ്‌ .
വിജനമായൊരീ സംഗീതശലയിൽ
മൊഴികളൊക്കെ നിലച്ചു:നാം മാത്രമായ്‌ .
പ്രിയദവാക്യം മൊഴിഞ്ഞവരൊക്കെയും
പടിയിറങ്ങിപ്പിരിഞ്ഞുപോയെപ്പൊഴോ .
ഇവിടെയീ നാദശാലയിൽ നമ്മൾതൻ
നിഴലുമാത്രമുണ്ടിപ്പൊഴും ബാക്കിയായ്‌ .
ദുരിതജീവിതത്തിന്റെ രാപ്പാതയിൽ
വിരൽകൊരുത്തു നടന്നവരാണു നാം .
മഴമടങ്ങുന്ന പാതയോരത്തിരുൾ-
പ്പതിരുകൊയ്തു പരാജയപ്പെട്ടു നാം .
ഭാംഗുമോർമ്മയും നിന്നുപെയ്യുന്നൊരീ
വ്യഥിതജീവിതത്തിൻ നാദശാലയിൽ,
തുരിശുചിന്നുന്ന കവിതകൾ പിന്നെയും
അലയടിക്കുകയാണെന്റെ പ്രാണനിൽ .
മിഴിതുടയ്ക്കൂ ...ക്ഷണിക്കു നീ,നിദ്രയെ
പ്രിയദസ്വപ്നങ്ങൾ നീകണ്ടുറങ്ങുക .
അരികിലുണ്ട്‌ ഞാനെപ്പൊഴും,വേനലിൻ
കുടയൊരുക്കമായ്‌ നീയുറങ്ങീടുക ...

by: Mangalackal

പിത്തളമുദ്രകൾ -മംഗലയ്ക്കൽ -


പിത്താളപ്പിടിയുള്ള കത്തിയാൽ പ്രാണന്റെ
പച്ചകളൊക്കെയറുത്തിട്ട സന്ധ്യകൾ.
അത്താഴമുണ്ണാനിരിക്ക്കവെ ,കഞ്ഞിയിൽ
ഇറ്റിറ്റുവീണൊരെൻ കണ്ണീർക്കടുപ്പുകൾ.
ഉറ്റവരൊക്കെശശപിച്ച നട്ടുച്ചകൾ,
മുറ്റത്തലച്ചു ഞാൻ വീണ മൂവന്തികൾ .
തെണ്ടിത്തിരിഞ്ഞു,മലഞ്ഞുമെന്നുള്ളിലെ
ബാധയടക്കാനിരുന്നൊരാ ഷാപ്പിലെ
കുപ്പിയിൽ നിന്നും ശിരസ്സിലേയ്ക്കെത്തിയ
കത്തുന്ന ചാരായമിറ്റിച്ച സാന്ത്വനം.
കെട്ടിപ്പിടിച്ചെ ന്റെ ഒപ്പമിരുന്നൊറ്റ മാത്രപോലും
നിന്നെ വിട്ടുപോകില്ലെന്നു ചൊല്ലിയോൾ
ഒറ്റരാവറ്റു വീഴുന്നതിൻ മുൻപയൽ വക്കത്തെ വീട്ടിലെ ഭാര്യയായ്‌ അമ്മയായ്‌: എന്മുഖം കണ്ടാൽ തിരിച്ചറിയാതെയായ്‌ .
ആഭിചാരങ്ങൾ പതുങ്ങുന്ന പാതിരാ -
പ്പാതയിലുള്ളിലെ തേങ്ങലും ക്രോധവും
ചൂരൽ വടിയിൽ കൊരുത്തിട്ടു പിന്നെയും
തോരാതെ പെയ്തുപെയ്തെത്രയോ രാവുകൾ ...
കഷ്ടകാലത്തിന്റെ പാതാളസീമയിൽ
ദുഖങ്ങൾതൻ പറച്ചെണ്ട പൊങ്ങീടവേ
ഓരോ വളവിലും പാഞ്ഞടുക്കും പ്രേത -
ലോറികളേറി,ച്ചതഞ്ഞു വരുന്നു ഞാൻ .

by: Mangalackal Unnikrishnan

മിഴിയടയ്ക്കാതെ


=======
ഇനിയുറങ്ങുക,നിന്റെ കൺചാരെയെൻ 
വിരലനക്കങ്ങളുണ്ട്‌ നിൻ കൂട്ടിനായ്‌ .
വിജനമായൊരീ സംഗീതശാലയിൽ
മൊഴികളൊക്കെ നിലച്ചു:നാം മാത്രമായ്‌ .
പ്രിയദവാക്യം മൊഴിഞ്ഞവരൊക്കെയും
പടിയിറങ്ങിപ്പിരിഞ്ഞുപോയെപ്പൊഴോ .
ഇവിടെ,യീ നാദശാലയിൽ നമ്മൾ തൻ
നിഴലുമാത്രമുണ്ടിപ്പൊഴും ബാക്കിയായ്‌ .
കതിരുപാടത്തിനപ്പുറം നിന്നു നാം
പതിയെ മൂളിയ ഗാനങ്ങളോർമ്മയായ്‌ .
മഴമടങ്ങുന്ന പാതയോരത്തിരുൾ -
പ്പതിരുകൊയ്തു പരാജയപ്പെട്ടുനാം .
മിഴിയടയ്ക്കൂ .,ക്ഷണിക്കു നീ നിദ്രയെ
പ്രിയദസ്വപ്നങ്ങൾ  നീ കണ്ടുറങ്ങുക .
അരികിലുണ്ട്‌ ഞാനെപ്പൊഴും '-വേനലിൽ
കുടയൊരുക്കമായ്‌ ...,നീയുറങ്ങീടുക ..
By Mangalackal

പ്രണയിനി


പ്രണയിനി by - mangalakkal       
==========
ഒറ്റമരത്തിന്റെ പച്ചകൾക്കപ്പുറ -
ത്തുണ്ട്‌ ഞാ-നെന്നെ നീയോർക്കാതെ പോവുക .
വക്കുകൾ കത്തിപ്പിടിക്കുമെൻ പാട്ടിന്റെ
തീരത്ത്‌ ഞാനുണ്ട,തോർക്കാതെ പോക നീ .
എന്നെ മറക്കാൻ പഠിക്കുക,പിന്നെയെൻ
പേരിനെപ്പോലും വെറുക്കാൻ ശ്രമിക്കുക .
നെഞ്ചോടണഞ്ഞു മുറുകെപ്പുണർന്നെന്റെ -
ഗന്ധവു,മുപ്പും വിയർപ്പും പകുക്കവെ,
അത്രമേലത്രമേലെന്നിൽ ലയിച്ച നിൻ
നെഞ്ചിടിപ്പിൻ താളവും നീ മറക്കുക .
അന്നു നീ പാടിയ പാട്ടിൻ ഞരമ്പിൽ ഞാനുണ്ട്‌;
നീയെങ്കിലും കാണാതെപോവുക ...
എൻ വെയിൽച്ചൂടിനാൽ ഞാൻ സ്രവിപ്പിച്ച നി-
ന്നന്തർജ്ജലങ്ങൾ തൻ വൈഡൂര്യഭംഗികൾ
കത്തുമുഷ്ണത്താൽ പുകഞ്ഞൊരെൻ ചുണ്ടിനാൽ
ചുംബിച്ചെടുത്തൊരാ നിൻ മുലക്കണ്ണുകൾ .
ഒക്കെ മറക്കൂ,വെറുക്കുകെൻ പ്രാണനേ ...,
അത്രമേലാഴത്തിലെന്നെ മറക്കുക .

by: Mangalakkal

ഗാനശാല



ഗാനശാല : -മംഗലയ്ക്കൽ -

നഗരത്തിലെ ഗാനശാലയിൽ പിന്നെയും 
വിരഹമായ്‌ പെയ്തിറങ്ങുന്നു ഗായകൻ .
ഗസൽ പടർത്തുന്നൊരുന്മാദഭംഗിയിൽ
ഗഗന സീമയിൽ നാദചന്ദ്രോദയ്ം .
മദ്യശാലയിൽ നിന്നും മഴയുമായ്‌
എപ്പൊഴെത്തി ഞാനീ ഗാനശാലയിൽ ...!
വിസ്ക്കി തുള്ളുമെൻ മസ്തിഷ്ക്കശാലയിൽ
ധിനി ധിനിക്കുന്നു തബല,സാരംഗികൾ .
മഴയു,മുള്ളിലെ ലഹരിയും-ഒപ്പമെ -
ന്നുയിരുലയ്ക്കുന്ന സംഗീത ധാരയും
ശിരസ്സിനുള്ളിൽ കൊളുത്തുന്നു,വൈദ്യുത -
പ്രഭയിൽ മങ്ങുന്നു രാവിൻ തണുപ്പുകൾ .

കൂട്ടുകാരന്റെയൊപ്പമീ രാത്രിയിൽ


അന്തിയായ്‌, നഗരപ്രാന്തത്തിലുള്ളൊരീ-
മദ്യശാലയ്ക്കകത്തിരിക്കുന്നു നാം .
കൂട്ടുകാരാ,നിന്റെവാക്കുകൾ പിന്നെയും
നേർത്തൊഴുകുകയാണെന്റെ ചുറ്റിലും .
കണ്ണിൽ വന്നിരമ്പീടും കലാപവും ,
നെഞ്ചു പൊള്ളിച്ചിടുന്ന ദു:ഖ്ങ്ങളും
കത്തുമീ വിസ്ക്കിയൊപ്പം പകർന്നു നീ,
യെന്റെയൊപ്പം പുകഞ്ഞിരുന്നീടവെ,
വാക്കുകൾ ബാക്കിയില്ലതെ നിന്നുടെ -
നേർക്കു നോക്കിയിരിക്കുകയാണു ഞാൻ.
കൂട്ടുകാരാ,ഇരുട്ടളന്നെത്തുമീ
കഷ്ടകാലങ്ങാർക്കുന്ന രാത്രിയിൽ
കോർത്തെടുക്കണം,പോയകാലങ്ങൾ തൻ-
ബാക്കി നിൽക്കുന്നതാം മണൽപ്പൂവുകൾ.
തൊണ്ടചുംബിച്ചിറങ്ങുമീ വിസ്ക്കിയിൽ
പാതി പൊള്ളുന്നൊരോർമ്മകൾമായ്ക്കണം.
നെഞ്ചു പൊള്ളിച്ചിറങ്ങും കവിതകൾ
തൊട്ടു കൂട്ടലിനായ്‌ കൊണ്ടുവയ്ക്കണം.

-മംഗലയ്ക്കൽ -

ഡിസംബർ 31


മദ്യം
രണ്ടാമതും 
ഒഴുകിപ്പടർന്നത്‌ ,
വെയിൽ തിന്നുതീർത്ത
അവന്റെ
തലച്ചോറിലേയ്ക്കായിരുന്നു .
തകർന്ന അവന്റെ
നാഡീ മുഖങ്ങളിൽ
മദ്യം
അമൃത വർഷിണിയായി.
എത്ര
ക്രൂരമായ അനുഭവങ്ങളിലേയ്ക്കാണ്‌
താൻ എടുത്തെറിയപ്പെടുന്നഠെന്ന്‌
അവൻ ഓർത്തു .
ഡിസംബറിന്റെ
നരക ഭൂപടം
ചോര കൊണ്ടവൻ
വായിക്കാൻ തുടങ്ങി ...
അതിൽ ,
ശപിക്കപ്പെട്ടവന്റെ
ഉച്ചയും ,
പ്രണയം നഷ്ടപ്പെട്ടവന്റെ കണ്ണീരും തെളിഞ്ഞു വന്നു.
മരണം
ഒരു
ഡെസ്റ്റോവ്സ്ക്കിയൻ
നക്ഷത്രമാണെന്നും ,
പ്രണയം ,
വാങ്ങോഗിയൻ ചെവിയാണെന്ന്
അവൻ തിരിച്ചറിയുകയായിരുന്നു .
ഇന്നു അവൻ തന്റെ
പ്രണയിനിയെ കണ്ടിരുന്നു .
വെറുപ്പും ,
അതിനേക്കാളിഷ്ടവും
അവനിൽ
ആഞ്ഞടിച്ചു .
നേരം ഇരുളുന്നു ;
മദ്യശാലയിൽ
ഇപ്പോഴും
അവൻ തനിച്ചാണ്‌

അർബുദം


അർബുദം
(എഫ്‌.ബി യിലെ എന്റെ പ്രിയ സുഹൃത്തിന്‌ )
-മംഗലയ്ക്കൽ -
----------------------------------=
അർബുദത്തിന്റെ പക്ഷിവന്നങ്ങനെ
കൊത്തി വീഴ്ത്തുന്ന നിൻ ദിനപ്പച്ചകൾ .
കെട്ടുപോകുന്ന ജീവിതക്കാഴ്ച്ചകൾ -
ഒറ്റയായ്‌ കണ്ടിരിക്കുകയാണു നീ .
ദു:ഖമല്ല നിൻ കൺകളിൽ: അർബ്ബുദ -
പ്പല്ലിറങ്ങുമ്പൊഴും ചിരിക്കുന്നു നീ .
കയ്പ്പു നൽകും മരുന്നുകൾ ; ജീവിത -
ക്കയ്പ്പിനൊപ്പം കുടിച്ചിറക്കുന്നു നീ ...
കൂട്ടിനുണ്ടായിരുന്നൊരാൾ ..;പാട്ടുകൾ -
കോർത്തു നീയന്നെടുത്ത മൂവന്തികൾ .
ഒക്കെയും വിട്ടുപോയി , കടൽക്കരെ -
ഒറ്റയായിപ്പിടഞ്ഞു നിൽക്കുന്നു നീ .
നമ്മളന്യരാ ,ണെങ്കിലും നിന്നുടെ -
സങ്കടം പറന്നെത്തുന്നി തെന്നിലും .
എന്തു ചൊല്ലുവാൻ...ഒറ്റയായ്‌ നിൽക്കുമെൻ-
നെഞ്ചിലൂറുമീയമ്ലാക്ഷരങ്ങളോ.....

ചാർളി ചാപ്ലിൻ -മംഗലയ്ക്കൽ


കനലു നെഞ്ചിൽ പിടയ്ക്കുന്ന നേരവും -
ചിരിയൊരുക്കി,ക്കൊതിപ്പിച്ച നായകാ ...
സ്വൊയ മെരിഞ്ഞടങ്ങീടുന്ന നേരവും
ഫലിതമായ്‌ നിറഞ്ഞാടും വിദൂഷകാ ..
തെരുവിൽ നിന്നും വരുന്നവൻ ;വിഢിയായ്‌ -
വിരുതു കാട്ടുമ്പൊഴും വെന്തുനിൽപ്പവൻ .
അളവു തെറ്റുന്ന ജീവ വസ്ത്രങ്ങളെ
അളവു തെറ്റാ , തെടുത്താടി നിൽപ്പവൻ .
കുരലു പൊട്ടും വിശപ്പ കേറ്റെടുവാൻ
പതിയെ, നീയാ ചെരുപ്പു തിന്നീടവെ
മതി മറന്നൊരാ കാണികൾക്കറിയുമോ
പ്രിയ വിദൂഷകാ ,നിന്റെ രാപ്പാതകൾ .
മുളകരയ്ക്കുന്ന,നിന്റെ നട്ടുച്ചകൾ ,
തുടലു പൊട്ടിച്ചിടുന്ന നിൻ നോവുകൾ .
അറിയുകില്ല, നിൻ ഫലിത രംഗങ്ങളിൽ
രസിതരാവുമാ കാണികൾക്കൊന്നുമെ .
ഫലിത നായകാ ,നീ മറഞ്ഞെങ്കിലും
മറവി താണ്ടി വന്നെത്തുന്നു പിന്നെയും .
ഒരു മഴപ്പാട്ടിലൂടെ നിൻ കണ്ണുനീർ -
ച്ചിറയൊതുക്കി, ച്ചിരിച്ചു നീ നായകാ. .
By: മംഗലയ്ക്കൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo