Slider

ആനന്ദത്തിന്റെ ഉറവിടം തേടി

0

ഇന്ന് മലയാള സിനിമ ലോകത്ത് വിനീത് ശ്രീനിവാസൻ എന്ന് പറഞ്ഞാൽ ഒരു മിനിമം ഗ്യാരണ്ടി ആണ്. അദ്ദേഹം ഭാഗമാകുന്ന സിനിമകളിൽ മനസിന് സംതൃപ്തി പകരുന്ന എന്തെങ്കിലുമൊക്കെ കാണും എന്ന് പ്രേക്ഷകരും വിശ്വസിക്കുന്നുണ്ട് . ഗായകനായും നടനായും സംവിധായകനായും കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം മലയാള സിനിമക്ക് നൽകിയ മികച്ച സംഭാവന എന്തെന്ന് ചോദിച്ചാൽ തന്റെ കൂടെയുള്ള കഴിവുള്ള ഒരു പറ്റം ചെറുപ്പക്കാരെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നു എന്നതാണ്. ബേസിൽ ജോസഫ്, ജൂഡ് ആന്തണി, അജു വർഗീസ് പുതു തലമുറയിലെ ശ്രദ്ധേയ നടൻ നിവിൻ തുടങ്ങിയവരെല്ലാം തന്നെ വിനീതിന്റെ കളരിയിൽ അഭ്യസിച്ചിറങ്ങിയവർ ആയിരുന്നു. ഈ തവണ ആനന്ദം എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു നിർമാതാവിന്റെ റോളിൽ ഒരു പറ്റം പുതുമുഖങ്ങളുമായി വിനീത് എത്തുകയാണ്.
തട്ടത്തിൻ മറയത്ത്, തിര, ബാംഗ്ലൂർ ഡെയ്‌സ്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദം. ഏതൊരു ചിത്രത്തിനും മുഖ്യാകർഷണമാണ് അതിന്റെ പേര്. തന്റെ ആദ്യ ചിത്രത്തിന് ഏറ്റവും ആകർഷണീയവും കേൾക്കുമ്പോൾ വളരെ പോസിറ്റീവ് ആയി അനുഭവപ്പെടുകയും ചെയ്യുന്നൊരു പേരാണ് സംവിധായകൻ നൽകിയിട്ടുള്ളത്. ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ കാലം ഏതായിരുന്നെന്നു ചോദിച്ചാൽ മിക്കവരുടെയും മറുപടി കോളേജ് ഡേയ്സ് എന്നായിരിക്കും. ഒരു പറ്റം എൻജിനിയറിങ് വിദ്യാർത്ഥികളുടെ കോളേജ് ജീവിതത്തിന്റെ ചെറുതും എന്നാൽ ഏറ്റവും ആനന്ദ ദായകവുമായ ഭാഗത്തിന്റെ വരച്ചു കാട്ടലാണ് ഈ ചിത്രം .
ഒരു എൻജിനിയറിങ് കോളേജിജിലെ ഒന്നാം വർഷ വിദ്യാർത്‌ഥികൾ ഗോവയിലേക്കും ഹംപിയിലേക്കുമായി നടത്തുന്ന ഒരു വിനോദയാത്ര.ടെക്നിക്കൽ ആയി പറയുകയാണെങ്കിൽ I . V അഥവാ ഇൻഡസ്ട്രിയൽ വിസിറ്റ്. അതിനിടയിൽ അവരെ തേടിയെത്തുന്ന ചില ആനന്ദ ദായകമായ നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകൻ. ഒരു ഗസ്റ് റോൾ സൗസ്പെൻസ്‌ ഒഴിച്ചാൽ പറയത്തക്ക സസ്പെൻസുകളോ ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സന്ദർഭങ്ങളോ ഇല്ലാത്ത വളരെ ലളിതമായ ഒരു കഥ. ഇത്രയും ലളിതമായ ഒരു കഥയെ പ്രേക്ഷകന് മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിച്ചു എന്നിടത്താണ് സംവിധായകനും തിരക്കഥാകൃത്തുമായ ഗണേഷ് രാജ് വിജയിച്ചിരിക്കുന്നത് .
മുഖ്യ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ അനുയോജ്യമായ സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട് .ഓരോ കഥാപാത്രത്തെ പറ്റിയും തുടക്കത്തിൽ തന്നെ പ്രേക്ഷക മനസ്സിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ ഇത് സഹായിക്കുന്നു. ഒരു വിനോദയാത്രയിൽ സംഭവിക്കാവുന്ന ഹാസ്യം, സൗഹൃദം, പ്രണയം എന്നിവയെല്ലാം ശരിയായ അളവിൽ ചിത്രത്തിലേക്ക് ചേർക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ടെന്നതിനാൽ തന്നെ ആനന്ദത്തിന്റെ നിമിഷങ്ങളോരോന്നും നന്നായി ആസ്വദിക്കാൻ പ്രേക്ഷകന് കഴിയുന്നു.
മുഖ്യ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. കൂട്ടത്തിൽ മികച്ചു നിന്നത് കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിശാഖ് ആണ്. ബാക്കിയുള്ളവരെല്ലാം പുതുമുഖം എന്ന ലേബൽ പറിച്ചെറിയാൻ വിമുഖത കാണിക്കുന്നതായി അനുഭവപ്പെട്ടപ്പോഴും അവസാന ചില രംഗങ്ങളിലെ പ്രകടനങ്ങൾ ഒഴിച്ചാൽ കുപ്പി ചിത്രത്തിൽ നല്ല പ്രകടനവുമായി നിറഞ്ഞു നിന്നു. ഇടക്കെപ്പോഴോ അത് താൻ അല്ലയോ ഇതെന്ന ആശങ്ക തോന്നിയെങ്കിലും പ്രൊഫസ്സർ ചാക്കോയും ഒപ്പം ലവ്‌ലി മിസ്സും പ്രേക്ഷകനെ ചിരിപ്പിച്ചു
.
ന്യൂ ജനറേഷൻ ക്യാമറ പ്രേമികൾക്ക് ഏറെ സുപരിചിതമായ പേരാണ് ആനന്ദ് സി ചന്ദ്രൻ. പ്രേമം എന്ന ചിത്രത്തിന്റെ ക്യാമറാമാൻ എന്നതിനേക്കാൾ ഇദ്ദേഹത്തിന്റെ കഴിവിന് വേറെ വിശേഷണങ്ങൾ വേണം എന്ന് തോന്നുന്നില്ല. ഒരു യാത്രയുടെ കഥ പറയുന്ന ചിത്രത്തിന് ക്യാമറ എത്രത്തോളം പ്രാധാന്യമേറിയതാണെന്നു പറയേണ്ടതില്ലല്ലോ.. ഗോവയുടെയും ഹംപിയുടെയും മനോഹാരിതയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സൗന്ദര്യവും പകർത്തിയ ആനന്ദിന്റെ ഫ്രയിമുകൾ പ്രേക്ഷകനെ ആനന്ദിപ്പിക്കുവാൻ കഴിവുള്ളവ തന്നെയായിരുന്നു,
ചിത്രം ഇറങ്ങുന്നതിനു ഏകദേശം ഒരു മാസം മുൻപ് തന്നെ പുറത്തിറങ്ങിയ ഗാനങ്ങൾ പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. പുതു തലമുറ ഗായകരിൽ ശ്രദ്ധേയനായ സച്ചിൻ വാര്യർ ആദ്യമായി സംഗീതം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു . വിനീത് ശ്രീനിവാസൻ രചിച് വിശാഖ് നായർ, സുചിത്, അശ്വിൻ ,സച്ചിൻ എന്നിവർ ആലപിച്ച ദൂരെയൊ എന്ന ഗാനം ഒരു യാത്രയുടെ വികാരം പ്രേക്ഷകനിൽ ജനിപ്പിക്കാൻ കഴിവുള്ളതായിരുന്നു. പ്രണയ ഗാനമായ സച്ചിൻ വാര്യർ ആലപിച്ച നിലാവിൽ എല്ലാമേ എന്ന് തുടങ്ങുന്ന ഗാനവും ഹൃദ്യമായിരുന്നു. ഗാന രംഗങ്ങളെ ഏറ്റവും മനോഹരമായാണ് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്
ചിത്രത്തിന്റെ ട്രെയിലറുകളും പാട്ടുകളും ഇത് ഏത് തരം പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നതെന്ന വ്യക്തമായ സൂചന നൽകിയിരുന്നു ഒരു പക്ഷെ ചിത്രം അവരിലേക്ക് മാത്രം ഒതുങ്ങിയേക്കും എന്ന സംവിധായകന്റെ ചിന്തയാവാം ഗസ്റ് റോൾ എന്ന അനാവശ്യ തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചത്. അത്രയൊന്നും പ്രാധാന്യമില്ലായിരുന്ന ഒരു റോൾ ഒരു സസ്പെൻസ് ആയി അവതരിപ്പിച്ചതിലൂടെ ആ നടന്റെ പ്രേക്ഷക സ്വീകാര്യത കൂടെ ഈ ചിത്രത്തിന് അനുകൂലമാക്കുക എന്നതാകണം ലക്ഷ്യമാക്കിയത്.
നായികാ നായകൻ കോമ്പിനേഷൻ രംഗങ്ങളിൽ ഇടക്ക് ഒരല്പം കല്ല് കടി അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രകടനത്തിൽ നയകനെക്കാൾ മികച്ചു നിന്നത് നായിക തന്നെ. സജിയുടെ വസ്‌ത്രാലങ്കാരം കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നതിൽ നടീ നടന്മാരെ വളരെ സഹായിച്ചിട്ടുണ്ട്.
എല്ലാ ക്യാംപസ് ചിത്രങ്ങളിലും എന്ന പോലെ പ്രണയത്തിലും സൗഹൃദങ്ങളിലും ചുറ്റിത്തിരിഞ് തന്നെയാണ് ചിത്രം വികസിക്കുന്നതെങ്കിലും അതിനു പശ്ചാത്തലം ആകുന്നത് ഒരു കോളേജ് ക്യാംപസ് അല്ല എന്ന പുതുമ ഈ ചിത്രത്തിനുണ്ട്. പിന്നെ പറയേണ്ടുന്ന ഒരു കാര്യം ചിത്രം യാഥാർത്ഥ്യത്തിൽ നിന്നും ഉയർന്നു കയ്യിൽ നിറയെ പണവും കഴിവും ഉള്ള ചെറിയൊരു വിഭാഗത്തിന്റെ വർണശബളമായ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്. അതായത് ചിത്രം കണ്ട് എൻജിനിയറിങ് ജീവിതം ഇങ്ങനെയാണെന്നു ധരിച് കോളേജിലേക്ക് പോയാൽ നിരാശയവും ഫലം.!!
ഒരു ചിത്രം പൂർണമായും ആസ്വദിക്കുന്നതിൽ ചിത്രം കാണുന്ന തിയ്യേറ്ററും സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. വടകരയിലെ CNC film house ഇൽ നിന്നാണ് ഈ ചിത്രം കണ്ടത്. തിയ്യേറ്ററിലെ നല്ല ദൃശ്യ ശ്രവ്യ സംവിധാനവും അന്തരീക്ഷവും സിനിമയെ പൂർണമായും ആസ്വദിക്കാൻ സഹായിച്ചു. നിത്യാനന്ദമോ പരമാനന്ദമോ സമ്മാനിക്കുന്ന ഒരു സിനിമാനുഭവമല്ല 'ആനന്ദം'. എങ്കിലും രണ്ടു മണിക്കൂർ പ്രേക്ഷകന്റെ മനസ്സിനെ പൂർണമായും ആനന്ദിപ്പിക്കുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ് ആനന്ദം. തുടക്കത്തിന്റെ ചില പോരായ്മകൾ ഉണ്ടെങ്കിലും നമ്മുടെ പ്രോത്സാഹനം ലഭിക്കുകയാണെങ്കിൽ ഭാവിയിൽ മലയാളത്തിലേക്ക് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്യാൻ ഇവർക്ക് കഴിയും എന്നത് നിസ്സംശയം പറയാം. അതിനാൽ തന്നെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ഈ ചിത്രം കാണാൻ ശ്രമിക്കുക. മനസ്സിൽ ആനന്ദം നിറയട്ടെ. ...

By: Rahul
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo