Slider

ഇന്ന് തിങ്കളാഴ്‌ച

0

രാവിലെ തിരക്കുകൾക്കു മേൽ തിരക്കുമായി ഓഫീസിൽ ജോലി ആരംഭിക്കുമ്പോൾ വൈകിട്ട് ഇത്തിരി നേരത്തെ ഇറങ്ങണം എന്നാഗ്രഹിച്ചിരുന്നു. ശ്രീപദ്മനാഭന്റെ ആറാട്ടല്ലെ... ആ രാജകീയമായ വരവ് കാണാൻ ആഗ്രഹം തുടങ്ങിയിട്ട് ഒട്ടു നാളായി. എന്നാൽ വൈകിട്ട് ഇറങ്ങാൻ നേരം അപ്രതീക്ഷിതമായി വന്നു ചേർന്ന ചില ജോലികൾ എന്റെ മടക്കം സായന്തനവും പിന്നിട്ട് രാത്രിയിലേക്ക് മാറ്റിവെയ്പ്പിച്ചു.അങ്ങനെ രാത്രി ഏകദേശം എട്ടരയോടെ ശ്യാം എന്നെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു. മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ, ഫൈനൽ വിസിലിനായി കാത്തു നിൽക്കുന്ന നൂറു മീറ്റർ ഓട്ടക്കാരെപ്പോലെ സിഗ്നലിനായി നീണ്ടു നിവർന്നു കാത്തു കിടക്കുകയാണ് കണ്ണൂർ എക്സ്പ്രസ് . രാവിലെ മുതലുള്ള തിരക്കുകളാൽ ഞാൻ ആകെ ക്ഷീണിതനാണ്. 'തല മുണ്ഡനം ചെയ്തപ്പോൾ കല്ലുമഴ പെയ്തു ' എന്ന പറഞ്ഞപോലെ നേരെ ചൊവ്വെ നിൽക്കാൻ പോലും ട്രെയിനിൽ സ്ഥലമില്ല. പിറകുവശത്തുള്ള മൂന്നു ജനറൽ ബോഗികളിൽ ഒന്ന് സ്ത്രീജനങ്ങൾക്കും മറ്റൊന്ന് റെയിൽവേ മെയിൽ സർവ്വീസിനും മാറ്റിവെച്ചു കൊണ്ടുള്ള ബോർഡുകൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. എന്തായാലും ഈ ട്രെയിനിൽ പോയേ പറ്റൂ.മുൻപിലേക്ക് നടന്നു. അവിടെയുമുണ്ട് രണ്ട്- മൂന്ന് ജനറൽ കോച്ചുകൾ. സീറ്റ് കിട്ടുവാൻ സാധ്യത കുറവാണ്. എന്തായാലും നടന്നു നോക്കുക തന്നെ ഹോ... രക്ഷപെട്ടു. സീറ്റുണ്ട്. നേരെ ഓടി ഒരു സീറ്റിന്റെ അരികിൽ ഇരിപ്പുറപ്പിച്ചു. എന്റെ സഹയാത്രികർ കുറേ ചെറുപ്പക്കാരാണ്. എച്ച്.എസ്.എ റാങ്ക് ഹോൾഡേഴ്സ് ആണ്. നിയമനത്തിനായി ഭരണസിരാ കേന്ദ്രത്തിലും പി.എസ്.സി യിലും കയറിയിറങ്ങി തളർന്നു വരുന്ന മലപ്പുറം സ്വദേശികളാണ് അവരെന്ന് സംഭാഷണത്തിൽ നിന്ന് ഞാൻ അതിവിദഗ്ധമായി ചികഞ്ഞെടുത്തു. അല്ലെങ്കിലും അന്യരുടെ സംഭാഷണം ശ്രദ്ധിക്കുന്നത് ഒരു രസമാണെല്ലോ... യാത്ര ആരംഭിച്ചു. കൃത്യസമയം. എന്തായാലും ഇങ്ങനെ പോയാൽ പതിനൊന്ന് മണിയ്ക്ക് മാവേലിക്കര എത്താം. വീട്ടിലെത്തി ഒരു കുളി പാസാക്കുക, വല്ലതും കഴിക്കുക, കിടന്നുറങ്ങുക അതിരാവിലെ എഴുന്നേറ്റ് തിരികെ വീണ്ടും തിരുവനന്തപുരത്തേക്ക് ... ഇതൊക്കെ ചിന്തിച്ച് ചെറുതായൊരു മയക്കം. ഉണർന്നപ്പോൾ എന്റെ അടുത്തിരുന്നയാൾ ഉൾപ്പെടെ കുറച്ചു പേർ ഇറങ്ങാൻ തയ്യാറായി നിൽക്കുന്നു. ട്രെയിൻ വർക്കല എത്തിയിരിക്കുന്നു. മൊബൈൽ ഇടയ്ക്കിടെ അതിനു വിശക്കുന്നതായി അറിയിച്ചു കൊണ്ടിരുന്നു. ഞാനിരിക്കുന്ന കോച്ചിൽ ചാർജിങ്ങ് സോക്കറ്റുകളൊന്നുമില്ല.അതിനാൽ തന്നെ അതിന് ആഹാരം കൊടുക്കുവാനും കഴിയില്ല. യാത്രയ്ക്ക് വല്ലാത്ത വിരസത അനുഭവപ്പെടുന്നു. സാധാരണ ഇതുപോലുള്ള യാത്രാ സമയങ്ങളിൽ എഡിറ്റ് ചെയ്ത് വെളുപ്പിച്ച എന്റെ ഫോട്ടോകൾ നോക്കിയിരിക്കുമ്പോഴും, ഞാൻ ദാസേട്ടനേക്കാൾ നന്നായി പാടി റെക്കോർഡ് ചെയ്ത പാട്ടുകൾ കേട്ടിരിക്കുമ്പോഴും ഈ മൂകത ആഹ്ളാദത്തിനു വഴിമാറുമായിരുന്നു.ഇന്നിപ്പോൾ മൊബൈൽ മരണശയ്യയിലായതിനാൽ ഒരു രക്ഷയുമില്ല. അങ്ങനെ ഇരിക്കുന്ന സമയം ഒരു വലിയ ബാഗും ചുമലിലേറ്റി ഒരു പെൺകുട്ടി നടന്നു വരുന്നു. സ്വതവേ പെൺകുട്ടികളോട് അധികം സംസാരിക്കുവാനോ ഇടപഴകുവാനോ താത്പര്യമില്ലാത്ത (അതിശയോക്തിയല്ല കേട്ടോ ) ഞാൻ എന്റെ ബാഗെടുത്ത് തൊട്ടടുത്ത സീറ്റിൽ വെച്ചു.ആ പെൺകുട്ടി കൃത്യമായി എന്റെ അടുത്ത് വന്ന് അവിടെ ഇരിക്കുവാൻ അനുവാദം ചോദിച്ചു. ഇനി എന്ത് ചെയ്യാൻ ? ആ കുട്ടി എന്റെ അടുത്ത് ഇരിപ്പുറപ്പിച്ചു. ബാഗിന്റെ കനം കണ്ടപ്പോൾ ഇവൾ ഒളിച്ചോടി പോവുകയാണോ എന്തൊരു സന്ദേഹം മനസ്സിലെത്തി. എന്തായാലും ഇത്രയുമായ സ്ഥിതിക്ക് വിവരങ്ങൾ ചോദിച്ചറിയുക തന്നെ വേണം. അല്ലെങ്കിൽ എന്റെ ആരോഗ്യത്തിനു ചിലപ്പോൾ ഹാനികരമായേക്കാം. ശ്രീ ശങ്കർ പറയുന്ന പോലെ ആകാശത്തു കൂടി പോകുന്ന പണി വരെ ഏണി വെച്ചു പിടിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പരിചയപ്പെടലിനായി ആദ്യം പേരു ചോദിക്കുക എന്ന ചടങ്ങാണെല്ലോ, അപ്പോൾ ആ ചടങ്ങ് തെറ്റിക്കേണ്ട. അത് ചോദിക്കുവാൻ തുടങ്ങവേ, അപ്പോൾ പൊട്ടി മുളച്ചതാണെന്നു തോന്നുന്ന രീതിയിൽ ഒരു കടല കച്ചവടക്കാരൻ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..ഞാൻ വേണ്ട എന്ന് ഒരു ഗമയിൽ അയാളോട് പറഞ്ഞു. പക്ഷേ അവൾ അയാളിൽ നിന്നും കടല വാങ്ങി. എനിയ്ക്കും കഴിക്കണമെന്നുണ്ട്. കാരണം ഉച്ചയ്ക്ക് കഴിച്ച രണ്ട് ചപ്പാത്തിയുടെ ആശ്വാസം വൈകുന്നേരത്തോടെ മാറി. നല്ല വിശപ്പ്.കടലയെങ്കിൽ കടല.... അത്രയെങ്കിലും ആശ്വാസമാകുമെല്ലോ.... ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനി പോയി വാങ്ങിയാൽ അയാളുടെ മുന്നിൽ പ്രത്യേകിച്ച് അവളുടെ മുന്നിൽ നാണം കെടാൻ സാധ്യതയുണ്ട്. വായു ഭക്ഷിച്ച് ജീവിക്കുന്ന സന്യാസിമാരുടെ കഥകൾ എവിടെയോ വായിച്ചത് വീണ്ടുമോർത്ത് അങ്ങനെ ഇരിക്കവേ പെട്ടന്ന് സഹയാത്രികയുടെ ശബ്ദം . ആ കടല പങ്കിടുവാൻ എന്നെ ക്ഷണിക്കുകയാണ്. ഞാൻ ഞെട്ടിപ്പോയി .കാരണം സാധാരണ ഞങ്ങൾ കൂട്ടുകാർ അടുത്തുവന്നിരിക്കുന്ന സുന്ദരീമണികളെ പരിചയപ്പെടുവാൻ ചെയ്യുന്ന നമ്പരാണ് ഈ കടല - മിഠായി പ്രയോഗങ്ങൾ. ഇത് അവൾ എനിയ്ക്കെതിരെ പ്രയോഗിച്ചിരിക്കുന്നു. ഞാൻ കയ്യ് നീട്ടിക്കൊണ്ട് വേണ്ട എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി. കയ്യിനറിയില്ലെല്ലോ വിശപ്പിനേക്കാൾ വലുത് അഭിമാനമാണെന്ന്. എന്തായാലും കടല കഴിച്ചു തുടങ്ങിയപ്പോൾ അവളോട് പേര് ചോദിച്ചു. ദിവ്യ....നല്ല പേര് .ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ എന്റെ പേര് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെല്ലോ, അത് എന്റെ മുഖശ്രീയിൽ നിന്നും സ്വഭാവത്തിൽ നിന്നും അത് ആർക്കും വായിച്ചെടുക്കാമെല്ലോ.അതു പോട്ടെ, പിന്നെ ഈ രാത്രിയിലെ യാത്രയുടെ പിന്നിലെ ചേതോവികാരത്തെപ്പറ്റി ഞാൻ ചോദിച്ചു.അതിനു മുന്നേ തന്നെ എന്റെ സകലമാന വിവരങ്ങളും ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. ദിവ്യ ആദ്യമൊക്കെ ഉത്തരങ്ങൾ ചിരിയിൽ ഒതുക്കി. കുറച്ച് മുൻപ് ഞാൻ ചിന്തിച്ച കാര്യങ്ങൾ യാഥാർത്ഥ്യമാണോ എന്ന് തോന്നിയ നിമിഷങ്ങൾ. എന്തായലും ഒരു കൗതുകം .വീണ്ടും ഞാൻ ചോദിച്ചു.ചെങ്ങന്നൂരുകാരി കുട്ടിയാണ്. കൊല്ലത്ത് ഒരു ബാങ്കിൽ പ്രൊബേഷനറി ഓഫീസറാണ്. വീണ്ടും എനിയ്ക്ക് സംശയം . വർക്കലയിൽ നിന്ന് ഈ രാത്രിയിൽ വലിയ ബാഗുമായി കയറിയത്? വർക്കലയിൽ എന്തിനു പോയതാവാം? ബീച്ച് കാണാൻ പോയതാവുമോ? . സംശയ നിവാരണം ഉടനുണ്ടായി. അമ്മയോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ചികിത്സയ്ക്കു പോകണം. അമ്മയക്ക് യാത്ര ചെയ്യാൻ വയ്യ. അതിനാൽ വർക്കലയിൽ ഒരു ബന്ധുവിന്റെ വീട്ടിൽ തത്കാലം താമസിക്കുകയാണ്. ഇപ്പോൾ ഏകദേശം മൂന്നാഴ്ചയോളമായി. ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. സാരമില്ല, അസുഖങ്ങൾ വരുന്നത് സാധാരണയല്ലേ, അതൊക്കെ മാറിക്കോളും.തിരുവനന്തപുരത്ത് ഏതാശുപത്രിയിലാണ്? എന്നു ഞാൻ വീണ്ടും ചോദിച്ചു. ജിജ്ഞാസ അടക്കുവാൻ കഴിയുന്നില്ല. അവൾ യാതൊരു ഭാവഭേദവും കൂടാതെ എന്നോടു പറഞ്ഞ മറുപടി എന്നിൽ ഞെട്ടലും വിഷാദവും സങ്കടവുമൊക്കെ സൃഷ്ടിച്ചു. "ഈ അസുഖം മാറില്ല ചേട്ടാ, ഇത് മാറണമെങ്കിൽ അമ്മ ഇല്ലാതെയാകണം. ശ്വാസകോശ അർബുദമാണ്. റീജണൽ കാൻസർ സെന്ററിൽ ചികിത്സയാണ്. അച്ഛനും ഇതേ അസുഖം വന്നു മരിച്ചു. ഇനിയുള്ളത് ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനിയനാണ്. അവനെ അയൽപക്കത്തുള്ള ഒരു വീട്ടിലേൽപ്പിച്ചാണ് ഞങ്ങൾവരുന്നത്. അമ്മയുടെ ഒരു സഹോദരൻ മാത്രമാണ് സഹായിക്കുവാനുള്ളത്. അദ്ദേഹം കുടുംബമായി വിദേശത്താണ്. ഞാൻ കഴിഞ്ഞ മൂന്ന് ആഴ്ചയായി ജോലിക്ക് പോയിട്ട്. അമ്മയോടൊപ്പം എപ്പോഴും ഒരാൾ വേണം. എല്ലാവരും എന്നോട് പറയുന്നത് ഒരു ഹോംനേഴ്സിനെ നിർത്തിക്കൂടെ എന്നാണ്. എന്റെ അമ്മയെ ഞാൻ നോക്കുന്നതു പോലെ വേറെ ആർക്കെങ്കിലും നോക്കാൻ കഴിയുമോ? എന്റെ ചിരിയിലും കരച്ചിലിലും ഒരുപോലെ കൂടെയുണ്ടായിരുന്ന അമ്മയോളം വരില്ല വേറെ ഒന്നും .ഇന്ന് രാത്രി വീട്ടിലെത്തി തുണികൾ എല്ലാം നനച്ചിട്ട് ,അനിയന് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് വെളുപ്പിന് ഞാൻ തിരിച്ചു വരും .ഈ യാത്ര എത്ര നാൾ തുടരുമെന്ന് അറിയില്ല. ". ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴും അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പൊടിയാതിരുന്നത് ഞാൻ എന്റെ കണ്ണുനീരൊപ്പുന്നതിനിടയിൽ ശ്രദ്ധിച്ചു. ഒരു പക്ഷേ അവൾ കരഞ്ഞു തീർത്തിട്ടുണ്ടാവാം ...... ഉള്ളിൽ കരയുന്നുണ്ടാവാം. നേരത്തെ ഞാൻ കരുതിയതു പോലെ ഒളിച്ചോടുന്നത് അവളല്ല... സത്യത്തിൽ ഞാനാണ് പലപ്പോഴും എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നത്. മാവേലിക്കരയിൽ ഇറങ്ങി അവളോട് യാത്ര പറഞ്ഞു പ്ലാറ്റ്ഫോമിലൂടെ നടക്കവേ അവളുടെ നന്മ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.

by: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo