Slider

2016 ഒക്ടോബർ 12 .

0
"ഹാജ്യാരെ.."
രാമനുണ്ണിയുടെ മുരടനക്കം കേട്ട് വീടിനകത്തു നിന്നു ഹാജ്യാരു പുറത്തെക്കിറങ്ങി വന്നു..
"എന്താ രാമാ 
രാവിലത്തന്നെ.."?
"ഒന്നും പറയണ്ട
ഹാജ്യാരെ..
കഴിഞ്ഞ മഴക്കാലത്തു വീടൊന്നു ശരിയാക്കാൻ ബാങ്കീന്നു കൊറച്ചു ലോണെടുത്തിരുന്നു..
ആകെ ചോർന്നൊലിക്കാരുന്നില്ലേ,
അതോർത്താണ് ആ കടുംകൈ ചെയ്തതു.."
"ഇന്നലെ നോക്കുമ്പോണ്ടു
നോട്ടീസ്‌ വന്നുകിടക്കുന്നു.
പലിശ മുടങ്ങിയതു എത്രയും പെട്ടെന്നു അടച്ചു തീർക്കണം പോലും..
തൽക്കാലത്തേക്ക് കൊറച്ചെന്തെങ്കിലും സഹായിക്കാനുണ്ടാവോ.."?
"എന്റെ രാമാ..
ഇത്രെം വല്യ വീടും പത്രാസും ഒക്കെയുണ്ടെന്നല്ലാതെ കാശായിട്ടെടുക്കാൻ
കയ്യിലൊന്നുല്ല..
ഞാൻ ആരോടെങ്കിലുമൊന്നു ചോയ്‌ച്ചോക്കട്ടെ.."
"വേണ്ട ഹാജ്യാരെ എനിക്കു വേണ്ടി നിങ്ങളു
നാണം കെടണ്ട.."
എന്നുംപറഞ്ഞു രാമനുണ്ണി
തിരിച്ചു നടന്നു..
അലമാരയിൽ പൂത്ത കാശുണ്ടായിട്ടും തന്ത്രപരമായി രാമനുണ്ണിയെ ഒഴിവാക്കിയ തന്റെ കുബുദ്ധിയോർത്തു ഹാജ്യാര് ഊറിച്ചിരിച്ചു.
**
2016 നവംബർ 11
"അല്ലാ ഹാജ്യാരെന്താ ഈ
വഴിക്ക്.."?
"ഞാൻ തന്നെ കാണാൻ
വന്നതാടോ.."
"ഒന്നു ആളെഅയച്ചു വിളിപ്പിച്ചാ ഞാൻ അങ്ങോട്ടു വരൂല്ലാരുന്നോ ഹാജ്യാരെ.."
"അതൊന്നും വേണ്ടെടോ..
തന്റടുത്തു കാശെന്തെലും എടുക്കാനുണ്ടാവോ തൽക്കാലത്തേക്ക്.."
"ബാങ്കിന്ടെ ഭാഗത്തേക്കു
അടുക്കാൻ പറ്റൂല്ല..
അമ്മാതിരി തെരക്കാ..
കയ്യിലാന്നെങ്കിൽ ആർക്കും ഉപകാരപ്പെടാത്ത ആയിരവും അഞ്ഞൂറും.."
അതു പറയുമ്പൊ ഹാജ്യാരുടെ മുഖം കുനിഞ്ഞിരുന്നു..
ഒരു മാസം മുന്നെ അതേകാശ് രാമന് കൊടുത്തിരുന്നെങ്കിൽ അവനതു ഉപകാരപ്പെടുമായിരുന്നു..
അതു ചെയ്യാതെ പൂഴ്ത്തിവെച്ചു ഇന്നതെ കാശു കയ്യിൽ വെച്ചോണ്ട് രാമനു മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥ..
ദൈവത്തിന്റെ വികൃതികളിലൊന്നു..
"നിങ്ങളു കേറിയിരിക്കു
ഹാജ്യാരെ..
ഞാനിപ്പൊ വരാം.."
എന്നുംപറഞ്ഞു രാമനുണ്ണി
അകത്തേക്കു പോയി..
തിരികെ വന്നു നൂറിന്റെ കുറച്ചു മുഷിഞ്ഞ നോട്ടുകൾ ഹാജിയാരുടെ കൈവെള്ളയിലേക്കു വെച്ചുകൊടുത്തപ്പോ അയാളാ കൈഅമർത്തിപ്പിടിച്ചു..
പിന്നെ രാമനുണ്ണിയെ തന്നോടു ചേർത്തുപിടിച്ചു.
ആവശ്യത്തിനു ഉപകരിക്കുമ്പോഴാണ് നോട്ടുകെട്ടുകൾക്കു വിലയുണ്ടാവുന്നതെന്നും അല്ലെങ്കിലതു വെറും കടലാസ് കഷ്ണങ്ങൾ മാത്രമാണെന്നുമുള്ള തിരിച്ചറിവു കൊണ്ടാവണം പിന്നീടൊരിക്കലും ഒരാളും ഹാജിയാരുടെ മുറ്റത്തൂന്നു വെറും കയ്യൊടെ മടങ്ങിയിട്ടില്ല.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo