അരീക്കോട് ബസ്‌സ്‌റ്റാന്റ്.ഭാര്യ എഴുതിയേല്‍പിച്ച സാധനങ്ങളുടെ നീണ്ട ലിസ്‌റ്റിന്റെ നേർമദ്ധ്യേ ഒരു മടക്കുമടക്കി അതിന്റെ ഒരുവശത്തുള്ള സാധനങ്ങള്‍ മാത്രം വാങ്ങി വീട്ടില്‍ പോകാന്‍ ബസും കാത്തുള്ള നില്‍പാണ്.
ഉച്ച സമയമായത് കൊണ്ട് അങ്ങാടിയില്‍ പൊതുവെ തിരക്ക് കുറവാണ്.ഒരു പാമ്പ്,അല്ല ഒരു ബസ് സ്‌റ്റാന്റിലേക്ക് കയറി വരുന്നുണ്ട്,മുക്കം ബോഡും വെച്ചുകൊണ്ട്.പാമ്പെന്ന് പറയാന്‍ കാരണം,പാമ്പ് മാളത്തിലേക്ക് കയറുന്ന പോലെ വേണം അരീക്കോട് സ്‌റ്റാന്റിലേക്ക് ബസിന് കയറി വരാന്‍.
എല്ലാവരും ഇറങ്ങിയ ശേഷം ബസിൽ ആളുകള്‍ കയറിത്തുടങ്ങി.ഞാനും കയറി ബാക്ക് സീറ്റിലിടം പിടിച്ചു. ഒന്നാം ക്ലാസു മുതൽ പഠിക്കാൻ പിന്നിലായത് കൊണ്ടും സ്കൂളുകളിൽ സ്ഥിരം ബാക്ക്ബെഞ്ചുകാരനായിരുന്നത് കൊണ്ടും ബസിൽ കയറിയാൽ ഞാൻ ബാക്ക് സീറ്റിലേ ഇരിക്കാറുള്ളൂ.
കണ്ടക്‌ടർ കം...കം....കം...കം എന്ന് ഉച്ചത്തില്‍ വിളിക്കുന്നുണ്ട്.മുക്കം മുക്കം എന്ന് പറയുന്നതാണ് . അല്ലാതെ ഏതെങ്കിലും സായിപ്പിനെ നോക്കി കം കം എന്ന് വിളിക്കുന്നതല്ല.
"നാളത്തെ കേരള... നാളത്തെ കേരള ....'
ഒരു ലോട്ടറികച്ചവടക്കാരന്‍ കയറിയതാണ് ബസിൽ.ഏതോ ഒരു സിനിമയില്‍ സുരാജ് പറഞ്ഞ ഡയലോഗാണ് ഓർമ വന്നത്.
"ഇന്നത്തെ കേരളത്തിന്റെ അവസ്‌ഥ തന്നെ ഇങ്ങനെ...അപ്പഴാ നാളത്തെക്കേരള...'
കോടികളോടൊന്നും ആളുകള്‍ക്ക് താല്‍പര്യമില്ലാഞ്ഞിട്ടോ എന്തോ ആഴ്ചയിൽ ഓരോ ദിവസവും നറുക്കെടുക്കുന്ന ഓരോ ലോട്ടറി ടിക്കറ്റിന്റെയും പേരുകൾ മാറി മാറി പറഞ്ഞുനോക്കിയിട്ടും ആരും അയാളുടെ അടുത്തു നിന്ന് ടിക്കറ്റൊന്നും വാങ്ങിയില്ല.
അയാള്‍ ഇറങ്ങിയ ഉടനെ തന്നെ മറ്റൊരു കച്ചവടക്കാരന്‍ കയറി വന്നു.പാല്‍ക്കായമാണ് അതിയാന്റെ ഐറ്റം.വെറും പാല്‍ക്കായമല്ല സാക്ഷാല്‍ അറബി പാല്‍ക്കായം.ഇതുപയോഗിച്ചാല്‍ അറബികളെപ്പോലെയാകുമെന്നോ അറബിഭാഷ സംസാരിക്കാൻ പറ്റുമെന്നോ ഒന്നും എനിക്കറിയില്ല.ഏതായാലും ബംഗാളികളെപ്പോലെ ജോലിയന്വോഷിച്ച് കേരളത്തിലെത്തിയ ഏതോ ഒരറബി കുടില്‍വ്യവസായമായി ഉണ്ടാക്കുന്നതാണ് ഈ പാല്‍ക്കായമെന്ന് തോന്നും അയാളുടെ വിശദീകരണം കേട്ടാല്‍.വയറുവേദനമുതല്‍ പാമ്പ് ശല്യത്തിന്ന് വരെ പാല്‍ക്കായം ഉപയോഗിക്കാമത്രെ.എങ്കില്‍ സർക്കാർ ഓഫീസുകളിലെ ഫയലുകള്‍ക്കിടയിലൊക്കെ അല്‍പം പാല്‍ക്കായം കലക്കിക്കുടയുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി.തീരെ ആളനക്കമില്ലാത്തയിടങ്ങളിൽ രാജവെമ്പാലയെപ്പോലെയുള്ള വിഷപ്പാമ്പുകള്‍ സ്ഥിരവാസമാക്കുമെന്ന് വാവാ സുരേഷ് ഒരുദിവസം പറയുന്നത് കേട്ടിരുന്നു.
പാമ്പിന്റെ കാര്യം പറഞ്ഞ് പേടിപ്പിച്ചിട്ടാണെങ്കിലും കുറച്ച് കച്ചവടമൊപ്പിച്ചെടുത്ത്
അയാള്‍ ഇറങ്ങിപ്പോയി.
ബസില്‍ അത്യാവശ്യം ആളുകള്‍ ആയിത്തുടങ്ങി.കണ്ടക്‌ടറുടെ കം കം കം വിളി നിർത്താതെ തുടരുന്നുണ്ട്.അപ്പോഴാണ് മുന്‍വശത്തെ വാതിലില്‍ക്കൂടി ഒരാള്‍ കയറി ആളുകള്‍ക്ക് നേരെ കൈ നീട്ടുന്നത് കണ്ടത്.പക്ഷെ ആരും നയാപൈസ അയാൾക്ക്കൊടുക്കുന്നത് കാണുന്നില്ല.കാരണം നല്ല ആരോഗ്യമുള്ള ഒത്ത ശരീരം.പുറമെ ഒരു കുഴപ്പവും കാണുന്നുമില്ല.ഇനി നമുക്കറിയാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്‌നം അയാള്‍ക്കുണ്ടെന്ന് അയാളുടെ മുഖം കണ്ടാലൊട്ട് തോന്നുകയുമില്ല.പിന്നെ ആളുകളെന്തെങ്കിലും കൊടുക്കുമൊ? അങ്ങനെ കൊടുക്കാൻ നിന്നാൽ ബസ് ചാർജിന്റെ രണ്ടിരട്ടി ഇത്തരക്കാർക്ക് കൊടുക്കാനായി മാറ്റി വെക്കേണ്ടിവരും.
അതുകൊണ്ട് തന്നെ അയാളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.ആരുടെയടുത്തു നിന്നും ഒന്നും കിട്ടാതെ നിരാശനായ അയാൾ നീട്ടിപ്പിടിച്ച കൈയുമായി ഞാനിരുന്നിടത്തെത്തി.പെട്ടെന്നാണ് എന്റെ തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ അയാളോട് ചോദിച്ചത്.
"അല്ലാ എന്താ നിങ്ങളുടെ പ്രശ്‌നം''
"അങ്ങനെ ചോദിച്ചാ.....എനിക്ക് പണിയെടുക്കാന്‍ കഴിയില്ല....'
"ഹ..ഹ...ഹ....ഹ.....ഹ.....''
ഇതു കേട്ട യാത്രക്കാരന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
എല്ലാവരും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. "അത്രയല്ലേയുള്ളൂ....പേടിക്കേണ്ട.... ഈ അസുഖം നിനക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമുക്കാല്‍ ആളുകള്‍ക്കുമുണ്ട്.അവരൊക്കെ നിന്നെപ്പോലെ ഇങ്ങിനെ ബസില്‍ കയറിയിറങ്ങി നടക്കുകയാണൊ?'
ഈ തിരക്ക് പിടിച്ച ജീവിതയാത്രക്കിടയിലും കൈ നീട്ടി മുന്നിൽ വന്ന ഒരു പാവത്തിനെ ആശ്വസിപ്പിക്കാനുള്ള മനസ് കാണിച്ച എന്റെ സഹയാത്രികനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി.
പക്ഷെ പിന്നീട് അയാള്‍ നടത്തിയ വാചകമേളയിലെ ചിലത് മാത്രം ഞാനിവിടെ പറയാം.ഇതില്‍ ബീപ് ശബ്‌ദം ഇടാന്‍ കഴിയാത്തതുകൊണ്ടാണ്.
"———മോനെ അന്നെപ്പോലെ കൊറെ———
മാരുണ്ടിവിടെ.ഒരു പണിക്കും പോകാതെ വെറും———മായി നടക്കും. അന്നെപ്പോലെയുള്ള——— പണിയെടുക്കാൻ മടിയായതോണ്ടാ ഇവടെയിപ്പൊ ബംഗാളികളായ——— നെരങ്ങുന്നത്.എറങ്ങിപ്പൊയ്‌ക്കൊ ന്റെ മുമ്പ്‌ന്ന്———ഇനിയെന്നാടാ———നിനക്കൊക്കെ പണിയെടുക്കാന്‍ ആവുന്നത്.... തടിയനക്കാൻ മടിച്ചിട്ട് പിരിവെടുക്കാൻ വന്നിരിക്കുന്നു———.''
കൈ നീട്ടി വന്നയാൾക്ക് എന്റെ യടുത്തിരുന്നയാൾ കൈ നീട്ടി ഒന്നു കൊടുക്കുമൊ എന്ന് ഞാൻ ഭയപ്പെട്ട് നിൽക്കവെ അയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയെങ്കിലും നമ്മുടെ കഥാപാത്രം നിയമസഭയെപോലും രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളുന്ന തരത്തില്‍ പുറത്തേക്ക് തലയിട്ട് പ്രസംഗം തുടരുകയാണ്.അപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയത് കൊണ്ട് ചെവി കൂടുതൽ നേരം പൊത്തിപ്പിടിക്കേണ്ടി വന്നില്ല.
———————————————
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക