സത്യമാണോ ദീപമോളെ നീയീ പറയുന്നത്....നീ ശരിക്കും കണ്ടുവോ അവരെ...?..അവരോടു നീ സംസാരിച്ചുവോ...? ആരൊക്കെ ആയിരുന്നു അവളുടെ കൂടെ...?"
"..ന്‍റെ വലിയമ്മച്ചീ.....ഞാന്‍ സത്യാട്ടോ പറയണത്.....ഞാന്‍ കണ്ടു...അവരോടു മിണ്ടുകയും ചെയ്തു....നന്ദൂട്ടി ആകെ നിശബ്ദതയില്‍ ആണ്....അവളൊന്നും മിണ്ടിയില്ല...അമ്മയും അനുജത്തിയും ഉണ്ടായിരുന്നു കൂടെ...ന്നെ മനസ്സിലായോന്നു നന്ദൂട്ടിയോടു ചോദിച്ചൂട്ടോ ഞാന്‍...ഒന്നു നോക്കി...അതല്ലാതെ ഒന്നും മിണ്ടിയില്ല... പാവം..."
"..ഈശ്വരാ.....ഞാനെന്താ ഈ കേള്‍ക്കണേ.......മഹാപാപം ആയല്ലോ ദൈവങ്ങളെ.....ദീപ മോളെ.....നീയാ വിനൂട്ടനെ ഒന്നു വിളിച്ചേ.....വേഗം വിളിക്ക്...എനിക്ക് കൈയും കാലും വിറയ്ക്കുന്നു ഇത് കേട്ടിട്ട്..."
"..വിനുവേട്ടന്‍ ഞാന്‍ വരുമ്പോള്‍ കടയില്‍ ഇണ്ടായിരുന്നു വലിയമ്മച്ചി...ഞാന്‍ ഇതു പറയണോ വേണ്ടയോന്ന് ആലോചിച്ചതാ....എന്നെ കാണുകയും ചെയ്തൂട്ടോ വിനുവേട്ടന്‍...എവിടെ പോയതാടി വായി നോക്കി എന്ന് ചോദിച്ചപ്പോള്‍ തന്നെ എന്‍റെ സകല ഗ്യാസും പോയി...ഞാന്‍ ഒന്നും മിണ്ടാതെ നേരെ ഇങ്ങോട്ടേക്കു പോരുന്നു..."
ഇങ്ങനെ പറഞ്ഞു കൊണ്ട് തന്നെ ദീപ വിനു എന്ന് വിളിക്കുന്ന വിനോദിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങി. ബെല്‍ മുഴങ്ങിയപ്പോള്‍ അവള്‍ ഫോണ്‍ വേഗം തന്‍റെ വലിയമ്മ ആയ യമുനയ്ക്ക് നേരെ വെച്ച് നീട്ടി..
"...വിനൂട്ടാ....നീയൊന്നു ഇത്രടം വരെ വരണം അത്യാവശ്യമാണ്......"...........പതിവില്ലാതയുള്ള തന്‍റെ അമ്മയുടെ ആവശ്യവും ശബ്ദത്തിലെ പരിഭ്രാന്തിയും മനസ്സിലാക്കിയ വിനോദ് ഒന്നു വിഷമിച്ചു..
"..എന്നതാ അമ്മേ......അമ്മയ്ക്കെന്തു പറ്റി......."..
"..എനിക്കൊന്നുമില്ല വിനുവേ...ഇത്രടം വരെ നീ വായോ....വേഗം വേണം...." തന്‍റെ മകനെ പറഞ്ഞു മുഴുമിക്കാന്‍ സമ്മതിക്കാതെ ആയമ്മ ആജ്ഞാപിച്ച ശേഷം ഫോണ്‍ കട്ട് ചെയ്തു തന്‍റെ മൂത്ത മകള്‍ ആയ വനജയെ വിളിച്ചു. ആ മകളോടും ഇതേ ആവശ്യം തന്നെ പറഞ്ഞ ആയമ്മ ഫോണ്‍ വെച്ച് നേര്യതിന്‍റെ തലപ്പ് കൊണ്ട് തന്‍റെ കഴുത്തു അമര്‍ത്തി തുടച്ചു ഒപ്പം മുഖവും. അല്‍പ സമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തു തന്നെ താമസിക്കുന്ന മകള്‍ തന്‍റെ സ്കൂട്ടറില്‍ അവിടെ പറന്നെത്തി. പിന്നെയും അല്‍പ സമയം കഴിഞ്ഞപ്പോള്‍ വിനോദും അവിടെയെത്തി.
"..ന്താ അമ്മേ...ന്താ ഉണ്ടായത്....എന്നതാടി ചേച്ചി.....കടയില്‍ നിറയെ ആള്‍ക്കാരാ...നിങ്ങളെന്താ താടിക്ക് കൈയും കൊടുത്തിരിക്കുന്നത്....എന്നതാടി വായി നോക്കി...നീയെന്തോ കുരിശുമായിട്ടാണല്ലോ വന്നത്..." വിനു എല്ലാവരെയും മാറി മാറി നോക്കി ചോദിച്ചു.
"..വിനൂട്ടാ......നീ ഇന്ന് തന്നെ പോയി നന്ദൂട്ടിയെ വിളിച്ചു കൊണ്ടുവരണം...." മുഖവുര ഒന്നുമില്ലാതെയുള്ള അമ്മയുടെ ആവശ്യം കേട്ട വിനോദിന്‍റെ മുഖത്തു ദേഷ്യം ഇരച്ചു കയറി...
"..അമ്മയ്ക്കെന്താ അവളുടെ പ്രാന്ത് പകര്‍ന്നോ.....എനിക്കാ പേരു കേള്‍ക്കുന്നത് പോലും ഇഷ്ടമല്ല.....മൂന്നു മാസം........ഞാന്‍ അനുഭവിച്ച ടെന്‍ഷനും സങ്കടവും അപമാനവും ഒക്കെ നിങ്ങള്‍ ഇത്ര പെട്ടന്ന് മറന്നു പോയോ....?..ഞാന്‍ ഏതേലും പെണ്ണിനെ വിളിച്ചു കൊണ്ട് വരും എന്നോര്‍ത്തല്ലേ അമ്മയും ചേച്ചിയും കൂടെ പോയി ഈ പെണ്ണിനെ കണ്ടത്...."..
"...കണ്ടതിനെന്താടാ കുഴപ്പം.......കണ്ടാല്‍ ആരേലും പറയുമോ മനസ്സിന് കുഴപ്പമുള്ള കൊച്ചാണ് എന്ന്...നമ്മളോട് അവരതൊളിച്ചു വെച്ചു...ഞങ്ങള്‍ കാണാന്‍ ചെല്ലുമ്പോള്‍ ആ വീട്ടുകാര്‍ പറഞ്ഞത് മോള്‍ക്കു ആള്‍ക്കാരുമായി ഇടപഴകി വലിയ പരിചയം ഇല്ല്യ...ഇത്തിരി പരിഭ്രമവും പേടിയും ഒക്കെ ആണെന്ന്......നീയും പോയി കണ്ടതാണല്ലോ..."
വിനുവിന്റെ ചേച്ചി അവന്‍റെ വായടപ്പിച്ചു...
"...നമ്മള്‍ അനുഭവിച്ചു എന്ന് പറഞ്ഞതൊക്കെ ശരി തന്നെയാ.....എനിക്കും സങ്കടമായിരുന്നു ..ഒരേ ഒരു ആണ്‍ തരി ഉള്ളതിന് കിട്ടിയ കുട്ടി ഇങ്ങനെ ആണല്ലോ എന്നോര്‍ത്തു എല്ലാ ദിവസവും കരയുമായിരുന്നു ഞാന്‍ ...എന്നാലും അവള്‍ മനസ്സിന്‍റെ സമനില തെറ്റിയ ആള്‍ക്കാരെ പോലെ ഒച്ചയും ബഹളവും ഒന്നുമില്ലായിരുന്നല്ലോ വിനൂട്ടാ...നമ്മള്‍ അവളെ ഒരുപാട് ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അല്ലായിരുന്നോ അവളുടെ ഓരോ കാര്യങ്ങളും നമ്മള്‍ക്ക് എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നിയത്...നിന്‍റെ പിന്നാലെ വിനൂട്ടാ എന്ന് വിളിച്ചു നടന്ന കൊച്ചല്ലാരുന്നോ...നിനക്കും അവളെ ഇഷ്ടമാല്ലായിരുന്നോ...ആദ്യമായി നിന്‍റെ കൈയും പിടിച്ചു വലതുകാല്‍ വെച്ചു കയറിയ കുട്ടിയാണ്......".......ആയമ്മയുടെ വാക്കുകള്‍ ഇടറി....
"..അമ്മയെന്താ ഈ പറയുന്നത്.....അമ്മ കേട്ടിട്ടുണ്ടല്ലോ ഒരു ബന്ധവും ഇല്ലാതെ കാര്യങ്ങള്‍ സംസാരിക്കുന്നത്......പറഞ്ഞുകൊണ്ടിരുന്നത് മറന്നുപോയതുപോലെ അന്തം വിട്ടു നില്‍ക്കുന്നത്...ഒരു ജാക്കറ്റ് പോലും നേരാം വണ്ണം ഇടാന്‍ അവള്‍ക്കു ചില സമയങ്ങളില്‍ കഴിയുമായിരുന്നില്ലാ..."
"..എല്ലാം ശരിയാ വിനൂട്ടാ....പക്ഷേ....നിന്‍റെ എടുത്തുചാട്ടം ആണ് കാര്യങ്ങള്‍ കുറച്ചു കൂടി വഷളാക്കിയത്....ഈ അയല്‍ക്കാരോക്കെ നന്ദൂട്ടിയ്ക്ക് ഭ്രാന്ത് ആണെന്ന് അറിയാനുമുള്ള കാരണം നിന്‍റെ ഒച്ചയും ബഹളവും ആയിരുന്നു..."
"...ആ....അതും ഒരു കണക്കിന് ശരിയാ...അന്നത്തെ ഇവന്‍റെ പുകിലൊക്കെ കണ്ടാല്‍ ശരിക്കും ആര്‍ക്കാ ഭ്രാന്ത് എന്ന് ആള്‍ക്കാര്‍ ചിന്തിക്കുമായിരുന്നു....അമ്മ പറഞ്ഞതിന്‍റെ ബാക്കി ആയി ചേച്ചി പറഞ്ഞു നിര്‍ത്തി..
"...ആരെന്തു പറഞ്ഞാലും എനിക്ക് ആ പെണ്ണിനെ വേണ്ടാ........എല്ലാവര്‍ക്കും സമ്മതമായിരുന്നല്ലോ വിവാഹമോചനത്തിന് കേസ് കൊടുക്കാന്‍.......എന്നിട്ടിപ്പോള്‍ എന്താ ഒരു മനമാറ്റം....മരുന്ന് കഴിച്ചു ബുദ്ധി ഉറച്ചപ്പോള്‍ അമ്മയെ വിളിച്ചു കരഞ്ഞിട്ടുണ്ടാകും അവള്‍ അല്ലിയോ.....ഞാന്‍ ആ നശിച്ച തള്ളയോടു പറഞ്ഞതാ ഇനി മേലില്‍ ഇങ്ങോട്ട് വിളിക്കരുതെന്നു...."
"....വിനൂട്ടാ.....മര്യാദക്ക് സംസാരിക്കാന്‍ പഠിക്കൂ ആദ്യം.....ഇപ്പോള്‍ അവളെ വിളിച്ചു കൊണ്ട് വരണം എന്ന് പറയാന്‍ കാര്യമുണ്ട്.....നീ ഒരു അച്ഛനാകാന്‍ പോവാന്നു......അവള്‍ ഗര്‍ഭിണി ആണെന്ന്...മനസ്സിലായോ.....ആ കുഞ്ഞു ഈ വീട്ടിലാ വളരണ്ടത്.....ആ കൊച്ചേ എന്തേലും കടുംകൈ കാട്ടിയാലുണ്ടല്ലോ വിനു....നമ്മളൊന്നും ഒരു കാലത്തും ഗുണം പിടിക്കുകെലാ...ഈശ്വരന്മാര്‍ പൊറുക്കൂലാ...."
അത്യധികം ക്ഷോഭത്തോടെ ആയമ്മയുടെ വായില്‍ നിന്നും വീണ വാക്കുകള്‍ വിനോദിനെ ഞെട്ടിച്ചു...പേടിച്ചരണ്ട മുയല്‍ കുഞ്ഞിനെ പോലെയുള്ള നന്ദനയുടെ മുഖം അവന്‍റെ മനസ്സില്‍ തെളിമയോടെ വന്നു നിന്നു.
"..ദീപ കണ്ടിരുന്നു അവരെ....എനിക്കെന്തായാലും ആ മോളെ കാണണം.....ആരു വന്നില്ല എങ്കിലും ഞാന്‍ പോകും..." തന്‍റെ കയില്‍ ഇരുന്ന മുഖ കണ്ണാടി തെല്ലൊരു ശബ്ദത്തോടെ ആയമ്മ ടീപ്പോയിലേക്കിട്ടു.
അപ്രതീക്ഷിതമായി കടന്നു വരുന്ന അതിഥികളെ കണ്ട നന്ദനയുടെ അമ്മ ഗീത പൊട്ടിക്കരഞ്ഞു.ശബ്ദം വെളിയില്‍ വരാതിരിക്കാന്‍ സാരി തലപ്പ് കൊണ്ട് വാ പൊത്തി അവര്‍ അതിഥികളെ അകത്തേക്കു ക്ഷണിച്ചു. അകത്തേക്കു കയറിയ വിനുവിന്‍റെ അമ്മയും പെങ്ങളും കണ്ണുകള്‍ കൊണ്ട് ചുറ്റും തിരഞ്ഞു..അവര്‍ നന്ദനയുടെ മുറിക്കുള്ളില്‍ കടന്നു. ഏതോ മാറാരോഗം ബാധിച്ച രോഗിയെപോലെ അവശ ആയി തളര്‍ന്നു ഉറങ്ങുകായിരുന്നു അവള്‍..വിനുവിന്‍റെ അമ്മ ആ ബെഡില്‍ അവള്‍ക്കരുകിലായി ഇരുന്നു...എണ്ണമയം ഇല്ലാതെ കിടന്നിരുന്ന മുടിയിഴകള്‍ ഫാനിന്‍റെ ചെറുകാറ്റില്‍ പറന്നു കളിച്ചത് ആയമ്മ ഒതുക്കി വെച്ചു..അലിവോടെ ആ നെറ്റിയില്‍ ചുംബിച്ചു അപ്പോള്‍ ഒരു നീര്‍ത്തുള്ളി അവളുടെ മുഖത്തേക്ക് വീണു ചിന്നി ചിതറി.
".........ശരിക്കും മാപ്പ് ചോദിക്കാന്‍ പറ്റാത്ത തെറ്റാ ഞങ്ങള്‍ ചെയ്തത്.....സ്നേഹത്തോടെ ഉള്ള പരിചരണവും ശ്രദ്ധയും കൊണ്ട് ഇതു പൂര്‍ണമായും മാറ്റിയെടുക്കാം എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു....മൂന്നുവര്‍ഷം മരുന്ന് കഴിച്ചാല്‍ മതിയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്....അത് തീരാന്‍ ആറ് മാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ...ന്‍റെ പോന്നു മോള്‍ക്കു കുഴപ്പം ഒന്നുമില്ലാന്ന് ഞങ്ങള്‍ക്ക് മനസ്സിലായപ്പോഴാണ് ഞങ്ങള്‍ കല്യാണ ആലോചന തുടങ്ങിയത്...അവള്‍ക്കു താഴെ ഒരാള്‍ കൂടി ഇല്ലേ....അവളുടെ ഭാവി കൂടി ഓര്‍ത്ത് ഞാന്‍ ഇങ്ങനെ ഒരു തെറ്റ് ചെയ്തത്....അന്ന് വിനു അവളെ ഇവിടെ കൊണ്ടാക്കിയത്തിനു ശേഷം അവള്‍ ഒന്നു ചിരിക്കുകയോ ഒച്ച വെയ്ക്കുകയോ ചെയ്തിട്ടില്ലാ..എന്ത് ചോദിച്ചാലും ഒന്നു നോക്കും.പിന്നെ തളര്‍ന്നുറങ്ങും...".......സങ്കടം കൊണ്ട് ആയമ്മ പിന്നെയും കരഞ്ഞു..
"...ഞങ്ങള്‍ കണ്ടിരുന്നു നന്ദൂട്ടിയുടെ ഡോക്ടറെ....അയാള്‍ കുറെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു...ഇപ്പോള്‍ ഗര്‍ഭിണി കൂടി ആയതിനാല്‍ അധികം മരുന്നൊന്നും കൊടുക്കാന്‍ പറ്റില്ലാന്നും.....വളരെ അധികം ശ്രദ്ധിക്കണം എന്നും...ഈ നിശബ്ദത ചിലപ്പോള്‍ കുറെ നാള്‍ കൂടി തുടരുമെന്നും പറഞ്ഞു. ..എന്തായാലും കഴിഞ്ഞതൊക്കെ എല്ലാവരും മറക്കണം...നല്ലൊരു ദിവസം നോക്കി ഞാന്‍ വരാം.........അപ്പോള്‍ ന്‍റെ മോളെ ഞങ്ങളുടെ കൂടെ വിടണം..." സ്വപ്നം കണ്ടിരുന്നതും ആശിച്ചതുമായ വാക്കുകള്‍ ആണ് ആയമ്മ പറഞ്ഞെതെങ്കിലും നന്ദൂട്ടിയുടെ അമ്മയും അനുജത്തിയും വിശ്വാസം വരാതെ പരസ്പരം നോക്കി.. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...നന്ദൂട്ടിയുടെ അമ്മ വിനൂട്ടന്‍റെ അമ്മയുടെ കൈകള്‍ എടുത്തു മുഖത്തേക്ക് ചേര്‍ത്തു വെച്ചു വിതുമ്പി...
"..അല്ല.....സാര്‍ ഒന്നും പറഞ്ഞില്ലാ......."...ദല്ലാളിന്‍റെ നേര്‍ത്ത ശബ്ദം വിനോദിനെ ഉണര്‍ത്തി...
"..ഈ വക കാര്യങ്ങള്‍ ഒക്കെ പറഞ്ഞാല്‍....അല്ലങ്കില്‍ തന്നെ സാറിന്‍റെ ഭാര്യ സ്വബോധം ഇല്ലാതെ ഗാസ് തുറന്നു വിട്ടതാ സാറിനു ഭാര്യയും അമ്മയും നഷട്മായതെന്നു ആള്‍ക്കാര്‍ നാട്ടില്‍ പരക്കെ പറയാറുണ്ട്...ചിലരൊക്കെ അങ്ങനെ അല്ല സിലണ്ടറിന് ലീക്ക് ഉണ്ടായിരുന്നതാനെന്നും പറയന്നുണ്ട്...എന്തായാലും...ആയമ്മയുടെ മകള്‍ തന്നെ ആണല്ലോ എന്നൊരു............................."
ദല്ലാള്‍ പകുതിക്ക് നിര്‍ത്തി...അയാള്‍ തന്‍റെ മകളെ നോക്കി..അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയും പിന്നെയും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു...അപ്പോഴായിരുന്നു അയാള്‍ ഔ കാര്യം ശ്രദ്ധിച്ചത്..തന്‍റെ മകള്‍ ഇട്ടിരുന്ന ജാക്കെറ്റ് തിരിച്ചായിരുന്നു...അയാള്‍ തരിച്ചിരുന്നു...ഇടയ്ക്കെപ്പോഴോ ആ മകള്‍ അയാളെ നോക്കി മൃദുവായി ചിരിച്ചു...പിനീട് എഴുന്നേറ്റു വന്നു ഒരു അഞ്ചുവയസ്സുകാരിയെ പോലെ അച്ഛന്‍റെ തോളില്‍ തൂങ്ങി ആ കവിളില്‍ മെല്ലെ ഉമ്മ വെച്ചു...അയാള്‍ ദല്ലാളെ യാത്ര ആക്കി മകളുടെ മുടിയിഴകളില്‍ തഴുകി..ആ കണ്ണുകള്‍ നിറഞ്ഞിരുന്നു..മകളുടെ പിടിയില്‍ നിന്നും മെല്ലെ സ്വതന്ത്രനായ അയാള്‍ മുറിയിലേക്ക് കയറി ബെഡില്‍ വീണു...അപ്പോള്‍ മകള്‍ അടുക്കളയില്‍ സ്റ്റവ്വ് കത്തിക്കുവാനുള്ള ശ്രമത്തില്‍ ആയിരുന്നു...
അനില്‍ കടൂരാന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക