മോനേ... ഉമ്മയുടെ വിളിയിൽ വല്ലാത്തൊരു അങ്കലാപ്പ് ഉണ്ടായിരുന്നു.അവൻ ദൃധിയിൽ മുറിയിൽ നിന്നിറങ്ങി..
എന്ത് പറ്റി ഉമ്മാ...
മോനെ സുഹ്‌റാന്റെ കെട്യോൻ മരിച്ചു!!
ഒരു നിമിഷം അവൻ തളർന്നു അടുത്തുള്ള കട്ടിലിലേക്ക് ഇരുന്നു.അവൻ ആകെ പരവശനായി.. കേട്ട വാക്കുകൾ അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല..
ഉമ്മ ഈ പറഞ്ഞത്...സത്യമാണോ?.
സത്യം തന്നെയാടാ....ഹാജ്യാരുടെ പൊരേക്ക് കോൾ വന്നിരുന്നു. സൗദിയിൽ വച്ച് ആക്സിഡന്റ് ആയതാ.. പാവം സുഹ്‌റ ..ഓളീം കുട്ടിന്റെയും അവസ്ഥ ഓർക്കുമ്പോഴാ... ആ എല്ലാം പടച്ചോന്റെ വിധി.
മുകളിൽ കറങ്ങുന്ന ഫാനിനെക്കാൾ സ്പീഡിലാണ് തന്റെ തല കറങ്ങുന്നത് എന്നവന് തോന്നി,നെറ്റിയുടെ ഇരുവശവും അമർത്തി പിടിച്ചവൻ കുറച്ചു നേരം തല കുനിച്ചിരുന്നു.
സുഹ്‌റ! എന്റെ ഹൃദയത്തിൽ ഞാനുണ്ടാക്കിയ കൂടും പൊളിച്ചു പറന്നു പോയവൾ..
ഓർമ്മ വച്ച നാൾ മുതലേ എല്ലാവരും പറഞ്ഞു പഠിപ്പിച്ചിരുന്നു. സുഹ്‌റ ഷെമീറിനുള്ളതാണെന്നു..
അത് കൊണ്ട് തന്നെ ആരെയും ഭയക്കാതെ ഞങ്ങൾക്ക് പ്രണയിക്കാൻ കഴിഞ്ഞു.സ്‌കൂളും മദ്രസയും പാടവും പറമ്പും ഗ്രൗണ്ടുമെല്ലാം ഞങ്ങളുടെ പ്രണയത്തിന്റെ വിഹാര കേന്ദ്രങ്ങളായി മാറി..
ചെറുപ്പത്തിൽ കുട്ടികളോടൊപ്പം കളിക്കുമ്പോൾ വാഴയുടെ മാണി പൊളിച്ചുണ്ടാക്കിയ മാല അവളുടെ കഴുത്തിലണിഞ്ഞു കുട്ടിപ്പുരയിൽ ഭാര്യ ഭർത്താക്കൻമാരായി കിടന്നുറങ്ങിയിട്ടുണ്ട്.
സ്‌കൂളിലേക്ക് പോവുമ്പോൾ ദിവസവും അവളുടെ ബാഗ് ചുമന്നിരുന്നത് ഞാനാണ്.വാര്യത്തെ മേലിപ്പറമ്പിൽ കയറി ആരും കാണാതെ അവൾക്കു വേണ്ടി വാളൻ പുളി പറിക്കുവാൻ മരത്തിൽ വലിഞ്ഞു കയറുമ്പോൾ തൊലിയുരിഞ്ഞു മാംസം അടർന്നു ഭാഗത്തു പുളിയുറുമ്പുകൾ കടിച്ചതിന്റെ നീറ്റലുകൾ ഇന്നും മായാതെ മനസ്സിൽ കിടക്കുന്നു.
വീടിനു പിന്നിലെ കിളിച്ചുണ്ടൻ മാവിൽ കയറി മാങ്ങ പറിച്ചു ഉപ്പു മിക്സ് ചെയ്ത മുളക് പൊടിയിൽ മുക്കി കഴിക്കുമ്പോൾ സ്വാദ് കൊണ്ട് അവൾ കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുക്കുമായിരുന്നു.
കുട്ടിക്കാലം മുതലേ കുളത്തിൽ ഒരുമിച്ചു കുളിച്ചിരുന്ന ഞങ്ങൾ പ്രായമായത്തിന് ശേഷവും ഒരു മാറ്റവും വന്നില്ല,മറ്റുള്ളവർ കളിയാക്കുമ്പോഴും വീട്ടുകാരുടെ വാക്കുകളായിരിക്കും മനസ്സിൽ,
"സുഹ്‌റ ഷെമീറിന് ഉള്ളതാണ് !!
"സുഹ്‌റ ഷെമീറിന് ഉള്ളതാണ് !!
പ്രായം കൂടി വരുന്നതിനു അനുസരിച്ചു ഞങ്ങൾക്കുള്ളിലെ പ്രണയവും കൂടി വന്നു.
എന്നാൽ വിധി ഞങ്ങൾക്കായി കാത്തു വച്ചതു മറ്റൊന്നായിരുന്നു.
അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം.തടി കച്ചവടക്കാരനായ ഉപ്പാക്ക് ബിസിനസ്സിൽ കനത്ത നഷ്ടം നേരിട്ടു, വീടും പറമ്പും വിറ്റു വാടകക്ക് താമസിക്കേണ്ടി വന്നു.അതോടെ എനിക്ക് പഠനം നിർത്തി ജോലിക്കു ഇറങ്ങേണ്ടി വന്നു.. എല്ലാം നഷ്ട്ടപ്പെട്ട ബാപ്പ തളർന്നു കിടപ്പിലുമായി..
സ്വത്തെല്ലാം നഷ്ടപ്പെട്ടത്തോടെ അമ്മാവന്റെ സ്വഭാവത്തിലും മാറ്റം വന്നു.എന്നെ കാണുന്നതിൽ നിന്നും സുഹ്‌റായെ വിലക്കി.. എന്നാൽ അവൾ ഉപ്പയുടെ വാക്കുകൾ ധിക്കരിച്ചു എന്നെ കാണാൻ തുടങ്ങിയതോടെ ഒരു ഗൾഫുകാരനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.
ഒളിച്ചോടാം എന്ന് അവൾ പറഞ്ഞെങ്കിലും വഴിയാധാരമായി കിടക്കുന്ന എന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോവാൻ എനിക്ക് കഴിയില്ലായിരുന്നു.
അവളുടെ കല്യാണ തലേന്നു മൈലാഞ്ചി കല്യാണം നടക്കുന്ന സമയത്തു വലിയ ആൽമറയുള്ള കിണറിന്റെ മറവിൽ അവളെന്റെ മാറിൽ ചാരി കിടന്നു പൊട്ടിക്കരയുകയായിരുന്നു. മനസ്സിലെ സങ്കടം മുഴുവൻ ചുടു മിഴി നീരായി എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങിയപ്പോൾ ആ ചൂടിൽ എന്റെ ഹൃദയം കത്തി ജ്വലിച്ചു..
അന്ന് ഞാനവൾക്കു ഒരു വാക്കു കൊടുത്ത്.നീ തിരിച്ചു വരുന്ന ഒരു ദിവസത്തിന് വേണ്ടി മറ്റൊരു വിവാഹം കഴിക്കാതെ ഞാൻ കാത്തിരിക്കും,എത്ര കാലം വേണമെങ്കിലും, അത് നിന്റെ ഭർത്താവ് മരിച്ചിട്ടാണെങ്കിലും ശരി..
മോനെ അവിടം വരെ ഒന്ന് പോണ്ടെടാ.. കാര്യം അവര് നമ്മളോട് തെറ്റിലാണെങ്കിലും ഈ സമയത്തു അതൊന്നും നോക്കേണ്ട..
ഞാൻ വരുന്നില്ല ഉമ്മാ.. എനിക്ക് വയ്യ അവളുടെ കണ്ണീരു കാണാൻ..ഉമ്മ പൊയ്‌ക്കോളൂ..
മാസങ്ങൾ പിന്നിട്ടു.. ഞാനും എന്റെ മനഃസാക്ഷിയുമായി ഒരു യുദ്ധത്തിൽ ആയിരുന്നു..അവളെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു..
മോനെ ..ഉമ്മയുടെ വിളി കേട്ട് അവൻ വീണ്ടും പുറത്തേക്കിറങ്ങി.. നോക്കുമ്പോൾ ഉമ്മറ കോലായിൽ അമ്മാവൻ..
അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു..
എനിക്കറിയാം ഷെമീറിന് എന്നോട് ദേഷ്യമാവും എന്ന്.അത്രയ്ക്ക് വലിയ ചതിയാ ഞാൻ നിന്നോട് ചെയ്തത്..നിങ്ങൾ തമ്മിലുള്ള ഇഷ്ടവും സമ്പത്തും ഒരേ തുലാസിലിട്ടു തൂക്കിയപ്പോൾ എനിക്ക് പിഴച്ചു..ഒരു ഉപ്പ എന്നുള്ള നിലക്ക് എന്റെ മോളുടെ ഭാവിയാണ് ഞാൻ നോക്കിയത്.. പക്ഷെ അത് തെറ്റായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി..കല്യാണം കഴിഞ്ഞിട്ട് ഒരു തവണ പോലും അവളൊന്നു ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഷമീറെ.. എന്തിന് വിവാഹ ശേഷം ഒരു വാക്കു അവൾ എന്നോട് മിണ്ടിയിട്ടില്ല. എനിക്ക് എന്റെ മോളെ തിരിച്ചു വേണം,അവളുടെ സന്തോഷം വേണം,കാലമിത്ര കഴിഞ്ഞിട്ടും മറ്റൊരു വിവാഹം കഴിക്കാതെ എന്റെ മോൾക്ക് വേണ്ടി കാത്തിരിക്കുന്ന നിനക്കെ അതിനു കഴിയൂ... ഞാൻ നിന്റെ കാലു പിടിക്കാം ..എല്ലാ തെറ്റിനു മാപ്പു... അയാൾ പൊട്ടിക്കരഞ്ഞു...
കൊള്ളാം അമ്മാവാ തരത്തിനനുസരിച്ചു ഓന്തിനേ പോലെ നിറം മാറാൻ അമ്മാവന് കഴിയുന്നു.എന്റെ ഉപ്പ ചങ്കു പൊട്ടി മരിച്ചത് നിങ്ങൾ കാരണമാ..
ഇത്ര വയസ്സായിട്ടും ഈ വീട്ടിലെ മുഴുവൻ ജോലികളും എന്റെ ഉമ്മ ചെയ്യേണ്ടി വരുന്നത് നിങ്ങൾ കാരണമാ
ഒരു മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ഉണ്ടായിട്ടും ഇപ്പോഴും ഞാൻ ഒറ്റത്തടിയായി കഴിയുന്നത് നിങ്ങൾ കാരണമാ..
എന്തിന് ..നിങ്ങളുടെ മകളുടെ സന്തോഷം തകർത്തതും നിങ്ങളാ.. എന്നിട്ടിപ്പൊ എല്ലാം നിങ്ങള്ക്ക് തിരിച്ചു വേണം അല്ലെ..എന്റെ ഉപ്പയുടെ ജീവൻ തിരിച്ചു തരാൻ കഴിയുമോ നിങ്ങള്ക്ക്... എനിക്ക് നഷ്ട്ടപ്പെട്ടു പോയ എന്റെ നല്ല നാളുകൾ തിരിച്ചു തരാൻ കഴിയുമോ നിങ്ങള്ക്ക്...
ഓർമ്മ വച്ച നാൾ മുതൽ സുഹ്‌റ എന്റേതാണ് എന്ന് എല്ലാവരെ കൊണ്ടും പറയിപ്പിച്ചു അവസാനം നിങ്ങൾ പറിച്ചെടുത്തില്ലേ...
എന്റെ മിഴികൾ നിറഞ്ഞു,ചുണ്ടുകൾ വിറച്ചു..വാക്കുകൾ തൊണ്ടയിൽ കുരുങ്ങി..
അപ്പൊ ഞാൻ..അനുഭവിച്ച വേദന..അതൊന്നും പറഞ്ഞാൽ നിങ്ങള്ക്ക് മനസ്സിലാവില്ല, മനസ്സിലാവണമെങ്കിൽ നിങ്ങൾ..ഒരു മനുഷ്യനാവണം..
മോനെ.. നിർത്തെടാ.. ഇവനെ ഓർത്തല്ല.. നമ്മുടെ സുഹ്‌റാന്റെ ജീവിതം ഓർത്തു നീ അവളെ കൂട്ടി കൊണ്ട് വാ..
ഉമ്മാക്ക് വേണ്ടി.. ഉമ്മാക്ക് വേണ്ടി മാത്രം ഞാനതു ചെയ്യാം..എന്റെ സുഹ്‌റാക്കു വേണ്ടിയും..
ഇരുട്ട് നിറഞ്ഞ ആ റൂമിൽ ഉറങ്ങുന്ന കുഞ്ഞിനേയും തലോടി കണ്ണുനീർ വാർക്കുകയായിരുന്നു സുഹ്‌റ..
സുഹ്റാ.. എന്റെ വിളി കേട്ടപ്പോൾ അവൾ മുഖമൊന്നു തിരിച്ച്..
ഈ സമയത്തു പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല.. നിന്റെ ഉപ്പ വീട്ടിൽ വന്നിരുന്നു ,എല്ലാവരും പറഞ്ഞു , നിന്നെ കൂട്ടിക്കൊണ്ടു വരാൻ,കഴിഞ്ഞതെല്ലാം മറക്കാം.. മോനെ ഞാൻ പോന്നു പോലെ നോക്കാം.. നീ വന്നാൽ ഇത്രയും കാലം ഞാൻ കാതിരുന്നതിന് ഒരു അർഥം ഉണ്ടാവും.. വരില്ലേ നീ..
ഷമീർ അവസാനം പറഞ്ഞത് ഓർക്കുന്നുണ്ടോ.. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം..നിന്റെ ഭർത്താവു മരിച്ചിട്ടാണെങ്കിലും!!
അവൾ കണ്ണീർ തുടച്ചു.. ഇപ്പൊ ഷെമീറിന്റെ വാക്കുകൾ അറം പറ്റിയിരുന്നു.. നീ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ.. എന്റെ ഭർത്താവ് ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന്..
സുഹ്റാ ഞാൻ...
വേണ്ട ഷെമീർക്കാ..എന്ന് ഞാൻ മറ്റൊരാളുടെ ഭാര്യയായോ അന്ന് മുതൽ എന്റെ ചിന്തയിൽ അയാൾ മാത്രമായിരുന്നു..എന്റെ ജീവിതം അയാൾക്ക് വേണ്ടി ഉള്ളതായിരുന്നു..ഒന്നുമറിയാത്ത ആ പാവത്തിനെ ഞാൻ ഉള്ളു തുറന്നു സ്നേഹിച്ചരുന്നു. ഇന്ന് ആരൊക്കെ ന്യായീകരിച്ചാലും ഞാൻ നിന്റെ കൂടെ വരുന്നത് തെറ്റ് തന്നെയാണ്..അല്ലെങ്കിൽ മരിച്ചു പോയ ആ മനുഷ്യനോട് ചെയ്യുന്ന ചതിയാണ്..
ഷെമീർക്ക ഒരു കല്യാണം കഴിക്കണം ,മനസ്സ് നിറഞ്ഞ സന്തോഷത്തോടെ എനിക്കതു കാണണം..എന്നെ കുറിച്ചോർത്തു വിഷമിക്കണ്ട,എനിക്കെന്റെ മോനുണ്ടു.. അവനെ ഞാൻ നല്ല രീതിയിൽ വളർത്തും.. നമ്മളെല്ലാം സ്വപ്നം കാണും ആ സ്വപ്നത്തിന്റെ ആയുസ്സു ഉറക്കം ഉണരും വരെ മാത്രമാണ്.. അത് പോലൊരു പാഴ്കിനാവായി എല്ലാം ഞാൻ മറക്കാൻ ശ്രമിക്കും..ഷെമീർക്കാ ചെല്ലു. മോന് ഉണരുമ്പോൾ നിങ്ങളെ കാണണ്ട..
ഞാൻ പതിയെ അവിടെ നിന്നിറങ്ങി.. മനസ്സിൽ നിറയെ സന്തോഷമായിരുന്നു ജീവിതത്തിൽ ആദ്യമായി ഒരു "നല്ല പെണ്ണിനെ" കണ്ട സന്തോഷം..
പിടിച്ചു വാങ്ങുന്നതല്ല സ്നേഹം മനസ്സറിഞ്ഞു തരുന്നതാണ് സ്നേഹം..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക