Showing posts with label ഷാഹുൽ ഇടത്തൊടി. Show all posts
Showing posts with label ഷാഹുൽ ഇടത്തൊടി. Show all posts

മകന്‍


ആകാശപറവകള്‍ എന്ന് ബോര്‍ഡ്‌ എഴുതിയ ആ വൃദ്ധസദനത്തിന് ഉള്ളിലെ ഉദ്യാനത്തിലെ ചാരുബഞ്ചില്‍ അയാള്‍ നിര്‍വികാരനായി ഇരുന്നു.
പ്രായമായപ്പോള്‍ ഒരു ബാധ്യതയായി മാറിയ തന്നെ മകന്‍ ഈ നരകത്തിലേക്ക് നടതള്ളിയിട്ടു മൂന്നു വര്ഷം തികയുന്നു.എല്ലാവരും ഉണ്ടായിട്ടും ഒരു അനാഥനായി ജീവിക്കേണ്ടി വരുന്ന അവസ്ഥ..
വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ താന്‍ എടുത്ത ഏക സ്വത്തു മകന്റെ മണമുള്ള കുപ്പായമായിരുന്നു..എ കുപ്പായം ധരിക്കുമ്പോള്‍ മകന്‍ തന്നെ പുണരുന്നത് പോലെ അയാള്‍ക്ക്‌ തോന്നുമായിരുന്നു..
മാഷേ നിങ്ങളുടെ മകന്‍ വിളിച്ചിരുന്നു.. ഇന്ന് വരുന്നുണ്ടെന്നു പറഞ്ഞു.
കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ അയാള്‍ തല തിരിച്ചു.. "സത്യാണോ കുട്ടീ നീ പറഞ്ഞത്??
അതെ മാഷേ ..ഇന്ന് വരൂന്നു പറഞ്ഞു ഫോണ്‍ ചെയ്തിരുന്നു.എന്തായാലും ഇനി മാഷിനു മകന്റെ കൂടെ പോവാലോ..
ആ വൃദ്ധന്റെ ചുളിവു വീണ കണ്‍കോണുകളില്‍ നിന്നും സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണീര്‍ വീണു.
റൂമില്‍ കയറി തന്റെ വസ്ത്രങ്ങളെല്ലാം ബാഗില്‍ പാക്ക് ചെയ്തു.ഇഷ്ട ദൈവമായ ഗുരുവായൂരപ്പന്റെ രൂപത്തിന് മുന്നില്‍ അയാള്‍ തൊഴുകൈയ്യോടെ നിന്നു..
കൂടെ താമസിക്കുന്ന അന്തേവാസികള്‍ എല്ലാവരും വന്നു യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.എല്ലാവരുടെയും മുഖത്ത് മാഷ്‌ പിരിയുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും മകന്റെ കൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു പോവുന്നതില്‍ സന്തോഷിച്ചു.
പുറത്തു കാറിന്റെ ഹോണടി കേട്ട്.. മകന്‍ വന്നിട്ടുണ്ട് .. ആരോ പറഞ്ഞു..
നിര കണ്ണുകളോടെ എല്ലാവരെയും കെട്ടിപ്പിടിച്ചു ബാഗുമെടുത്ത്‌ അയാള്‍ പുറത്തേക്കു നടന്നു..
കാറിറങ്ങി തന്റെ നേരെ നടന്നു വരുന്ന മകനെ അയാള്‍ കണ്‍നിറയെ കണ്ടു..മൂന്നു വര്‍ഷത്തിനു ശേഷം ..തന്റെ മകന്‍..
അച്ഛന് സുഖമാണോ?? മകന്റെ അച്ഛാ വിളി കേട്ടപ്പോള്‍ അയാളുടെ ഹൃദയം ഒന്ന് പിടഞ്ഞു.. അതെ മോനെ അച്ഛന് സുഖമാണ്.
പെട്ടെന്ന് മകന്‍ ഒരു കടലാസ് അയാള്‍ക്ക്‌ നേരെ നീട്ടി... അച്ഛന്‍ ഇതിലൊന്ന് ഒപ്പിടണം""
ഇതെന്താണ് മോനെ.. അയാള്‍ മകനെ സംശയത്തോടെ നോക്കി.
ഇത് ടൌണിലുള്ള നമ്മുടെ തറവാടിന്റെ രേഖകളാണ്.ഞാന്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു..അച്ഛന്റെ ഒപ്പ് മേടിക്കാന്‍ വന്നതാണ് ഞാന്‍..
ആ വൃദ്ധന്‍ ഒന്ന് തരിച്ചു നിന്നു..കയ്യില്‍ ഉണ്ടായിരുന്ന ബാഗ് അറിയാതെ താഴേക്കു ഊര്‍ന്നു വീണു. "'അപ്പൊ മോന്‍ വന്നത് ഒപ്പ് മേടിക്കാനാണോ??
അതെ ..അയാളുടെ മുഖത്തേക്ക് നോക്കാതെ മകന്‍ പറഞ്ഞു.
നിന്റെ അമ്മയെ അടക്കം ചെയ്ത മണ്ണാണ് മോനെ അത്..അത് വില്‍ക്കണോ.. വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു
അച്ഛന് എന്ത് പ്രാന്താണ് പറയുന്നത്.. സെന്ററിനു ലക്ഷക്കണക്കിന്‌ രൂപ കിട്ടും..അത് ഒഴിവാക്കാന്‍ എനിക്ക് കഴിയില്ല..അച്ഛന് കൂടുതല്‍ സംസാരിക്കാതെ ഒപ്പിട്..
വിറയ്ക്കുന്ന കൈകളോടെ അയാള്‍ കടലാസില്‍ തന്റെ ഒപ്പ് ചാര്‍ത്തി..ഒപ്പിട്ട രേഖകള്‍ ബാഗിലാക്കി സന്തോഷത്തോടെ പോവുന്ന മകനെ അയാള്‍ കണ്ണീരോടെ നോക്കി നിന്നു....

Shahul edathody

ഉമ്മയുടെ വിളി


മോനേ... ഉമ്മയുടെ വിളിയിൽ വല്ലാത്തൊരു അങ്കലാപ്പ് ഉണ്ടായിരുന്നു.അവൻ ദൃധിയിൽ മുറിയിൽ നിന്നിറങ്ങി..
എന്ത് പറ്റി ഉമ്മാ...
മോനെ സുഹ്‌റാന്റെ കെട്യോൻ മരിച്ചു!!
ഒരു നിമിഷം അവൻ തളർന്നു അടുത്തുള്ള കട്ടിലിലേക്ക് ഇരുന്നു.അവൻ ആകെ പരവശനായി.. കേട്ട വാക്കുകൾ അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല..
ഉമ്മ ഈ പറഞ്ഞത്...സത്യമാണോ?.
സത്യം തന്നെയാടാ....ഹാജ്യാരുടെ പൊരേക്ക് കോൾ വന്നിരുന്നു. സൗദിയിൽ വച്ച് ആക്സിഡന്റ് ആയതാ.. പാവം സുഹ്‌റ ..ഓളീം കുട്ടിന്റെയും അവസ്ഥ ഓർക്കുമ്പോഴാ... ആ എല്ലാം പടച്ചോന്റെ വിധി.
മുകളിൽ കറങ്ങുന്ന ഫാനിനെക്കാൾ സ്പീഡിലാണ് തന്റെ തല കറങ്ങുന്നത് എന്നവന് തോന്നി,നെറ്റിയുടെ ഇരുവശവും അമർത്തി പിടിച്ചവൻ കുറച്ചു നേരം തല കുനിച്ചിരുന്നു.
സുഹ്‌റ! എന്റെ ഹൃദയത്തിൽ ഞാനുണ്ടാക്കിയ കൂടും പൊളിച്ചു പറന്നു പോയവൾ..
ഓർമ്മ വച്ച നാൾ മുതലേ എല്ലാവരും പറഞ്ഞു പഠിപ്പിച്ചിരുന്നു. സുഹ്‌റ ഷെമീറിനുള്ളതാണെന്നു..
അത് കൊണ്ട് തന്നെ ആരെയും ഭയക്കാതെ ഞങ്ങൾക്ക് പ്രണയിക്കാൻ കഴിഞ്ഞു.സ്‌കൂളും മദ്രസയും പാടവും പറമ്പും ഗ്രൗണ്ടുമെല്ലാം ഞങ്ങളുടെ പ്രണയത്തിന്റെ വിഹാര കേന്ദ്രങ്ങളായി മാറി..
ചെറുപ്പത്തിൽ കുട്ടികളോടൊപ്പം കളിക്കുമ്പോൾ വാഴയുടെ മാണി പൊളിച്ചുണ്ടാക്കിയ മാല അവളുടെ കഴുത്തിലണിഞ്ഞു കുട്ടിപ്പുരയിൽ ഭാര്യ ഭർത്താക്കൻമാരായി കിടന്നുറങ്ങിയിട്ടുണ്ട്.
സ്‌കൂളിലേക്ക് പോവുമ്പോൾ ദിവസവും അവളുടെ ബാഗ് ചുമന്നിരുന്നത് ഞാനാണ്.വാര്യത്തെ മേലിപ്പറമ്പിൽ കയറി ആരും കാണാതെ അവൾക്കു വേണ്ടി വാളൻ പുളി പറിക്കുവാൻ മരത്തിൽ വലിഞ്ഞു കയറുമ്പോൾ തൊലിയുരിഞ്ഞു മാംസം അടർന്നു ഭാഗത്തു പുളിയുറുമ്പുകൾ കടിച്ചതിന്റെ നീറ്റലുകൾ ഇന്നും മായാതെ മനസ്സിൽ കിടക്കുന്നു.
വീടിനു പിന്നിലെ കിളിച്ചുണ്ടൻ മാവിൽ കയറി മാങ്ങ പറിച്ചു ഉപ്പു മിക്സ് ചെയ്ത മുളക് പൊടിയിൽ മുക്കി കഴിക്കുമ്പോൾ സ്വാദ് കൊണ്ട് അവൾ കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുക്കുമായിരുന്നു.
കുട്ടിക്കാലം മുതലേ കുളത്തിൽ ഒരുമിച്ചു കുളിച്ചിരുന്ന ഞങ്ങൾ പ്രായമായത്തിന് ശേഷവും ഒരു മാറ്റവും വന്നില്ല,മറ്റുള്ളവർ കളിയാക്കുമ്പോഴും വീട്ടുകാരുടെ വാക്കുകളായിരിക്കും മനസ്സിൽ,
"സുഹ്‌റ ഷെമീറിന് ഉള്ളതാണ് !!
പ്രായം കൂടി വരുന്നതിനു അനുസരിച്ചു ഞങ്ങൾക്കുള്ളിലെ പ്രണയവും കൂടി വന്നു.
എന്നാൽ വിധി ഞങ്ങൾക്കായി കാത്തു വച്ചതു മറ്റൊന്നായിരുന്നു.
അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം.തടി കച്ചവടക്കാരനായ ഉപ്പാക്ക് ബിസിനസ്സിൽ കനത്ത നഷ്ടം നേരിട്ടു, വീടും പറമ്പും വിറ്റു വാടകക്ക് താമസിക്കേണ്ടി വന്നു.അതോടെ എനിക്ക് പഠനം നിർത്തി ജോലിക്കു ഇറങ്ങേണ്ടി വന്നു.. എല്ലാം നഷ്ട്ടപ്പെട്ട ബാപ്പ തളർന്നു കിടപ്പിലുമായി..
സ്വത്തെല്ലാം നഷ്ടപ്പെട്ടത്തോടെ അമ്മാവന്റെ സ്വഭാവത്തിലും മാറ്റം വന്നു.എന്നെ കാണുന്നതിൽ നിന്നും സുഹ്‌റായെ വിലക്കി.. എന്നാൽ അവൾ ഉപ്പയുടെ വാക്കുകൾ ധിക്കരിച്ചു എന്നെ കാണാൻ തുടങ്ങിയതോടെ ഒരു ഗൾഫുകാരനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.
ഒളിച്ചോടാം എന്ന് അവൾ പറഞ്ഞെങ്കിലും വഴിയാധാരമായി കിടക്കുന്ന എന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോവാൻ എനിക്ക് കഴിയില്ലായിരുന്നു.
അവളുടെ കല്യാണ തലേന്നു മൈലാഞ്ചി കല്യാണം നടക്കുന്ന സമയത്തു വലിയ ആൽമറയുള്ള കിണറിന്റെ മറവിൽ അവളെന്റെ മാറിൽ ചാരി കിടന്നു പൊട്ടിക്കരയുകയായിരുന്നു. മനസ്സിലെ സങ്കടം മുഴുവൻ ചുടു മിഴി നീരായി എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങിയപ്പോൾ ആ ചൂടിൽ എന്റെ ഹൃദയം കത്തി ജ്വലിച്ചു..
അന്ന് ഞാനവൾക്കു ഒരു വാക്കു കൊടുത്ത്.നീ തിരിച്ചു വരുന്ന ഒരു ദിവസത്തിന് വേണ്ടി മറ്റൊരു വിവാഹം കഴിക്കാതെ ഞാൻ കാത്തിരിക്കും,എത്ര കാലം വേണമെങ്കിലും, അത് നിന്റെ ഭർത്താവ് മരിച്ചിട്ടാണെങ്കിലും ശരി..
മോനെ അവിടം വരെ ഒന്ന് പോണ്ടെടാ.. കാര്യം അവര് നമ്മളോട് തെറ്റിലാണെങ്കിലും ഈ സമയത്തു അതൊന്നും നോക്കേണ്ട..
ഞാൻ വരുന്നില്ല ഉമ്മാ.. എനിക്ക് വയ്യ അവളുടെ കണ്ണീരു കാണാൻ..ഉമ്മ പൊയ്‌ക്കോളൂ..
മാസങ്ങൾ പിന്നിട്ടു.. ഞാനും എന്റെ മനഃസാക്ഷിയുമായി ഒരു യുദ്ധത്തിൽ ആയിരുന്നു..അവളെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു..
മോനെ ..ഉമ്മയുടെ വിളി കേട്ട് അവൻ വീണ്ടും പുറത്തേക്കിറങ്ങി.. നോക്കുമ്പോൾ ഉമ്മറ കോലായിൽ അമ്മാവൻ..
അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു..
എനിക്കറിയാം ഷെമീറിന് എന്നോട് ദേഷ്യമാവും എന്ന്.അത്രയ്ക്ക് വലിയ ചതിയാ ഞാൻ നിന്നോട് ചെയ്തത്..നിങ്ങൾ തമ്മിലുള്ള ഇഷ്ടവും സമ്പത്തും ഒരേ തുലാസിലിട്ടു തൂക്കിയപ്പോൾ എനിക്ക് പിഴച്ചു..ഒരു ഉപ്പ എന്നുള്ള നിലക്ക് എന്റെ മോളുടെ ഭാവിയാണ് ഞാൻ നോക്കിയത്.. പക്ഷെ അത് തെറ്റായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി..കല്യാണം കഴിഞ്ഞിട്ട് ഒരു തവണ പോലും അവളൊന്നു ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഷമീറെ.. എന്തിന് വിവാഹ ശേഷം ഒരു വാക്കു അവൾ എന്നോട് മിണ്ടിയിട്ടില്ല. എനിക്ക് എന്റെ മോളെ തിരിച്ചു വേണം,അവളുടെ സന്തോഷം വേണം,കാലമിത്ര കഴിഞ്ഞിട്ടും മറ്റൊരു വിവാഹം കഴിക്കാതെ എന്റെ മോൾക്ക് വേണ്ടി കാത്തിരിക്കുന്ന നിനക്കെ അതിനു കഴിയൂ... ഞാൻ നിന്റെ കാലു പിടിക്കാം ..എല്ലാ തെറ്റിനു മാപ്പു... അയാൾ പൊട്ടിക്കരഞ്ഞു...
കൊള്ളാം അമ്മാവാ തരത്തിനനുസരിച്ചു ഓന്തിനേ പോലെ നിറം മാറാൻ അമ്മാവന് കഴിയുന്നു.എന്റെ ഉപ്പ ചങ്കു പൊട്ടി മരിച്ചത് നിങ്ങൾ കാരണമാ..
ഇത്ര വയസ്സായിട്ടും ഈ വീട്ടിലെ മുഴുവൻ ജോലികളും എന്റെ ഉമ്മ ചെയ്യേണ്ടി വരുന്നത് നിങ്ങൾ കാരണമാ
ഒരു മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും ഉണ്ടായിട്ടും ഇപ്പോഴും ഞാൻ ഒറ്റത്തടിയായി കഴിയുന്നത് നിങ്ങൾ കാരണമാ..
എന്തിന് ..നിങ്ങളുടെ മകളുടെ സന്തോഷം തകർത്തതും നിങ്ങളാ.. എന്നിട്ടിപ്പൊ എല്ലാം നിങ്ങള്ക്ക് തിരിച്ചു വേണം അല്ലെ..എന്റെ ഉപ്പയുടെ ജീവൻ തിരിച്ചു തരാൻ കഴിയുമോ നിങ്ങള്ക്ക്... എനിക്ക് നഷ്ട്ടപ്പെട്ടു പോയ എന്റെ നല്ല നാളുകൾ തിരിച്ചു തരാൻ കഴിയുമോ നിങ്ങള്ക്ക്...
ഓർമ്മ വച്ച നാൾ മുതൽ സുഹ്‌റ എന്റേതാണ് എന്ന് എല്ലാവരെ കൊണ്ടും പറയിപ്പിച്ചു അവസാനം നിങ്ങൾ പറിച്ചെടുത്തില്ലേ...
എന്റെ മിഴികൾ നിറഞ്ഞു,ചുണ്ടുകൾ വിറച്ചു..വാക്കുകൾ തൊണ്ടയിൽ കുരുങ്ങി..
അപ്പൊ ഞാൻ..അനുഭവിച്ച വേദന..അതൊന്നും പറഞ്ഞാൽ നിങ്ങള്ക്ക് മനസ്സിലാവില്ല, മനസ്സിലാവണമെങ്കിൽ നിങ്ങൾ..ഒരു മനുഷ്യനാവണം..
മോനെ.. നിർത്തെടാ.. ഇവനെ ഓർത്തല്ല.. നമ്മുടെ സുഹ്‌റാന്റെ ജീവിതം ഓർത്തു നീ അവളെ കൂട്ടി കൊണ്ട് വാ..
ഉമ്മാക്ക് വേണ്ടി.. ഉമ്മാക്ക് വേണ്ടി മാത്രം ഞാനതു ചെയ്യാം..എന്റെ സുഹ്‌റാക്കു വേണ്ടിയും..
ഇരുട്ട് നിറഞ്ഞ ആ റൂമിൽ ഉറങ്ങുന്ന കുഞ്ഞിനേയും തലോടി കണ്ണുനീർ വാർക്കുകയായിരുന്നു സുഹ്‌റ..
സുഹ്റാ.. എന്റെ വിളി കേട്ടപ്പോൾ അവൾ മുഖമൊന്നു തിരിച്ച്..
ഈ സമയത്തു പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല.. നിന്റെ ഉപ്പ വീട്ടിൽ വന്നിരുന്നു ,എല്ലാവരും പറഞ്ഞു , നിന്നെ കൂട്ടിക്കൊണ്ടു വരാൻ,കഴിഞ്ഞതെല്ലാം മറക്കാം.. മോനെ ഞാൻ പോന്നു പോലെ നോക്കാം.. നീ വന്നാൽ ഇത്രയും കാലം ഞാൻ കാതിരുന്നതിന് ഒരു അർഥം ഉണ്ടാവും.. വരില്ലേ നീ..
ഷമീർ അവസാനം പറഞ്ഞത് ഓർക്കുന്നുണ്ടോ.. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം..നിന്റെ ഭർത്താവു മരിച്ചിട്ടാണെങ്കിലും!!
അവൾ കണ്ണീർ തുടച്ചു.. ഇപ്പൊ ഷെമീറിന്റെ വാക്കുകൾ അറം പറ്റിയിരുന്നു.. നീ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ.. എന്റെ ഭർത്താവ് ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന്..
സുഹ്റാ ഞാൻ...
വേണ്ട ഷെമീർക്കാ..എന്ന് ഞാൻ മറ്റൊരാളുടെ ഭാര്യയായോ അന്ന് മുതൽ എന്റെ ചിന്തയിൽ അയാൾ മാത്രമായിരുന്നു..എന്റെ ജീവിതം അയാൾക്ക് വേണ്ടി ഉള്ളതായിരുന്നു..ഒന്നുമറിയാത്ത ആ പാവത്തിനെ ഞാൻ ഉള്ളു തുറന്നു സ്നേഹിച്ചരുന്നു. ഇന്ന് ആരൊക്കെ ന്യായീകരിച്ചാലും ഞാൻ നിന്റെ കൂടെ വരുന്നത് തെറ്റ് തന്നെയാണ്..അല്ലെങ്കിൽ മരിച്ചു പോയ ആ മനുഷ്യനോട് ചെയ്യുന്ന ചതിയാണ്..
ഷെമീർക്ക ഒരു കല്യാണം കഴിക്കണം ,മനസ്സ് നിറഞ്ഞ സന്തോഷത്തോടെ എനിക്കതു കാണണം..എന്നെ കുറിച്ചോർത്തു വിഷമിക്കണ്ട,എനിക്കെന്റെ മോനുണ്ടു.. അവനെ ഞാൻ നല്ല രീതിയിൽ വളർത്തും.. നമ്മളെല്ലാം സ്വപ്നം കാണും ആ സ്വപ്നത്തിന്റെ ആയുസ്സു ഉറക്കം ഉണരും വരെ മാത്രമാണ്.. അത് പോലൊരു പാഴ്കിനാവായി എല്ലാം ഞാൻ മറക്കാൻ ശ്രമിക്കും..ഷെമീർക്കാ ചെല്ലു. മോന് ഉണരുമ്പോൾ നിങ്ങളെ കാണണ്ട..
ഞാൻ പതിയെ അവിടെ നിന്നിറങ്ങി.. മനസ്സിൽ നിറയെ സന്തോഷമായിരുന്നു ജീവിതത്തിൽ ആദ്യമായി ഒരു "നല്ല പെണ്ണിനെ" കണ്ട സന്തോഷം..
പിടിച്ചു വാങ്ങുന്നതല്ല സ്നേഹം മനസ്സറിഞ്ഞു തരുന്നതാണ് സ്നേഹം..

By: 
Shahul Edathody

സിൽജ


ട്രാവൽസിൽ നിന്നും ടിക്കറ്റ് എടുത്തിറങ്ങുമ്പോഴാണ് മൊബൈലിൽ ഒരു മിസ്സ് കോൾ വന്നത്.നോക്കിയപ്പോൾ നാജിയയാണ്.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
താൻ കാറെടുത്തു ഹൈവേയിലേക്കു ഇറങ്ങി.റസ്‌താക്കിൽ നിന്നും സുവൈകിലേക്കുള്ള യാത്രക്കിടയിൽ റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയാണ്.കത്തി ജ്വലിക്കുന്ന സൂര്യന്റെ തീക്ഷണതയിൽ മണൽതരികളിൽ നിന്നും ആവി പറക്കുന്നത് കാണാം.റോഡ് വിജനമായത് കൊണ്ട് തന്നെ കാർ നല്ല വേഗതയിലാണ് നീങ്ങുന്നത്. കാറിലെ സ്റ്റീരിയോയിൽ നിന്നുയർന്ന ഗാനത്തിനൊപ്പം അവന്റെ ചിന്തകളും നാട്ടിലേക്കു പോയി.
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയി.അവിടെ വച്ചാണ് താൻ ആദ്യമായി നാജിയയെ കാണുന്നത്.മുഖമക്കന അണിഞ്ഞ കൊച്ചു സുന്ദരി. അവൾ അണിഞ്ഞിരുന്ന വസ്ത്രം വില കുറഞ്ഞതായിരുന്നു എങ്കിലും അവളുടെ സൗന്ദര്യത്തിനു മാറ്റ് കൂടുതൽ ഉള്ളത് പോലെ തോന്നി.
നടപ്പിലും ഇരിപ്പിലും പെരുമാറ്റത്തിലും തികഞ്ഞ അച്ചടക്കം സൂക്ഷിച്ച അവളെ ഒറ്റ നോട്ടത്തിൽ തന്നെ തനിക്കു ഇഷ്ടമായി.
ആ ഇഷ്ടമാണ് അവളെ പിന്തുടരാൻ തന്നെ പ്രേരിപ്പിച്ചത്.ആ യാത്ര അവസാനിച്ചത് ഒരു ബനാത്തിലായിരുന്നു(മുസ്ലിം ലേഡി ഓർഫനേജ്).അവൾ ഒരു അനാഥയാണെന്ന സത്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
വീട്ടിൽ അവളുടെ കാര്യം സംസാരിച്ചപ്പോഴും എല്ലാവര്ക്കും സമ്മതമായിരുന്നു. ആരോരുമില്ലാത്ത ഒരു അനാഥക്കുട്ടിക്കു ഒരു ജീവിതം കൊടുക്കുക എന്നത് ഒരു വലിയ പുണ്യമാണ് മോനെ..പണത്തിനും പ്രതാപതിനും അപ്പുറം അവൾ നിനക്ക് നല്ലൊരു ഇണയായിരിക്കും.ഉമ്മയുടെ വാക്കുകൾ കൂടി കേട്ടത്തതോടെ തന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം വെച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.പെണ്ണുകാണലും നിശ്ചയവും തകൃതിയായി നടന്നു.ഒരു തവണ കൂടി പോയി വന്നതിനു ശേഷം മതി നിക്കാഹ് എന്ന് പറഞ്ഞത് താൻ തന്നെയായിരുന്നു.ഒമാനിൽ എത്തിയിട്ട് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു,ഒപ്പം വിവാഹം കഴിഞ്ഞു അവളെ ഇങ്ങോട്ടു കൊണ്ട് വരാൻ നല്ലൊരു ഫാമിലി കോർട്ടേഴ്‌സ് ഏർപ്പാട് ചെയ്യണം.പോയിട്ടു ആറ് മാസത്തിനുള്ളിൽ തിരിച്ചു വരണം.
ഒമാനിൽ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഉമ്മയുടെ നിർദേശ പ്രകാരം അവളെ വീട്ടിലേക്കു കൊണ്ട് വന്നു.എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.ഭക്ഷണം കഴിച്ചു കഴിഞ്ഞു "ന്റെ കുട്ടിക്ക് എന്താ ഒരു സങ്കടം എന്ന് ഉമ്മ അവളോട് ചോദിച്ചപ്പോൾ ഉമ്മയെ കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. ന്റെ ഉമ്മ ആരാണെന്നോ ഉപ്പ ആരാണെന്നോ എനിക്കറിയില്ല.ന്റെ ഉമ്മാന്റെ മുഖം ഒന്ന് കാണാനോ ആ സ്നേഹം അനുഭവിക്കാനോ എനിക്ക് ഭാഗ്യം കിട്ടീട്ടില്ല.ഇപ്പൊ ഇങ്ങളെ എല്ലാരുടെയും സ്നേഹം കാണുമ്പോൾ നിക്കു ന്റെ ഉമ്മാനേം ന്റെ കുടുംബത്തിനേം തിരിച്ചു കിട്ടിയ പോലെ തോന്നുന്നു.ചെറുപ്പത്തിൽ സ്‌കൂൾ വിട്ടു ഓർഫനേജിൽ പോവുന്ന വഴിക്കു രക്ഷിതാക്കൾ കുട്ടികളെ എടുത്തു താലോലിക്കുന്നത്‌ കാണുമ്പോൾ ആ വീടിന്റെ ഗേറ്റിനു മുന്നിൽ കൊതിയോടെ കണ്ണീരോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. എനിക്കും ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയിട്ടുണ്ട്..
എല്ലാവരും അനാഥക്കുട്ടി എന്ന് വിളിച്ചു കളിയാക്കുമ്പോഴും സഹതാപത്തോടെ നോക്കുമ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ദൈവം എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നുവെന്നു. ആരും കാണാതെ കുറെ നേരം കരയും.സ്‌കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ രക്ഷിതാക്കൾ വരുമ്പോൾ എനിക്ക് വേണ്ടി വരാൻ ആരുമുണ്ടാവില്ല.. എന്റെ ഉമ്മയും ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രയോ തവണ ആശിച്ചു പോയിരിക്കുന്നു.
ഇന്നിപ്പോ നിങ്ങളെ ഒക്കെ കാണുമ്പോൾ നിങ്ങടെ സ്നേഹം അനുഭവിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്നു.
പൊതുവെ തണ്ടേടിയായ ഉപ്പയുടെ മിഴികൾ വരെ കലങ്ങിയിരുന്നു അവളുടെ സംസാരം കേട്ടപ്പോൾ.
തിരിച്ചു കാറിൽ പോരുമ്പോൾ അവൾ എന്നെ തന്നെ നോക്കുകയായിരുന്നു.അവൾ പതിയെ എന്റെ കൈ വിരലുകളിൽ തലോടി.. നിക്കു ന്റെ ഇക്കാക്കാനെ ഒത്തിരി സ്നേഹിക്കണം.മരണം വരെ ഇക്കാക്കാനെ സ്നേഹം അനുഭവിക്കണം.ആരോരുമില്ലാത്ത ന്നെ പോലൊരു പൊട്ടി പെണ്ണിന് നല്ലൊരു ജീവിതം തന്ന നിങ്ങളോടുള്ള കടപ്പാട് എങ്ങനെയാ വീട്ടേണ്ടതു എന്നെനിക്കറിയില്ല.വിവാഹം എന്നതു എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.പക്ഷെ.. ഇപ്പോൾ ..
"ഇപ്പോൾ നീ അനാഥയല്ല നാജിയാ.. നിനക്ക് എല്ലാവരും ഉണ്ട്..ഉമ്മ ഉപ്പ ഭർത്താവ്.. ഇനി മുതൽ നിന്നെയാരും അനാഥയെന്നു വിളിക്കില്ല..നിന്റെ ഉറക്കത്തിൽ ഇനി മധുരം നിറയുന്ന സ്വപ്‌നങ്ങൾ ഉണ്ടായിരിക്കണം.നിന്റെ കണ്ണുകളിൽ ഇനി നിരാശയുണ്ടായിരിക്കരുത്.പ്രതീക്ഷകളായിരിക്കണം.വെളുത്തു തുടുത്ത കൈകളിൽ ഇനി മൈലാഞ്ചിയുടെ ചുവപ്പു പതിയണം.. "ഇനി നിന്റെ കണ്ണുകൾ നിറയുന്നു എങ്കിൽ അതെന്റെ മരണ ശേഷം ആയിരിക്കണം നാജിയാ" വാക്കുകൾ പൂർത്തിയാക്കും മുമ്പു അവളെന്റെ വായ പൊത്തി..
കാർ സുവൈകിൽ എത്തിയിരിക്കുന്നു. ഹൈവേയിൽ കയറാതെ സർവീസ് റോഡിലേക്കിറങ്ങി.. അവിടെ വേഗതക്കു നിയന്ത്രണമുണ്ട്.. വല്ലാതെ വിശക്കുന്നുണ്ട്. കാലത്തു ഒരു കറക്കു ചായയും സൻഡ്‌വിച്ചും കഴിച്ചാണ്.. മൊബൈലിലേക്ക് ഒരു മിസ്സ് കോളും കൂടെ വന്നു. വീണ്ടും നാജിയയാണ്
തിരിച്ചു വിളിച്ചു.. നാജിയാ ടിക്കറ്റ് എടുത്തിട്ടുണ്ട്.. ഇന്ന് രാത്രി 8.30 നു ആണ് ഫ്ലൈറ്റ്.. ഇൻഡിഗോ ആണ്. മൂന്നര മണിക്കൂർ യാത്രയെ ഉള്ളൂ 12 നു അവിടെ എത്തും. നീ ഉണ്ടായിരിക്കണം അവിടെ.. ഫ്ലൈറ്റ് ഇറങ്ങുമ്പോൾ ആദ്യം കാണേണ്ടത് എനിക്ക് നിന്റെ മുഖമാണ്..
സമയം 7 മണി.. വലിയ രണ്ടു പെട്ടി നിറയെ നാജിയാക്കുള്ള സാധനങ്ങളും മനസ്സ് നിറയെ സ്വപ്നങ്ങളുമായി എയർ പോർട്ടിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു ഞാൻ.
കാർ ഓടിക്കുന്നത് സുഹൃത്താണ്.. വാഹനത്തിനു വേഗത പോരാ എന്ന് തോന്നി.. മനസ്സ് നിറയെ എയർ പോർട്ടിൽ തനിക്കു വേണ്ടി കാത്തിരിക്കുന്ന നാജിയയാണ്. സുഹൃത്തിനോട് സ്പീഡ് കൂട്ടാൻ പറഞ്ഞു.. കാർ അതി വേഗം കുതിച്ചു. പെട്ടെന്ന് മുന്നിലുള്ള കണ്ടെയ്നർ ബ്രെക്ക് ചെയ്തു. ഒന്ന് ചിന്തിക്കാനുള്ള സമയം കിട്ടും മുമ്പേ തന്റെ കാർ കണ്ടൈനറിന്റെ പിറകിലിടിച്ചു .ഇടിയുടെ ആഗാധത്തിൽ കാർ പൊട്ടിപ്പൊളിഞ്ഞു.. റോഡിലേക്ക് തെറിച്ചു വീണ തന്റെ മുകളിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങി.. തലയിലൂടെ രക്തം ചീറ്റി..നാട്ടിലേക്കു കൊണ്ട് പോവാൻ കെട്ടി വച്ചിരുന്ന പെട്ടികൾ പൊട്ടി സാധനങ്ങൾ റോഡിലൂടെ തെറിച്ചു വീണ്.. ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുന്ന തന്റെ കൈകളിലേക്ക് എന്തോ വന്നു വീണിരിക്കുന്നു.ആയാസപ്പെട്ടു തല തിരിച്ചു നീക്കിയപ്പോൾ നാജിയയുടെ വിരലിൽ അണിയാൻ വേണ്ടി താൻ വാങ്ങിച്ച അവളുടെ പേരെഴുതിയ മോതിരം.. നാജിയാ.. തന്റെ ചുണ്ടുകൾ വിറച്ചു.. തന്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടു തനിക്കു വേണ്ടി കാത്തിരിക്കുന്ന തന്റെ പെണ്ണ്.. ഒരു നിലവിളി തന്റെ തൊണ്ടയിൽ കുരുങ്ങി.. പിന്നെ ശ്വാസം നിലച്ചു തല ഒരു വശത്തേക്ക് ചരിഞ്ഞു..
അപ്പോഴും കൈകളിൽ മൈലാഞ്ചിയും,കണ്ണുകളിൽ പ്രതീക്ഷയുമായി നാജിയ അവനു വേണ്ടി എയർ പോർട്ടിൽ കാത്തിരിക്കുകയായിരുന്നു..
By: Shahul Edathody

സമയം ഉണ്ടെങ്കിൽ ഇതൊന്നു വായിക്കണം!!


വർഷങ്ങൾക്കു ശേഷം വളയിട്ട കൈകൾ കൊണ്ടുണ്ടാക്കിയ ഭക്ഷണം, പ്രവാസ ജീവിതത്തിൽ ഭൂരിഭാഗവും ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളെ ആശ്രയിച്ചപ്പോൾ നാവിന്റെ രുചി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
ഭാര്യയുടെ കൈപ്പുണ്യം അറിഞ്ഞു ആസ്വദിച്ചു കഴിക്കുമ്പോഴാണ് അഞ്ചു വയസ്സുകാരൻ മകൻ അരികിലേക്ക് വന്നത്.. ഉപ്പാ എന്നെ മയിലാടും കുന്നിൽ കൊണ്ട് പോവുമോ... അവിടെ ധാരാളം മയിൽപ്പീലികൾ ഉണ്ടാവും.പിന്നെ മാങ്ങയും പറങ്കി മാങ്ങയും ഒക്കെ ഉണ്ടാവും.. ഇവിടെ ഉള്ള എല്ലാ കുട്ടികളും പോയിട്ടുണ്ട്.. ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ പറഞ്ഞു ഉപ്പ വന്നാൽ കൊണ്ട് പോവുമെന്ന്.. ന്നെ കൊണ്ട് പോവുമോ ഉപ്പാ..
മോന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിയോടെ തലയാട്ടി.
ഉച്ച മയങ്ങി സൂര്യന്റെ തീക്ഷണത കുറഞ്ഞപ്പോൾ മോനെയുമെടുത്തു ഞാൻ കുന്നിൻ മുകളിലേക്കു നടന്നു.ടാർ ചെയ്യാത്ത ഒരു ചെമ്മൺ പാതയാണ്..ഇരു വശവും മുള്ളു വേലികൾ ഉയർന്നിരിക്കുന്നു.വേലിക്കരികിൽ വളർന്നു നിൽക്കുന്ന ശീമക്കൊന്നകൾ,തൊടിയിലുള്ള മരത്തിനു ചുറ്റും കുരുമുളക് വള്ളികൾ പടർത്തിയിരിക്കുന്നു. വാക മരത്തിന്റെ ചുവട്ടിൽ പൂവുകൾ പൊഴിഞ്ഞു കൂടിയത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..
ഇനി കുറെ ദൂരം പാടമാണ്.. വിളഞ്ഞു നിൽക്കുന്ന നെൽകതിരുകൾക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വരമ്പിലൂടെ തണുത്ത കാറ്റിന്റെ തലോടലേറ്റു മോനെയുമെടുത്തു ഞാൻ നടന്നു.
വെള്ളം നന്നേ കുറഞ്ഞ തോട്ടിൽ കുഴിയെടുത്തു വെള്ളം കോരി സ്ത്രീകൾ തുണി അലക്കുന്ന ശബ്ദം കേൾക്കാം.. തോടിനിരു വശവും വളർന്നു നിൽക്കുന്ന കൈതച്ചെടികൾ കാണാം.. അതിനിടയിൽ ഷർട്ടിടാതെ മുണ്ടു കയറ്റി കുത്തി ബീഡി പുകച്ചു ചൂണ്ടയിടുന്ന അപ്പുവേട്ടനെയും കാണാം.
കുന്നിൻ മുകളിൽ എത്തിയപ്പോഴേക്കും കിതപ്പ് തുടങ്ങിയിരുന്നു.അല്ലെങ്കിലും പ്രവാസി ആയതിനു ശേഷം അങ്ങനെയാ രണ്ടടി നടന്നാൽ പിന്നെ ഒടുക്കത്തെ കിതപ്പാണ്.. കുന്നിൻ മുകളിൽ നിന്നും നോക്കിയാൽ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന റബർ തോട്ടവും ദൂരെ ശിരസ്സുയർത്തി നിൽക്കുന്ന കത്തിച്ചുണ്ടൻ മലയും കാണാം.. ഇവിടെയാകെ കശുമാങ്ങയുടെ മണമാണ്. നിലത്തു ചാടി അളിഞ്ഞ കശുമാങ്ങക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന തേനീചകളും മറ്റു കിളികളും.. മോനെ ഞാൻ താഴെയിറക്കി, അവൻ സന്തോഷത്തോടെ ഓടിച്ചാടി നടന്നു.
പെട്ടെന്നാണ് ഞാനതു കണ്ടത്.വളർന്നു നിൽക്കുന്ന തൊട്ടാവാടിയിൽ നിന്നും മുള്ളു കൊള്ളാതെ വെള്ള പൂവ് പറിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. എവിടെയോ കണ്ടിട്ടുണ്ട് ഞാനവളുടെ മുഖം.. പക്ഷെ എവിടെയാണെന്നോർക്കുന്നില്ല.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു പേര് ചോദിച്ചു.. ഹൻസിയ തസ്‌നി.. ഒരു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു.. മോളുടെ ഉമ്മയുടെ പേരെന്താ..
മുംതാസ്..
ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി ..
മോളും ഉപ്പയും ഉമ്മയും ഗൾഫിൽ ആയിരുന്നോ?
അതെ അങ്കിളിനു എങ്ങനെ അറിയാം..
മോൾ ഒറ്റക്കാണോ വന്നത്
അല്ല ഉമ്മയും ഉണ്ട്.. ദേ അവിടെ നിൽക്കുന്നത് കണ്ടോ..
അവൾ കൈ ചൂണ്ടിയ ഭാഗത്തേക്കു ഒന്ന് നോക്കാനെ കഴിഞ്ഞുള്ളു.. ശരീരം ഒന്ന് വിറച്ചു.കണ്ണുകൾ പിടഞ്ഞു..കുന്നിൻ ചരുവിലെ മതിലിനരികിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന തന്റെ മുംതാസ്!!
വീശിയടിച്ച കാറ്റിനൊപ്പം ചിന്തകളും പുറകോട്ടു പാഞ്ഞു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി വളയം പിടിച്ചിരുന്ന ഇരുണ്ട കാലത്താണ് വള കിലുക്കി തന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശി അവൾ കടന്നു വന്നത്.
അന്നവൾ പ്ലസ്ടൂവിന് പഠിക്കുകയായിരുന്നു.നേരം വൈകുന്ന ദിവസങ്ങളിലെല്ലാം അവളും കൂട്ടുകാരികളും എന്റെ ഓട്ടോയിലാണ് കയറിയിരുന്നത്.ഒരിക്കൽ അവളുടെ കൂട്ടുകാരിയെ സ്‌കൂളിൽ നിന്നും പുറത്താക്കി,രക്ഷിതാവിനെ കൂട്ടിയെ ക്ലാസ്സിൽ കയറാൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ മുംതാസ് പറഞ്ഞത് കൊണ്ട് മാത്രം ഞാനവളുടെ ജ്യേഷ്ടനായി അഭിനയിച്ചു പ്രിന്സിയുടെ അടുക്കൽ ചെന്നു. ആ ഒരു സംഭവം ഞങ്ങൾ തമ്മിലുള്ള ബന്ധം വളരാൻ കാരണമായി. പതിയെ അത് പ്രണയമായി രൂപാന്തരം പ്രാപിച്ചു.
പിന്നീടങ്ങോട്ട് എന്റെ രാത്രികൾക്കു ഉറക്കമില്ലായിരുന്നു.. തുറന്നിട്ട ജാലക വാതിലിന്റെ വിടവിലൂടെ ചോരനെ പോലെ എത്തുന്ന ഇളം മാരുതന്റെ കരലാള സ്പര്ശനത്തിലും ഞാനറിയുകയായിരുന്നു മുംതാസിന്റെ സാമീപ്യം..
പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല. ഉപ്പ മരിച്ച മുംതാസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഉമ്മയും ഉമ്മയുടെ അങ്ങളമാരുമായിരുന്നു. ആദ്യം ഭീഷണിയുമായി അവർ വന്നെങ്കിലും ഞാൻ വഴങ്ങിയില്ല.. മുംതാസ് വാശി പിടിച്ചപ്പോൾ അവർ എന്നെ കുറിച്ചു അന്വേഷിച്ചു.. പക്ഷെ ഞാൻ ഒരു തല്ലിപ്പൊളി ആണെന്നും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബമാണ് എന്റേത് എന്നും അവർ മനസ്സിലാക്കിയതോടെ എല്ലാ വഴിയും അടഞ്ഞു..
ഒടുവിൽ അവളെ കിട്ടാൻ വേണ്ടി പണക്കാരനാവാൻ ഞാൻ തീരുമാനിച്ചു.ഉമ്മയുടെയും പെങ്ങളുടെയും കുറച്ചു സ്വർണ്ണവും ഓട്ടോയും വിറ്റു ഒരു വിസ സംഘടിപ്പിച്ചു.
പോവുന്നതിന്റെ തലേന്നു അവളെന്നെ കെട്ടിപ്പിടിച്ചു ഒരു പാട് കരഞ്ഞു.. എനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് വാക്കും തന്നു.
ഗൾഫിൽ എത്തിയപ്പോഴാണ് പണം ഉണ്ടാക്കൽ അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് മനസ്സിലായത്.കുറെ ദിവസം പട്ടിണി കിടന്നു.. റോഡ് ക്ളീൻ ചെയ്യുന്ന ബംഗാളികളുടെ ഹെൽപ്പറായി.. താഹിഫിലെ തണുത്തുറഞ്ഞ മലമുകളിലും, അഫറൽ ബാത്തിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലും ആടിനെ മേച്ചു നടന്നു.. കൊടും വെയിലത്ത് ഒരു കുപ്പി വെള്ളവും ഒരു കീറു ഖുബൂസുമായി ഒരു പ്രാന്തനെ പോലെ കുറെ നാൾ.. പക്ഷെ മുംതാസിന്റെ ചിന്ത മനസ്സിൽ വരുമ്പോൾ എല്ലാ ക്ഷീണവും ഞാൻ മറക്കും..
അവൾക്കു ഉമ്മയുടെ അങ്ങളമാർ കല്യാണം ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ നാട്ടിൽ പോവണം എന്ന് തോന്നി... പക്ഷെ പണമില്ലായിരുന്നു കയ്യിൽ.
അങ്ങനെ സൗദി യമൻ ബോർഡർ ആയ ജിസാനിൽ നിന്നും യമനികൾ കടത്തുന്ന നിയമ വിരുദ്ധമായ ലഹരി വസ്തുവായ ഖാത്ത് ജിദ്ദയിലേക്കു എത്തിക്കാൻ തുടങ്ങി ഞാൻ.. പതിയെ പോക്കറ്റിൽ റിയാലുകൾ വന്നു നിറഞ്ഞു.. ചെയ്യുന്നത് തെറ്റാണ് എന്നറിയാമെങ്കിലും മനസ്സിൽ മുംതാസിന്റെ മുഖം തെളിയുമ്പോൾ ചെയ്യാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
മാസങ്ങൾ കടന്നു പോയി .. കയ്യിൽ കാശ് കുമിഞ്ഞു കൂടി,അടുത്ത ആഴ്ച നാട്ടിൽ പോവാൻ പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഷുർത്ത(പോലീസ്)യുടെ കൈകളിൽ അകപ്പെടുന്നത്. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.. നീണ്ട ഒരു വർഷം സൗദി ജയിലിൽ.. ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നാളുകൾ ആയിരുന്നു അത്.. ഭക്ഷണത്തിനു വേണ്ടി പാകിസ്താനികളോടും ബംഗാളികളോടും മൽപ്പിടുത്തം നടത്തിയ ദിവസങ്ങൾ.. വൃത്തി ഹീനമായ ചുറ്റുപാടിൽ തമ്പാക്കിന്റെയും സിഗരട്ടിന്റെയും ദുർഗന്ധം വമിക്കുന്ന റൂമിൽ ഉറക്കം വരാതെ കിടന്ന നാളുകൾ.. കക്കൂസിനും മുകളിൽ മലം കെട്ടിക്കിടക്കുന്നത് കാരണം കക്കൂസിൽ പോവാതിരിക്കാൻ വേണ്ടി പട്ടിണി കിടന്ന ദിവസങ്ങൾ.
എല്ലാം എന്റെ മുംതാസിന് വേണ്ടിയായിരുന്നു..
പക്ഷെ നാട്ടിൽ എത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത് അവളുടെ വിവാഹം കഴിഞ്ഞു എന്ന്.. കാത്തിരിക്കാം എന്ന് വാക്കു പറഞ്ഞു അവൾ ചതിച്ചു.. എന്റെ പ്രണയം..എന്റെ അദ്ധ്വാനം.. എല്ലാം എല്ലാം വെറുതെയായിരുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. പെണ്ണ് എന്ന വർഗത്തെ മൊത്തം ഞാൻ വെറുത്തു..അവൾക്കു വേണ്ടി ഞാനുണ്ടാക്കിയ പണത്തിനു കടലാസിന്റെ വില പോലുമില്ലെന്നു ഞാൻ മനസ്സിലാക്കി..
ഉപ്പാ ... നോക്കിയേ ദേ എനിക്ക് ഒരു മയിൽ‌പ്പീലി കിട്ടി.. ഞാൻ ഒന്ന് ഞെട്ടി.
തിരിഞ്ഞു നോക്കിയപ്പോൾ മോൻ ഒരു മയിൽപ്പീലിയും പിടിച്ചു നിൽക്കുന്നു.. ഞാനവന്റെ തലയിൽ പതിയെ തഴുകി വീണ്ടും മുംതാസിനെ നോക്കി.. കണ്ണുകൾ നിറഞ്ഞൊലിച്ചു.. മോളോട് യാത്ര പറഞ്ഞ് മോനെയുമെടുത്തു ഞാൻ കുന്നിറങ്ങുമ്പോൾ മോൻ എന്നോട് ചോദിച്ചു.. എന്തിനാ ഉപ്പ കരയുന്നത്.. ഞാൻ വെറുതെ ഒന്ന് ചിരിച്ചു.. അല്ലെങ്കിലും അഞ്ചു വയസ്സുള്ള ഇവനോട്‌ ഞാൻ എന്ത് പറഞ്ഞു മനസ്സിലാക്കാൻ..
പ്രണയം വായിക്കാൻ സുഖമാണ്..കേൾക്കാൻ രസമാണ്.കാണാനും അഴകാണു പക്ഷെ സ്വന്തം ജീവിതത്തിൽ വരുമ്പോൾ വേദനയാണ്!!

by: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo