Slider

തീവ്രം

0

മിസ്റ്റർ സുമിത്‌ സർക്കാർ,തെളിവുകളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത ഒരു കുറ്റകൃത്യമാണെങ്കിൽക്കൂടി;പരിചയസമ്പന്നനും കുറ്റാന്വേഷണത്തിൽ അതീവതൽപരനുമായ ഒരു ഉദ്യോഗസ്ഥനെ,തികച്ചും അപ്രതീക്ഷിതമായ്‌ യാദൃശ്ചികമെന്നോണം സംഭവിക്കുന്ന ചിലകാര്യങ്ങൾ ചിലപ്പോഴൊക്കെ സത്യത്തിലേക്ക്‌ എത്തിക്കാറുണ്ട്‌ "
'നിരഞ്ജൻ റൊയ്‌ ',ബംഗാൾ പോലീസിന്റെ അഭിമാനം. ഡിപ്പാർട്ട്മെന്റിന്‌ തലവേദനയായ പ്രമാദമായ പല കേസുകളും അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. പല സുപ്രധാന കേസുകളിലും അദ്ദേഹത്തിന്റെ ടീമിൽ ഉണ്ടാകാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു.പൊതുവേ മിതഭാഷിയായ അദ്ദേഹം എപ്പോഴെങ്കിലും വാചാലനാവുന്നെങ്കിൽ,അദ്ദേഹത്തെ ഹരം കൊള്ളിച്ച ഏതൊകേസിലെ നിർണ്ണായകമായ വഴിത്തിരുവുകളെക്കുറിച്ച്‌ പറയാനാകാം.
"സുമിത്ത്‌ ,നിങ്ങളോർക്കുന്നുണ്ടോ ലീലയുടെ മരണം?"
"ലീല....'സോനാഗച്ചിയിലെ?"
"നിങ്ങൾക്ക്‌ നല്ല ഓർമ്മശക്തിയാണ്‌,കാളീഘട്ടിലേക്ക്‌ ഞാൻ സ്ഥലം മാറിവന്ന ആദ്യനാളുകളിൽ നിങ്ങൾതന്നെയാണ്‌ ആ മരണവാർത്ത എന്നെ അറിയിച്ചത്‌,നമ്മളൊരുമിച്ചാണ്‌ സോനാഗച്ചിയിലേക്ക്‌ പോയതും."
"അതൊരു ആത്മഹത്യ ആയിരുന്നില്ലേ?"
"തീർച്ചയായും,സോനാഗച്ചിയിലെ റെഡ്‌ റോസ്‌ അപ്പാർട്ട്‌ മെന്റിലെ നാലാം ബ്ലോക്കിലെ ആറാം നിലയിലെ ഇടപാടുകാരിയാണവൾ,ലൈംഗിക വൈകൃതങ്ങളുള്ള,തനി സാഡിസം പ്രകടിപ്പിക്കുന്ന കസ്റ്റമേഴ്സിനുള്ളതാണ്‌ നാലാം ബ്ലോക്കിലെ ആറാം നില.ലൈംഗിക മനോരോഗികളുടെ ക്രൂരതകളിൽ മനം മടുത്ത്‌ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേകം കാവലുണ്ട്‌.വീണുകിട്ടിയ സന്ദർഭത്തിൽ അവൾ മരണത്തിലേക്ക്‌ രക്ഷപ്പെടുക തന്നെയായിരുന്നു."
"സോനാഗച്ചിയിലെ ആത്മഹത്യ പുറം ലോകം അറിയാതിരിക്കാൻ മുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു.ഇടപാടുകാർ അറിയാതെ സ്ഥാപിക്കപ്പെട്ട ക്യാമറ ഫുട്ടേജിൽ അവൾ ചാടുന്നത്‌ വ്യക്തമായ്‌ പതിഞ്ഞിട്ടുണ്ടായിരുന്നു.പോസ്റ്റുമാർട്ടം റിപ്പൊർട്ട്‌ കാണാതെ തന്നെ ഞാനാ ഫയൽ ക്ലോസ്‌ ചെയ്തു."
"അതവിടെ തീർന്നില്ലേ,പിന്നീടതിനെക്കുറിച്ചൊന്നും അങ്ങ്‌ പറഞ്ഞു കേട്ടിട്ടില്ല".
"അതവിടെ തീർന്നേനേ,അന്ന് ലീലയുടെ മുറിയിൽനിന്ന് നിങ്ങൾക്ക്‌ കിട്ടിയ ആ നരച്ചപുറം ചട്ടയുള്ള ഡയറിയിലെ ചില വാചകങ്ങൾ എന്നെ ആകർഷിച്ചില്ലായിരുന്നെങ്കിൽ,അന്ന് തിരിച്ച്‌ ഓഫീസ്സിലെത്തിയതിനു ശേഷമാണ്‌ ഞാനത്‌ പരിശോധിച്ചത്‌."
"ആകേ നാലോ അഞ്ചോ പേജുകളിൽ മാത്രം ഭ്രാന്തമായ്‌ എന്തൊ കുത്തിക്കുറിച്ചിരുന്നു.സ്വാഭാവികമായും ആത്മഹത്യക്ക്‌ മുൻപ്‌ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാൻ ഞാൻ പേജുകൾ മറിച്ചു..ഒന്നും കണ്ടില്ല,പക്ഷെ അതിന്‌ നാലുദിവസം മുൻപ്‌ ഡിസംബർ മൂന്നിന്റെ പേജിൽ അവൾ ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ചിത്രം ഒട്ടിച്ചിരുന്നു.അതിനു താഴെ ഇങ്ങനെ എഴുതിയിരുന്നു.
'മിഹീർ കൗശിക്‌ വീണ്ടും സിലിഗുരിയിലെത്തും,ആ ആറുപേരുടേയും മരിക്കുന്നതിനു മുൻപുള്ള നിമിഷങ്ങൾ വളരെ ദയനീയമായിരിക്കും'.
" ഞാൻ ചിന്തിച്ചു നോക്കി,വെറും ജൽപനമായ്‌ കരുതാൻ വയ്യ,ഇവൾ ഇവിടെ എത്തിയതിന്‌ കാരണമായവരെ ഇല്ലായ്മചെയ്യാൻ ഈ ചെറുപ്പക്കാരനുമായ്‌ ധാരണയിലെത്തിയിട്ടുണ്ടാകുമോ,നാലാം ബ്ലോക്കിലെ പ്രത്യേകിച്ചും ആറാം നിലയിലെ ഇടപാടുകാർ കൂടുതലും ക്രിമിനലുകളോ,മാനസിക രോഗത്തിന്റെ ലക്ഷ്ണങ്ങൾ ഉള്ളവരോ ആണ്‌.ഞാനവന്റെ ഫോട്ടോ വീണ്ടും പരിശോധിച്ചു.ജന്മനാകുറ്റവാസനയുള്ളവരിൽ കാണുന്ന ഒരു ക്രൂരഭാവം ആ സുവദനത്തിനു ചേരാത്തവിധം ആ കണ്ണുകളിൽ നിഴലിച്ചിരുന്നു."
'വീണ്ടും സിലിഗുരിയിലെത്തും' എന്നാണെഴുതിയിരിക്കുന്നത്‌.ഒരു പക്ഷേ അവർ രണ്ടാളും സിലിഗുരിയിൽനിന്നായിരിക്കാം.ഒരു പ്രണയകഥയുടെ ദുരന്ത പര്യവസാനത്തിലായിരിക്കാം അവൾ സോനാഗച്ചിയിലെത്തിയെത്‌,അവളെ തേടിയെലഞ്ഞ ക്രിമിനൽ പശ്ചാത്തലമുള്ള കാമുകൻ ഇവിടെവെച്ച്‌ അവളെ കണ്ടുമുട്ടിയിരിക്കാം.അവളിൽ നിന്ന് പൂർവ്വകഥകൾ അറിഞ്ഞ കാമുകൻ അതിനു കാരണക്കാരായവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിഞ്ജയെടുത്തിരിക്കാം.പക്ഷെ പ്രതികാരത്തിനായ്‌ പോയകാമുകൻ തിരിച്ച്‌ വരാതെ അവൾ ആത്മഹത്യ ചെയ്തതെന്തിനായിരിക്കാം?.ഒരു പക്ഷെ നാലുദിവസത്തിനുള്ളിൽ അവനെന്തെങ്കിലും സംഭവിച്ചിരിക്കുമോ?
"ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണ്‌.പക്ഷെ എന്തുകൊണ്ടോ മഞ്ഞുപുതപ്പണിഞ്ഞ ഒരു മനോഹരതാഴ്‌വരയിൽ പ്രതികാര ദാഹിയായ ഒരു ചെറുപ്പക്കാരൻ ആറുപേരുടെ മരണവാറണ്ടുമായ്‌ അലയുന്നൊരു ചിത്രം എന്റെമനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു.കൂടെ ഒരു വാചകവും 'അവരുടെ മരണത്തിനു മുൻപുള്ള നിമിഷങ്ങൾ വളരെ ദയനീയമായിരിക്കും'.....
" പിറ്റേന്ന് ഞാനിത്‌ എന്റെ സീനിയറും സുഹൃത്തുമായ സിദ്ധാർത്ഥ്‌ ബസുവുമായ്‌ ഇക്കാര്യം ചർച്ച ചെയ്തു.സോനാഗച്ചിയിലേക്ക്‌ ഒരിക്കൽ കൂടി പോകാൻ അനുമതിയും ചോദിച്ചു.പക്ഷേ അദ്ദേഹമത്‌ പാടേ അവഗണിച്ചു.അടുത്തിടെ നടന്ന ഒരു രാഷ്ട്രീയനേതാവിന്റെ കൊലപാതകവുമായ്‌ ബന്ധപ്പെട്ട്‌ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നു.ആ കേസിലേക്ക്‌ അദ്ദേഹം എന്നെ ശുപാർശചെയ്തിരുന്നു.പിറ്റേദിവസം ടീമിൽ ജോയിൻ ചെയ്യാൻ നിർദ്ദേശവും വന്നു.പിന്നെ വേണമെങ്കിൽ സിലിഗുരിസ്റ്റേഷനിലേക്ക്‌ ഡയറിയിൽനിന്ന് കിട്ടിയ രണ്ടു പേരുടേയും ഫോട്ടോകാണിച്ച്‌ ഒരു ലോക്കൽ അന്വേഷണവും ജാഗ്രതാനിർദ്ദേശവും അയച്ചൊളാൻ ഉപദേശവും.എന്തായാലും സിലിഗുരി സ്റ്റേഷനിലേക്ക്‌ അന്ന് രാത്രി ഞാനൊരു മെയിൽ അയച്ചു."
"പിന്നീടുള്ള രണ്ടാഴ്ചത്തെ രാവും പകലുമില്ലാത്ത അന്വേഷണത്തിനിടയിൽ ഞാൻ മിഹീർ കൗശികിനേയും ലീലയേയും മറന്നു".
" രാംചരണിന്റെ കൊലപാതകക്കേസ്‌ അവസാനിപ്പിച്ചതിന്റെ പിറ്റേരാത്രിയിൽ,ദീപാലങ്കൃതമായ കൽക്കത്ത നഗരത്തിൽ കുടുംബത്തോടൊപ്പം ചിലവിട്ട്‌ തിരിച്ചെത്തിയ ക്രിസ്മസ്സിന്റെ തലേരാത്രിയിൽ അന്നത്തെ മെയ്‌ലുകൾ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ സിലിഗുരി ബിധാൻ നഗർ പോലീസ്‌ സ്റ്റേഷനിൽ നിന്നുള്ള ഒരു റിപ്ലേ കണ്ടു.മിഹീർ കൗശിക്‌ എന്ന ചെറുപ്പക്കാരൻ ബിധാൻ നഗർ സ്റ്റേഷൻ അതിർത്തിയിൽ നിന്ന് നാലു വർഷങ്ങൾക്ക്‌ മുൻപ്‌ മിസ്സിംഗ്‌ ആണ്‌.അതിനും ഒരുവർഷം മുൻപ്‌ ഷാഹിന എന്ന പെൺകുട്ടിയുടെ കൊലപാതകവുമായ്‌ ബന്ധപ്പെട്ട്‌ കുറച്ചുനാൾ ജയിലിലായിരുന്നു .പിന്നീട്‌ പെൺകുട്ടിയുടെ വീട്ടുകാർ കേസ്‌ പിൻ വലിച്ചതിനെത്തുടർന്ന് പുറത്തിറങ്ങിയ അവനെ പിന്നീട്‌ ആരും കണ്ടിട്ടില്ല.കുറെ നാളുകൾക്ക്‌ ശേഷം മിഹീർ കൊശിക്കിന്റെ അമ്മ മകനെ കാണാനില്ല എന്നൊരു പരാതി നൽകിയിരുന്നു.പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌ ഇറക്കിയെങ്കിലും പിന്നീടിതുവരെ വിവരമൊന്നുമില്ല......
"എന്റെമനസ്സിൽ ഒരുപാട്‌ ചോദ്യങ്ങൾ ഉയർന്നെങ്കിലും മെയിലിൽ കൂടുതൽ വിശദാംശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ജാഗ്രതാനിർദ്ദേശ പ്രകാരം അവർ വീണ്ടും ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌ ഇറക്കിയിട്ടുണ്ട്‌.അത്രമാത്രം. ലീലയുടെ ഫോട്ടൊയെക്കുറിച്ച്‌ അവർക്ക്‌ ഒരറിവുമില്ല.."
"ഷാഹിനയുടെ കൊലപാതകം,മിഹീറിന്റെ തിരോധാനം,ലീലയുമായ്‌ അവനുള്ള ബന്ധം,വീണ്ടും സിലിഗുരിയിൽ അവൻ എത്തേണ്ടതിനുള്ള കാരണം....നേരിട്ടന്വേഷിക്കാതെ ഒരു നിഗമന്ത്തിലെത്തുക സാധ്യമല്ല.,എന്റെ തലച്ചോറിനെ ഹരം കൊള്ളിക്കുന്ന എന്തോ ഒന്ന് ഈ കേസ്സിലുണ്ട്‌..പക്ഷെ ഔദ്യോതികമായ്‌ ഈ കേസ്‌ അന്വേഷിക്കാൻ എനിക്ക്‌ അനുവാദം കിട്ടില്ലെന്നുറപ്പാണ്‌.എങ്കിലും ഈ കേസ്‌ അന്വേഷിക്കാൻ എന്റെ ഉപബോധമനസ്സിന്റെ തള്ളൽ ശക്തിയാർജ്ജിക്കുന്നത്‌ ഞാനറിഞ്ഞു.അന്ന് വൈകിയാണുറങ്ങിയത്‌...
" പിറ്റേന്ന് രാവിലെ എന്റെ പ്രിയതമ പറഞ്ഞത്‌ കേട്ട്‌ ഞാൻ അത്ഭുതപ്പെട്ടു പോയ്‌,ഈ ന്യൂ ഇയറിന്‌ കഴ്സോഗിലുള്ള മാമി ക്ഷണിച്ചിട്ടുണ്ടെന്നും പോകാൻ അനുവാദം കിട്ടുമോ എന്നറിയാനുമാണ്‌ രാവിലെ അവൾ എന്റെയടുക്കൽ വന്നത്‌."
"സത്യത്തിന്‌ സ്വയം ആനാവൃതമാകാനുള്ള ഒരു ത്വരയുണ്ട്‌ സുമിത്‌.അതിനു നിമിത്തമാകേണ്ടവരെ അത്‌ ആകർഷിച്ചുകൊണ്ടേയിരിക്കും."
"അല്ലെങ്കിൽ ഡാർജ്ജിലിങ്ങിനും സിലിഗിരിക്കുമിടയിലെ ഹിൽടോപ്‌ ടൗണായ കഴ്സോഗിലെ മാമി ഈ അവസരത്തിൽതന്നെ ക്ഷണിക്കുകയും ,അവൾ പോകാനുള്ള അനുവാദം തേടുകയുമില്ലായിരുന്നല്ലോ"
"എന്തായാലും ഈ കേസ്‌ അനൗദ്യോതികമായ്‌ അന്വേഷിക്കാനുള്ള അവസരമാണ്‌"
"ഞാനും കൂടെവരുന്നുണ്ടെന്ന വാർത്ത അവളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്‌."
"അതിന്റെ മൂന്നാം ഞങ്ങൾ ബഗ്ദോഗ്ര ഡൊമെസ്റ്റിക്‌ എയ്‌ റൊഡ്രോമിൽ ഫ്ലൈറ്റിറങ്ങി.സിലിഗുരിയിലൂടെയ്യാണ്‌ ഞങ്ങൾ കഴ്സോഗിലേക്ക്‌ പോയത്‌.വിചാരിച്ചതിലും വലിയ സിറ്റിയായിരുന്നു സിലിഗുരി.സഞ്ചാരികൾ ഏറെയുള്ളയിടം.ഒരു കൊലയാളിക്ക്‌ ആരുടെയും കണ്ണിൽപ്പെടാതെ താമസിക്കാൻ പറ്റിയയിടം.
"ഒരാഴ്ച്ച മാമിയുടെ വീട്ടിലും ഡാർജ്ജിലിങ്ങിലുള്ള അവളുടെ കൂട്ടുകാരിയുടെ വീട്ടിലുമായ്‌ കുടുംബത്തോടൊപ്പം ചെലവിട്ടു.
"പിറ്റേന്ന് മദ്ധ്യാഹ്നത്തോടെ ഞാൻ ധവാൻ നഗർ സ്റ്റേഷനിലെത്തി.നല്ല ആത്മവിശ്വാസമുള്ള ഉത്സാഹിയായ ഒരു പോലീസ്‌ ഓഫീസറായിരുന്നു വിജയേന്ദ്ര ഘോഷ്‌.ക്രിയാത്മകമായ എന്തുസഹായവും അയാൾ വാഗ്ദാനം ചെയ്തു."ഒരപരിചിതൻ ഒളിച്ചുതാമസിക്കാൻ ഇടയുള്ള മൂന്നാംകിട ലോഡ്ജുകൾ അടക്കം നിരീക്ഷിക്കുന്നുണ്ട്‌.ഒരു സീരിയൽ കൊലപാതകത്തിന്‌ സൂചനയുള്ളതിനാൽ ഞാനിത്‌ അൽപം ഗൗരവമായ്‌ എടുത്തിരുന്നു.മിഹീർ കൗശികിനെ പണ്ട്‌ പരിചയമുള്ളവർക്കാർക്കും ലീലയെൂടെ ഫോട്ടൊ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.അവന്റെ അമ്മ വീട്‌ വിറ്റ്‌ മേറ്റ്ങ്ങോട്ടൊ പൊയി.അവനിവിടെ ബന്ധുക്കളാരുമില്ല.ലീലയെ കണക്റ്റ്‌ ചെയ്യാതെ അവനുവേണ്ടി വലവിരിക്കുക സാധ്യമല്ല സാർ.അവളുടെ ഫോട്ടോപതിച്ച്‌ തിരിച്ചറിയുന്നവർ സ്റ്റേഷൻ നമ്പറിൽ ബന്ധപ്പെടാനുള്ള നോട്ടീസ്‌ ഇറക്കിയിട്ടുണ്ടായിരുന്നു.പക്ഷെ നാലുദിവസങ്ങളായിട്ടും ആരും ബന്ധപ്പെട്ടിട്ടില്ല"
സമർഥനായ ആ യുവ ഓഫീസർ പ്രതീക്ഷിച്ചതിലുമതികം ഗൗരവപൂർവ്വം ഇത്‌ കൈകാരം ചെയ്തിരിക്കുന്നു."
"ഷാഹിനയുടെ കേസ്‌ ഫയൽ ഇവിടെയുണ്ടോ ?അതിൽ അവൻ നിരപരാധിയാണോ?ഷാഹിനയുടെ വീട്ടുകാർ എന്തിനാണാ കേസ്‌ പിൻ വലിച്ചത്‌?"
"ഇതാണ്‌ സാർ ,ഇതു വായിച്ചാൽ സാറവനെ കണ്ടാൽ വെടിവെച്ചുകൊല്ലും.
അവനൊരു ബോൺ ക്രിമിനലായിരുന്നു.പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ്‌ പതിനേഴു വയസ്സുള്ള പാവം പെൺകുട്ടിയെ ലൈംഗികമായ്‌ പീഡിപ്പിച്ച്‌ കൊന്നത്‌.അതിനു ശേഷം ആസിഡൊഴിച്ച്‌ മൃത്ദേഹം വികൃതമാക്കിയിരുന്നു.സെമൻ ,ഡിൻ എ സാമ്പിളുകൾ പോലും കിട്ടാത്ത രീതിയിൽ.പിന്നെ മകളെ പുറകെ നടന്ന് ശല്യപ്പെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന ആ അമ്മയുടെ മൊഴിയിലാണ്‌ അവനെതിരെ കേസെടുത്തത്‌.പാവം അവളുടെ വീട്ടുകാർ കേസ്‌ നിലനിൽക്കില്ലെന്നറിഞ്ഞായിരിക്കണം പിൻ വലിച്ചത്‌."
"ഞാനാകേസ്‌ ഫയൽ പരിശോധിച്ചു.അന്ന് കേസന്വേഷിച്ച അഗോർ നാഥ്‌ ഗുപ്ത അവനെതിരെ പറ്റാവുന്ന രീതിയിൽ കുറ്റപത്രം തയ്യാറാക്കിയിരുന്നു.അവൻ എപ്പോഴും ക്രിമിനൽ സ്വഭാവം പ്രകടിപ്പിച്ചിരുന്നു.പ്രത്യേകിച്ചും സ്തീകളെ ഉപദ്രവിച്ച ചിലകേസുകൾ അവനെതിരെ അദ്ദേഹം റിപ്പോർട്ട്‌ ചെയ്തിരുന്നു.അതിൽ കോളെജ്‌ പഠനകാലത്ത്‌ ഒരു പെൺകുട്ടിയുടെ മുഖത്ത്‌ ആസിഡ്‌ കുടഞ്ഞ സംഭവവും അദ്ദെഹം പ്രതിപാതിച്ചിരുന്നു."
അതിൽ നിന്ന് ഒരു കാര്യമെനിക്ക്‌ മനസ്സിലായി.ലീല അവന്റെ പൂർവ്വകാമുകിയായിരിക്കാൻ തരമില്ല.പിന്നെ സോനാഗച്ചിയിൽ വച്ച്‌ പരിചയപ്പെട്ട ഒരു വേശ്യയുടെ വാക്കു കേട്ട്‌ പൂർവ്വകാലത്തിലേക്ക്‌ വരാൻ തക്കവണ്ണം ദൃഡമായിരുന്നോ അവർ തമ്മിലുള്ള ബന്ധം ?.ലീലയുടെ പൂർവ്വകാലം അറിയാതെ ഇനി മുൻപോട്ടു പോകാൻ സാധ്യമല്ല.സോനാഗച്ചിയിലേക്ക്‌ ആരെയെങ്കിലും അയച്ചാലോ എന്നാലോചിച്ചാണ്‌ അ ബിറ്റ്‌ എഞ്ചിൻ ഇറങ്ങാൻ തുടങ്ങിയത്‌."
"വിജയേന്ദ്രഘോഷ്‌,താങ്കൾ ഇത്‌ നന്നായ്‌ കൈകാര്യം ചെയ്തിരിക്കുന്നു.ലീലയുടെ എന്തെങ്കിലും വിവരങ്ങൾ സോനാഗച്ചിയിൽ നിന്ന് കിട്ടുമോ എന്ന് നോക്കട്ടെ.ഒരിക്കൽ കൂടി അവനിവിടെവന്നാൽ നമുക്കവനെ പിടികൂടാൻ കഴിയുമെന്നു തന്നെ വിശ്വസിക്കാം."
"പിന്നെ ഷാഹിനയുടെ കേസ്‌ അന്വേഷിച്ച അഗോർ നാഥ്‌ ഇപ്പോൾ എവിടെയാണെന്നറിയാമോ?ലീലയുടെ ഫോട്ടോ അദ്ദേഹത്തെ കാണിച്ചാൽ നന്നായിരുന്നു".
" ഞാനതെപറ്റി ആലോചിച്ചില്ല സാർ,ഞാൻ അന്വേഷിച്ച്‌ നാളെ അറിയിക്കാം".
"ഞാൻ രണ്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്ത്‌ കഴ്സോഗിലെത്തിയപ്പോഴേക്കും വിജയെണ്ടറിന്റെ ഫോൺ വന്നു," സാർ ഞാൻ അഗോർ നാഥിന്‌ ലീലയുടെ ചിത്രം അയച്ച്‌ കൊടുത്തിട്ടുണ്ട്‌.അദ്ദേഹത്തിന്റെ നമ്പർ അയക്കുന്നു.നേരിട്ട്‌ സംസാരിച്ചോളൂ".
"ഞാനപ്പോൾ തന്നെ അഗോർ നാഥിനെ വിളിച്ചു."ബിധാൻ നഗറിൽ നിന്നയച്ച ആസ്ത്രീയുടെ ഫോട്ടോ എനിക്ക്‌ പരിചയമില്ല.പക്ഷെ അവനൊരു ജീവപര്യന്തമെങ്കിലും കിട്ടേണ്ടതായിരുന്നു.ഷാഹിനയുടെ അമ്മയുടെ മൊഴി നിർണായകമായിരുന്നു.പക്ഷെ അവർ പിന്മാറിക്കളഞ്ഞു.ശരിക്കും ഷാഹിനയുടെ പിതാവാണ്‌ അവരെ പിന്തിരിപ്പിച്ചത്‌.മകളുടെ ഘാതകനു വധ ശിക്ഷ നൽകാൻ കഴിയാത്ത നിയമത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമില്ലത്രേ.അഭയ എന്ന സന്നദ്ധ സംഘടനയെക്കൊണ്ട്‌ ഞാനാ കേസ്‌ റീ ഓപ്പൺ ചെയ്യിക്കാൻ തുനിഞ്ഞതാണ്‌.അതറിഞ്ഞ അദ്ദേഹം എതിർത്തു.അവൻ ബൂട്ടാനിലേക്കൊ ബംഗ്ലാദേശിലേക്കോ കടന്നു കളഞ്ഞിരിക്കാം എന്നാണ്‌ ഞാൻ കരുതിയത്‌."
അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം,പൊതുവേ സ്ത്രീവിരോധിയായ അവൻ ഒരു വേശ്യയുടെ നിർദ്ദേശ പ്രകാരം തിരിച്ച്‌ സിലിഗുരിയിലെത്താനുള്ള സാധ്യത കുറവായിരുന്നു.
ഇനി ഒന്നുകിൽ അവൻ പിടിയിലാകണം.അല്ലെങ്കിൽ ലീലയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കണം.അവനെ പിടിക്കുന്നതിനെപറ്റി ആലോചിച്ചപ്പോഴാണ്‌ ,കയ്യിലുള്ളത്‌ അവന്റെ പഴയൊരു ഫോട്ടൊയാണ്‌.ഇപ്പോൾ അവനെന്തെങ്കിലും രൂപമാറ്റം സംഭവിച്ചിരിക്കാമോ എന്ന് ചിന്തിച്ചത്‌.
"ഞാനാ ഫോട്ടോ വീണ്ടും പരിശോധിച്ചു,അവന്റെ വലതുപുരികത്തിനു മുകളിലായ്‌ ഒരു മുറിപ്പാടുണ്ട്‌.ഒരിഞ്ച്‌ നീളത്തിൽ ഒരു സ്റ്റിച്ച്‌ പാട്‌.ലീലയുടെ മുഖത്തും അതുപോലെന്തോ കണ്ടതായ്‌ ഞാനോർത്തു.ഞാൻ ലീലയുടെ ഫോട്ടൊ കയ്യിലെടുത്തു.കൃത്യം വലതുപുരികത്തിനു മുകളിലായ്‌ അതേ വലിപ്പത്തിൽ ആ മുറിപ്പാട്‌.എന്നെ ഞെട്ടിച്ച മറ്റൊരുസാമ്യവുമുണ്ടായിരുന്നു.മൂക്കിന്റെ വലതു പാർശ്വത്തിലെ ഒരു ചെറിയ മറുക്‌.പക്ഷെ ഇതു രണ്ടുമൊഴിച്ചാൽ മൂക്കിന്റേയോ താടിയെല്ലുകളുടേയോ ചുണ്ടിന്റേയോ ആകൃതികൾ വ്യത്യസ്തമായിരുന്നു.സുമുഖനാണെങ്കിലും മിഹ്‌Iറിന്‌ ലീലയേക്കാൾ ഇരുണ്ട നിറമായിരുന്നു."
"പക്ഷേ ആ രണ്ടു സാമ്യങ്ങളും യാദൃശ്ചികമാണെന്ന് കരുതാൻ എന്റെ മനസ്സ്‌ സമ്മതിച്ചില്ല".
"ഞാനപ്പോൾ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കാനും മോർഫിങ്ങിനും സഹായിക്കുന്ന സൗരവിനെക്കുറി ച്ചോർത്തു.രണ്ടു ചിത്രങ്ങളും അയച്ച്‌ കൊടുത്ത്‌ അഭിപ്രായമാരാഞ്ഞു.തലയോടിന്റെ ഘടനയും നെറ്റിത്തടവും ഒരുപോലെയാണെന്നും മുഖത്തിന്റെ വലിപ്പമനുസരിച്ച്‌ രണ്ടുപേരും ഒരേ പൊക്കമുള്ളവരായിരിക്കാമെന്നും മാത്രമായിരുന്നു പ്രതികരണം."
"മറ്റേന്തങ്കിലും ആലോചിക്കുന്നതിനുമുൻപ്‌ എനിക്കീകാര്യത്തിൽ ഒരു തീർച്ച വേണമായിരുന്നു.അതിനൊരു വഴിയുണ്ടായിരുന്നു.പക്ഷെ അതിന്‌ ഞാൻ തിരിച്ച്‌ കൽക്കത്തയിലെത്തണം.എന്റെ ആകാംക്ഷക്ക്‌ തടയിടാൻ എനിക്ക്‌ കഴിഞ്ഞില്ല.അങ്കിളിന്റെ കാറുമെടുത്ത്‌ അന്ന് സന്ധ്യക്ക്‌ തന്നെ കൽക്കത്തയിലേക്കുള്ള അറുന്നൂറുകിലോമീറ്റർ ദൂരം താണ്ടാൻ തുടങ്ങി.പിറ്റേന്ന് ഉച്ചതിരിഞ്ഞാണ്‌ ഒാൾഡ്‌ മിനർവ്വ റോഡിലെ ജനറൽ ഹോസ്പിറ്റലിലെ ഡോക്റ്റർ ഹരികിരണിനെ കാണാൻ ചെന്നത്‌.ഒരു ഫുൾടൈം ആൽകഹോളിക്കായ അയാൾക്കുള്ള സമ്മാനവും എന്റെ കയ്യിലുണ്ടായിരുന്നു.ഫുൾബോട്ടിൽ റം കണ്ടസന്തോഷത്തിൽ അയാൾ വാചാലനായ്‌." ലീലയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ തപ്പേണ്ട കാര്യമൊന്നുമില്ല.അതിൽ എടുത്തു പറയേണ്ട രണ്ട്‌ കാര്യങ്ങളെ ഉള്ളൂ.ഒന്ന് നാലുവർഷങ്ങൾക്ക്‌ മുൻപ്‌ വരെ അവൾ ഒരു പുരുഷനായിരുന്നു എന്നുള്ളതാണ്‌."
എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോയ്‌."രണ്ട്‌ ഇരുപതുമീറ്റർ ഉയരത്തിൽ നിന്ന് വീഴുന്ന ഒരാളുടെ കൂടിയാൽ എട്ടോ പത്തോ അസ്ഥികളൊടിയാം,പക്ഷേ ലീലയുടെ ശരീരത്തിലെ ഒട്ടുമിക്ക എല്ലുകളും നുറുങ്ങിയ നിലയിലായിരുന്നു."
പിന്നെയയാൾ സ്വയം മന്ത്രിക്കുന്നപോലെ പറഞ്ഞു."ടെസ്റ്റോസ്റ്റെറൊൺ ഈസ്ട്രജനായ്‌ കൺ വേർട്ട്‌ ചെയ്യിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയാസമയത്ത്‌ കുത്തിവച്ചിരിക്കാനിടയുള്ള്‌ അരൊമറ്റേസ്‌ എൻസൈമിന്റെ ഓവർഡോസ്‌ ആയിരിക്കാം അസ്ഥികളുടെ ബലക്ഷയത്തിന്‌ കാരണം"എന്റെ നിഗമനങ്ങൾ തെറ്റാറില്ല.ആരും തള്ളിയിട്ടതല്ലെങ്കിൽ അവൾ മരിച്ചത്‌ ആ വീഴ്ച്ചയിൽ തന്നെയാണ്‌."
"തിരിച്ച്‌ വീട്ടിലെത്തിയിട്ടും ഞാനാ ഞെട്ടലിൽ നിന്ന് മോചിതനായില്ല.ഷാഹിനയുടെ പിതാവ്‌ കേസ്‌ പിൻ വലിച്ചപ്പോൾ പറഞ്ഞതോമ്മവന്നു," മകളുടെ ഘാതകന്‌ വധശിക്ഷ നൽകാത്ത നിയമത്തിൽ വിശ്വാസമില്ല".പിന്നെയയാൾ ആ കൊലപാതകിക്ക്‌ സ്വയം ശിക്ഷ വിധിക്കുകയായിരുന്നോ?ഒരു പക്ഷേ മരണത്തേക്കാൾ ഭയാനകമായത്‌?
പക്ഷെ അതെങ്ങനെ സാധിക്കും,ഒരു വാടകക്കൊലയാളിയേയോ ഗുണ്ടാസംഘങ്ങളെയോ ഏൽപ്പിച്ച്‌ അവനെ കൊലചെയ്യാൻ ഒരു പക്ഷേ അയാൾക്ക്‌ കഴിഞ്ഞേക്കാം.പക്ഷേ ഇവിടെ ഇതുപോലെ രൂപമാറ്റം വരുത്തണമെങ്കിൽ പ്ലാസ്റ്റിക്‌ സർജ്ജറി വിദഗ്ദരടക്കം ഒരു സംഘം ഡോകറ്റർ മാരുടെ സഹായം ആവശ്യമാണ്‌.വലിയോരു തുകയും.ഇനി അയാളൊരു ഡോക്റ്ററാണോ?
"ഞാൻ അപ്പോൾതന്നെ വിജയേന്ദ്രഘോഷിനെ വിളിച്ചു," ഷാഹിനയുടെ പിതാവിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തെങ്കിലും അറിയാമോ?അയാളൊരു ഡോക്ടറാണോ?
"അല്ലസാർ,അയാൾ ഒരു വസ്ത്രവ്യാപാരിയാണ്‌.നേപ്പാളിൽ നിന്ന് കമ്പിളി ഇറക്കി വ്യാപാരം ചെയ്യുന്നയാൾ. ഒരു സാധു".
"വിജയേന്ദ്രഘോഷ്‌ നിങ്ങൾ ഒരു കാര്യം ചെയ്യണം,ഷാഹിനയുടെ കുടുംബവുമായ്‌ അടുത്തിടപഴകുന്നവരുടെ ഡീറ്റെയിൽസ്‌ കളക്റ്റ്‌ ചെയ്യണം.പ്രത്യേകിച്ചും ഡോക്ടർ മാർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ" രണ്ട്‌ ദിവസത്തിനുള്ളിൽ നേരിൽ കാണാമെന്നും കാര്യങ്ങൾ നേരിറ്റൊറ്റ്‌ പറയാമെന്നും പറഞ്ഞ്‌ സംഭാഷണമവസാനിപ്പിച്ചു.
"എനിക്കിത്‌ വിശ്വസിക്കാൻ കഴിയുന്നില്ല.മിഹീർ കൗശിക്‌ തന്നെയാണ്‌ ലീലയെന്നോ?അതെങ്ങനെ സാധിക്കും?
വ്യക്തമായ പ്ലാനിംഗ്‌ ഉണ്ടെങ്കിൽ എന്തും സാധിക്കും മിസ്റ്റർ വിജയേന്ദ്ര ഘോഷ്‌,ഇതിൽ കൃത്യമായ പ്ലാനിംഗും ഒരുകൂട്ടം വിദഗ്ദരുടെ ഒത്താശയുമുണ്ട്‌."
"ആട്ടെ താങ്കൾക്ക്‌ എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ?"
"ഷാഹിനയുടെബന്ധുക്കളിലാരും ഡോക്ടർ മാരില്ല.അവളുടെ പിതാവിന്‌ അധികം സുഹൃത്‌ ബന്ധങ്ങളുമില്ല .പിന്നെ ആകെയുള്ളത്‌ അവരുടെ കുടുംബ ഡോക്ടർ സന്ദീപ്‌ സെൻ ആണ്‌.ഷാഹിനയുടെ കുടുംബവുമായ്‌ നല്ല അടുപ്പത്തിലാണെന്ന് തോന്നുന്നു.അയാളിപ്പോൾ ചരൺപൂർ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടാണ്‌".
" മുടിമുഴുവൻ നരച്ച കൃശഗാത്രനായ മനുഷ്യനായിരുന്നു സന്ദീപ്‌ സെൻ.മുഖത്ത്‌ നല്ല കുലീനത.ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ ഞാനാ രണ്ട്‌ ഫോട്ടോയും അയാൾക്ക്‌ നേരേ നീട്ടിയത്‌,മുഖത്തെ ഭാവപകർച്ച അറിയുകയായിരുന്നു ലക്ഷ്യം.മുഖത്തെ പുഞ്ചിരി മാഞ്ഞില്ല പക്ഷെ ഇരയെ അനായാസം കീഴ്പ്പെടുത്തിയ വേട്ടമൃഗത്തിന്റെ ഉദാസീനതയോ പുച്ഛമോ കലർന്നൊരുഭാവം ആ കണ്ണുകളിൽ വ്യക്തമായ്‌ കണ്ടു."
"ഇവരെ രണ്ടുപേരേയും കുറിച്ച്‌ എനിക്ക്‌ പറഞ്ഞുതരാൻ കഴിയുമെന്ന് തോന്നുന്നു.പക്ഷേ ഇപ്പോൾ ഞാൻ തിരക്കിലാണ്‌.വൈകിട്ട്‌ എന്റെ വീട്ടിലേക്ക്‌ വരൂ,ഇതാണ്‌ അഡ്രസ്‌".
" അയാൾ തന്ന കാപ്പ്പി കുടിക്കുന്നതിനിടയിലാണ്‌,അയാൾ ശാന്തനായ്‌ പറഞ്ഞു തുടങ്ങിയത്‌.
മിസ്റ്റർ നിരഞ്ജൻ നിങ്ങൾക്കൊരു മകളുണ്ടോ?
"ഉണ്ട്‌"
"എത്ര പ്രായം വരും"
"പതിമൂന്ന്"
"ഒരുദിവസം അവൾ വീട്ടിലെത്തിയില്ലെങ്കിൽ,പൈറ്റേന്ന് നിങ്ങൾ അവളുടെ മരണ വാർത്തയാണ്‌ കേൾക്കുന്നതെങ്കിൽ,ഒരു മനുഷ്യമൃഗത്തിനാൽ അതിക്രൂരമായ്‌ ബലാൽസംഗം ചെയ്യപ്പെട്ട്‌,പാതയോരത്ത്‌ ദേഹമാസകലം മുറിവുകളുമായ്‌.........
" മുഴുവിപ്പിക്കാൻ വിട്ടില്ല,ഞാൻ അറിയാതെ ചാടി എണീറ്റു,മുഷ്ടികൾ ചുരുണ്ടിരുന്നു.കൈതട്ടി കാപ്പികപ്പ്‌ മറിഞ്ഞുപോയ്‌"
"സ്വന്തം മകളെ പറ്റിയുള്ള വെറുമൊരു പരാമർശം നിങ്ങളെ ഇത്രയേറെ പ്രകോപിപ്പിച്ചെങ്കിൽ അങ്ങിനെയൊന്ന് സംഭവിച്ചാൽ അതിനുകാരണക്കാരായവരെ നിങ്ങൾ എന്ത്‌ ചെയ്യും,അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ അങ്ങിനെയൊരു ദുർവ്വിധി അനുഭവിക്കേണ്ടിവന്ന നീതി നിഷേധിക്കപ്പെട്ട ഒരു പിതാവ്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങളുടെ അഭിപ്രായം?'
" അയാൾ പറഞ്ഞത്‌ ശറിയായിരുന്നു,ഓരോ കൊലപാതക കേസുകളോ,പീഡന കേസുകളോ അന്വേഷിക്കുമ്പോളോ അറിയുമ്പോളോ,നമുക്ക്‌ പ്രിയപ്പെട്ടവർക്കാർക്കെങ്കിലും ആങ്ങീ സംഭവിക്കുന്നതിനെക്കുറിച്ച്‌ ഞാൻ ആലോചിച്ചിട്ടില്ല,ഇരകളാകുന്നവരുടെ ഉറ്റവരുടെ മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടില്ല"
"വരൂ നമുക്ക്‌ അകത്തേക്ക്‌ പോകാം,അവിടെ എന്റെ കുറച്ച്‌ അതിഥികളുണ്ട്‌"
"ഇത്‌ ഷാഹിനയുടെ പിതാവ്‌ അൻ വർ അലി"
"ഞാൻ കണ്ടു ശാന്തമായ മുഖത്ത്‌ ഇനിയും മാഞ്ഞട്ടില്ലാത്ത വേദനയുടെ ആഴം"
ഇത്‌ ഗായത്രി സെൻ,എന്റെ അനന്തരവൾ,ഷാഹിന ഇവൾക്ക്‌ കുഞ്ഞനുജത്തിയായിരുന്നു,ഇപ്പോൾ ഗെറ്റ്‌ വെൽ ഹോസ്പിറ്റലിൽ ഡെർമറ്റോളജിസ്റ്റ്‌."
ഇത്‌ ഡോക്ടർ ഋഷികേശ്‌ ഗായത്രിയുടെ സുഹൃത്തും സീനിയറും,ഗെറ്റ്‌ വെൽ ഹോസ്പിറ്റലിലെ യൂറോളജി സർജ്ജൻ"
പിന്നെ പേരുപറഞ്ഞാൽ ഇദ്ദേഹത്തെ താങ്കൾ അറിയും,അഗോർ നാഥ്‌ ഗുപ്ത"
"അപ്പോൾ ഒരു പോലീസ്‌ ഓഫീസറും ഇതിനുപിന്നിലുണ്ട്‌"
"ഞങ്ങൾ അന്ന് അൻ വർ അലിയുടെ വീട്ടീലേക്ക്‌ പോയത്‌,കേസിൽ പിന്വലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനായിരുന്നു"
"പക്ഷെ ഞങ്ങളവൈടെ കണ്ടത്‌ നീതി നിഷേധത്തിൽ മനം നൊന്ത്‌ കൂട്ട ആത്മഹ്ത്യക്കൊരുങ്ങുന്ന താണ്‌"
"ആ പിതാവിനെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്കായില്ല.അദ്ദേഹത്തിനു നിഷേധിക്കപ്പെട്ട നീതി ഞങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതങ്ങനെയാണ്‌"
"നിങ്ങൾക്കറിയാമോ,മക്കളില്ലാത്ത എനിക്കും ഭാര്യക്കും അവൾ സ്വന്തം മകളായിരുന്നു,ഒരു പൂമ്പാറ്റയെപ്പോൽ പാറിനടന്നിരുന്നവൾ,എന്നിട്ട്‌ അവളുടെ ചേതനയറ്റ ശരീരം കീറിമുറിക്കാനുള്ള നിയോഗവും എനിക്കായിരുന്നു."
"ഭക്ഷണത്തിനു വേണ്ടി വേട്ടയാടുന്ന മൃഗത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്‌ അവൻ അവളുടെ മൃത്ദേഹത്തോടുപോലും ചെയ്തത്‌.
ഗർഭാശയം ആസിഡ്‌ സ്പ്രേ ചെയ്യപ്പെട്ട്‌ പൊള്ളിയനിലയിലായിരുന്നു.ഇതിനിടയിൽ അവൻ നാലോ അഞ്ചോ സിഗരറ്റ്‌ വലിച്ചിരുന്നിരിക്കണം,ആ കുറ്റികൾ അവളുടെ ജനനേന്ദ്രിയത്തിൽ നിന്ന്.....
വാക്കുകൾ ഇടറി,അദ്ദേഹത്തിന്‌ പൂർത്തീകരിക്കാനായില്ല.
"മരണം അവനുള്ള ചെറിയ ശിക്ഷയായിരിക്കും,ഷാഹിന അനുഭവിച്ച അപമാനവും ക്രൂരതയും ദയാരാഹിത്യവും എങ്ങനെ അവനുനൽകാം എന്ന ചിന്തയിൽ നിന്നാണ്‌ ,അവന്‌ ഒരു സ്ത്രീയുടെ പുനർജ്ജന്മം നൽകാം എന്ന ആശയം ഉദിച്ചത്‌"
"ഒരുമാസത്തെ കൃത്യമായ പ്ലാനിംഗ്‌,പിന്നെയും അഞ്ചു മാസമെടുത്തു നിങ്ങളുടെ കയ്യിലെ ഫോട്ടോയിലെ ലീല രൂപം പ്രാപിക്കാൻ.രണ്ടുമാസവും വലിയൊരു തുകയും വേണ്ടിവന്നു ഋഷികേശിന്റെ വീട്ടിലെ ഒരു മുറി സർജ്ജിക്കൽ തീയെറ്റർ ആക്കി മാറ്റിയെടുക്കാൻ."
"അഗോർ നാഥാണ്‌ മിഹീറിനെ കൊണ്ടുവന്നത്‌.മിഡാസൊലം ഇഞ്ചെക്ഷൻ കുറഞ്ഞ ഡോസുകളിൽ ഇടവിട്ട്‌ നൽകി അവനെ മൂന്നുദിവസം മയക്കി കിടത്തി.പിന്നീടാണ്‌ അരോമറ്റേസ്‌ പ്രൈമറി ഡോസ്‌ നൽകി ത്തുടങ്ങിയത്‌.
ഋഷികേശിന്റെ ഉറ്റ സുഹൃത്തും കാലിഫോർണിയ കോസ്മെറ്റിക്സ്‌ സർജ്ജറി ഇൻസ്റ്റിട്യൂട്ടിലെ പ്ലാസ്റ്റിക്‌ സർജ്ജറി വിദഗ്ദയുമായ ചെന്നെക്കാരി,ഉമാകൃഷ്ണാമ്പാൾ ഒരുമാസം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.അവളുടെ സുഹൃത്ത്‌ ഡോക്റ്റർ ബെൻ വാക്കറിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ഹോർമ്മോൺ തെറാപ്പി."
"പൂർണ്ണമായും സ്ത്രൈണ ഭാവങ്ങൾ കാണിച്ചുതുടങ്ങിയതിനു ശേഷമായിരുന്നു,ട്രാൻസ്പ്ലാന്റേഷൻ." അതും കഴിഞ്ഞ്‌ ഡോക്ടർ ഉമയുടെ നേതൃത്വത്തിൽ ഒൻപത്‌ തുടർ പ്ലാസ്റ്റിക്‌ സർജ്ജറികൾ വേണ്ടിവന്നു,മിഹീർ ലീലയായ്‌ മാറാൻ."
"പിന്നെ ഗായത്രി നൽകിയ ഗ്ലുട്ടാത്തിയോൺ ഇഞ്ചെക്ഷനിലൂടെ ഇരുണ്ടനിറം മാറി ലീല വെളുത്ത സുന്ദരിയായ്‌"
"ഇതോടെ ഞങ്ങൾ മിഹീറിന്‌ വിധിച്ച ശിക്ഷയുടെ ഒന്നാം ഘട്ടം പൂർത്തിയായ്‌"
"പിന്നെ നിങ്ങൾ അവനെ.....അവളെ സോനാഗച്ചിയിൽ വിറ്റു.....പക്ഷെ ഒരു കുറ്റകൃത്യത്തെ പഴിചാരി മറ്റൊരു കുറ്റകൃത്യം ചെയ്യാൻ ആർക്കും അധികാരമില്ല മിസ്റ്റർ സന്ദീപ്‌ സെൻ"
"ഞങ്ങളൊരു കുറ്റവും ചെയ്തട്ടില്ല നിരഞ്ജൻ,മിഹീർ കൗശികിന്റെ ആവശ്യപ്രകാരമാണ്‌,ആ സർജ്ജറി നടന്നത്‌.അവന്റെ സ്വന്തം കൈവിരൽ മുദ്രയുള്ള സമ്മതപത്രമുണ്ട്‌ ഗെറ്റ്‌ വെൽ ഹോസ്പിറ്റലിൽ,സർജ്ജറിക്ക്‌ അവൻ കാശടച്ചതിന്റെ രേഖകളും."
"നിങ്ങൾ സത്യസന്ധനും സമർത്ഥനുമായ പോലീസ്‌ ഓഫീസർ ആയതുകൊണ്ട്‌ അറിയാനുള്ളത്‌ അറിഞ്ഞു,ഇനി ഈ കഥ പുറം ലോകം അറിയാതിരിക്കട്ടെ"
"പിന്നീടോ അതിനുമുൻപോ എനിക്കതുപോലെ വിജയത്തിനും പരാജയത്തിനും നടുക്ക്‌,നീതിക്കും കുറ്റത്തിനും നടുക്ക്‌ തലകുനിച്ചു നിൽക്കേണ്ടി വന്നട്ടില്ലാ മിസ്റ്റർ സുമിത്‌"
"പക്ഷെ സാർ എന്തുകൊണ്ടായിരിക്കും ലീല ;വീണ്ടും മിഹീർ സിലിഗുരിയിലെത്തും എന്നെഴുതിയത്‌"
"അടുത്ത ജന്മത്തിൽ...............,പക്ഷെ ഒന്നെനിക്ക്‌ ഉറപ്പാണ്‌,അടുത്ത ജന്മം അവൻ മിഹീർ കൗശിക്‌ ആയി തന്നെ ജനിച്ചാലും ,സ്ത്രീകളോട്‌ ആദരവ്‌ ഉള്ളവനായിരിക്കും".......... .

by: Jimmy joseph
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo