Slider

ക്ലാസ്സ്മുറിയിലേക്കൊന്നു തിരിച്ചു പോകണം

0

ഒരിക്കൽ കൂടി എനിക്കെന്റെ ക്ലാസ്സ്മുറിയിലേക്കൊന്നു തിരിച്ചു പോകണം ..... ഫസ്റ്റ് ബെല്ലിനു മുന്നേ സ്കൂളിലെത്താൻ എത്രശ്രമിച്ചിട്ടും കഴിയാതിരുന്ന ആ ദിവസ്സങ്ങളിലേക്ക്..... 
രാവിലെ എട്ടരയാകുമ്പോഴേക്കും എന്നെ തേടി വരുന്ന സന്ധ്യ എന്ന കൂട്ടുകാരി..... ഒരുക്കങ്ങളെല്ലാം ഒന്നിച്ചു പൂർത്തിയാക്കുന്ന ഞങ്ങളുടെ ഇഷ്ടങ്ങളും പലപ്പോഴും ഒന്നായിരുന്നു..... പൊട്ടിയ കണ്ണാടിച്ചില്ലിൽ നോക്കി വിളക്കിലെ കരികൊണ്ടു എന്റെ വലിയ കണ്ണുകൾ എഴുതിക്കാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.... രണ്ടുഭാഗത്തും പിന്നിയിട്ട മുടിയിഴകൾ... തോളിലെ തുണിസഞ്ചി...... ചെരുപ്പില്ലാത്ത ഞങ്ങളുടെ പാദങ്ങൾ.... പാടവരമ്പിലൂടെ വരിവരിയായുള്ള ഞങ്ങളുടെ നടത്തം..... കൊലുസിന്റെ ചിരികൾക്കുപകരം മുഴങ്ങികേൾക്കുന്ന ഉച്ചത്തിലുള്ള ഞങ്ങളുടെ ചിരി.... ഒരു കുടകീഴിൽ നനഞ്ഞുകുതിർന്നു സ്കൂളിലെത്തുമ്പോഴേക്കും എല്ലാ വിശേഷങ്ങളും പറഞ്ഞു തീർന്നിരിക്കും... ക്ലാസ്സിലെത്തിയാൽ ഞങ്ങളുടെ കൂട്ടത്തിലേക്കു പിന്നെയും ചിലർകൂടി.... സജിത, വിജി, ഷൈനി.... അങ്ങിനെ ചിലർ... എന്റെ പ്രിയകൂട്ടുകാരി വിജി..... അവൾ നല്ലൊരു പാട്ടുകാരികൂടിയാണ്..... സ്കൂളിലെ ഗാനകോകിലം.... പാട്ടിനോട് പണ്ടും എനിക്ക് വല്ലാത്ത കമ്പമായിരുന്നു.... അതുകൊണ്ടു എന്റെ സ്ഥാനം എന്നും അവൾക്കരികിലായിരുന്നു...... ഇടവേളകളിൽ അവളുടെ പാട്ട്കേൾക്കുക എന്നത് എന്റെ മാത്രം അവകാശമായിരുന്നു... മറ്റാരും അവളെ സ്നേഹിക്കുന്നതോ അവൾ വേറെയാരെയും സ്നേഹിക്കുന്നതോ എനിക്ക് സഹിക്കില്ലായിരുന്നു.... എന്റെ വലിയ കണ്ണുകളോട് അവൾക്കെന്നും അസൂയയായിരുന്നു.... "ചത്തമീനിന്റെ കണ്ണുപോലെ "എന്നുപറഞ്ഞു അവളെപ്പോഴും ആ കുശുമ്പ് പ്രകടമാക്കാറുണ്ട്...... എന്നാലും ഒരുദിവസം ഞാൻ കണ്ണെഴുതാതെ വന്നാൽ അവൾക്കാണ് ഏറ്റവും സങ്കടം..... ആ ഉണ്ടക്കണ്ണിന്റെ ഭംഗി ഇല്ലാതാക്കിയെല്ലോടി എന്ന് പറഞ്ഞു പുറകെ വരുന്ന അവളെ ഞാനിപ്പോഴും ഓർക്കുന്നു.....
പിന്നേ ക്ലാസ്സിലെ തമാശക്കാരൻ ക്ലീമി, പഠിപ്പിസ്റ്റ് ടോണി, പാട്ടുകാരൻ സുമേഷ്, എന്നോടുള്ള പ്രണയം ഉള്ളിലൊതുക്കിയിരുന്ന ലോറൻസ്, ഒരു പുഞ്ചിരിയോടെ മാത്രം എല്ലാവരോടും ഇടപെട്ടിരുന്ന,ഓട്ടൻതുള്ളൽ കളിക്കുമായിരുന്ന പ്രിയപ്പെട്ട ബിനോയ്..... സുന്ദരിയായ സുനിത.... കണ്ണടക്കാരി ഷിജി.... പൊക്കക്കാരി കൃഷ്ണപ്രിയ..... അങ്ങനെ ഇപ്പോഴും ഓർത്തുവെക്കുന്ന ഞങ്ങൾ നാല്പതുപേരുടെ ക്ലാസ്സ്‌റൂം...... അതൊരു സ്വർഗ്ഗമായിരുന്നു.......
ജോയ്‌മാഷിന്റെ മലയാളം ക്ലാസും ബേബിടീച്ചറിന്റെ ബയോളജി ക്ലാസും.... ആനിടീച്ചറിന്റെ ഇഗ്ലീഷ് ക്ലാസും എത്രജന്മം കഴിഞ്ഞാലും മറക്കാനാവില്ല....
സെൻഡോഫ് ദിവസ്സം എന്റെ ടീച്ചർ പാടിയ "മധ്യവേനലവധിയായി..... "എന്ന് തുടങ്ങുന്ന ഗാനം കേട്ടു പൊട്ടിക്കരഞ്ഞ ഞാനെന്ന കൗമാരക്കാരി.... എല്ലാം ഇന്നും ഓർമയിലിങ്ങനെ തെളിഞ്ഞു നിൽക്കുന്നു...
വീണ്ടും ആ ക്ലാസ്സ്മുറിയിലേക്കു എല്ലാവരെയും എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.... ഒരുവട്ടം കൂടി അവരിലൊരാളാവാൻ...


by- 
Gowry Kalyany 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo