Slider

ബല്ലാത്ത ജാതി പുലിമുരുകൻ:

0

ചെറു അവധിക്കായി നാട്ടിലെത്തിയ ആദ്യദിനം തന്നെ കുടുംബത്തോടൊപ്പം പോയി പുലി മുരുകൻ കണ്ടു.
സംഗതിയൊക്കെ കൊള്ളാം ...
മോഹൻലാലിന്റെ കടുത്ത വിമർശകയായിരുന്ന ഭാര്യ പൊടുന്നനെ തന്നെ പുള്ളിക്കാരന്റെ കട്ട ഫാനായതും സ്പൈഡർമാനെയും ഡിങ്കനെയുമൊക്കെ ആവാഹിച്ചു നടന്ന പുത്രന് അനുകരിക്കാൻ പുതിയ ഒരു കഥാപാത്രത്തെ കിട്ടിയതുമാരുന്നു എടുത്ത് പറയേണ്ട സവിശേഷത.
ഏതാനും ദിവസങ്ങൾക്കു ശേഷം ഭാര്യാഗൃഹ സന്ദർശനത്തിൽ എറണാകുളത്ത് വെച്ച് അവരോടൊപ്പം ഒന്നുകൂടെ പടം കണ്ടതോടു കൂടി സാരംഗിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
ആഹാരം കഴിക്കാൻ വിളിച്ചാൽ പുലിയെ പോലെ ചാടി ചാടി വരും.
ദേഷ്യപ്പെട്ടാൽ അപ്പൊ മീശയും പിരിച്ച് മുട്ടും കുത്തി ഒരു കൈയ്യും പൊക്കി പുലി മുരുകനായി അങ്ങനെ നിൽക്കും .. അകമ്പടിയായി മുരുകാ ... മുരുകാ ... എന്ന പാട്ടും .
പണ്ട് ബാഹുബലി കണ്ടിട്ട് ജനലിൽ പിടിച്ച് കയറി മുകളിൽ നിന്നും എടുത്ത് ചാടിയ കക്ഷിയാണ്.
അന്ന് എല്ലാവരും ഭയപ്പെട്ടു പോയ അനുഭവം ഉണ്ടായതിനാൽ കൗശലപൂർവ്വം ഞാൻ അവന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിന്നു ...
തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ...
ഔദ്യോഗികമായ ഒരു കാര്യത്തിന് ആരോഗ്യ മന്ത്രാലയം സന്ദർശിച്ച ശേഷം ശിഷ്ട സമയം മൃഗശാലയിലേക്ക് പ്രവേശിച്ചു ...
ഉറക്കച്ചവിടിന്റെ ആലസ്യത്തിലായിരുന്ന കുട്ടി മുരുകൻ കടുവാക്കൂടിനു സമീപമെത്തിയതോടു കൂടി സട കുടെഞ്ഞെണീറ്റു ..
തൊളിൽ കിടന്നു കൊണ്ടുതന്നെ കടുവയെ നോക്കി എന്തൊക്കെയോ ആക്രോശിക്കുകയാണ് !!
കൂട്ടിൽ തലങ്ങും വിലങ്ങും നടക്കുന്ന ഭീമാകാരനെ കണ്ട് കൂടിനു പുറത്ത് ആവേശത്തോടെ ഓടിക്കളിക്കുന്ന മറ്റ് കുരുന്നുകളാടാപ്പം അവനും ചേർന്നു ...
അല്പം ആസ്വദിച്ചോട്ടെ എന്ന് കരുതി അവരെ എല്ലാവരെയും സ്വതന്ത്രരാക്കി
വിട്ട് മാതാപിതാക്കളൊക്കെ സമീപത്തായി നിൽക്കുന്നുണ്ട്.
പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് എവിടുന്നോ പൊക്കി കൊണ്ടുവന്ന ഒരു ചുള്ളിക്കമ്പ് ഉയർത്തി പുലിക്കുട്ടിലേക്ക് തൊടുക്കാൻ നിൽക്കുകയാണ് നമ്മുടെ മഹാൻ !!!!!!
ഭാര്യ ഓടിച്ചെന്നു അത് പിടിച്ചു വാങ്ങിയതിനാൽ ഗാർഡിന്റെ തല്ലു കൊള്ളുന്നതിൽ നിന്നും ഞാൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
രംഗം അത്ര പന്തിയല്ലെന്നു മനസിലായതിനാൽ കക്ഷിയെ ഞാൻ എടുത്ത് കൊണ്ടു തന്നെ നടന്നു ...
ഈ പൊല്ലാപ്പു പിടിച്ച പുലിമുരുകൻ കാരണം നമ്മൾ നാട്ടുകാരുടെ തല്ലു വാങ്ങേണ്ട അവസ്ഥയിലായി!!!!
അന്ന് രാത്രി തലസ്ഥാനത്തു തങ്ങിയതിനു ശേഷം രാവിലെ ശ്രീപത്മനാഭ ക്ഷേത്ര സന്ദർശനം നടത്തി.
ഭാര്യയുടെ വളരെ നാളത്തെ ഒരു ആഗ്രഹ സഫലീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത് .
അമ്പലത്തിൽ ഉൽസവം നടക്കുന്ന സമയമായതിനാൽ സാമാന്യം നല്ല തിരക്കായിരുന്നു.
ക്യൂ പകുതി ആയപ്പോഴെക്കും നടയടച്ചു.
ഇനി ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞേ തുറക്കുകയുള്ളൂ ...
അമ്പലത്തിനോട് ചേർന്നു തന്നെ ഒരു മ്യൂസിയവും ആർട്ട് ഗ്യാലറിയും ഉണ്ട്.
ഇടയ്ക്കുള്ള സമയം നമുക്ക് മ്യൂസിയം സന്ദർശിക്കാം എന്ന് പറഞ്ഞപ്പോൾ ഭാര്യക്ക് വിമുഖത .
ഒടുവിൽ സ്പെഷ്യൽ ടിക്കെറ്റടുത്ത് ദർശനം വേഗത്തിൽ നടത്തി തരാം ,എറ്റവും മുന്നിലായി തന്നെ ശ്രീ പത്മനാഭനെ കാണാം എന്നൊക്കെപ്പറഞ്ഞ് ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
വളരെ ഹൃദ്യമായ അനുഭവം ആരുന്നു മ്യൂസിയത്തിനുള്ളിൽ .
തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷം.
ഒരു ഗൈഡി ന്റെ നേതൃത്വത്തിൽ ചെറുസംഘങ്ങൾ ആയാണ് സഞ്ചരിക്കുന്നത്.
ഞങ്ങളുടെ ഗ്രൂപ്പിൽ ഒമാൻ സ്വദേശികളായ രണ്ട് അറബികളും പാശ്ചാത്യരായ മറ്റ് നാലുപേരും ആണ് ഉണ്ടായിരുന്നത്.
പഴമയുടെ കഥകളും ചരിത്രങ്ങളും ആധികാരികമായി വിവരിച്ചുകൊണ്ട് ഗൈഡ് ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്.
അതിശയിപ്പിക്കുന്ന വാസ്തുശില്പ വൈദഗ്ദ്ധ്യങ്ങളും അത്ഭുതപ്പെടുത്തുന്ന രവിവർമ്മ ചിത്രങ്ങളും വിചിത്രങ്ങളായ മറ്റ് കൊട്ടാരം സൂക്ഷിപ്പുകളും ഒക്കെ കണ്ട് വിസ്മയിച്ച അവർ ഇടക്കുള്ള ലഘു സംഭാഷണത്തിൽ പറഞ്ഞത് ഇത്രയും വല്യ രാജ്യത്തെ കേവലം ഒരു ചെറു പ്രദേശത്തിനു പോലും ഇത്രയും ബൃഹത്തായ ഒരു സംസ്കാരമുണ്ടെങ്കിൽ രാജ്യമെമ്പാടുമുള്ള ,ഒരായുസ്സു മുഴുവൻ ചിലവിട്ടാലും കണ്ടു തീർക്കാൻ കഴിയാത്തത്ര സമ്പത്തിനുടമയായ നിങ്ങൾ ഇന്ത്യാക്കാർ എത്ര ഭാഗ്യവാൻമാർ ആണെന്നാണ് !!!
അവർക്കൊപ്പം ഞാനും ആദ്യമായണല്ലൊ ഇതൊക്കെ കാണുന്നത് എന്നതോർത്ത് ശരിക്കും ലജ്ജതോന്നി അപ്പോൾ......
നടന്നു ക്ഷീണിച്ച സാരംഗിനെ ഞാൻ എടുത്ത് നടക്കുവാൻ തുടങ്ങി.
ആശാൻ ആകെ ബോറടിച്ചിരിക്കുവാണ്.
മതി നമുക്ക് വീട്ടിൽ പോകാം എന്നൊക്കെ ഇടക്ക് പറയുന്നുണ്ട്.
പത്മനാഭ ദർശനം കിട്ടാതാകുമൊ എന്ന ആകുലതയിലാണ്
പ്രിയതമ.
രണ്ടുപേരെയും ഒരുവിധം മെരുക്കി ഗൈഡിന് കാതോർത്തു നടന്നു .
പെട്ടെന്ന് കൈയിൽ നിന്നും കുതറി ചാടിയിറങ്ങിയ സാരംഗ്
മുരുകാ ... മുരുകാ ... പാടാൻ തുടങ്ങി ... !!!
കിഴുമേൽ രണ്ട് ചാട്ടം ചാടി കൈകൾ ചുഴറ്റി സാക്ഷാൽ പുലി മുരുകനെ പൊലെ മുട്ടുകുത്തി കൈകൾ പൊക്കി ഒറ്റനിൽപ്പ് ...!!!!
ഇതെന്ത് കഥ ! എന്ന് ശങ്കിച്ച് നിൽക്കുന്ന സന്ദർശകരുടെയും വാ പൊളിച്ച് നിൽക്കുന്ന ഗൈഡിന്റെയും മുമ്പിലൂടെ ഞാൻ അവിടെയാകെ പരതി ...
അവൻ എവിടെയൊ ഒരു പുലിയുടെ പടം കണ്ടു കാണണം ... !!!
നോക്കിയപ്പോൾ രാജാവ് പണ്ട് യുദ്ധത്തിനുപയോഗിച്ച കുറച്ച് കുന്തങ്ങൾ അവിടെ അടുക്കി വെച്ചിരിക്കുന്നു .....
""നമ്മുടെ പുലി മുരുകൻ പുലിയെ കൊല്ലാൻ ഉപയോഗിച്ച അതേ ... കുന്തം ..""

By: 
Sajeev Surendran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo