ഒരു തേങ്ങൽ.. എവിടെ നിന്നാണത്..? ആരാണത്..? വീടു മുഴുവൻ നോക്കിയിട്ടും ആരെയും കണ്ടില്ല. പക്ഷേ ആരോ ഉണ്ട് അരികെ. രാജീവേട്ടനെ വിളിക്കണോ? വേണ്ട. ഒരു പക്ഷേ ഓപറേഷൻ തിയറ്ററിൽ കയറിക്കാണും. ഈശ്വരാ.. ഉറങ്ങാനും പറ്റുന്നില്ലല്ലോ..
ഡോക്ടർ അനിത രണ്ടു കൈകളുമുപയോഗിച്ച് ചെവിമൂടി. തിരിഞ്ഞും മറിഞ്ഞും കിടന്നു. ആ തേങ്ങൽ പിന്നെയും കുറേ സമയം നീണ്ടു നിന്നു.
ഇല്ല. ഇപ്പോഴില്ല. ആ ശബ്ദം.. അത് നിലച്ചിരിക്കുന്നു. അനിത എണീറ്റിരുന്നു. എന്തായിരുന്നത്..? ഇത്രയും നേരം തന്നെ ഭയപ്പപെടുത്തി കൊണ്ടിരുന്നത്..?എന്തെങ്കിലുമാട്ടെ. തൽക്കാലം അതൊഴിഞ്ഞു പോയല്ലോ.. ആശ്വാസം.
അനിത വീണ്ടും ഉറങ്ങാനായി കിടന്നു. പക്ഷേ ഉറക്കം അവളെ വിട്ടൊഴിഞ്ഞ് പോയിരുന്നു. അവളുടെ ചിന്തകൾ വർഷയുടെ ഓർമ്മകളിലേക്ക് കടന്നു.
ഇന്നു മുഴുവൻ പ്രിയ കൂട്ടുകാരിയുടെ ഓർമ്മകൾ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. 'തെളില്ലാത്തതിനാൽ വർഷ കൊലക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുന്നു' രാവിലെ തന്നെ തേടി വന്ന വാർത്തയാണിത്. ഹരി പത്മനാഭനും കൂട്ടരും വിജയ ഭേരി മുഴക്കി കോടതിക്ക് പുറത്ത് വരുന്ന കാഴ്ച ടി.വിയിലും കാണിച്ചു ഒരു നൂറാവർത്തി. ഇപ്പോ എൻറെ വർഷ.. അവൾ വേശ്യ.. സംഭവിച്ചതിനെല്ലാം കുറ്റക്കാരി അവൾ.. അവൾ മാത്രം.
അനിത പെട്ടെന്ന് ചാടിയെണീറ്റു.
ഒരുപക്ഷേ അവളായിരിക്കുമോ ഇത്രയും നേരം തന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നത്..? മരിച്ചിട്ടും കിട്ടാത്ത നീതിയെ ഓർത്ത് കരയുന്ന തൻറെ വർഷയാണോ ഇത്രയും നേരം തൻറെ അരികിലുണ്ടായിരുന്നത്..?!
അതെ!! അതവൾ തന്നെ ആയിരുന്നു. എൻറെ പൊന്നുമോളെ.. ഞാൻ മനസ്സിലാക്കിയില്ലല്ലോ നിന്നേ..എന്തു പറയാനാണു നീ എന്നെത്തേടി വന്നത്.. ഈശ്വരാ..എനിക്കൊന്നും അറിയാൻ പറ്റുന്നില്ലല്ലോ..!
എന്തോ ഓർത്ത് അനിത സ്വീകരണ മുറിയിലേക്ക് നടന്നു. പുസ്തക അലമാരിയുടെ താഴെ തട്ടിൽ നിന്ന് എന്തോ വലിച്ചെടുത്തു. ഓജോ ബോർഡ്!!
ഇതിനാവും എൻറെ വർഷയെ തിരികെ കൊണ്ടുവരാൻ.. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രികളിൽ ഓജോ ബോർഡ് കളിച്ച് താനും വർഷയും എത്രയോ ആത്മാക്കളോട് സംസാരിച്ചിരിക്കുന്നു..?!! പിന്നെ ഇപ്പോൾ ഞാൻ വിളിച്ചാൽ എൻറെ വർഷ വരാതിരിക്കില്ല.
ഒരു മെഴുകുതിരി കത്തിച്ച് ഹാളിലെ തറയിൽ അവൾ ഇരുന്നു. മുൻപിൽ ഓജോ ബോർഡ് നിവർത്തി വെച്ചു. ബോർഡിൻറെ നടുക്കായി നാണയവും നാണയത്തിൽ ചൂണ്ടു വിരലും വെച്ചു.
വർഷാ... പ്ലീസ് കം... നീയെൻറെ അരികിൽ വന്നതു ഞാനറിയാൻ വൈകിപ്പോയി. മരിച്ചിട്ടും നോവുന്ന നിന്നെയെനിക്കറിയാം... ഇന്നു നിനക്ക്
മരണ വേദനയേക്കാൾ നോവുള്ള ദിവസമാണ്.. എനിക്കറിയാം.. പ്ലീസ് കം...വർഷാ.. പ്ലീസ് കം..
മരണ വേദനയേക്കാൾ നോവുള്ള ദിവസമാണ്.. എനിക്കറിയാം.. പ്ലീസ് കം...വർഷാ.. പ്ലീസ് കം..
അവളങ്ങനെ ഉരുവിട്ട് കൊണ്ടിരുന്നു. ഇടക്ക് ആ നാണയമൊന്നിളകി. ഒരു മിന്നൽ പിണർ അനിതയുടെ മേലാകെ കടന്ന് പോയി.
വർഷാ.. നീ എത്തിയോ...? എൻറെ മുൻപിലേക്ക് വരൂ..എനിക്ക് നിന്നെ കാണണം മോളേ..
ഒരു തേങ്ങൽ അടുത്തടുത്ത് വന്നു. ഒപ്പം മെഴുകുതിരി വെട്ടത്തിനപ്പുറം മങ്ങിയൊരു വെളുത്ത നിഴൽ..! അതിന്‍റെ മുഖത്തും ശരീരത്തിലും ചോരപ്പടുകൾ കാണുന്നുണ്ട്..
അനിതാ... ആ രൂപം വിളിച്ചു.
രണ്ടര വർഷങ്ങൾക്കു ശേഷം അനിത വർഷയുടെ ശബ്ദം കേട്ടു. അവൾക്ക് സംസാരിക്കാനായില്ല.
അനിതാ.. ഇത്രയും അകലത്തിലേ നിനക്ക് എന്നെ കാണാനാവൂ. എൻറെ ദേഹത്തെ ഈ ചോരപ്പാടുകൾ നീ കാണുന്നുണ്ടോ..? ഓരോ വിചാരണയ്ക്കും എൻറെ മേലേൽക്കുന്ന പ്രഹരങ്ങളാണിവ.. രണ്ടര വർഷമായി ഞാനിതിൻറെ നോവുമായി കിടക്കുകയാണ്. അല്ല!! ശവക്കല്ലറക്കുള്ളിൽ കിടക്കാനെനിക്ക് സാധിക്കില്ല. അവിടെ പ്രളയമാണ്.. പെറ്റവയറിൻറെ കണ്ണീരൊഴുകി വന്നവിടെ കിടക്കാൻ സാധിക്കാത്ത വിധം നിറഞ്ഞിരിക്കുന്നു. അനിതാ... എൻറെ മേൽ ചുമത്തപ്പെടുന്ന പാപങ്ങളുടെ ഭാരം കൊണ്ടും, പെൺകുട്ടികളുള്ള അമ്മമാരുടെ ആവലാതികൾ എന്നിൽ പതിക്കുന്നതിനാലും എൻറെ ആത്മാവിനു ഭാരക്കൂടുതലാണ്.. ശാന്തിയുടെ സ്വർഗ്ഗത്തിലേക്ക് അതുകൊണ്ടെനിക്ക് പറക്കുവാനാവുന്നില്ല..ഞാനിവിടെ എൻറെ കുഴിമാടത്തിനു മുകളിൽ കുന്തിച്ചിരിക്കുകയാണ്.. എനിക്കൊപ്പം മോക്ഷം കിട്ടാത്ത ധാരാളം പേരുണ്ട്. അതിൽ കൊച്ചു കുഞ്ഞങ്ങൾ വരെയുണ്ട്. ദയവു ചെയ്തു ഞങ്ങളെ രക്ഷിക്കൂ... ഈ നശിച്ച ഭൂമിയിൽ നിന്ന് കാത്തു കിടക്കുന്ന സ്വർഗ്ഗത്തിലേക്ക് ഞങ്ങൾ പൊയ്ക്കോട്ടെ..
ഒരു തേങ്ങലോടെ ആ രൂപം മാഞ്ഞ് പോയി. അനിത ചുറ്റിലും നോക്കി. ഇരുളും നിശബ്ദതയും മാത്രമേ അവിടെ ബാക്കിയുള്ളൂ...
അടുത്ത ദിവസം അനിതയുടെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ തെളിഞ്ഞു-
പ്രിയ സുഹൃത്തുക്കളെ..
എൻറെ കൂട്ടുകാരി അനിതയെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് രണ്ടര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഹരി പത്മനാഭൻ എന്ന പ്രതി അവളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കാര്യം ഞാൻ കോടതിയിലും നിയപാലകരുടെ മുൻപിലും പലവുരു പറഞ്ഞു. പക്ഷേ അതൊന്നും ഒരു തെളിവായി മാറിയില്ല. അയാളുടെ പണക്കൊഴുപ്പിൽ പിറന്ന കള്ളത്തെളിവുകൾ കാണിച്ച് അയാൾ രക്ഷപ്പെട്ടു. അല്ല. വിദഗ്ദമായി രക്ഷിച്ചു.
എൻറെ കൂട്ടുകാരി അനിതയെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് രണ്ടര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഹരി പത്മനാഭൻ എന്ന പ്രതി അവളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കാര്യം ഞാൻ കോടതിയിലും നിയപാലകരുടെ മുൻപിലും പലവുരു പറഞ്ഞു. പക്ഷേ അതൊന്നും ഒരു തെളിവായി മാറിയില്ല. അയാളുടെ പണക്കൊഴുപ്പിൽ പിറന്ന കള്ളത്തെളിവുകൾ കാണിച്ച് അയാൾ രക്ഷപ്പെട്ടു. അല്ല. വിദഗ്ദമായി രക്ഷിച്ചു.
ഹേ.. കൂട്ടരേ.. എൻറെ കൂട്ടുകാരിക്ക് നിങ്ങളുടെ ഹാഷ് ടാഗുകളോ ലൈക്കോ കമൻറോ ഒന്നും വേണ്ട. ചങ്കുറപ്പുണ്ടെങ്കിൽ നിരത്തിലേക്കിറങ്ങൂ. പറയൂ നിങ്ങൾ ദൃക്സാക്ഷിയാണെന്ന്..!! ഞാൻ പറയുന്നു.. വർഷ എന്ന എൻറെ കൂട്ടുകാരിയെ ഹരി പത്മനാഭൻ എന്ന കാട്ടാളനും സംഘവും പിച്ചി ചീന്തുന്നത് ഞാൻ കണ്ടു...! നിങ്ങൾ കണ്ടിട്ടില്ലേ..... നിങ്ങൾ ഓരോരുത്തരും കണ്ടിട്ടില്ലേ...
ഓൺ ലൈനിൽ നിന്ന് പുറത്തിറങ്ങിയ ഒരു സമൂഹം നിരത്തിലിറങ്ങി. നീതി ന്യായ കോടതിക്ക് മുൻപിൽ അവർ വിളിച്ചു പറഞ്ഞു.. ഞാൻ കണ്ടു.. ഞാൻ കണ്ടു... പ്രതിഭാഗം വക്കീൽ കള്ളക്കടലാസുകൾ ചുരുട്ടി വിസ്തരിക്കാനാഞ്ഞു.. താൻ കണ്ടില്ലേടോ... ജന സാഗരം അയാൾക്കു നേരെ തിരിഞ്ഞു. ഭയചകിതനായി അയാളും പറഞ്ഞു.. ഞാൻ കണ്ടു.. ന്യായാധിപനും പറഞ്ഞു.. ഞാൻ കണ്ടു.. തെളിവില്ലന്നു പറഞ്ഞു ചുരുട്ടിയ എല്ലാ അന്യായ കലാസുകളും അവിടെ തുറക്കപ്പെട്ടു. എല്ലാ കാമകോമരങ്ങളും ആരാച്ചാരുടെ മുൻപിൽ ചത്ത് തൂങ്ങി.
ശാന്തി കിട്ടിയ ആത്മാക്കൾ പാപ ഭാരങ്ങൾ പാപികൾക്കു തിരിച്ചു നൽകി കൊണ്ട് സ്വർഗ്ഗത്തിലേക്ക് പറന്നു. നക്ഷത്രങ്ങളായി അവർ മാനത്ത് പുനർജനിക്കുമ്പോൾ ഭൂമിയിലെ അമ്മമാരൊക്കെ അന്നാദ്യമായി ഗാഡ നിദ്രയിലായിരുന്നു..അവർക്കൊപ്പം അനിതയും സമാധാനത്തോടെ കിടന്നുറങ്ങി.
ജസീല ഷമീർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക