Slider

പാവം ചേട്ടൻ ഇപ്പോ എവിടാണോ എന്തോ..

0

പതിവിലും വെെകിയെത്തിയ കോട്ടയം-നെയ്യാറ്റിൻകര ഫാസ്റ്റിലേക്ക് കയറുമ്പോൾ നമ്മുടെ സ്ഥിരം സഹയാത്രികരെല്ലാമുണ്ട് ബസിൽ. എല്ലാരെയും നോക്കി പുഞ്ചിരിച്ച് കൊട്ടാരക്കര കഴിഞ്ഞപ്പോൾ ഹരിസാറു എനിക്കു തന്ന മിസ്സ് കാൾ അലെർട്ട് അടുത്ത് നിലമേലിൽ നിന്ന് കയറുന്ന ഗായത്രി ചേച്ചിക്ക് കൊടുത്ത് ഞാൻ പതിവുപോലെ ഹെഡ് സെറ്റും കാതിൽ തിരുകി എം.ടിയുടെ രണ്ടാമൂഴത്തിലേക്ക് മുഖം താഴ്ത്തി.(ഓരോരുത്തരുടെയും സ്റ്റോപ്പിൽ നിന്ന് ബസ് പുറപ്പെടുമ്പോൾ അടുത്ത് കയറാനുള്ളയാൾക്ക് മിസ്കോൾ നല്കുന്നത് ഞങ്ങൾ പതിവ് യാത്രക്കാർക്കിടയിലെ ഒരു അലിഖിത നിയമമാണ്).
ടിക്കറ്റിനായി കണ്ടക്ടർ അടുത്തെത്തിയപ്പോൾ പതിവുപോലെ കാശു നീട്ടി മിണ്ടാതിരുന്നു.
എവിടേക്കാ എന്ന ചോദ്യം കേട്ടപ്പോഴാ ഓർത്തത് ഓ ഇന്ന് പുതിയ കണ്ടക്ടർ ആണല്ലോ പുള്ളിക്ക് അറിയില്ലല്ലോ എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്.സാധാരണ ഈ റൂട്ടിൽ സ്ഥിരം ഡ്രെെവറും കണ്ടക്ടർമാരും ആണ്,അവർക്കെല്ലാം കാണാപാഠമാണ് ഞങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പുകളും."നെടുമങ്ങാട് "ഒരു ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞു." ഇത്തിരി ജാഡയാണെന്നു തോന്നുന്നു"ഗൗരവത്തിൽ ടിക്കറ്റ് അടിച്ചു തന്നിട്ടു പോയ കണ്ടക്ടറെ നോക്കി അടുത്തിരുന്ന ടീച്ചർ ഒരു കമൻ്റും പാസാക്കി."ഇനി ഈ റൂട്ടിലല്ലേ ടീച്ചറേ വരണത്,നമുക്ക് ശരിയാക്കിയെടുക്കാം "എന്ന് ടീച്ചറെ സമാധാനിപ്പിച്ചു.
രാവിലെ ബസിൽ കയറിയപ്പോഴേ ശ്രദ്ധിച്ചതാ പുതിയ കണ്ടക്ടറെ. നമ്മടെ പ്രായത്തിനൊത്ത് വായിനോക്കാൻ പാകത്തിനു യാത്രക്കാരോ കണ്ടക്ടർമാരോ ഇല്ലാതെ ബോറടിച്ചിരുന്ന എൻ്റെ മുൻപിലേക്ക് മരുഭൂമിയിലെ മരുപ്പച്ചപോലൊരു പയ്യൻ കണ്ടക്ടർ വന്നതു കണ്ട് ഉള്ളാലെ ഞാൻ സന്തോഷിച്ചതായിരുന്നു.(തിരിച്ചു നോക്കില്ലെന്ന് ഉറപ്പുള്ളവരെ നമ്മളു വളരെ സുന്ദരമായി വായിനോക്കുന്ന കാലമായിരുന്നു അത്,തിരിച്ചെങ്ങാനും നോക്കി തുടങ്ങിയാൽ ഞാനാ പരിസരത്തേ പിന്നെ നോക്കില്ല,അത്രയ്ക്ക് റിസ്ക് എടുക്കാനുള്ള ധെെര്യമില്ല)പക്ഷേ നമ്മടെ കണ്ടക്ടർ ചേട്ടൻ്റെ ജാഡകണ്ടതോടെ വായിനോക്കാനുള്ള താല്പര്യമങ്ങ് മാറിക്കിട്ടി.കെെയിൽ കനത്തിലൊരു സ്വർണ്ണ ചെയിനും കാലിലെ ബ്രാൻഡഡ് ഷൂവും എല്ലാം കൂടി നമ്മടെ കഥാനായകനൊരു പൊങ്ങച്ചക്കാരൻ പുതുപ്പണക്കാരൻ്റെ ലുക്കുണ്ടായിരുന്നു.
ബസ് നിലമേലെത്തിയപ്പോൾ പതിവുപോലെ എൻ്റെ മിസ് കാൾ കണ്ട് ഗായത്രിചേച്ചി നിൽപ്പുണ്ട് സ്റ്റോപ്പിൽ.എൻ്റെ അടുത്ത സീറ്റിലേക്ക് ചേച്ചിയെ കെെകാട്ടി വിളിക്കുന്നതിനിടയ്ക്കാണ് ചേച്ചിയുടെ പുറകേ കയ്യിലൊരു സഞ്ചിയുമായി ആടിയുലഞ്ഞ് ഒരു പാമ്പ് കയറുന്നത് കണ്ടത്.ഫ്രണ്ടിലെ ഡോറുവഴി കയറിയ നമ്മടെ പാമ്പ് മുറുക്കിചവച്ചുകൊണ്ട് ഡോറിലെ തൂണും ചാരി ഒറ്റ നില്പ്.പുള്ളിക്കാരൻ്റെ കയ്യിലെ സഞ്ചിയിലാണേൽ തടിപ്പണിക്കാർ ഉപയോഗിക്കണ തരം ചെറിയ വാൾ അതിൻ്റെ വായ്ത്തല പുറത്തേക്കു നീട്ടി ഇരിപ്പുണ്ട്.ബസ് ഓരോ വളവും തിരിവും കഴിയുമ്പോളും പ്രസ്തുത വാളു മുൻപിൽ നില്ക്കുന്ന ചേച്ചിമാരുടെ ദേഹത്തു തട്ടുന്നുണ്ട്.ഈ കാഴ്ച കണ്ടുകൊണ്ടാണ് നമ്മുടെ നായകൻ കണ്ടക്ടർ ചേട്ടൻ്റെ വരവ്.ടിക്കറ്റു കൊടുത്തിട്ട് വളരെ സൗമ്യമായി നമ്മടെ നായകൻ പാമ്പിനോടു സഞ്ചിയും കൊണ്ട് ഏതേലും സീറ്റിലിരിക്കാൻ പറഞ്ഞു.പക്ഷേ പാമ്പ് പാമ്പല്ലേ തിരികെ കിട്ടിയ മറുപടി fill in the blanks with appropriate sentence ആയിരുന്നു.അതോടെ നമ്മടെ നായകനും ദേഷ്യം വന്നു.തന്നോടു മലയാളം പറഞ്ഞാൽ മനസ്സിലാകില്ലേ എന്നും പറഞ്ഞ് പുള്ളിക്കാരൻ നമ്മടെ പാമ്പിനെ ശക്തിയായി തള്ളിയൊരു സീറ്റിലിരുത്തിയിട്ട് പുറകിലെ തൻ്റെ സീറ്റിലേക്ക് പോയി.ചേട്ടൻ ആളുകൊള്ളാമല്ലോ എന്ന് മനസ്സിലോർത്ത് ഞാൻ ഗായത്രി ചേച്ചിയോടു പതിവ് ബാങ്ക് വിശേഷങ്ങൾ പറയാൻ തുടങ്ങി.തൊട്ടടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ നമ്മടെ പാമ്പ് ഇറങ്ങാനായി എഴുന്നേറ്റു.ഒരു ശല്യം ഒഴിഞ്ഞു പോകുന്ന കൃതജ്ഞതയിൽ ഞങ്ങൾ യാത്രക്കാരെല്ലാരും കണ്ണുകൾകൊണ്ട് പുള്ളിക്കാരനെ യാത്രയാക്കി.മുന്നിലെ ഡോറുവഴി പാമ്പ് ഇറങ്ങി ഏതാനും നിമിഷങ്ങൾക്കകം ബസിൽ ഡബിൾ ബെല്ലു മുഴങ്ങി തൊട്ടടുത്ത നിമിഷം തന്നെ സിങ്കിൾ ബെല്ലും കേട്ടു.ഇതെന്താപ്പാ എന്നറിയാൻ തിരിഞ്ഞു നോക്കിയ ഞങ്ങളു കണ്ടതോ മുഖം നിറയെ മുറുക്കാൻ തുപ്പലുമായി നില്ക്കണ നമ്മടെ കണ്ടക്ടർ ചേട്ടനെ.പുള്ളിക്കാരൻ ഡബിൾ ബെല്ലുകൊടുത്ത അതേ നിമിഷത്തിലായിരുന്നു നമ്മടെ പാമ്പ് പുള്ളിയുടെ മുഖത്തേക്ക് തുപ്പിയതും.
പിന്നെയുണ്ടായ സംഭവങ്ങളൊക്കെയും വളരെ പെട്ടെന്നായിരുന്നു.ബസു നിന്നതു കണ്ട നമ്മടെ പാമ്പ് തല്ലുപേടിച്ച് ജീവനും കൊണ്ട് വാഹനങ്ങൾ ചീറിപ്പായുന്ന എം.സി റോഡു മുറിച്ചു കടന്ന് അരികിലെ വഴിയേ ഒറ്റയോട്ടം പുറകേ കയ്യിൽ ടിക്കറ്റ് മെഷിനും പണമടങ്ങുന്ന പഴ്സുമായി നമ്മടെ നായകനും.തൊട്ടുതൊട്ടില്ല എന്ന മട്ടിൽ എത്തിയതും നമ്മടെ പാമ്പ് വേഗതകൂട്ടി കെെയ്യിൽ കിട്ടിയ പാമ്പിനെ നഷ്ടപ്പെട്ട സങ്കടത്തിൽ നമ്മടെ കണ്ടക്ടർ ചേട്ടൻ നിലത്തുന്നൊരു കല്ലെടുത്ത് പാമ്പിനെ ലക്ഷ്യമാക്കി ഒറ്റയേറു.ടിം! കല്ല് പാമ്പിൻ്റെ തലയിൽ തന്നെ കൊണ്ടു ,പാമ്പ് മുഖമടച്ചു വീണു.ഇന്ത്യ-പാക് ക്രിക്കറ്റ് മൽസരത്തിൽ ലാസ്റ്റ് പന്തിൽ പാകിസ്ഥാൻകാരനെ പുറത്താക്കിയ ഇന്ത്യൻ കളിക്കാരനെയെന്നപോൽ ബസിലിരുന്ന ഞങ്ങളും ഒന്നും മനസിലാകാതെ പുറത്തു നിന്ന നാട്ടുകാരും കെെയ്യടിച്ച് അഭിനന്ദിച്ചു.
വിജയിയെപോലെ നെഞ്ചും വിരിച്ച് നമ്മടെ നായകൻ തിരികെ വരാൻ തുടങ്ങിയപ്പോഴാണ് ശരിക്കും ട്വിസ്റ്റ് നടന്നത്.നാട്ടുകാരുമുഴുവൻ നമ്മടെ ചേട്ടനെയങ്ങ് വളഞ്ഞു.ഇങ്ങേരെങ്ങാനും ഇവിടെ കിടന്ന് ചത്താൽ ആരുത്തരം പറയും താനവിടെ നിൽക്ക് പോലീസ് വന്നിട്ട് പോയാൽ മതി എന്നായി നാട്ടുകാർ.ബസ് പോകില്ലെന്നു കണ്ടതോടെ തൊട്ടുമുൻപ് കെെയ്യടിച്ച് പ്രോൽസാഹിപ്പിച്ച ഞങ്ങൾ യാത്രക്കാരുതന്നെ നമ്മടെ നായകനെ പ്രാകാൻ തുടങ്ങി."ഇവനൊന്നും വേറേ പണിയൊന്നുമില്ലാരുന്നോ കള്ളുകുടിയനെ പിടിക്കാൻ പോയേക്കുന്നു,ചുമ്മാ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ"ഇത്തിരി മുൻപേ ആൺപിള്ളേരായാൽ ഇങ്ങനെ വേണമെന്ന് പറഞ്ഞ അമ്മാവൻ്റെ മലക്കം മറിച്ചിൽ കേട്ട് ഞാൻ ചിരിച്ചുപോയി.
കുറച്ചു കഴിഞ്ഞ് പോലീസ് എത്തി അയാളെ ആശുപത്രിയിൽ കൊണ്ടു പോയിട്ട് ബസ് എടുത്താൽ മതിയെന്ന് പറഞ്ഞതോടേ ഞങ്ങൾ ഓരോരുത്തരായി പുറകേ വന്ന ബസുകളിൽ കയറി വീടുകളിലേക്ക് പോയി.കള്ളുകുടിയനെ താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റുമ്പോൾ നമ്മടെ നായകൻ്റെ മുഖമൊന്നു കാണേണ്ടതായിരുന്നു.
പിറ്റേന്ന് പഴയ കണ്ടക്ടർ വന്നപ്പോഴാണ് ആ പോക്ക് പുള്ളിക്കാരനുകിട്ടിയ പണിയുടെ തുടക്കം മാത്രമായിരുന്നെന്നറിഞ്ഞത്.ആശുപത്രിയിലെത്തിയ പാമ്പ് നമ്മടെ നായകൻ്റെ ചിലവിൽ രക്തം കഫം മൂത്രം മുതൽ നടത്താവുന്ന ഒട്ടുമിക്ക ടെസ്റ്റുകൾക്കും നടത്തിച്ചു.അതും പോരാഞ്ഞ് കേസ് പിൻവലിക്കാനായി നഷ്ടപരിഹാരം വേറെയും വാങ്ങിയത്രേ.പാമ്പിനോടാ പാവം കണ്ടക്ടറുടെ കളി.ഒക്കെയും കഴിഞ്ഞ് ഡിപ്പോയിലെത്തിയപ്പോൾ ട്രിപ്പ് തടസപ്പെട്ടതിൻ്റെ പേരിൽ പെനാൽറ്റി വേറെയും.ഇതെല്ലാം കൂടി ആയപ്പോഴേ നമ്മടെ ചേട്ടനു മതിയായി.ഇനി ഈ റൂട്ടിലേക്കേ ഇല്ലെന്ന് പറഞ്ഞ് പുള്ളിക്കാരൻ പോയതാ .പിന്നെ ഞാൻ ട്രാൻസ്ഫർ ആകുംവരെ ആ ബസിൽ കണ്ടിട്ടെ ഇല്ല പാവത്തിനെ.
NB:നമ്മടെ നായകൻ ഇതെങ്ങാനും വായിക്കുന്നുണ്ടെങ്കിൽ ,ഒരു സംശയം ഇങ്ങളോടു ചോദിക്കാനുണ്ടാരുന്നു,അന്നത്തെ ചിലവിനെല്ലാം കൂടി നിങ്ങളു കയ്യിൽ കിടന്ന കെെചെയിൻ ഊരി പണയം വച്ചോ അതോ വിറ്റോ.രാവിലെ നിങ്ങളു ടിക്കറ്റു നീട്ടിയപ്പോൾ ഞാൻ വെറുതേ മനസിലോർത്തായിരുന്നു ഇവനൊക്കെ എന്തിനാ സ്വർണ്ണ കെെ ചെയിനെന്ന്.എൻ്റെ കണ്ണ് വളരെ തങ്കപ്പെട്ടതാണെന്ന് പലരും പണ്ടും പറഞ്ഞിട്ടുണ്ടേ,അതൊന്ന് ഉറപ്പിക്കാൻ ചോദിച്ചതാ.എന്നെ തല്ലാനൊന്നും വരണ്ട ഞാൻ നന്നായിക്കോളാം

 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo