Slider

ഉമ്മയുടെ ചുവരെഴുത്തുകൾ

0

* 20-8-2004 ഫെബ്രുവരി 18 നു വ്യാഴാഴ്ച രാത്രി 10.30 നു (1426 റജബ് 12) ഉപ്പ മരിച്ചു *
*മുസാഅഫിന്റെ* (ഖുർആൻ) ഏടുകളിൽ എഴുതിവെച്ച പഴക്കം ചെന്ന ഉമ്മയുടെ കൈപ്പട കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.
ഉപ്പയുടെ ഉമ്മ മരിക്കുന്നതിന് മുമ്പ്, ഉപ്പയെ ഏൽപ്പിച്ച ഈ *മുസാഅഫ്* ഇന്നും ഒരുനിധി പോലെ ഉമ്മ കാത്തു സൂക്ഷിക്കുന്നു.
ഏകദേശം എൺപത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇതിന്റെ ഏടുകളിലാണ്, കുടുംബത്തിൽ സംഭവിക്കുന്ന സുപ്രധാന സംഭവങ്ങൾ കുറിച്ചിടുന്നത്.
ഒരിക്കലും വൈറസ് കേറാത്ത ഒരു മെമ്മറി കാർഡ് പോലെ അത് ഇന്നും നിലകൊള്ളുന്നു.
കമ്പ്യൂട്ടർ വന്നപ്പോൾ, വലിയ ആവേശത്തിൽ പ്രധാന വിവരങ്ങളും, കുടുംബത്തിന്റെ ഫോട്ടോ ആൽബങ്ങളും മറ്റും ഹാർഡ് ഡിസ്കിൽ സ്റ്റോർ ചെയ്തിരുന്നു.
പക്ഷെ,
ഒരു ദിവസം വൈറസ് കേറി സിസ്റ്റം ഫോർമാറ്റ് ചെയ്തു. അന്ന് സ്റ്റോർ ചെയ്ത് വെച്ചതെല്ലാം അങ്ങനെ മാഞ്ഞു പോയി.
പിന്നെ സമയത്തിന്റെ പകുതി മുക്കാൽ ഭാഗവും ഈ മൊബൈലിൽ തോണ്ടുന്ന പരിപാടി ആയപ്പോൾ, എല്ലാം ഇതിൽ സ്റ്റോർ ചെയ്തു. ഒരു ദിവസം അതും കയ്യിൽ നിന്നും മോഷണം പോയി.
ആ മെമ്മറിയെങ്കിലും തിരിച്ച് കിട്ടും എന്ന് വെറുതെയെങ്കിലും അന്ന് മോഹിച്ചു.
പുതിയത് എന്ത് സ്വീകരിക്കുമ്പോഴും അത് പഴയതിനെ തീർത്തും നിരാകരിച്ചുകൊണ്ടാവരുത് എന്ന സത്യം അന്നു മനസ്സിലാക്കി.
ഏതു കംമ്പ്യൂട്ടറിലും, ഫോണിലും ഡാറ്റ സ്റ്റോർ ചെയ്യുമ്പോഴും, മരണം, ജനനം തുടങ്ങി പ്രധാനപ്പെട്ട തിയ്യതികളൊക്കെ *മുസാഅഫിന്റെ* ഏടിൽ കുറിച്ചിടാൻ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചു.
വീട്ടിൽ ഓരോ വർഷവും പുതിയ അംഗങ്ങൾ പിറവിയെടുക്കുമ്പോഴും, ജനന തീയ്യതിയും, അയൽപക്കത്തെ കൃഷ്ണൻ നായരെ അമ്മ കുറിച്ച് തരുന്ന കുട്ടിയുടെ നാളും കൃത്യമായി *മുസാഅഫിൽ* ഉമ്മ കുറിച്ചിടും.
അഞ്ചു നേരത്തെ നിസ്ക്കാരത്തിനിടയിൽ, ഖുർആൻ ഓരോ പ്രാവശ്യം പാരായണം ചെയ്യുമ്പോൾ .. ഉമ്മയുടെ വലതു കൈകൊണ്ട് മറിക്കുന്ന ഓരോ പേജിൽ നിന്നും ഓരോ ജനനവും, മരണവും തെളിഞ്ഞു വരുന്നുണ്ടാവും.
*31-5-1967 ബാപ്പുട്ടിയുടെ ജനനം..അത്തം നക്ഷത്രം..*
*20-8- 2002- റജബ് 12 അബൂട്ടി മരണപ്പെട്ടു *
ഇങ്ങിനെ കുറിപ്പുകൾ ഓരോ ഏടിലും നിറഞ്ഞു കൊണ്ടിരുന്നു..!!
അതിരാവിലെ ഉണർന്ന് എണീറ്റാൽ പ്രഭാത കൃത്യത്തോടൊപ്പം, നിസ്കാരവും കഴിഞ്ഞു ഉമ്മ നേരെ പത്രവും കൊണ്ട് ഉമ്മറത്തേക്ക് വന്നിരുന്ന്, ചരമ കോളത്തിൽ ഊളിയിട്ട് ഓരോന്ന് ചിക്കി ചികയാൻ തുടങ്ങും. അറിയുന്നവർ ആരെങ്കിലും ഫോട്ടോ രൂപത്തിൽ ചരമ കോളത്തിൽ തൂങ്ങി കിടപ്പുണ്ടെങ്കിൽ പിന്നെ അന്നത്തെ നിസ്ക്കാരവും, പാരായണവും ഒരുപാട് നീണ്ടു പോവും.
പക്ഷെ പ്രതീക്ഷിക്കുന്നതല്ല സംഭവിക്കാറ്..!!
രണ്ട് മരുമക്കൾ അകാലത്തിൽ പൊലിഞ്ഞു പോയപ്പോഴും വിറയ്ക്കുന്ന കൈകളോടെ അടുത്ത പേജിൽ ഉമ്മ കുറിച്ചിട്ടു.
*മാനു..മരണം 18-3-2008 ശഅബാൻ 22...*
*അസീസ്..മരണം 30-4-2012.. റജബ് 14..*
മഷി ഉണങ്ങുന്നതിനു മുമ്പേ മുസാഅഫ് അടച്ചത് കൊണ്ടോ, ഒരിറ്റു കണ്ണുനീർ ആ മഷിയിൽ തട്ടി ലയിച്ചതു കൊണ്ടോ ആയിരിക്കാം ആ എഴുത്ത് ഖുർആൻ ലിപികളെയും തലോടി ആ പേജ് മൊത്തം പരക്കുന്നുണ്ടായായിരുന്നു..
കൂട്ടത്തിൽ അനന്തമായി പാതിരാ വരെ നീളുന്ന ഉമ്മയുടെ പ്രാർത്ഥനയും...!!
**************************
*മുസാഅഫ്* (ഖുർആൻ )
നാസർ പുതുശ്ശേരി
തിരുവാലി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo