Slider

ഉണ്ണിയേട്ടാ....

0

കാലത്തേ അവളുടെ നീട്ടിയ വിളിയിൽ തന്നെ എന്തോ പന്തികേട് തോന്നി...
ഉണ്ണിയേട്ടാ ഇത് ഒന്ന് വായിച്ചേ എന്റെ മൊബൈലുമായി അവൾ വന്നു...
മൂടിക്കെട്ടി നിൽക്കുന്ന ആകാശ കോണിൽ
ഒരു മഴത്തുമ്പിയായ് നിന്നോടുകൂടെ പറന്നുയരുവാൻ മോഹം'' ...
ഒരു നനുത്ത സുപ്രഭാതം ദേഷ്യക്കാരൻ ഉണ്യേട്ടാ.....😍
ഹ ഹ വളരെ നന്നായിട്ടുണ്ടല്ലോ.... നീ എഴുതിയത് ആണോ..?? 😀
ഉണ്ണിയേട്ടാ എന്നോട് കളിക്കല്ലേ ആരാണ് അവൾ...?? സത്യം പറ..
എനിക്ക് അറിയില്ല ആരാണ് എന്ന്.. കാലത്തു തന്നേ അവളേ പിണക്കാൻ വയ്യ...
എല്ലാം ഒപ്പിച്ചു വച്ച് മുഖപുസ്തകത്തിൽ ആ പ്രൊഫൈൽ പിക്ചറിൽ ഒരു പൂച്ചക്കുട്ടി ഇരുന്നു ചിരിക്കുന്നു.. പൂച്ചകളെ ഇഷ്ടമായിരുന്ന എനിക്ക് ഭൂമിക്കുമേലെ ഉള്ള സകല പൂച്ചകളോടും വെറുപ്പ് തോന്നിയ നിമിഷം...
ഇവൾ ഇങ്ങനെയാണ് ചെറിയ കാര്യത്തിന് പോലും കുശുമ്പാണ് അതും കുറച്ചു നേരത്തേക്ക്... അത് കഴിഞ്ഞാൽ വീണ്ടും അടുത്തു വരും എന്നിട്ട് പറയും ..
സോറി ഉണ്ണിയേട്ടാ... ഞാൻ ഇത്തിരി കുശുമ്പിയാണ്..അതറിയാല്ലോ.. എനിക്ക് അത് മാറ്റാൻ ഒന്നും കഴിയില്ല.. എന്നെ സഹിച്ചോണം.. അല്ലാതെ ഉണ്ണിയേട്ടനെ വിശ്വാസം ഇല്ലാത്തൊണ്ടല്ല.. അത് ഇഷ്ടകൂടുതൽ കൊണ്ടാണ്..
ഇവളോട് എന്താ പറയുക.. ഒരു പൊട്ടിക്കാളി.. ഞാൻ ഒന്ന് ദേഷ്യപ്പെട്ടാൽ കണ്ണു നിറയ്ക്കുന്നവൾ... വിവാഹശേഷമുള്ള ജീവിതം ഒരു വിട്ടുവീഴ്ചയാകും എന്ന് കരുതിയ എന്റെ ജീവിതത്തിലേക്ക് ഭാര്യയായി വന്നവൾ...
ഒരു ആറ് വർഷങ്ങൾക്ക് മുന്നേ എന്റെ ആദ്യ പ്രണയം പൂത്തുലഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു.. ഞാൻ കണ്ട പ്രണയസിനിമകളിലെ എല്ലാം നായകൻ ഞാനും നായിക അവളും ആണെന്ന് തോന്നിയിരുന്ന ..അവസാനം വില്ലനുമായി ഒരു ഫൈറ്റും കഴിഞ്ഞു അവളെ കെട്ടുന്നതും സ്വപ്നം കണ്ടു നടന്ന ഒരു കാലം..
പക്ഷെ ഞാനറിഞ്ഞൊ അത് മഹേഷിന്റെ പ്രതികാരത്തിലെ പോലാകുമെന്ന്.. ആ സിനിമ കുറച്ചു മുന്നേ ഇറങ്ങിയിരുന്നേൽ അങ്ങനെയും ഒരു ചാൻസ് ഉണ്ട് എന്ന് ചിന്തിക്കാം.. മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയെ (അനുശ്രീ) പോലെ അവളുടെ റോൾ ഭംഗിയായി ചെയ്ത് അവൾ സ്കൂട്ടായി.. അങ്ങനെ എന്റെ ദിവ്യപ്രണയം ഏതോ ഒരു നല്ലവൻ(ഈ വിളി ഇപ്പോൾ തുടങ്ങിയത് ആണ് മുന്നേ വേറേ പലതുമാണ് വിളിച്ചിരുന്നത്.. അത് പറയുന്നില്ല. ) നക്കിക്കൊണ്ട് പോയി..
ഞാനോ പ്രണയ നൈരാശ്യം മൂത്ത കാമുകനെ പോലെ സെന്റി സ്റ്റാറ്റസും കോട്ടസും ഇട്ട് എന്റെ മുഖപുസ്തകത്തിലെ വാള് നിറച്ചു.... അതിനുശേഷം കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴാണ് മഹേഷിന്റെ പ്രതികാരത്തിലെ രണ്ടാമത്തെ നായികയായ ജിംസിയെ (അപർണ) പോലേ മറ്റൊരുവൾ എന്റെ ജീവിതത്തിലേക്ക് വന്നത്.. പക്ഷെ അവൾ തന്ന പണിയോ തോപ്പിൽ ജോപ്പനിൽ ജോപ്പന് കിട്ടിയത് പോലെയും.. ജോപ്പനേ പോലെ വെള്ളമടിച്ചു തീർക്കാൻ മാത്രം കപ്പാസിറ്റി ഉള്ള കരൾ അല്ലാത്തോണ്ടു അതിന് മുതിർന്നില്ല...
പിന്നീട് ഉള്ള ഗ്ലാമറും വച്ചു ഞാൻ പ്രേമത്തിലെ ജോർജിന് പഠിച്ചു.. സത്യം പറഞ്ഞാൽ കോഴി ജോർജ്.. പിന്നീടങ്ങോട്ട് പെൺപിള്ളേരുടെ നീണ്ട ഒരു ക്യൂ തന്നെ ഉണ്ടായി...
അവസാനം എല്ലാം നിർത്തി ജോർജ് എന്ന പ്രാരാബ്ധക്കാരൻ കളം വിട്ടു.. വീട്ടിലെ കാര്യങ്ങൾ നല്ലപോലേ നോക്കി നടത്താൻ തുടങ്ങിയാൽ ഈ അമ്മമാർക്ക് തോന്നുന്നതാണ് മകനേക്കൊണ്ട് പെണ്ണ് കെട്ടിക്കാൻ സമയമായി എന്ന്.... നേരിട്ട് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് അറിയുന്നത്കൊണ്ട് അതിനും അമ്മ ഒരു വഴി കണ്ടെത്തി.. എല്ലാ സിനിമയിലും കേട്ടു മടുത്ത ആ പഴഞ്ചൻ ഡയലോഗ് തന്നെ എന്റെ നേരെ പ്രയോഗിച്ചു..
"ഉണ്ണിക്കുട്ടാ ഇനി നിന്റെ കാര്യം നോക്കാൻ നീ വേറേ ആളെ നോക്കിക്കോ... അമ്മക്ക് വയ്യ പ്രായമായി.. ഇനി ഒരു കൂട്ട് വേണം..."
ഇതിനുള്ള മറുപടിയായി "എന്നാൽ ഒരു വേലക്കാരിയെ വക്കാം "എന്ന നായകന്റെ സ്ഥിരം ചളി ഡയലോഗിൽ അവസാനിപ്പിക്കാൻ തോന്നിയില്ല.. ശരിക്കും അമ്മക്ക് വയ്യ.. എന്തായാലും ജീവിതത്തിൽ ഒരു പെണ്ണ് വരും അതിനേ ഞാനായിട്ട് തിരഞ്ഞു നടന്നിട്ടോ കിട്ടിയില്ല.. ഇനി വീട്ടുകാരുടെ ഇഷ്ടം.. അമ്മക്ക് വിട്ടു കൊടുത്തു...
വീട്ടുകാർക്ക് ഇഷ്ടപ്പെട്ടവളെ വിവാഹം കഴിച്ചു കൊണ്ട് വരുമ്പോൾ വിവാഹത്തിന് ശേഷമാണ് പ്രണയം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... എത്ര പെണ്ണുങ്ങൾ തേച്ചിട്ടു പോയി എന്ന് പറഞ്ഞാലും അവസാനം നമ്മളെ സ്നേഹിക്കാനും വിശ്വസിക്കാനും ഒരു പെണ്ണ് വരും..നമുക്കുവേണ്ടി ജനിച്ച ഒരുവൾ ...എന്ന് തോന്നിപ്പിക്കാൻ ഒരു പെൺകുട്ടിക്ക് കഴിഞ്ഞുവെങ്കിൽ അതാണ് ആ ദാമ്പത്യ ജീവിതത്തിന്റെ വിജയം...
Sajiith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo