ഒരിക്കലെങ്കിലുംപ്രണയിച്ചവർക്ക് ഈ പ്രണയ മഴ ചാറ്റലിൽ നനയാതിരിക്കാൻ കഴിയില്ല.,..
എന്റെ സ്നേഹം നിന്റെ സന്തോഷങ്ങൾക്ക് കടിഞ്ഞാണിടില്ല ഒരിക്കലും മോഹിപ്പിച്ചത് നീയോ ഞാനോ ആരാണെന്ന് ആർക്ക് പറയാനാവും ഓർമകളിലെ വിരുന്നുകാരനാവാൻ മാത്രമാണോ നമ്മൾ അടുത്തത് നിന്റെ കളിയും ചിരിയും പരിഭവവും ഇല്ലങ്കിൽ ഞാനും വെറും ശൂന്യതയിൽ നിൽക്കേണ്ടി വരില്ലേ . നേടിയത് ഒന്നും മോഹിച്ചതല്ലങ്കിലും മോഹിച്ചതൊക്കെ നേടാൻ കഴിയില്ലെന്ന സത്യം ഈ ദൂരം ശരീരങ്ങൾക്ക് മാത്രമല്ലെ മനസുകൾ തമ്മിൽ ഒരു നൂൽ ബന്ധമില്ലാതെ കെട്ടിപുണരാറില്ലേ നമ്മൾ. ഇരുകരയിൽ ആണെങ്കിലും ഒന്നല്ലേ നമ്മൾ ഏതു സമയവും വഴി പിരിയേണ്ടവർ . എങ്കിലും ഈ മണൽ തരികളിൽ നീ എന്റെ ആരുമല്ലെന്ന് എഴുതിവെച്ച് നീ എന്റെ എല്ലാമാണെന്ന് എനിക്ക് വായിക്കണം....
ഇനിയും വാക്കുകൾ കൊണ്ട് നീ എന്നെ വേദനിപ്പിക്കരുത്.. വഴി പിരിയേണ്ടി വരുമെന്നറിഞ്ഞിട്ടും നീ എന്നെ തടങ്കലിലടച്ചത് എനിക്ക് ചുറ്റും സ്നേഹത്തിന്റെ ചുവരുകൾ തീർത്തിട്ടായിരുന്നു.. ഒരു നൂറാവർത്തി ഞാൻ കെഞ്ചി പറഞ്ഞതാണ്, ആവില്ല എനിക്ക് നിനക്ക് വേണ്ടിയൊരു സ്നേഹനൗക പണിയാൻ...അന്നും എനിക്കറിയാമായിരുന്നു ഇങ്ങനെ വഴിപിരിയേണ്ടി വരുമെന്ന്.. പക്ഷെ എന്നിട്ടും നീ എന്നെ വരിഞ്ഞ് മുറുക്കി, നിന്റെ വശ്യതയുടെ സ്വർണ്ണ ചരടുകൾ കൊണ്ട്.... എന്റെ ഈ വേദനിക്കുന്ന വരികളിൽ നീ എനിക്കെല്ലാമാണെന്ന് വായിച്ചെടുക്കുമ്പോഴും നീ അനുഭവിച്ചറിയുന്നുണ്ടാകും ദൂരം വിളളലുകൾ തീർത്ത നമ്മുടെ ഇന്നലെകളെ.... നഷ്ടങ്ങളുടെ ഓർമ്മകൾക്ക് വേണ്ടി നീ ഒരു താജ് മഹൽ പണിതില്ലയെങ്കിലും നീ കോറിയിട്ട ഈ വരികൾ മതി നമ്മുടെ ഓർമ്മകൾ നിന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് മനസ്സിലാക്കാൻ....!!!
വേദനകൾ മാത്രമല്ലെ ഞാൻ നിനക്ക് നൽകിയിട്ടൊള്ളു എന്നിട്ടും എന്തിനാ നീ എന്നെ നിന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നത്. നമുക്കിടയിൽ വിള്ളലുകൾ വീണിരിക്കുന്നു ഒരിക്കൽ കൂടി കൂട്ടി ചേർക്കാൻ ആവാത്ത അത്രേം നഷ്ടങ്ങളുടെ ഓർമകൾക്ക് താജ് മഹൽ പണിതില്ല ഈ ഖൽബിൽ ജിന്ന് പണിത ഒരു പള്ളിയുണ്ട്. അതിന്റെ മിനാരത്തിൽ നിനക്ക് വേണ്ടി ഞാനൊരു കൊച്ചു കൂടുകൂട്ടും എനിക്കുറപ്പുണ്ട് നിന്റെ റൂഹ് പിരിയുന്നതിന് മുമ്പ് നീ ആ കൂട്ടിൽ വന്നണയും....
ജീവന്റെ അവസാന ശ്വാസം നിലക്കും മുന്നെ ആ മിനാരത്തിന്റെ ജാലകത്തിൽ ഞാൻ വരും... എന്നിട്ടൊരിക്കൽ കൂടെ പാടണം... എനിക്കായ് നീ ആദ്യമായ് പാടിയ ആ പാട്ട് തന്നെ.... അപ്പോഴും നീ അവിടെ തന്നെ കാണുമോ..? എന്റെ സ്വരങ്ങൾക്ക് നീ താളം പിടിക്കണം.. പിന്നെ തിരിച്ച് പറക്കും മുന്നെ എനിക്ക് നിന്നോടൊപ്പം ഇത്തിരി നേരം ഇരിക്കണം... വെറുതെ, നിന്റെ സാനിധ്യമനുഭവിച്ച്.. ഞാൻ തനിച്ചെല്ലെന്നൊന്ന് സ്വയം തോന്നാൻ വേണ്ടി മാത്രം.... നീ പിരിഞ്ഞ പിരിഭവം പറയില്ല.. നിന്റെ സ്നേഹം ഇനിയും എനിക്കായ് തരാൻ ഞാൻ വാശി പിടിക്കില്ല... സ്വാർത്ഥതയുടെ ആൾ രൂപമാകില്ല... പ്രണയത്തിന്റെ പ്രതീകമാകില്ല... സ്നേഹത്തിന്റെ ഓർമ്മകൾ വിതറില്ല... നഷ്ടങ്ങളുടെ കണക്ക് പറയില്ല... സങ്കടം പറഞ്ഞ് നിന്റെ കണ്ണ് നനയിക്കില്ല.. കൂടെ കൂട്ടണമെന്ന് പറഞ്ഞ് നിന്നെ അങ്കലാപ്പിക്കില്ല... എങ്കിലും, ഞാൻ വരും ആ മിനാരത്തിന്റെ ജാലകപ്പടിയിൽ .. നിന്നെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം...
ആയുസിന്റെ കണക്ക് പുസ്തകത്തിലെ അവസാന നാഴിയും അളക്കപെട്ടില്ലെങ്കിൽ നീ വരുന്നതും കാത്ത് ഈ മിനാരത്തിന്റെ ചവിട്ടു പടിയിൽ ഞാനുറങ്ങുന്നുണ്ടാവും. നിന്റെ ചിറകടികളുടെ ശബ്ദം എന്നെ നിദ്രയിൽ നിന്നും ഉണർത്തും എനിക്കും പാടണം നിന്റെ കൂടെ എനിക്ക് വേണ്ടി നീ മൂളും വാനം പടിയാവണം. മിഴിയിണകളിൽ കറുത്ത നിറം പടർന്നിട്ടുണ്ടാകം മുടിയിഴകളിൽ നരവീണിട്ടുണ്ടാവും . ഓർമയുടെ കരിയിലകൾ വീണ ഊടുവഴികളിലൂടെ നിന്റെ കൈ പിടിച്ച് ഒരിക്കൽ കൂടി നടക്കണം നിനക്കായ് ഒരിക്കൽകൂടി മൂവാണ്ടൻ മാവിന്റെ ചില്ലകളിൽ കല്ലെറിയണം . നീ തിരിച്ച് പറക്കുന്നതും നോക്കി എനിക്കും യാത്ര പറയണം നിന്റെ മനസ്സിനോട് ഈ മണ്ണിനോട് മൂവ്വാണ്ടൻ മാവിനോട് മരണമില്ലാത്ത മറ്റൊരുലോകത്തേക്ക് എനിക്കും പറന്നകലണം ...
ഞാൻ വരും.പക്ഷേ നിന്നെ ഉറക്കിൽ നിന്നുണർത്തില്ല..എന്റെ ചിറകടി ശബ്ദം നിന്നെ അലസോരപ്പെടുത്തില്ല.. നീയുറങ്ങുക, മതിവരുവോളം.. നിന്നെയുണർത്താതെ നിന്റെ തലയുയർത്തി ഞാനെന്റെ മടിയിൽ വെക്കും... തലോടണം നര ബാധിച്ച നിന്റെ മുടിയിഴകളിലൂടെ... നിന്നെ ഉണർത്താതെ തന്നെ ഒരിക്കൽ കൂടെ ചുംമ്പിക്കണം,കറുപ്പ് ബാധിച്ച നിന്റെ കൺ തടങ്ങളിലൂടെ... അപ്പോഴും നിന്നെ ഞാൻ ഉണർത്തില്ല... എന്റെ ഹൃദയമിടിപ്പ് നിന്നെ അലസോരപ്പെടുത്തുന്നുവെങ്കിൽ ആ മിടിപ്പും നിലച്ചോട്ടെ.... കാരണം, എന്റെ ഹൃദയമിടിപ്പിനേക്കാളും വലുതാണല്ലോ എനിക്ക് നീ.. നീയുണർന്നാൽ നമുക്കൊരു യാത്ര പോകണം... നിന്റെ ആഗ്രഹം പോലെ തന്നെ..എന്നും നമ്മൾ കണ്ട് മുട്ടാറുള്ള ആ താഴ്‌വാരത്തേക്ക്.., നിന്റെ കൈകളിൽ തൂങ്ങി... ചിണുങ്ങി ചിണുങ്ങി കുസൃതി കാണിക്കാറുള്ള നിന്റെ കുറുംമ്പിയായിട്ട്... പിന്നെ, നിന്റെ മടിയിൽ കിടന്ന് ഇനിയുമെന്റെ സിരകളിലേക്ക് നിന്രെ ഓർമ്മകൾ കുത്തിനിറക്കണം... നിന്റെ പുഞ്ചിരി ആസ്വദിച്ച്, എനിക്കലിഞ്ഞില്ലാതാകണം.... അപ്പോഴും വിറയാർന്ന അധരങ്ങൾ നിന്റെ നാമം തന്നെ മന്ത്രിക്കുന്നുണ്ടാകും.....
നജീബ് കോൽപാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക