Slider

സോൾമേറ്റ്സ്

0

ടീ...
മ്മ്
നമുക്കിവിടെ ഇരുന്നാലോ
മ്
നീ കടല് കണ്ടിട്ടില്ലേ പെണ്ണേ
ദേ ദൂരേക്ക് നോക്കിയെ എന്ത് ഭംഗിയാ അല്ലേ, കുറച്ചൂടെ കഴിയുമ്പോ സൂര്യനിങ്ങനെ ചുവന്ന് ചുവന്ന് വരും അപ്പോ നമ്മൾ ഇരിക്കുന്നില്ലേ ഈ മണൽ തരികൾ ഓരോന്നും ചുവപ്പൻ നിറമാകും കൂടെ നിന്റെയീ മൂക്കും...
ആ..
അയ്യോ എന്തേ വേദനിച്ചോ, സാറി മാഡം
എടിയേ, എടിയേ
മ്...
വിളിച്ചാൽ വിളി കേട്ടൂടെ പെണ്ണേ, നമ്മക്ക് നാളെ തിരുവന്തപുരത്തിന് വിട്ടാലോ, ഉമ്പായിടെ ഗസൽ സന്ധ്യ ഉണ്ട്
പോയാലോ ???
"പാടുക സൈഗാൾ പാടു
നിൻ രാജകുമാരിയെ പാടി പാടി ഉണർത്തൂ
സ്വപ്ന നഗരിയിലെ പുഷ്പ്പശയ്യയിൽ നിന്നാ...
അണ്ണാ അണ്ണാ, കപ്പലണ്ടി...
ശേ നശിപ്പിച്ച് എന്താടാ ചെക്കാ..
കപ്പലണ്ടി, നല്ല വറുത്ത കപ്പലണ്ടിയാ
നീയെന്താടി ഇളിക്കുന്നേ ??
അണ്ണാ..
എന്താടാ ഓഹ് കൊട് കൊട് വേറെ വഴി ഇല്ലല്ലോ രണ്ടെണ്ണം എടുക്ക്, അല്ലെങ്കിൽ വേണ്ട ഒന്ന് മതി...
ഒന്നൂടെ എടുക്കണ്ണാ...
ഇത് പങ്ക് വെച്ച് കഴിക്കുന്നെന്റെ സുഖം ഒന്ന് വേറെയാ, ഇതാ പൈസ നീ പോയി ബാക്കി കപ്പലണ്ടി വിക്കാൻ നോക്ക് ആ പോ പോ...
ദേ ടീ എടുക്ക്, എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കണേ, ടീ ഇങ്ങോട്ട് നോക്ക് മുഖത്തേക്ക് നോക്ക് ന്താടാ അവിടെ കളിക്കുന്ന കുട്ടികളെ കണ്ടിട്ടാണോ.. നീയെന്തിനാ വിഷമിക്കുന്നേ ഡോക്ടർ പറഞ്ഞില്ലേ കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന് അല്ലെങ്കിൽ തന്നെ എന്താ പ്രശ്നം എല്ലാം ദൈവം തരുന്ന അല്ലേ, നിന്നേ പോലെ ഒരു പെണ്ണിനെ ദൈവം എനിക്ക് തന്നില്ലേ അത് പോലെ തന്നെയാവും..
അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു, 2വർഷങ്ങൾക്ക് മുൻപ് ആ പാലമര ചുവട്ടിലിരുന്ന് എന്നേ നോക്കിയ അതേ ആകാംഷ അതേ സന്തോഷം..
********* ******* ******
കല്യാണ ആലോചന തകൃതിയായി നടക്കുന്ന സമയം, എന്നും വരും കുമാരേട്ടൻ ഓരോ ജാതകോം ഫോട്ടോയും പിടിച്ച് കൊണ്ട് അച്ഛന്റെ പഴേ ചങ്ങാതിയാ അല്പം ബ്രോക്കറു പണിയും ഉണ്ട് പുള്ളിക്ക് അല്പമല്ല കാര്യമായിട്ട് തന്നെയുണ്ടെന്ന് കൂട്ടിക്കോ, ഒന്നിനും പിടികൊടുക്കാതെ നടന്നപ്പഴാ കുമാരേട്ടന്റെ കൈയിലിരുന്ന ഒരു ഫോട്ടോ എന്റെ കണ്ണിലുടക്കിയത്..
ഇതാരാ കുമാരേട്ടാ ???
ഏത് ? ആ അത് നോക്കണ്ട ഈ പെണ്ണ് എങ്ങനെയുണ്ട് സർക്കാർ സ്‌കൂളിലെ വാദ്യരാ ബാങ്ക് ഉദ്യോഗസ്ഥന് വാദ്യാര്‌ പെണ്ണ് ശേലാ..
ഹാ അത് കള ചേട്ടാ, ഇതാരാണെന്ന് പറ
ഇത് മോന് ചേരില്ല, ആള് മിടുക്കിയാ നല്ല വിദ്യാഭ്യാസം അടക്കവും ഒതുക്കവും ഒക്കെ ഉള്ള കുട്ടി തരക്കേടില്ലാത്ത വീടും പക്ഷേ ഒരു കൊഴപ്പമുണ്ട് പെണ്ണ് സംസാരിക്കില്ല ഊമയാ..
ഊമയോ ??
മ്മ് അതേ, പക്ഷേ നമ്മൾ പറയുന്നതൊക്കെ കേക്കാം, വായിക്കേം എഴുതുകേം ഒക്കെ ചെയ്യും പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, നമ്മടെ കുറുപ്പദ്ദേഹത്തിന്റെ വകയിലെ ഒരു അനന്തിരവൻ ഒരുത്തനുണ്ട് അവന് കാലിന് അല്പം വയ്യായ്ക ഉള്ള കൂട്ടത്തിലാ അവന് ഒന്ന് ആലോചിക്കാൻ വേണ്ടി എടുത്ത് വെച്ചതാ, പക്ഷേ ചെക്കന് ആളിനെ അങ്ങോട്ട് പിടിച്ചില്ല പെണ്ണിന് നെറം പോര പോലും..
കുമാരേട്ടാ കക്ഷിടെ വീട് എവിടെയാ ??
എന്തിനാ ?
നമ്മക്കവിടെ വരെ ഒന്ന് പോയാലോ
എന്താ വയ്യായ്ക ഉള്ള ആരേലും ഉണ്ടോ കൂടെ ജോലി ചെയ്യണ?
ആ ഉണ്ടെന്ന് കൂട്ടിക്കോ വാ...
********
മായ്ക്ക് എന്താ എന്നേ ഇഷ്ടമായില്ലേ, കുമാരേട്ടന്റെ കൈവശം കൊടുത്തുവിട്ട കത്തൊക്കെ ഞാൻ വായിച്ചു, ചേട്ടന് വേറെ നല്ല പെണ്ണ് കിട്ടും അച്ഛനും അമ്മയ്ക്കും ഇഷ്ടമാകില്ല
എന്നേ ചേട്ടന് അക്‌സെപ്റ് ചെയ്യാൻ കഴിയില്ല മിണ്ടില്ല പറയില്ല ആ പിന്നെ വേറെ എന്തൊക്കെയോ ഉണ്ടാരുന്നല്ലോ..
ദേ നോക്ക് പെണ്ണേ ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം തന്നെയാ ഇത്, സഹതാപമോ മനസിന്റെ വലിപ്പമോ ഒന്നുമല്ല നിനക്ക് ഒരു കുറവും ഉള്ളതായി എനിക്ക് തോന്നണില്ലാ നിന്നെ മരുമകളായി സ്വീകരിക്കാൻ അമ്മയും അച്ഛനും എല്ലാം ഒരുങ്ങി കഴിഞ്ഞു . ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം
"എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടം" ഈ ദേവന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ദേ ഈ മായ ആയിരിക്കും
ഹേയ് നീയെന്താ കരയാണോ കണ്ണ് തുടയ്ക്ക് പെണ്ണേ....
ആ എന്താടി നുള്ളുന്നേ ??
എന്താ ഇത്ര ആലോചിക്കുന്നേ എന്ന മട്ടിൽ അവൾ കൈകൾ മലർത്തി..
ഹേയ് ഒന്നുമില്ലടി നീയന്നാ പാലമരചുവട്ടിൽ നിന്ന് കരഞ്ഞത് ഞാനിങ്ങനെ ആലോചിക്കുവാരുന്നു.. നമുക്ക് നാളെ ഒന്നൂടെ പോയാലോ അവിടെ, എന്നിട്ട് എന്റെ പെണ്ണിനെ എന്റെ കൈകളിലേക്ക് തന്ന ആ മര ചുവട്ടിൽ നിന്നെയും ചേർത്ത് പിടിച്ച് ഇങ്ങനെ ഇരിക്കണം, എന്നിട്ട് ആ കാറ്റിനോട് നിന്നെപ്പറ്റി കിന്നാരങ്ങൾ പറഞ്ഞ് കൊടുക്കണം...
വീണ്ടും അവൾ കൈ കൊണ്ട് ഓരോന്ന് പറഞ്ഞു
ഓ അത് ശരിയാണല്ലോ ഗസൽ കേൾക്കാൻ പോണം അല്ലേ, അത് വൈകിട്ട് അല്ലേ അതിനും പോകാം എന്താ...
ആ നീ നുള്ളി നുള്ളി എന്റെ കൈ ഒരു പരുവമായി, ഓഹ് ഇനി തടവ ഒന്നും വേണ്ട അവൾടെ ഒരു സ്നേഹം...
എന്റെ കവിളുകൾ രണ്ടും വലിച്ച് പിടിച്ച്, അവൾടെ നെറ്റിത്തടം കൊണ്ട് എന്റെ നെറ്റിയിൽ പതുക്കെ ഇടിച്ചു, പാവം ആരാ പറഞ്ഞത് അവൾക്ക് സംസാരിക്കാൻ അറിയില്ലെന്ന് ആരെക്കാളും നന്നായി അവൾ സംസാരിക്കും ഉറക്കെ ഉറക്കെ എന്നോട് സംസാരിക്കും ആ കണ്ണുകൾ കൊണ്ട് ഒരായിരം കഥകൾ പറഞ്ഞു തരും, എനിക്ക് മാത്രമായ് പാട്ടുകൾ പാടി തരും എത്ര മധുരമാണെന്ന് അറിയ്യോ അവൾടെ പാട്ടുകൾ കേൾക്കാൻ...
അവൾടെ പാട്ടുകൾ കേട്ട് അവളോട് ചേർന്ന് ഈ കടൽക്കരയിൽ ഇരിക്കാൻ എന്ത് രസമാ..
ടീ
ടീ
മ്മ്
നമ്മൾക്ക് പെൺകുഞ്ഞാവും അല്ലേടി..
മ്മ്
നിന്നേ പോലെയൊരു സുന്ദരി മോള്..
എന്ത് പേരാടി അവൾക്കിടുന്നെ...
മ്മ് മ്മ്
എന്താ ?????
ഹ ഇത് കൊള്ളാല്ലോടി നല്ല കലക്കൻ പേര്, സുന്ദരിമോൾക്ക് ഇടാൻ പറ്റിയ പേര് തന്നെ....
നിങ്ങള് ചോദിക്കണ്ടാ ട്ടോ... അവൾ എന്നോട് മാത്രം ചെവിയിൽ പറഞ്ഞതാ പേര് ഞങ്ങൾ ഇപ്പഴേ പറയൂല അത് സസ്പെൻസാ അല്ലേടി..
അല്ല ഇങ്ങനെ ഇരുന്നാ മതിയോ വീട്ടിൽ പോണ്ടേ
മ്മ്
മ്മ് എന്നാ വാ പോകാം... ഹ ഹ ഹ
By :- Vimal Vava
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo