Slider

ഹേമവതി

0

ബ്രഹ്മാവിന്‍ ദക്ഷിണാംഗുഷ്ഠത്തിൽ നിന്നന്നു
ബ്രഹ്മസമാനനായ് ത്തന്നെ
ജന്മമെടുത്തൊരു ദക്ഷപ്രജാപതി
തന്‍പ്രിയ പുത്രിയായ് വന്നു ll ൧ ll
താതനഭിമതനല്ലാത്ത, വല്ലാത്ത
കോലമാണ്ടുള്ളൊരാ രുദ്രന്‍
തന്‍പ്രിയനാകുവാന്‍മോഹിച്ചനുഷ്ഠിച്ചു
കാഠിന്യമേറും തപസ്സ് ll ൨ ll
"വന്‍ചിതമദ്ധ്യത്തില്‍ നീറണിഞ്ഞെപ്പോഴും
നൃത്തം ചവിട്ടുവോനല്ലേ
മെയ്യുമറയ്ക്കാന്‍ പുലിത്തോലെടുക്കുന്ന
സംസ്കാരഹീനനുമല്ലേ ll ൩ ll
യാത്രചെയ്‍വാന്‍ മുതുകാളപ്പുറമേറും
പ്രാകൃതരൂപനുമല്ലേ.
സര്‍പ്പത്തെഹാരമായ് കണ്ഠത്തില്‍ ചുറ്റിയ
പാമ്പാട്ടിയൊത്തവനല്ലേ ll ൪ ll
പൂജ്യരെ കാണ്‍കിലുമാദരിക്കാത്തൊരു
ധാര്‍ഷ്ട്യം കലര്‍ന്നവനല്ലേ.
എന്‍സുതയ്ക്കൊട്ടുമേ ചേരാത്തൊരീ ബന്ധം
വേണ്ടെന്നു വയ്ക്കുകയിപ്പോള്‍" ll ൫ ll
താതന്‍റെ വാക്കുകള്‍ കേട്ടിട്ടും ചഞ്ചല-
ചിത്തയായ് മാറാത്ത പുത്രി.
ഇന്നത്തെപ്പോലെയാണന്നുമേ പ്രേമത്തില്‍-
പെട്ടൊരു പെണ്ണിന്‍റെ കാര്യം. ll ൬ ll
അച്ഛനുമമ്മയും വീടുമുപേക്ഷിച്ചു
പ്രാണേശ്വരനെ വരിച്ചു.
നിഷ്കാസനംചെയ്തു പുത്രിയെ മാനസം-
തന്നില്‍നിന്നാ താതനപ്പോള്‍. ll ൭ ll
വിശ്വം മുഴുക്കെക്ഷണിച്ചുനടത്തിയ
യാഗത്തില്‍ പുത്രിയെ മാത്രം
തീരെയവഗണിച്ചെങ്കിലും പുത്രിയോ
തന്നിഷ്ടം പൂണ്ടുഗമിച്ചു ll ൮ ll
വാഗസ്ത്രമേറ്റുവ്രണിതയായ് സാദ്ധ്വിയാള്‍
മാറി സ്വയം ഹവിസ്സായി.
ഹേമവതീ, യിന്നുമോര്‍ക്കുന്നുവോ നിന്‍റ
പ്രാക്തനജന്മകഥകള്‍! ll ൯ ll

By: Krishnaraja sarma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo