-------------------------------------------------------------
മിത്ര ഏലിയാസ് ഉണ്ണിക്കുട്ടി വെള്ള ഷർട്ടും കാപ്പി കളർ പാവാടയും ഷൂസും സോക്‌സുമൊക്കെയിട്ട്, പുത്തൻ ബാഗും കുടയും വാട്ടർബോട്ടിലും പിടിച്ച്, ഷർട്ടിൽ സ്കൂൾ ബാഡ്‌ജു കുത്തി,തലയിൽ വെള്ള ഹെയർബാൻഡൊക്കെ വച്ച് വലിയ ഗമയിലാണ് നടക്കുന്നത്.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ്.
ഉണ്ണിക്കുട്ടീടെ വീടിന്റെ അടുത്തുള്ള
കോളനിയുടെ ഇടവഴിയിലൂടെ നടന്നു, പാടത്തെത്തി, വരമ്പ് മുറിച്ച് കടന്നിട്ടു വേണം സ്കൂൾ വാൻ വരുന്ന റോഡിലെത്താൻ.
കോളനിയുടെ ഇടവഴിയിലൂടെ നടന്നു, പാടത്തെത്തി, വരമ്പ് മുറിച്ച് കടന്നിട്ടു വേണം സ്കൂൾ വാൻ വരുന്ന റോഡിലെത്താൻ.
കോളനിയിലെ പിള്ളേരെല്ലാം അവളെ അസൂയയോടെയാണ് നോക്കുന്നത്.
"ഹോ വലിയ പത്രാസാണ് ഉണ്ണികുട്ടിക്ക്",
കുഞ്ഞമ്മു ചീരൂനോട് പുരികമുയർത്തിക്കൊണ്ട് പറഞ്ഞു. ഇംഗ്ളീസ് മീഡിയം സ്കൂളിലായോണ്ട ഇത്ര പവറു കാണിക്കുന്നേ.
കുഞ്ഞമ്മു ചീരൂനോട് പുരികമുയർത്തിക്കൊണ്ട് പറഞ്ഞു. ഇംഗ്ളീസ് മീഡിയം സ്കൂളിലായോണ്ട ഇത്ര പവറു കാണിക്കുന്നേ.
"എന്നോടൊന്നും പറയണ്ട. ഞാനേ ഉണ്ണിക്കുട്ടീടെ സെറ്റാ. ചീരു മുഖം കെറുവിച്ചു."
"ഉണ്ണിക്കുട്ടീ റ്റാറ്റാ".. ചീരു ഉറക്കെ വിളിച്ചു പറഞ്ഞു. ഉണ്ണിക്കുട്ടി ചീരൂനെ നോക്കി, തിരിച്ചു കൈവീശി കാണിച്ചു.
*****************************************
പുതിയ ക്ലാസ്സിൽ, തൻ്റെ കൂട്ടുകാരൊക്കെ ഒരേ ഡിവിഷനിലായതിന്റെ സന്തോഷത്തിലാണ് ഉണ്ണിക്കുട്ടി. ആദ്യത്തെ പീരിയഡ് രമ ടീച്ചറുടെ കണക്കു ക്ലാസ്സ് ആയിരുന്നു.
രണ്ടാമത്തെ പീരിയഡ്, ദേ വരുന്നു ഒരു പുതിയ ടീച്ചർ. സയൻസ് ആണ് വിഷയം. നല്ല സുന്ദരി ടീച്ചർ. ഉണ്ണിക്കുട്ടിക്ക് ടീച്ചറെ വലിയ ഇഷ്ടായി. ടീച്ചറുടെ പേര് ലതാന്നാണ്. അന്ന് പാഠമൊന്നും എടുത്തില്ല. കഥയും പാട്ടുമൊക്കെയായി ടീച്ചറുടെ അന്നത്തെ പീരിയഡ് തീർന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലതടീച്ചർ അവർക്ക് പ്രിയങ്കരിയായി മാറി.
*******************************************
രണ്ട് മൂന്നു മാസങ്ങൾക്കു ശേഷം., ഒരു ദിവസം, കയ്യിൽ വലിയൊരു കാർഡ്ബോർഡ് പെട്ടിയുമായാണ് ലത ടീച്ചർ ക്ലാസ്സിൽ വന്നത്. ക്ലാസ്സിലെ എല്ലാ കുട്ടികളും വലിയ ആകാംഷയോടെ നോക്കിയിരുന്നു. എന്താവും ആ പെട്ടിയ്ക്കുള്ളിൽ.
ടീച്ചർ ആ പെട്ടി മേശമേൽ വച്ചു. എന്നിട്ട് എല്ലാവരോടുമായി ചോദിച്ചു.
"നിങ്ങളിൽ ആരൊക്കെയാണ് കിളി, കൂടുണ്ടാക്കുന്നതൊ, അല്ലെങ്കിൽ കിളിക്കൂടോ കണ്ടിട്ടുള്ളവർ", ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ ഉണ്ണിക്കുട്ടി കൈപൊക്കി.
ആഹാ മിത്ര കണ്ടിട്ടുണ്ടോ. പറയു കേൾക്കട്ടെ. ഉണ്ണിക്കുട്ടീടെ സ്കൂളിലെ പേരാണ് മിത്ര.
"ഉവ്വ് ടീച്ചറെ, വടക്കേ പുറത്തെ മുറിയുടെ ജനാല കമ്പീല് കയറി നിന്നാലേ, അടുക്കളയുടെ ചുമരിന്റെ പൊത്തില് ഒരു കുഞ്ഞു കിളിക്കൂടുണ്ട്,അത് കാണാം. പക്ഷെ നമ്മള് കിളീടെ മുട്ട തൊടാൻ പാടില്ല. ന്താ അറിയോ."
"ഇല്ലല്ലോ, മിത്രക്കുട്ടി പറഞ്ഞേ". ടീച്ചർ ചോദിച്ചു.
"അതേ, അതെന്താറിയോ, മനുഷ്യന്മാരുടെ മണം തട്ടിയാലേ അമ്മക്കിളി പേടിച്ചിട്ടു പിന്നേ ആ കൂട്ടിൽ വരില്ല.പാവം അമ്മക്കിളി.കുഞ്ഞു കിളിയാവില്ലല്ലോ മുട്ട.
നമ്മൾ കൂട് നോക്കുന്നോണ്ട് കൊഴപ്പല്യ. പക്ഷെ ഒന്നും തൊടാൻ പാടില്ല്യന്നേയുള്ളൂ." ഉണ്ണിക്കുട്ടി ഗൗരവത്തിൽ പറഞ്ഞു നിർത്തി.
മിടുക്കി. ടീച്ചർ പുഞ്ചിരിച്ചു കൊണ്ട് കയ്യടിച്ചു. ക്ലാസ്സിലെ കുട്ടികളും.
ടീച്ചർ മേശപ്പുറത്തിരുന്ന പെട്ടി തുറന്ന് അതിനുള്ളിൽ നിന്നും പല തരത്തിലുള്ള മൂന്നു കിളിക്കൂടുകൾ പുറത്തെടുത്തു.
ഉണ്ണിക്കുട്ടി കണ്ടിട്ടുള്ള കൂടിന്റെ പോലെ തന്നെ ആയിരുന്നു , അതിൽ രണ്ടെണ്ണം. വലിപ്പ വ്യത്യാസം മാത്രേ ഉണ്ടായിരുന്നുള്ളു.
പക്ഷെ മൂന്നാമത്തെ കൂട്, അവൾ ആദ്യമായി കാണുകയാണ്. തൂക്കണാം കുരുവിക്കൂട്. ന്ത് ഭംഗ്യാ കാണാൻ. രണ്ടറ്റവും നീണ്ട്, നടുക്ക് ഒരു കുഞ്ഞു ഉണ്ട പോലെ. ഒരു കുഞ്ഞു നാളികേരം വലിച്ചു നീട്ടിയമാതിരി. നടുക്കാണ് ഓട്ടയുള്ളത്. അതില്കൂടിയാണ് കൂട്ടിൽ കയറുക.
ടീച്ചർ പറഞ്ഞു കൊടുത്ത പലയിനം പക്ഷികളെക്കുറിച്ചും, അവരുടെ കൂടുണ്ടാക്കുന്ന രീതികളെ കുറിച്ചുമൊക്കെ കേട്ട് എല്ലാരും അന്തം വിട്ടിരുന്നു. പക്ഷെ ഉണ്ണിക്കുട്ടിയുടെ കണ്ണുകൾ ആ തൂക്കണാംകുരുവി കൂട്ടിൽ തന്നെയായിരുന്നു അധികസമയവും.
******************************************-
രണ്ട് ദിവസങ്ങൾക്കു ശേഷം...
"ടീച്ചറെ," ഉണ്ണിക്കുട്ടി സ്റ്റാഫ് റൂമിൽ പോയി, ലത ടീച്ചറുടെ അടുത്തു ചെന്ന് പതുക്കെ വിളിച്ചു.
" മ്മ്, ന്താ മോളെ, ന്ത് പറ്റീ", ടീച്ചർ സ്നേഹത്തോടെ ചോദിച്ചു.
ടീച്ചറെനിക്ക് അത് തര്വോ ?
ന്താ വേണ്ടേ മോൾക്ക് ?
"എനിക്ക്, അതേ ആ തൂക്കണാം കുരുവിക്കൂട് തര്വോ. പ്ലീസ്. ഞാൻ അത് നാശാക്കില്ല.സൂക്ഷിച്ചു വക്കാം. ഞാൻ എല്ലായിടത്തും നോക്കി, തൊടീലും, വടക്കേ പുറത്തും, പേരമരത്തിലും. തൂക്കണാം കുരുവിക്കൂട് മാത്രം കിട്ടീല. നല്ല ടീച്ചറല്ലേ. എനിക്ക് തര്വോ അത്."ഉണ്ണിക്കുട്ടി ചിണുങ്ങി.
ലത ടീച്ചർ പുഞ്ചിരിച്ചു. "ശരി. ഇത് വേറെ ആരോടും പറയരുത്. ഓണപ്പരീക്ഷക്കു സയൻസിൽ അമ്പതിൽ അമ്പതു മാർക്കും വാങ്ങിയാൽ മോൾക്ക് തൂക്കണാം കുരുവിക്കൂട് തരാം ട്ടോ."
സത്യായിട്ടും ? ഉണ്ണിക്കുട്ടി ചോദിച്ചു.
മ്മ്, സത്യായിട്ടും. ടീച്ചർ പറഞ്ഞത് കേട്ട്, ഉണ്ണിക്കുട്ടിക്ക് വലിയ സന്തോഷായി.
"ടീച്ചർമാരെ കുട്ട്യോള് ഉമ്മ വയ്ക്കാൻ പാട്വോ ?"
ഉണ്ണിക്കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട്, എന്ത് കൊണ്ടോ ലത ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു.
പിന്നെന്താ, ദാ, തന്നോളൂ, ടീച്ചർ തൻ്റെ മുഖം ഉണ്ണിക്കുട്ടിയുടെ കുഞ്ഞു ചുണ്ടുകളുടെ അടുത്തു നീക്കി പിടിച്ച് കൊണ്ടു പറഞ്ഞു. ടീച്ചറുടെ രണ്ട് കവിളിലും അമർത്തി ഉമ്മ വച്ച്, ഉണ്ണിക്കുട്ടി സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങിയോടി.
**************************************
**************************************
പിന്നീടുള്ള ദിവസങ്ങളിൽ മുഴോൻ സമയവും ഉണ്ണിക്കുട്ടി സയൻസ് പഠിത്തമായിരുന്നു.
നിനക്ക് വേറെ വിഷയത്തിനൊന്നും പരീക്ഷയില്ലേ ? അമ്മ കണ്ണുരുട്ടി വടിയെടുക്കുമ്പോൾ മാത്രം അവൾ വേറെ പുസ്തകങ്ങൾ തുറന്നു.
*******************************************
*******************************************
അങ്ങനെ ഉണ്ണിക്കുട്ടിയുടെ പരീക്ഷ കഴിഞ്ഞു.ഇനി പത്തു ദിവസം, അവധിക്കാലമാണ്.
ഒരു ദിവസം റോക്കറ്റുണ്ടാക്കി കളിക്കാൻ ന്യൂസ്പേപ്പർ കീറുന്നതിനിടയിലാണ് ഉണ്ണിക്കുട്ടി അത് കണ്ടത്. ലത ടീച്ചറുടെ ഫോട്ടോ. അവൾ ഒന്നൂടെ സൂക്ഷിച്ചു നോക്കി. ഉറപ്പായും അത് ടീച്ചറന്യ. അവൾ പേപ്പറും കൊണ്ട് അമ്മയുടെ അടുത്തേക്കോടി.
അമ്മേ, ന്റെ ടീച്ചറുടെ പടം പത്രത്തിൽ ന്തിനാ വന്നേ. അവളുടെ കയ്യിലിരുന്ന പത്രം വാങ്ങി നോക്കുന്ന അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ഉണ്ണിക്കുട്ടിക്ക് ന്തോ പന്തികേട് തോന്നി.
"അത് വെറുതെ ന്തിനോ വന്നതാ. മോളു പോയി കളിച്ചോട്ടോ". ഉണ്ണിക്കുട്ടിക്ക് സമാധാനമായി അത് കേട്ടപ്പോൾ.
പക്ഷെ അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ട് ഉണ്ണിക്കുട്ടി ഞെട്ടിപ്പോയി .
"അതേ ഉണ്ണീടെ ആ പുതിയ ടീച്ചറില്ലേ, അവർ കാറപകടത്തിൽ മരിച്ചൂ. ഗുരുവായൂർക്കു തൊഴാൻ പോവായിരുന്നു ത്രേ. നാല് ദിവസായിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട് ന്ന്. ഭർത്താവും പോയി. ഉണ്ണിക്കുട്ട്യോട് പറഞ്ഞില്ല ഞാൻ.അവൾക്കവരെ വലിയ കാര്യമായിരുന്നു."
ഇത് കേട്ടപ്പോൾ അപ്പുറത്തെ മുറിയിലിരുന്നു കളിച്ചു കൊണ്ടിരുന്ന ഉണ്ണിക്കുട്ടി ഒറ്റകരച്ചിലായിരുന്നു.
"ന്റെ ടീച്ചർ. ന്റെ ടീച്ചറെന്തിനാ മരിച്ചേ."ആ കുഞ്ഞു മനസ്സിന് താങ്ങാവുന്നതിനപ്പുറമായിരുന്നു അവളുടെ പ്രിയപ്പെട്ട ടീച്ചറുടെ മരണം. അവൾക്കറിയാം മരിച്ചവരാരും തിരിച്ചു വരില്ല. അവരെ ഒന്നുകിൽ തീകത്തിക്കും, ഇല്ലെങ്കിൽ കുഴിച്ചിടും. ഒരിക്കലും അവരെ പിന്നീട് കാണാൻ പറ്റില്ല്യ. അവൾ ഏങ്ങിയേങ്ങി കരഞ്ഞു.
അവളുടെ കരച്ചിൽ നിർത്തിപ്പിക്കുവാനും അവളെ ആശ്വസിപ്പിക്കാനും അമ്മയും അച്ഛനും നന്നേ പാട് പെട്ടു.
********************************************
********************************************
അവധിക്കാലം കഴിഞ്ഞു സ്കൂൾ തുറന്നു. ഉണ്ണിക്കുട്ടിക്ക് ഒരുത്സാഹവും ഉണ്ടായിരുന്നില്ല സ്കൂളിൽ പോകുവാൻ.സയൻസ് പീരിയഡ് ആയി. അവളുടെ മനസ്സ് ന്തിനോ വിങ്ങുന്നുണ്ടായിരുന്നു. തൻ്റെ ലത ടീച്ചർ വരേണ്ട സമയം.
ബീന ടീച്ചർ ആണ് ആ പീരിയഡ് വന്നത്.അവർ ഉത്തരകടലാസ് ഓരോരുത്തർക്കായി കൊടുക്കുവാൻ തുടങ്ങി.
മിത്ര, മിടുക്കി കുട്ടി. അമ്പതിൽ അമ്പത്. ടീച്ചർ ഉറക്കെ വിളിച്ചു പറഞ്ഞു. എല്ലാവരും അത് കേട്ട് കയ്യടിച്ചു.
പക്ഷെ അവളോ, ഉത്തരക്കടലാസ്സു വാങ്ങുന്നതിനു പകരം എഴുന്നേറ്റു നിന്നു പൊട്ടിക്കരയാൻ തുടങ്ങി.
"ടീച്ചർ, ഉണ്ണിക്കുട്ടി ഫുൾ മാർക്ക് മേടിച്ചു. ന്റെ ടീച്ചറെവിടെയാ. എനിക്ക് തൂക്കണാം കുരുവിക്കൂടൊന്നും വേണ്ടാ. ന്റെ ടീച്ചറെ മതി. ന്റെ ടീച്ചർ. ന്തിനാ മരിച്ചേ. എനിക്കിനി ടീച്ചറെ കാണാൻ പറ്റില്ലല്ലോ." അവൾ തേങ്ങി.
അവളുടെ കരച്ചിൽ കേട്ട് ക്ലാസ്സിന്റെ ജനാലയ്ക്കപ്പുറത്തെ, ഗ്രൗണ്ടിലെ മരത്തിൽ തലകീഴായി നിന്നു കൂടുണ്ടാക്കികൊണ്ടിരുന്ന ഒരു തൂക്കണാംകുരുവി തൻ്റെ കുഞ്ഞു ചിറകുകളടിച്ചു പറന്നു പോയി. എങ്ങോട്ടെന്നില്ലാതെ.
*************************************
By Aisha Jaice

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക