Slider

തടവറ

0
Image may contain: 1 person, beard

ഞാൻ ഈ തടവറയുടെ കാവൽക്കാരൻ. ഈ തടവറ പണിതീർത്തതും ഇവിടുത്തെ താമസക്കാരനും ഞാൻ തന്നെയാണ്. സ്നേഹത്താൽ ഉരുക്കിയെടുത്ത നേർത്ത കമ്പികളാൽ പണിതൊരുക്കിയ തടവറ.
ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരുവാനും ഇറങ്ങിപ്പോകുവാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വരുന്നവർക്കോ പോകുന്നവർക്കോ ആരോടും അഭിപ്രായം ചോദിക്കേണ്ടതില്ല , സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കണമെങ്കിൽ ആവാം എന്നല്ലാതെ...
ഏകാന്തതയാണിവിടെ...തികച്ചും ഏകാന്തത. പുറത്ത് കാലവർഷം നിറഞ്ഞാടുന്ന വർഷം തീർക്കും ശബ്ദങ്ങളും അവയുടെ അകമ്പടിക്കാരായ കാറ്റിന്റെ മൂളിപ്പാട്ടുമൊഴിച്ചാൽ തികച്ചും ഏകാന്തത.
മുറ്റത്തെ കൊച്ചു ചെമ്പകച്ചെടിയിൽ കൂടുകൂട്ടുവാനെത്തുന്ന ഇണക്കുരുവികളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ഇടയ്ക്കിടെ കേൾക്കാം. ഇരുദിശകളിലേക്കായി ചെടിയിൽ നില്ക്കുന്ന രണ്ടിലകളെ തമ്മിൽ ഒരുമിച്ചു ചേർക്കുവാൻ മൂന്നു ദിവസം വേണ്ടിവന്നു അവയ്ക്ക്. അവയുടെ കൊക്കിൽനിന്നും പുറത്തുവന്ന ദ്രവരൂപത്തിലുള്ള നേർത്ത നൂലിഴകളാലായിരുന്നു ആ ആൺകിളി ഇലകളെ തമ്മിൽ ബന്ധിപ്പിച്ചത്.
ഒരു ദിവസം അഞ്ചോ ആറോ തവണ അവരിവിടെ വരും. അവരുടെ വീടിന്റെ ഓരോ ജോലികളും തീർത്തു കഴിയുമ്പോൾ ആൺകിളി പ്രത്യേക തരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചു ഇണക്കിളിയെ വിളിക്കും. ആ ശബ്ദം കേട്ട് പെൺകിളി ദൂരേനിന്നു വരും. എന്നും ഈ തടവറയുടെ വാതിൽ തുറക്കുiമ്പോൾ ആദ്യം നോട്ടമെത്തുക ചെമ്പകച്ചെടിയിലെ കൂട്ടിലേക്കാണ്. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ കുരുവികൾ കൂടുമേയുന്നത് കണ്ടില്ല. പൂക്കളിലെ തേൻ നുകരുവാൻ എന്നും വരമെങ്കിലും കൂടുകെട്ടാതായി. വൈകുന്നേരം ആറുമണി കഴിഞ്ഞ് അടുത്ത വീട്ടിലെ സുന്ദരിപ്പൂച്ചയുടെ പാത്തുപതുങ്ങിയുള്ള വരവ് കണ്ടപ്പോഴാണ് കാരണം മനസ്സിലായത്. അവള് ആ മതിലിനു മുകളിലേക്ക് ചാടിക്കയറി ആ കൂടുതകർത്തു. അവയെ ഭയപ്പെടുത്തിയതാണ്... പാവം കുരുവികൾ! മറ്റെവിടെയെങ്കിലും കൂടുകൂട്ടിയിരിക്കാം.
വീണ്ടും ഏകാന്തത മാത്രം.
ഈ ഏകാന്തത മനം മടുപ്പിക്കുമെന്ന് ആരാണ് പറഞ്ഞത്? ആരായാലും അയാൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. ഏകാന്തത ഒരിക്കലും ഒരു ഒറ്റപ്പെടലല്ല. അത് ഒരു പ്രത്യേകതരം അവസ്ഥ മാത്രമാണ്. അനുഭവിക്കുന്നവരുടെ മാനസികാവസ്ഥപോലെ മാത്രമാണ് അത് നിശ്ചയിക്കുന്നത്.
മറ്റാരും കാണാനില്ലെന്ന ബോധ്യമുണ്ടായാൽ പരിപൂർണ്ണ നഗ്നനായി ഒന്നു സ്വതന്ത്രമായി നടക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ? അതേ അവസ്ഥയാണ് ഈ ഏകാന്തത നൽകുന്നത്. മനസ്സിന്റെ പിരിമുറുക്കത്തിൽ നിന്നും തികച്ചും അഴിച്ചുവിട്ട് ഒരു പട്ടംപോലെ സ്വതന്ത്രമായി ഈ നീലവിഹായസ്സിൽ അങ്ങോളമിങ്ങോളം പാറി നടക്കാം. എവിടെ വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പറന്നെത്താം. നമ്മുടെ പ്രിയപ്പെട്ടവരുടെ സാമീപ്യം അവർപോലും അറിയാതെ അവരുടെ അടുത്തേക്ക്.. ചേർന്നിരിക്കാം സ്പർശിക്കാം...ചുംബനങ്ങൾക്കൊണ്ട് മൂടാം... കാണാമറയത്തെ കാഴ്ചകളെല്ലാം കൺകുളിർക്കെ കാണാം.. സ്നേഹം പങ്കുവെയ്ക്കാം... വേദനയോടെ പിരിയാം.. അവരുടെ നീറുന്ന മനസ്സ് നമുക്ക് കാണേണ്ട.... നമ്മൾ ആഗ്രഹിക്കുന്ന മനസ്സോടെ മാത്രം അവരിലേക്ക് അലിഞ്ഞുചേരാം...
ഒരിക്കലും തോൽവിയില്ലാത്ത ജീവിതം. എവിടേയും ജയം മാത്രം. തോറ്റവരുടെ കണ്ണുനീര് കാണേണ്ട. ശത്രുവിന്റെ വിജയ കാഹളത്തിന് ചെവി കൊടുക്കേണ്ട... മനം മടുപ്പിക്കുന്ന കാഴ്ചകളെല്ലാം കണ്ടില്ലെന്നു നടിക്കാം. നാളേക്കുവേണ്ടി കാത്തിരുന്ന് ജീവിതം പാഴാക്കേണ്ട. എല്ലാം ഇന്നുതന്നെ കൈക്കുമ്പിളിൽ...
എത്രദൂരെ സഞ്ചരിച്ചാലും തളരാത്ത പാദങ്ങൾ.. സമയമോ ഒച്ചിനേക്കാൾ മെല്ലെ മാത്രം സഞ്ചരിക്കുന്നതായി കാണാം.. സമയമില്ലാത്തതുകൊണ്ട് എന്ന പരാതിയില്ല. ..സമയക്കൂടുതൽ മാത്രം. കാത്തിരിപ്പിന്റെ വിരസതയില്ല. ഇന്ന് കാണുന്ന ജീവിതം ആവോളം ആസ്വദിക്കുവാൻ ജീവിതത്തിൽ കൈവരുന്ന അസുലഭാവസരം... ഏകാന്തത! എത്ര വിരോധാഭാസമാണിത്.. എല്ലാം സുഭിക്ഷമായി ആസ്വദിച്ച് ഒന്നുമില്ലെന്ന പരാതി.. തികച്ചും ഒറ്റയ്ക്ക് എന്ന കള്ളം പറച്ചിൽ.
ഒരു നിമിഷം മനസ്സു കൊടുത്താൽ തന്റെ ചുറ്റുമുള്ള ഈ പ്രകൃതയിലെ ഓരോ ചരാചരങ്ങളുടേയും സംസാരം ശ്രവിക്കാം. അവയുടെ സന്തോഷവും സങ്കടവും പരാതിയും തിരിച്ചറിയാം... ഒപ്പം അവയുടെ കരുതലും. ഇരിക്കുന്ന കസേരപോലും സംസാരിക്കുന്നത് കേൾക്കാം. നമ്മുടെ സാമീപ്യം അറിയുന്ന മാത്രയിൽതന്നെ കൂടുതൽ ജാഗ്രതയോടെ അത് നമ്മുടെ ശരീരത്തെ താങ്ങിനിർത്തുന്നു. നമ്മുടെ ഭീമമായ ഭാരം താങ്ങുവാനാവാതെ തളരുന്ന മാത്രയിൽ നമുക്ക് മുന്നറിയിപ്പായി പുറപ്പെടുവിക്കുന്ന ശബ്ദം ഒരു തേങ്ങലായി ഒരു കരുതലായി കേൾക്കാം.
മഴയുടെ താളം.. കുളിരേകിയ വരവ്..അകലെനിന്നുതന്നെ ഒരു മുന്നറിയിപ്പേകിയാണ് മഴയും വരുന്നത്.. ആദ്യം മേഘപാളികളിലെ വർണ്ണങ്ങളെ മാറ്റിമറച്ച് അന്തരീക്ഷത്തിൽ ഇരുട്ടുപരത്തി കാറ്റിന്റെ അകമ്പടിയോടെ വറ്റിവരണ്ട ഭൂമിയെ സ്നേഹത്തോടെ സഹതാപത്തോടെ നോക്കിക്കൊണ്ടുള്ള വരവ്. നഷ്ടപ്പെട്ടു പോകുന്ന പ്രപഞ്ചത്തിന്റെ ഹരിതാഭയെ കൂടുതൽ മികവുറ്റതാക്കുവാൻ ശക്തമായ തിരിച്ചു വരവ്. പുതിയ അതിഥികളെ സംരക്ഷിക്കുവാനായി ഭൂമിയുടെ സംതുലിതാവസ്ഥയേയും മാറ്റിമറിച്ച് ഞാറ്റുവേലകളെ കൂട്ടുപിടിച്ച്നിറഞ്ഞു കവിഞ്ഞ പാടശേഖരങ്ങളും നദികളും ഭൂമിയുടെ വെള്ളിക്കൊലുസെന്നപോലെ തിളങ്ങി, ഈ ഭൂമി എത്ര സുന്ദരമെന്ന് നാം അറിയാതെ പറയുന്ന സ്ഥിതിവിശേഷം. കൂടെയെത്തുന്ന കാറ്റിനുമുണ്ട് ഒരുപാട് പറയുവാൻ. നിശ്ചലമായ അവസ്ഥയെന്ന് വേപഥുവോടെ, ഒരിലയെങ്കിലുമൊന്ന് അനങ്ങിയിരുന്നുവെങ്കിൽ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിൽ, കുണുങ്ങി കുണുങ്ങിയെത്തുന്ന ഒരിളം കാറ്റിന്റെ തലോടലിൽ സായൂജ്യം തേടുന്ന പലരും... അശുദ്ധമായ അന്തരീക്ഷ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന ശമ്പളമില്ലാത്ത ജോലിക്കാരനേപ്പോലെ കാറ്റ്. വിള നിറഞ്ഞ വയലേലകളിൽ ഒരു തിരമാലപോലെ തഴുകിയൊഴുകുന്ന കാറ്റ്..
ഉണ്ണികൾക്ക് ഉത്സവമായ അവിധിക്കാല കാറ്റ്. പൂത്തുലഞ്ഞ ഇലഞ്ഞിമരച്ചുവട്ടിൽ പൂക്കൾ നിറയ്ക്കുന്ന തളിരിളം കാറ്റ്. ഇലഞ്ഞിപ്പഴവും ഞാവൽപഴവും മാമ്പഴവും പൊഴിക്കുന്ന ചക്കരക്കാറ്റ്. വിടർന്ന ചെമ്പകപ്പൂക്കളുടേയും മുല്ലപ്പൂക്കളുടേയും നന്ത്യാർവട്ടത്തിന്റേയും ഗന്ധരാജന്റേയും പിച്ചകത്തിന്റേയും മണം പേറിവരുന്ന മന്ദാനിലൻ.
അതിഥികളേറെ... ഏകാന്തതയുടെ കൂട്ടുകാരായി. വിരുന്നുകാരായി വന്നെത്തി വീട്ടുകാരായി മാറുന്ന ചിത്രശലഭങ്ങളും പക്ഷികളും... കാറ്റിലും മഴയിലും വസന്തത്തിലും വർഷത്തിലും ശിശിരത്തിലും ഹേമന്ദത്തിലും കുശലം ചോദിച്ചെത്തുന്ന കൂട്ടുകാർ. വേനൽക്കാലത്ത് മാളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില ഭൂമിപാലകരും മഴക്കാലത്ത് അരികിലേക്ക് ഓടിയെത്തും... അഭയം തേടി... ഭയപ്പാടോടെ ആട്ടിയോടിക്കുമ്പോൾ ആ കണ്ണുകളിലെ ദയനീയത നാം കാണുന്നില്ല. ഈ ഭൂമിയിൽ ജീവിക്കുവാൻ നിന്നേപ്പോലെ അവകാശമുള്ളവരാണ് ഞങ്ങളുമെന്നുള്ള അവയുടെ വാക്കുകൾ നാം കേട്ടില്ലെന്ന് നടിക്കുന്നു.
ഇത്രയേറെ കൂട്ടുകാർ കൂടെയുണ്ടായിട്ടും ഇവിടെ ഏകാന്തതയാണെന്ന് ആരാണ് പറഞ്ഞത്. ഇല്ല... അത് ഒരു സങ്കല്പം മാത്രമാണ്. ചുമരിലെ ഘടികാരത്തിലെ സൂചിപോലും ചലിക്കുന്നത് എത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ്! കാൽപ്പാദങ്ങളിൽ പറ്റിപ്പിടിച്ച ചെറുമൺതരിപോലും അതിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.
ഏകാന്തതയില്ലാത്ത ഏകാകി. ഏകനല്ലാത്ത ഏകാന്ത സഞ്ചാരി. ഏകമായതേതോ ആ യാഥാർത്ഥ്യലേക്ക് മുഖംതിരിച്ച് ഒരു യാത്ര... അനന്തമായ യാത്ര. ഒരു ഇടവേളയിൽനിന്നും മറ്റൊരിടവേളയിലേക്കുള്ള നിസ്സാരമായ ദൂരംപോലും താണ്ടി മുന്നേറുവാനാവാതെ വിലപിക്കുന്ന ഏകാന്ത സഞ്ചാരി. പരിപൂർണ്ണ നഗ്നനായി പിറന്ന് ആ നഗ്നതയെ കാപട്യങ്ങൾക്കൊണ്ട് മറച്ചുവെച്ച്, തന്റെ തെറ്റും ശരിയും അടിച്ചേല്പിച്ച് ന്യായീകരണങ്ങൾക്കൊണ്ട് മറതീർത്ത് വിജയിച്ചു എന്ന തോന്നലോടെ, അവസാനം തോൽവി സമ്മതിച്ച്, പരിപൂർണ്ണ നഗ്നനായിത്തന്നെ തിരിച്ചു പോകുന്ന സഞ്ചാരി.
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo