Slider

കാലം സാക്ഷി

0

വെറുതെ ടി.വിയിൽ ചാനലു മാറ്റി കളിക്കുകയായിരുന്ന ഒരു നട്ടുച്ച സമയം. മക്കൾ നല്ല ഉറക്കമായിരുന്നു. ഉമ്മ അപ്പുറത്തെ മുറിയിൽ നിസ്കാരമൊക്കെയായി കൂടിയിരിക്കുകയാണ്. മോനു നാലു ദിവസത്തെ അവധി കിട്ടിയപ്പോൾ വീട്ടിലേക്ക് വന്നതായിരുന്നു ഞാൻ. എന്തോ വെറുതെ ഒന്ന് നോക്കിയതാണു ജനാലക്ക്. പെട്ടെന്ന് ഒരു തീ നാളം എൻറെ അടിവയറ്റിൽ നിന്ന് പുറപ്പെട്ട് നെഞ്ചിൻകൂടു വഴി തൊണ്ടയിൽ വന്ന് കുരുങ്ങി. രണ്ടു കണ്ണുകൾ ജനൽ വഴി എന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തയായപ്പോൾ ഞാൻ ജനലിരകിലേക്ക് നടന്നു. അടുത്തെത്തിയപ്പോൾ മനസ്സിലായി അത് മുണ്ടിച്ചിയാണ്. പണ്ടേ വീട്ടിലെ പുറംപണികൾക്കൊക്കെ വന്നിരുന്നയാളാണ് മുണ്ടിച്ചി. കറുത്ത നിറവും നല്ല നീളവും തടിയുമൊക്കയായി ആരോഗ്യ ദൃഢഗാത്രയായിരുന്നു അവർ. ഉള്ളില്ലാത്ത മുടി 'ചീനികെട്ട്' കെട്ടി വെക്കുമായിരുന്നു. ഇപ്പോഴാണെങ്കിൽ മെലിഞ്ഞ് കോലായി മാറിയിരിക്കുന്നു. മുടിയൊക്കെ കുറ്റിയിൽ മുറിച്ച് കളഞ്ഞിരിക്കുന്നു.
''ഹാ! മുണ്ടിച്ച്യാ.. പേടിപ്പിച്ചല്ലോ..'' അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു. അത് വരെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ എന്നെ തുറിച്ച് നോക്കി കൊണ്ടിരുന്ന അവർ രണ്ടടി പിറകോട്ട് മാറി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അവിടെ നിന്നും പോയി. എന്നാൽ ഉമ്മറത്തേക്കായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അവർ ഗേറ്റ് കടന്ന് പോയിരുന്നു. സാധാരണ മുണ്ടിച്ചീടെ വരവ് ഇങ്ങനല്ല.
''സാസം മുട്ടീട്ട് വയ്യെൻറെ കുട്ട്യേ.. ആസ്പത്രീ പോവാനൊരഞ്ചുർപ്യ തരിങ്ള്..'' കണ്ണൊക്കെ നിറച്ചുള്ള ആ പറച്ചിൽ പതിവാണ്. ചിലപ്പോൾ ശ്വാസം മുട്ടല് കാൽമുട്ട് വേദനയോ കൈ കുഴച്ചിലോ ഒക്കെയാവും. അത്രേയുള്ളൂ. ഇതൊന്നും പറയാതെയുള്ള മുണ്ടിച്ചീടെ പോക്കിൽ എന്തോ ഒരസ്വഭാവികത അനുഭവപ്പെട്ടു എനിക്ക്.
പണ്ട്, കൃഷിയൊക്കെ നടത്തിയിരുന്ന കാലത്ത് തറവാട്ടിലെ സ്ഥിരാംഗങ്ങളെ പോലെ തന്നെയായിരുന്നു ചാത്തപ്പനും മുണ്ടിച്ചീം. മുണ്ടിച്ചീൻറെ കെട്ട്യോനാണ് ചാത്തപ്പൻ. തല വെളു വെളാ നരച്ച ചാത്തപ്പൻറെ ഒരു പല്ല് പുറത്തേക്ക് ഉന്തി നിൽക്കും. ചാത്തപ്പൻ വർത്തമാനം പറയുമ്പോൾ എൻറെ ശ്രദ്ധ മുഴുവൻ തെന്നി കളിക്കുന്ന ആ പല്ലിലായിരിക്കും. മുണ്ട്യേ.. എന്നാ ചാത്തപ്പൻ മുണ്ടിച്ചീനെ വിളിക്കുക. ഇടക്കൊക്കെ തല്ല് കൂടുമെങ്കിലും രണ്ടാളും നല്ല സ്നേഹമായിരുന്നു.
കൊയ്ത്ത് കാലമായാൽ മുറ്റം പണി എടുക്കുന്നതും ചാത്തപ്പനും മുണ്ടിച്ചീം ചേർന്നാണ്. പറമ്പിൽ നിന്ന് പൂഴി മണ്ണ് അരിച്ചെടുത്ത് കുഴച്ച് മുറ്റത്ത് നിരത്തി അച്ച് കൊണ്ട് അടിച്ച് നിരപ്പാക്കി ചാണകമോ കരിയോ ഒക്കെ മെഴുകി വൃത്തിയാക്കും. നെല്ലു പുഴുങ്ങാനുള്ള വലിയ മണ്ണടുപ്പ് പിന്നാമ്പുറത്ത് പൂട്ടും. അടുപ്പ് പൂട്ടുന്ന ദിവസം മുണ്ടിച്ചി ഒരു കാര്യം ഞങ്ങൾ കുട്ടികൾക്കായി ചെയ്ത് തരും. ഞങ്ങൾ ഊഞ്ഞാലിട്ട് കളിക്കുന്ന പുളിമരത്തിൻറെ ചോട്ടിൽ രണ്ടോ മൂന്നോ കുഞ്ഞു മണ്ണടുപ്പുകൾ. വീട്ടിലെ പൊട്ടിയ മൺചട്ടിയൊക്കെ എടുത്ത് പിന്നെ ഞങ്ങൾ മണ്ണപ്പം ചുട്ടു കളിക്കുന്നത് ആ അടുപ്പുകളിലായിരുന്നു.
വല്ല്യുമ്മാടെ വാലായി നടന്നിരുന്നതാണ് മുണ്ടിച്ചി. അതുകൊണ്ടായിരിക്കണം, വല്ല്യുമ്മ മരിച്ച് ചടങ്ങുകളെല്ലാം കഴിഞ്ഞ് വീടൊക്കെ തൂത്ത് തുടച്ച് വന്ന മുണ്ടിച്ചി നിലത്ത് വീണുരുണ്ട് കൂവലോട് കൂവൽ. ഭയന്ന് വിറച്ച് നിന്ന ഞങ്ങളെ മൂത്തമ്മ അകത്തേക്കോടിച്ചു.
''ചെയ്ത്താൻ കൂക്കാണ് കുട്ട്യാളെ.. നോക്കിക്കണ്ട..'' എന്ന് പറഞ്ഞ്.
വല്ല്യുമ്മ മരിച്ചതിന് ശേഷം കൃഷിയൊന്നും അധികകാലം ഉണ്ടായില്ല. എന്നാലും ചാത്തപ്പനും മുണ്ടിച്ചീം കുറച്ച് കാലം കൂടിയൊക്കെ തറവാട്ടിൽ ഉണ്ടായിരുന്നു. പിന്നെ ഓരോരുത്തരായി വീട് മാറി പോയപ്പോൾ പണിയൊന്നും ഇല്ലാന്ന് മനസ്സിലായിട്ടാവും അവരും അവിടെ നിന്ന് പോയി. പിന്നെ വല്ലപ്പോഴും വല്ല ആവശ്യവും പറഞ്ഞുള്ള വരവേയുള്ളൂ.
ആ മുണ്ടിച്ചിയാണ് ഇങ്ങനെ അപരിചിതമായി പെരുമാറിയിട്ട് പോയത്. അങ്ങനെ ചിന്തിച്ച് നിൽക്കുമ്പോഴാണ് ഉമ്മ അകത്ത് നിന്നും വന്നത്. ഉമ്മാനോട് കാര്യം പറഞ്ഞു.
''ആ.. മുണ്ടിച്ചിക്ക്‌പ്പൊ വല്ല്യ സുഖല്ല്യാ..''ഉമ്മ പറഞ്ഞു.
''ഉം...?''
''ചാത്തപ്പൻ മരിച്ചേനേഷം മുണ്ടിച്ചി ങ്ങൻതന്നേ..''
''ചാത്തപ്പൻ മരിച്ചോ..?'' കണ്ണ് വിടർത്തി ഞാൻ ചോദിച്ചു.
''ആ ചാത്തപ്പൻ മര്ച്ചിട്ട് ഒര് കൊല്ലായ്ട്ടണ്ടാവും പ്പൊ.. ഞാൻ അന്നോട് പറയാന് മറ്ന്നതാ..'' മറവി ഉമ്മാടെ കൂടെപിറപ്പാണ്.
'' ചെറ്യേ ചെക്കണ്ടല്ലോ മുണ്ടിച്ചിക്ക്.. പത്തിരുപത്തൊന്ന് വയസേന്നു.. വല്ല്യേ ബുദ്ധില്ല്യാത്ത കുട്ട്യേന്നു.. അയ്നെ കുളിപ്പിച്ചീന്നതും താങ്ങീന്നതൊക്കെ മുണ്ടിച്ച്യാ.. നാലഞ്ച് മാസം മുന്നെ അതും മരിച്ചു.. അയിനേഷാ ങ്ങനായത്.. രണ്ടീസം കാണാതെക്കായിനു.. പ്പൊ പൂട്ടിടലാത്രെ.. പ്പൊ എങ്ങനേലും കാണാതെ എർങ്ങി പോന്നതാകും..''
ഉമ്മ പറഞ്ഞ് നിർത്തുമ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു കാലം നമ്മളെയൊക്കെ ഏതെല്ലാം വഴികളിലൂടെ എങ്ങനെയെല്ലാം എവിടെയെല്ലാം കൊണ്ടെത്തിക്കുന്നു. ഓർക്കും തോറും നെഞ്ചിൻ കൂട്ടിലേക്ക് ഒരാളൽ പടർന്നു കയറികൊണ്ടിരുന്നു.
ജസീല ഷമീർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo