കരാഗ്രേ വസതേ ലക്ഷ്മീ.. .... ..
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വ്യത്തിയായി ഒന്നു ചൊല്ലി. രാവിലെ തണുപ്പു കാരണം താമസിച്ചാണ് കിടക്കയില്‍ നിന്നു പൊങ്ങാന്‍ തുടങ്ങുന്നത്. പിന്നെ സമയം ലാഭിക്കാന്‍ പറ്റിയ ഇടങ്ങളാണ് ഈ ശ്ലോകം ചൊല്ലല്‍ ഏരിയായും മറ്റും. ഇന്ന് പിന്നെ ഞായറാഴ്ചയാണല്ലോ, ഇന്നെല്ലാം ഒരു സ്ളോ മോഡില്‍ ആണ്..
ശ്ലോകവുംചൊല്ലി എഴുന്നേറ്റ് കര്‍ട്ടന്‍ നീക്കി അരുണകിരണങ്ങളെ മുറിയിലേക്കാനയിച്ച് സ്വയമൊരു ശുഭദിനമാശംസിച്ചപ്പോഴാണ് മൊബൈലില്‍ കോള്‍ വന്നത്. കൊള്ളാം, നല്ല ശകുനം. ഇന്നൊരുഗ്രന്‍ ഞായറാഴ്ച തന്നെ..
അമ്മയാണ്, സാധാരണ രാത്രിയിലാണ് വിളിക്കാറുള്ളത്. ഇതെന്താണ് രാവിലെ തന്നെ പതിവില്ലാതെ..
'എടാ, രാവിലെ കാവില്‍ തൊഴാന്‍ പോയിരുന്നു. തിരൂമേനി നിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു, പിന്നെ നിന്റെ ജന്‍മസമയമനുസരിച്ച് ഇപ്പോള്‍ രാഹുവിന്റെ അപഹാരമാണെന്നും ശത്രുദോഷമുണ്ടെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞു.'
അപ്പോള്‍ ശത്രുദോഷമാണ് രാവിലത്തെ ഈ വിളിക്കു ഹേതു. ഇതെല്ലാം വെറുതെയാണെന്നും അന്ധവിശ്വാസങ്ങളാണെന്നും ഒക്കെ പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കാന്‍ വെറുതെ ശ്രമിച്ച് ഫോണ്‍ കട്ട് ചെയ്തു.
അപ്പോള്‍ ശത്രുദോഷമാണ് രാവിലത്തെ ഈ വിളിക്കു ഹേതു. ഇതെല്ലാം വെറുതെയാണെന്നും അന്ധവിശ്വാസങ്ങളാണെന്നും ഒക്കെ പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കാന്‍ വെറുതെ ശ്രമിച്ച് ഫോണ്‍ കട്ട് ചെയ്തു.
ഉം....ശത്രുദോഷം..മനുഷ്യന്റെ ഓരോ അധഃപതനങ്ങള്‍..അകാരണമായ ഭയങ്ങള്‍, അടിസ് ഥാനരഹിതമായ ചിന്തകള്‍, എല്ലാം വെറുതെ. ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ.....
ആണോ, അതോ ഇതിലെന്തെങ്കിലും കാര്യമുണ്ടോ,..മനസ്സൊരു മരീചിക, കടിഞ്ഞാണില്ലാത്ത യാഗാശ്വം, എല്ലാം തോന്നലുകള്‍....
ഇങ്ങനെയൊക്കെ ചിന്തിച്ച് കട്ടിലിലേക്കങ്ങിരുന്നു. അഥവാ ഇനിയിപ്പോ ശത്രുവുണ്ടെങ്കിലും അതിന്റെ ദോഷം ഇതുവരെ അനുഭവഭേദ്യമായിട്ടുമില്ല. ഇത് വലിയ ഒരു വിഷയമാണ്, ഗാഢമായി വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. ഇരുന്ന് ചിന്തിച്ചാല്‍ ശരിയാവില്ല, നീണ്ടു നിവര്‍ന്നങ്ങനെ കിടന്നു.
യാഗാശ്വം വീണ്ടും കുതിക്കുന്നു,
എന്നാലും ഇത് സത്യമായിരിക്കുമോ, ആണെങ്കില്‍ത്തന്നെ ഇതിനും പോന്ന ഒരു ശത്രു ഉള്ളതാരാണ്. ഓര്‍മ്മയില്‍ ഒരു മുഖവും തെളിയുന്നില്ലല്ലൊ.. ഒരു ശത്രുവിനെ ഉണ്ടാക്കാന്‍ മാത്രമുള്ള തെറ്റു് ചെയ്തതായിട്ടോര്‍ക്കുന്നുമില്ല.
അതോ ഒരു ശത്രു ഉണ്ടാകാന്‍ മാത്രം ഉള്ള വലിപ്പം എനിക്കായോ, ഏതെങ്കിലും രീതിയില്‍.
ആയിരിക്കും....
അങ്ങനെ ചിന്തിക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഞായറാഴ്ചയുടെ സുഖം കളയാന്‍...ഏതായാലും കിടന്നില്ലേ, കുറച്ചുകൂടി ഉറങ്ങിയേക്കാം....
ഉണ്ണിക്കൃഷ്ണന്‍.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക