കഴിഞ്ഞ ദിവസം അവളെ വിളിച്ചപ്പോഴാ പറയുന്നത്. ''മോയ്ദീന്‍ കണ്ടു, ഭയങ്കര സ്റ്റോറിയാ. ഇങ്ങനെയൊക്കെ ആരെങ്കിലും പ്രേമിക്കോ?''
പണ്ട് ഒരു നോട്ടംകൊണ്ട് നിന്‍റെ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ മോഷ്ടിച്ച ഞാന്‍ എന്താ മോശാണോന്ന് ചോദിച്ചപ്പോ അവളൊന്ന് മൂളി. പഴയതെല്ലാം ഓര്‍ത്തെടുത്തുകൊണ്ടൊരു മൂളല്‍.
ചിലകാര്യങ്ങള്‍ അങ്ങനെയാണ്. വര്‍ഷങ്ങള്‍ കുറെ പോയാലും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തും. 'ജയ'...നല്ല സുഃഖമുള്ള നനുത്ത ഓരോര്‍മ്മ. ഇതെല്ലാം എഴുതണം എന്ന് പെട്ടെന്നുണ്ടായ ഒരു തോന്നലാണ്. എന്തിനാണെന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല. വരുന്നത് വരട്ടെ. ഒരു തിരിച്ചുപോക്ക് ഇനി സാധിക്കില്ലാ എന്നറിയാമെങ്കിലും, വാക്കുകള്‍ കൊണ്ടൊരു തിരിഞ്ഞുനോട്ടം. അതാണുദ്ദേശം.!
സംഗതി നടക്കുന്നത് 2004-05 കാലഘട്ടത്തിലാണ്. ഡിഗ്രിക്ക് കോഴിക്കോട് പഠിക്കുന്ന കാലം. ഹോ..! വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കില്‍ ഇപ്പൊ തിരിച്ചുപോയേനെ. അത്രക്ക് ആസ്വദിച്ച സമയമായിരുന്നൂ അത്..ഏതൊരു ശരാശരി വിദ്യാര്‍ത്ഥിയുടെയും കോളേജ് കാലഘട്ടം ഇങ്ങനൊക്കെത്തന്നാവും. പുതിയ കോളേജ്, പുതിയ കാഴ്ചകള്‍, രീതികള്‍, സൗഹൃദങ്ങള്‍..എല്ലാം പുതിയത്. പുതുമയുടെ ലോകത്ത് കഥാനായകന്‍ ഇങ്ങനെ വിലസി നടക്കുകയാണ്.
അങ്ങനെയിരിക്കുമ്പോഴാണ് വല്ല്യച്ഛന്‍റെ മോളുടെ കല്ല്യാണം വരുന്നത്. ബന്ധുക്കളെല്ലാം പാലക്കാടും തൃശ്ശൂരും. ഞങ്ങള്‍ മാത്രം ഇങ്ങ് കോഴിക്കോട്. ഒരു കണക്കിന് അതൊരു അനുഗ്രഹമാ. ചിലപ്പോഴൊക്കെ ശാപവും.! അപ്പൊ കഥ നടക്കുന്നത് അങ്ങ് പാലക്കാടാണ്. ഭാരതപ്പുഴയുടെയും നെല്‍പ്പാടങ്ങളുടെയും നാട്. കരിമ്പനകളെ തട്ടിത്തലോടി പോകുന്ന അവിടത്തെ ആ കാറ്റിനും ഒരു പ്രത്യേക സുഃഖമാണ്. കല്ല്യാണത്തിന് നേരത്തേയെത്തി. അടുത്തുള്ള ഓഡിറ്റോറിയത്തിലാണ്. ഞങ്ങളുടെ ബന്ധുക്കള്‍ മാത്രം മതി, ഒരു കല്ല്യാണത്തിനുള്ള ആളുകള്‍ അതുതന്നെയുണ്ട്. തലേന്ന് തന്നെ ചേട്ടന്മാരുമൊന്നിച്ച് ഓഡിറ്റോറിയത്തിലെത്തി.കല്ല്യാണത്തിന്‍റെ ഒരുക്കങ്ങളൊക്കെയായി അവിടെത്തന്നെ അന്ന് കൂടി.
പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി കല്ല്യാണത്തിനെത്തി. ഈ വായനോട്ടം അന്നുതൊട്ടേ ഉള്ളതുകൊണ്ട്, പ്രത്യേകിച്ച് പറയണ്ടല്ലോ..ല്ലെ. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ഗൗരി ചേച്ചി, കൂടെ രണ്ടു പെണ്‍കൊടികള്‍. അതവിടെ നില്‍ക്കട്ടെ, അവരെക്കുറിച്ച് പിന്നെ പറയാം. കല്ല്യാണമൊക്കെ നല്ല രീതീയില്‍ കഴിഞ്ഞു. ഇനി സദ്യ. പെണ്‍വീട്ടുകാരായതുകൊണ്ട് വിളമ്പേണ്ട ചുമതല ഞങ്ങള്‍ക്കാണ്. വിളമ്പലൊക്കെ നല്ല തകൃതിയായി നടക്കുന്നു..ഞാനും മഹേഷേട്ടനും ഒക്കെയുണ്ട് വിളമ്പാന്‍. അന്നൊക്കെ എന്‍റെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ചേട്ടനാ ഈ മഹേഷേട്ടന്‍. അപ്പോഴതാ നേരത്തേ പറഞ്ഞ ചേച്ചിയും പെണ്‍കൊടികളും സദ്യയ്ക്ക്. ഒട്ടും സമയം കളയാതെ ഞാനും ചേട്ടനും അവരുടെ അടുത്തെത്തി. അന്നൊക്കെ നാവു തന്നാണേ നമ്മുടെ പ്രധാന ആയുധം. പെട്ടെന്ന് ഇടിച്ച്കയറി ചോദിക്കാന്‍ തുടങ്ങി. ''അല്ല ഗൗരിചേച്ചീ, ആരാ ഈ കൂടെ വന്നവര്‍. നമ്മളെ ഒന്നു പരിചയപ്പെടുത്തൂടെ ചെയ്തില്ലല്ലോ..''
''ഓ..ഇതെന്‍റെ ചെറിയച്ഛന്‍റെ മക്കളാണെടാ. ഇത് ജയ, മറ്റേത് ദയ.'' ചേച്ചി ഞങ്ങള്‍ക്ക് അവരെ പരിചയപ്പെടുത്തി. ഒപ്പം ഞങ്ങളെ അവര്‍ക്കും. ഞങ്ങള്‍ അവരെ നോക്കി ചിരിച്ചുകൊണ്ട് അവിടെന്നു പോയി.
അതവിടെ തീരണ്ടതായിരുന്നൂ. പക്ഷെ കുറച്ച് കഴിഞ്ഞപ്പോ മഹേഷേട്ടന്‍റെ വക ഒരു കമന്‍റ്. എല്ലാ ചെക്കന്‍മാരുടെ ജീവിതം തകര്‍ത്ത അതേ ഡയലോഗ്. ''ദാടാ..അവള് നിന്നെ നോക്കുന്നൂ..!''എന്നെ ആവില്ല എന്നുറപ്പിച്ച് ഞാന്‍ പറഞ്ഞപ്പോ, മഹേഷേട്ടന്‍ ഇപ്പൊവരാമെന്നും പറഞ്ഞ് പോയി. കുറച്ച് കഴിഞ്ഞ് എന്തോ സിബിഐ അന്വേഷണം ഒക്കെ നടത്തി വന്നപോലെ പറഞ്ഞൂ ''അത് നിന്നെത്തന്നെയാടാ'' എന്ന്. അപ്പോഴാ ഞാനവളെ ശരിക്കും നോക്കുന്നേ. ഇരുനിറം, വട്ടമുഖം, ചെറിയ കണ്ണുകള്‍, നല്ല പനങ്കുല പോലെ നീളമുള്ള മുടി, കാണാന്‍ നല്ല നാടന്‍ പെണ്‍കുട്ടി. നമ്മള്‍ അന്നും കണാന്‍ വല്ല്യ ലുക്കൊന്നും ഇല്ലെങ്കിലും ഈ.. സൗന്ദര്യ സങ്കല്‍പങ്ങള്‍...അത് വളരെ വലുതായിരുന്നൂ..പിന്നേ ഈ മുടി, അത് അന്നും ഇന്നും ഒരു ദൗര്‍ബല്ല്യമായി തുടരുന്നു.
അതിനുശേഷം ഞാനും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കാന്‍ തുടങ്ങി. എന്‍റെ നോട്ടം അവളുടെ കണ്ണുകളില്‍ എത്തുമ്പോള്‍ അവള്‍ നോട്ടം പിന്‍വലിക്കും. ഞാനാണെങ്കില്‍ വലിയ സന്തോഷത്തിലായിരുന്നു. മനസ്സില്‍ ആഗ്രഹിച്ചപോലൊരു കുട്ടി...അതും അകന്ന ബന്ധു. ഇനിയെന്തു വേണം..അങ്ങനെ ഞാന്‍ അവളെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങി. അവളും അത് മനസ്സിലാക്കിയിട്ടാണോ എന്തോ എനിക്ക് ചില സൂചനകളൊക്കെ തരാന്‍ തുടങ്ങി. സമയം കുറച്ചങ്ങുപോയി. കുറച്ച് പേരൊക്കെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എനിക്കാണെങ്കില്‍ എന്‍റെ മനസ്സിലെ കാര്യങ്ങള്‍ അവളോട് പറയണം.. അവളുടെ മനസ്സെന്താണെന്നറിയണം.. ആകെ ഒരു...തീയ്യില്‍ ചവിട്ടി നില്‍ക്കുന്ന അവസ്ഥ..
അവര്‍ അങ്ങനെ ഗേറ്റിനടുത്തേക്ക് നീങ്ങി. അവള്‍ ഇടക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നൂ. അവള്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. ഞാന്‍ എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ഒരു ജീപ്പ് അവരുടെ മുന്നിലേക്ക് വരുന്നത് കണ്ടത്. ഗൗരിചേച്ചിയുടെ വീട് അവിടെ അടുത്താണ്. എന്തോ എടുക്കുവാന്‍ അങ്ങോട്ട് പോകണം. അതിനാണ് ജീപ്പ് വന്നത്. കുറച്ച് ചേട്ടന്മാര്‍ ജീപ്പില്‍ കയറി. ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല. മഹേഷേട്ടനെയും കൂട്ടി നേരെ ജീപ്പില്‍ കയറി. അവള്‍ എനിക്ക് പിന്നിലായാണ് ഇരിക്കുന്നത്. ജീപ്പ് അങ്ങനെ അവളുടെ വീട്ടിലെത്തി. അവള്‍ എനിക്കൊരു നോട്ടം സമ്മാനിച്ച് നേരെ അകത്തുകയറി. അപ്പോഴേക്കും സാധനങ്ങള്‍ വണ്ടിയില്‍ വെച്ചുകഴിഞ്ഞു. എന്‍റെ കണ്ണുകള്‍ അപ്പോഴും അവളെ തിരയുകയായിരുന്നൂ. എങ്ങനെയെങ്കിലും അവളെ കാണണമെന്ന ഉദ്ദേശത്തോടെ ഞാന്‍ കുറച്ച് വെള്ളം ചോദിച്ചു. അവളുടെ അനിയത്തി വെള്ളവുമായി വന്നു. അപ്പോഴും അവളെ കാണാന്‍ കഴിഞ്ഞില്ലാ. അവസാനം എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാന്‍ നില്‍ക്കുമ്പോ അതാ ആ പാതിചാരിയ വാതിലിനിടയിലൂടെ അവളുടെ ആ കണ്ണുകള്‍..അത്രയേ കണ്ടുള്ളൂ. ഹോ..ആ നോട്ടം നെഞ്ചില്‍ തറച്ച നിമിഷം..! പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അവളെന്നെ നോക്കി പുഞ്ചിരിച്ചൂ. പക്ഷേ എനിക്കത് ധാരാളം. തിരിച്ച് ചേച്ചി മാത്രമേ വന്നുള്ളൂ. തിരികെ വരുമ്പോഴും അവള്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍ ..
ഇനി അവളെ കാണുമൊ ? സംസാരിക്കാന്‍ സാധിക്കുമോ ? ഇങ്ങനെയുള്ള ചിന്തകളായിരുന്നു മനസ്സുനിറയെ. എന്തായാലും അവളോട് ഒന്ന് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. അന്നാണെങ്കില്‍ ഈ മൊബൈല്‍ ഫോണ്‍ അങ്ങനെ ജനകീയമായിട്ടില്ല. നമ്മടെ കയ്യില്‍ ഇല്ലാന് സാരം. തിരിച്ചെത്തി നേരെ ടെലഫോണ്‍ ബൂത്ത് ലക്ഷ്യമാക്കി വെച്ചുപിടിച്ചു. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ചു. ഡോണ ! അവള്‍ക്ക് ഈ കാര്യത്തിലൊക്കെ നല്ല പിടിപാടാ. മാത്രവുമല്ല അവള്‍ക്കും പിന്നെ കുറച്ചുപേര്‍ക്കും മാത്രേ മൊബൈല്‍ ഉള്ളൂ. അവള്‍ ഉപദേശിച്ചു. എങ്ങനേങ്കിലും അവള്‍ടെ നംമ്പര്‍ ജയയ്ക്ക് കൊടുക്കുക. വിളിക്കാന്‍ പറയുക. ബാക്കി കാര്യങ്ങള്‍ പിന്നെ. പദ്ധതിയൊക്കെ നല്ലതു തന്നെ. പക്ഷെ എങ്ങനെ നടപ്പിലാക്കും ?. ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ലാ.. അവസാനം ഒരു തീരുമാനത്തിലെത്തി. ഗൗരി ചേച്ചി..! ചേച്ചിയുമായി ഞാന്‍ നല്ല അടുപ്പത്തിലാ. എന്തും പറയാം , സ്വന്തം ചേച്ചിയെപ്പോലെ. അങ്ങനെ ചേച്ചിയെ തേടിപ്പിടിച്ചു. ഓരോന്ന് സംസാരിച്ചുത്തുടങ്ങി. ഇതെങ്ങനെ അവതരിപ്പിക്കും എന്നുള്ള ഒരു ചമ്മല്‍ അപ്പോഴും ഉണ്ട് . എന്തായാലും പറയുക തന്നെ.
''ചേച്ചീ, നേരത്തേ കണ്ട കുട്ടിയില്ലേ, ജയ അവളെന്തു ചെയ്യാ ?''
അവള്‍ പ്ലസ്റ്റു കഴിഞ്ഞു നില്‍ക്കാന്ന് മറുപടി. ''അവള്‍ക്ക് കല്ല്യാണം ഒന്നും നോക്കുന്നില്ലല്ലോ ലെ. ഇല്ലെങ്കില്‍ ഒരു നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ കെട്ടിക്കോള്ളാം '' എങ്ങനെയാ ഞാനത് പറഞ്ഞോപ്പിച്ചേന്നു എനിക്കറിയില്ല. ചേച്ചി അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി. ''എന്താ, എന്താ നീ പറഞ്ഞേ ?''
'' അല്ലാ.. നാലഞ്ചു വര്‍ഷം കഴിഞ്ഞാ എന്തായാലും ഞാന്‍ കെട്ടും. അതിപ്പോ അവളായാല്‍ അത്രേം നല്ലത്. അവള്‍ക്ക് വേറേ പ്രേമം ഒന്നും ഇല്ലല്ലോലെ ?'' ഞാനെന്‍റെ സംശയം തീര്‍ക്കാനെന്നോണം ചോദിച്ചു. അക്കാര്യത്തില്‍ ചേച്ചി എനിക്ക് ഉറപ്പ് തന്നു. '' അവള്‍ക്കങ്ങനെയൊന്നും ഉണ്ടാകാനിടയില്ല. അഥവാ ഉണ്ടെങ്കില്‍ അവളെന്നോട് പറഞ്ഞേനെ ''
''എന്നാ ചേച്ചി ഒന്നെന്നെ സഹായിക്കണം. അവളോട് എന്‍റെ കാര്യം ഒന്ന് പറയണം. ഏന്നിട്ട് മറുപടി എന്താണെങ്കിലും ഈ നംമ്പറില്‍ എന്നെ വിളിക്കാന്‍ പറയണം.'' അതും പറഞ്ഞ് ഞാനാ നംമ്പര്‍ ചേച്ചിക്ക് കൊടുത്തു. ചേച്ചി ഉറപ്പൊന്നും പറഞ്ഞില്ലാ. ഞാന്‍ നോക്കട്ടെ എന്നു പറഞ്ഞു പോയി.
ദിവസങ്ങള്‍ ഇങ്ങനെ തൃശ്ശൂര്‍ ഫാസ്റ്റ് ബസ്സ് പോലെ ഒരു ലക്കും ലഗാനുമില്ലാതെ ചീറീ പാഞ്ഞു പോയി. കോഴിക്കോട് തിരിച്ചെത്തിയിട്ടും അവളുടെ ഓര്‍മ്മകള്‍ മാത്രം. ഞാന്‍ ഏതു നിമിഷവും അവളുടെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരിപ്പായി. ഡോണയെ വിളിച്ച് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കും. എന്തെങ്കിലും ന്യൂസ് കിട്ടിയാല്‍ ഉടന്‍ എന്നെ അറിയിക്കാന്‍.. ദിവസങ്ങള്‍ ആഴ്ചകളായി, ആഴ്ചകള്‍ മാസങ്ങളായി, മാസങ്ങള്‍ വര്‍ഷങ്ങളായി. അവളെക്കുറിച്ച് ഒരു വിവരവും ഇല്ല. പിന്നീടെപ്പോഴോ നാട്ടില്‍ പോയപ്പോ അവളുടെ കല്ല്യാണം കഴിഞ്ഞൂ ! എന്നാണറിയാന്‍ കഴിഞ്ഞത്. അത് കേട്ടപ്പോള്‍ ഹൃദയം രണ്ട് മിടിപ്പ് കൂടുതല്‍ മിടിച്ചോ എന്നൊരു തോന്നല്‍ , പിന്നീട് സമാധാനിച്ചു. ങ്ഹാ..ചിലപ്പോള്‍ അവള്‍ക്കെന്നെ ഇഷ്ടമല്ലായിരിക്കാം. അതും ഒരു കാരണമാവാമല്ലോ..
കോളേജിന്‍റെ തിരക്കുകള്‍ക്കിടയില്‍ പിന്നീടതെല്ലാം മറന്നു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴൊണ് നമ്മടെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് തുടങ്ങുന്നത്. തുടങ്ങിയപ്പോഴേ നമ്മളെല്ലാം അക്കൗണ്ട് എടുത്തു. ചെലവോന്നും ഇല്ലല്ലോ. അപ്പോഴേക്കും മൊബൈല്‍ ഒക്കെ എല്ലാവരുടെയും കയ്യിലായി. എന്‍റെ കയ്യിലും കിട്ടി ഒന്ന് നോക്കിയ 1100. കാലം മാറുന്നതനുസരിച്ച് മോബൈലിനും പരിണാമം സംഭവിച്ചു. അത് സ്മാര്‍ട്ടായി. സ്മാര്‍ട്ട് ഫോണായി. ഫേസ്ബുക്ക് ജാതി-മത-ദേശ ഭേതമന്യേ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പലര്‍ക്കും അതുമൂലം ഒരു ജീവിതമുണ്ടായി, ചിലരുടെ ജീവിതം നാശകോശമായി..
ഒരു ദിവസം എനിക്ക് ഫേസ്ബുക്കില്‍ ഒരു റിക്ക്വസ്റ്റ് വന്നു, 'ജയ ജിത്ത് ' !!. അടിവയറ്റില്‍ ഒരു കൊള്ളിയാന്‍ മിന്നി. അവള്‍ തന്നെയാണോ ഇത് ? വീണ്ടും വീണ്ടും ഫോട്ടോ നോക്കി. അതവളാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. വേഗം തന്നെ ചാറ്റില്‍ ''ഹായ് '' അയച്ചു. ആദ്യമായാണ് അവളോട് സംസാരിക്കുന്നത്. അതിന്‍റെ ഒരു അങ്കലാപ്പ് എനിക്കുണ്ടായിരുന്നു. പക്ഷെ ആ അകലം വളരെ പെട്ടെന്ന് തന്നെ കുറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തുകളെ പോലെ ഞങ്ങള്‍ സംസാരിച്ചു. പണ്ട് ഞാന്‍ കല്ല്യാണത്തിന് കണ്ടതും പുഷ്പിച്ചതും എല്ലാം പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. അപ്പോഴാണ് അവള്‍ പറയുന്നത്, അവളും ആ ഇഷ്ടത്തോടുകൂടിയാ എന്നെ നോക്കിയെ. അവളും എന്നെ കാണാന്‍ ശ്രമിച്ചിരുന്നൂ, സാധിച്ചില്ല..ഗൗരി ചേച്ചി അവളോട് ഒന്നും പറഞ്ഞില്ലാ. ചിലപ്പോള്‍ ഞാന്‍ പറഞ്ഞതിന്‍റെ പ്രായോഗികവശം ആലോചിച്ചിട്ടാവാം ചേച്ചി പറയാതിരുന്നത്. അവസാനം അവള്‍ പറഞ്ഞൂ ''നീ എന്തെങ്കിലും സൂചന തന്നിരുന്നെങ്കില്‍ ഞാന്‍ നിനക്കായ് കാത്തിരുന്നേനെ.'' അത് കേട്ടപ്പോ ചങ്കിനകത്തൊരു ഇടിവെട്ട്. പിന്നെ അവള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് കുറച്ചൊന്നുമല്ല ഞാന്‍ ഞെട്ടിയത്. അവളുടെ മനസ്സില്‍ കുറെ കാലം ഞാനുണ്ടായിരുന്നെന്ന്. കല്ല്യാണം കഴിഞ്ഞിട്ടുകൂടി ! ഏകദേശം രണ്ടു വര്‍ഷത്തോളം.. ഭര്‍ത്താവിനോട് എന്നെപ്പറ്റി പറഞ്ഞിരിക്കുന്നു. ഞാന്‍ ഇതെല്ലാം കേട്ടിട്ട് ചോദിച്ചു , ''നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടുകൂടെയില്ല. ആകെയുണ്ടായത് ഒരു നോട്ടം മാത്രം. അതിനിത്രത്തോളം സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കോ?''
''ഒരു വാക്ക് മതി, ചിലര്‍ക്ക് ഒരു നോക്ക് മതി ജീവിതം മുഴുവന്‍ ഓര്‍മ്മിക്കാന്‍'' അതാണവള്‍ പറഞ്ഞ മറുപടി. അതാണ് ഞാന്‍ തുടക്കത്തില്‍ 'നോട്ടം കൊണ്ട് കുറച്ച് വര്‍ഷങ്ങള്‍ മോഷ്ടിച്ചുവെന്ന് പറഞ്ഞത്.' അന്ന് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം ഇന്നും സുദൃഢമായി പോകുന്നൂ. ഇടയ്ക്ക് ചില തട്ടലും മുട്ടലും, അതുപിന്നെ സ്വാഭാവികമാണല്ലോ. ചിലപ്പോഴൊക്കെ അവളോട് പ്രണയവും തോന്നിപ്പോകാറുണ്ട്. അതിനുശേഷം 'പ്രണയങ്ങള്‍' ഒരുപാടുണ്ടായെങ്കിലും, ഇതൊരു ഓര്‍മ്മപ്പെടുത്തലായി എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നൂ. 'ജയ'...എന്‍റെ ആദ്യപ്രണയമേ, നീ ...സുഃഖമായി വാഴുക..
ഈ കഥകളെല്ലാം എഴുതിത്തുടങ്ങാന്‍ എളുപ്പമാണ്. അവസാനിപ്പിക്കലാണ് കഷ്ടം.! ഇതിവിടെ അവസാനിക്കില്ലാ എന്ന ഓര്‍മ്മപ്പെടുത്തലോടെ..
സ്വന്തം,
ശ്രീരാഗ്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക