Slider

അതിരുകളും വരമ്പുകളും

0

ഒരു വട്ടം വരച്ച് തന്നിട്ട് അതിനുള്ളിൽ നിറം കൊടുക്കാൻ ആദ്യം പറഞ്ഞത് അച്ഛനോ അമ്മയോ!!!
ഓർമ്മയില്ല.. പക്ഷെ നിറം പുറത്തു തൂവാതെ സൂക്ഷിക്കാൻ പറഞ്ഞത് ഓർമ്മയുണ്ട്..
പിന്നെ അധ്യാപകരുടെ ഊഴമായിരുന്നു.. ആദ്യം അവരെന്റെ അക്ഷരങ്ങളെ രണ്ടു വരയിലും നാല് വരയിലും ഒതുക്കി .. പുറത്തേക്കു നീണ്ട അക്ഷരങ്ങൾക്ക് ചുവന്ന നിറത്തിൽ വെട്ടു കിട്ടി..
അമ്പതു വാക്കിലും രണ്ടു പുറത്തിലും കവിയാത്ത പ്രബന്ധങ്ങൾ ആയിരുന്നു അടുത്തത്..
പിന്നെ ഞാൻ വളപ്പിന്റെ അതിരും മതത്തിന്റെ അതിരും ഭാഷയുടെ അതിരും രാജ്യങ്ങളുടെ അതിരും പഠിച്ചു..
വട്ടതിനുള്ളിലും വരകൾക്കുള്ളിലും വീർപ്പുമുട്ടിയ നിറങ്ങളും അക്ഷരങ്ങളും അതിരുകളെ നോക്കി ഞാനും നിസ്സഹായതയോടെ നിന്നു..
ആ നിസ്സഹായത പിന്നെ ജീവിതത്തിന്റെ ഭാഗമായി.. അതിരുകളും വരമ്പുകളും നിറഞ്ഞ ജീവിതത്തിന്റെ മറുഭാഗത്ത് നിന്ന് ആരൊക്കെയോ എന്തൊക്കെയോ മാടിവിളിക്കുന്നുണ്ടായിരുന്നു.. പക്ഷെ ചുവന്ന വെട്ടിനോടുള്ള ഭയം കുട്ടിക്കാലത്തെ മനസ്സിൽ ഉറച്ചിരുന്നു.
അതിരുകൾ ഇല്ലാത്ത പറവകളെയും പ്രാണികളെയും നോക്കി ഉള്ളിൽ നിറഞ്ഞ അസൂയയോടെ ഞാൻ കൊഞ്ഞനം കുത്തി..
ഇന്ന് ആ വരമ്പുകളും അതിരുകളും കടക്കുകയാണ് ഞാൻ.. ഇനിയും വൈകിയില്ലെന്ന ബോധം മനസിനെ ത്രസിപ്പിക്കുന്നു. പുതിയ മണ്ണിൽ ചതുപ്പുകളും ചുഴികളും ഉണ്ടായേക്കാം.. എങ്കിലും ഭയമില്ല.. സ്വതന്ത്രനായി  മരിച്ചു എന്ന സംതൃപ്തിയോടെ പുനർജനിക്കം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo