ഫെയ്സ് ബുക്കിലെ അവസാനത്തെ പേജും കഴിഞ്ഞ് പുറംചട്ടയിലെത്തി നിൽക്കുമ്പോഴാണ് "ക്ണിം " എന്ന ശബ്ദത്തോടെ ഒരു ഫ്രന്റ് റിക്വസ്റ്റ് പറന്നുവന്നത്. എന്തെങ്കിലുമൊന്നെഴുതണമെന്ന് കരുതി അത്താഴവും കഴിച്ച് ഇരിപ്പ് തുടങ്ങിയതാണ്. കഥ പോയിട്ട് ക പോലും വരുന്നില്ല. അങ്ങിനെയിരിക്കുമ്പോഴാണ് ഗ്രൂപ്പിലെ പോസ്റ്റുകൾ വായിക്കാൻ തുടങ്ങിയത്.ഇനി അതിൽ നിന്നെന്തെങ്കിലുമൊരു സ്പാർക്ക് കിട്ടിയാലോ. അതിൽ പിടിച്ച് കയറാമല്ലൊ. പക്ഷേ നേരം പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഒരുവള്ളിയിലും പിടിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഉറങ്ങാൻ പോകാനൊരുങ്ങുമ്പോഴാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ആരപ്പാ ഇന്നേരത്ത്. മെസേജ് നോക്കിയപ്പോൾ കണ്ടു ഷിജി തോമസ് .തന്റെ കഥകൾക്കെല്ലാം നല്ല നല്ല കമന്റുകളിടുന്ന ഒരു മൊഞ്ചത്തി. ഗ്രൂപ്പിൽ ചേർന്ന് ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്.അവളുടെ കമൻറുകൾ തനിക്ക് പിന്നെയും പിന്നെയും കഥകളെഴുതാൻ പ്രചോദനം നൽകിയിരുന്നു. ഞാൻ അവളുടെ പ്രൊഫൈൽ പിക്ചർ ഒന്നുകൂടി നോക്കിയിട്ട് റിക്വസ്റ്റ് കൺഫേം ചെയ്തു.ഉടൻ തന്നെ മെസഞ്ചറിൽ അവളെ സുഹൃത്തായി സ്വീകരിച്ചതിനുള്ള നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു മെസേജുമെത്തി. വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന പോലെയായിരുന്നു എന്റെ അവസ്ഥ.
അകത്ത് നിന്ന് മൈക്കിലൂടെ ഭാര്യയുടെ അറിയിപ്പ് വരുന്നുണ്ട്.
" സമയം ഒരു മണിയായി ഉറങ്ങുന്നില്ലേ "
" ഈ എഴുത്തൊന്ന് മുഴുവനാക്കിക്കോട്ടെ ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യാനുള്ളതാ "
മെസഞ്ചറിൽ വീണ്ടും മണികിലുക്കം. വീണ്ടും അവൾ തന്നെ. ഞാൻ ഫോൺ സൈലന്റാക്കി. നട്ടപ്പാതിരക്ക് ഫോണിലുള്ള ഈ കിലുക്കം ഭാര്യ കേട്ടാൽ അതുമതി പിന്നെ ഈവീടു മുഴുവൻ കുലുങ്ങാൻ.
"നിങ്ങളുടെ കഥകൾ എനിക്കൊരുപാടിഷ്ടമാണ്. ഞാനവ രണ്ടും മൂന്നും തവണ വായിക്കാറുണ്ട്. "
മൂന്ന് തവണ വായിക്കാൻ മാത്രം അതിലെന്തിരിക്കുന്നുവെന്ന് എനിക്ക് മനസിലായില്ല. കഥ നന്നായിട്ടോ അതോ എന്നോടുള്ള ഇഷ്ടം കൊണ്ടാണോ. അതൊട്ടു ചോദിക്കാനും വയ്യ. ഒരെഴുത്തുകാരന്റെ നിലയും വിലയും വിട്ടു കളിക്കുന്നത് ശരിയല്ലല്ലോ. ഞാൻ മറുപടി കുറിക്കാൻ വേണ്ടി വിരലുകൾ മടക്കി നിവർത്തിയപ്പോഴേക്കും അവൾ ഓഫ് ലൈൻ ആയിരുന്നു.
പക്ഷേ എനിക്കടങ്ങിയിരിക്കാനായില്ല. പിറ്റേന്ന് രാവിലെ ബിസിയാണോയെന്ന് ചോദിച്ച് ഞാനങ്ങോട്ടൊരു മെസേജയച്ചു.പുറത്താണെന്നും വീട്ടിലെത്തിയിട്ട് വരാമെന്നും അവൾ മറുപടി തന്നു. എന്റെ മനസിൽ ലഡു പൊട്ടി.
കുറെ കഴിഞ്ഞപ്പോൾ അവളുടെ മെസേജ് വന്നു. ഗുഡ് മോണിംഗിൽ തുടങ്ങിയ ചാറ്റിംഗ് അങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളുമായി നീണ്ടു പോയി. ഞാൻ തഞ്ചത്തിലവളുടെ നമ്പർ ചോദിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി. ഒടുവിൽ ഞാൻ പൂഴിക്കടകൻ തന്നെ പുറത്തെടുത്തു. സെന്റി. അതിലവൾ വീണു.പെണ്ണല്ലേ ജാതി. നമ്മളോടാ കളി. ഒഴിവുണ്ടാകുമ്പോൾ ഞാനങ്ങോട്ട് വിളിക്കാമെന്നും ഇങ്ങോട്ട് ഒരിക്കലും വിളിക്കരുതെന്നുമുള്ള മുന്നറിയിപ്പോടെ അവൾ നമ്പർ തന്നു .
പിന്നെന്തിനീ കുന്ത്രാണ്ടമെന്ന് ആലോചിച്ച് നിൽക്കുമ്പോൾ അവൾ പറഞ്ഞു. നമ്പർ സേവ് ചെയ്ത് വാട്സപ്പിൽ വരാൻ പറഞ്ഞു.ഫേസ് ബുക്കിന്റെ വാതിൽ ചാരാൻ പോലും നിൽക്കാതെ ഞാൻ വാട്സപ്പിലേക്കോടി. അവളുടെ നമ്പറിലേക്ക് ആദ്യമായ് ഒരു ഹായ് അയക്കുമ്പോൾ എന്റെ മുഖം നിങ്ങളൊന്ന് കാണണമായിരുന്നു.
രണ്ട് പേരുടെയും വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞ് ചാറ്റിംഗ് പൊടിപൊടിക്കവെ അവളെന്റെ ആരൊക്കെയോ ആണെന്നെനിക്ക് തോന്നി. അതിന്റെ ഒരു സൂചന ഞാൻ കൊടുത്തെങ്കിലും അവളുടെ മറുപടി ഇങ്ങനെയായിരുന്നു.
"എനിക്കിഷ്ടം തന്നെയാണ് നിങ്ങളെ. പക്ഷേകൂടുതൽ അടുക്കുന്നത് പിന്നെ സങ്കടത്തിലേക്കായിരിക്കും എത്തിക്കുന്നത്. അതു കൊണ്ട് കൂടുതൽ പ്രതീക്ഷകളൊന്നും വേണ്ട "
എങ്കിലും എന്നെ മനസിൽ രണ്ടാമത്തെ ലഡുവും പൊട്ടിച്ചിതറി. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ. ദദു മതി.കൂടുതൽ അടുക്കേണ്ട. നിന്നെ ഞാൻ പതിയെപ്പതിയെ അടുപ്പിച്ചോളാം.."
പക്ഷേ എന്നെ വിഷമിപ്പിച്ചത് അതൊന്നുമല്ല. ഫോണിൽ ഒരു തവണയെങ്കിലും സംസാരിക്കാൻ അവൾ തയാറാവുന്നില്ല. അതിന് സമയമായിട്ടില്ല പോലും. ആക്രാന്തം കാട്ടാതിരുന്നാൽ ഈന്തപ്പനയും തിന്നാമെന്നാണല്ലൊ. കാത്തിരിക്കാം.
രണ്ട് ദിവസം അവൾ ഓഫ് ലൈനിലായിരുന്നു.. എങ്കിലും എന്റെ മനസിൽ അവളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.ഫേസ് ബുക്കിൽ കയറി അവളുടെ പച്ചബൾബ് കത്തുന്നതും നോക്കി ഞാനിരുന്നു. ദിവസങ്ങൾ കഴിഞ്ഞു. ഞാനെഴുതുന്ന കഥൾകളുടെ താഴെ അവളുടെ കമന്റുകൾ നോക്കി ടോർച്ചുമായി ഞാൻ നടന്നു. ഒന്നുപോലും കണ്ടെത്താനായില്ല.
ഫോൺ നമ്പറുണ്ടെങ്കിലും വിളിക്കരുതെന്ന് പറഞ്ഞിരുന്നത് കൊണ്ട് ആ വഴിക്ക് തിരിഞ്ഞില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺസുഹൃത്തിനെ കിട്ടിയത്. അതും കാക്ക കൊത്തിപ്പോയോ എന്ന പേടിയിലിരിക്കുമ്പോഴാണ് അകത്ത് ഫോൺ ശബ്ദിക്കുന്നത് കേട്ടത്. ആരായിരിക്കുമെന്നാലോചിച്ച് ഫോണിനരികിലെത്തി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാ അവൾ വിളിക്കുന്നു. ഷാജി തോമസ്. ഭാര്യക്ക് സംശയം തോന്നാതിരിക്കാനായി ഞാൻ ഷാജി തോമസ് എന്ന പേരിലാണ് അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നത്. ഒന്നു പ്രേമിക്കണമെങ്കിൽ ഈ ഭൂമിയിൽ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കണം.ഞാൻ പെട്ടെന്ന് തന്നെ ഫോൺ അറ്റൻറ് ചെയ്തു. അവൾ ഒന്നും മിണ്ടുന്നില്ല. പക്ഷേ ഞാൻ സംസാരിച്ചു തുടങ്ങി.
"നീ എവിടെയായിരുന്നു മോളേ ഇത്രയും നാൾ. നിന്നെയോർത്ത് ഞാനെത്ര സങ്കടപ്പെട്ടെന്നോ. നിനക്കറിയില്ല ഞാൻ നിന്നെയെത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.... "
"ഹയ്യോടാ നീ വല്ലാതെ സങ്കടപ്പെട്ടോടാ......നിന്റെ സങ്കടങ്ങളൊക്കൊ ഇപ്പൊ മാറ്റിത്തരാട്ടോ"
ഞാൻ ഞെട്ടിത്തരിച്ചു പോയി. ഒരു പുരുഷശബ്ദം.ചാറ്റിംഗ് നടത്തിയതറിഞ്ഞ അവളുടെ ആങ്ങളമാർ ഫോൺ വാങ്ങി വെച്ചിട്ടാവും അവളെയിതു വരെ കാണാതിരുന്നത് എന്നെനിക്ക് മനസിലായത് അപ്പോഴാണ്.അവരോടെന്ത് പറയും.
നേരത്തെ പൊട്ടിയ ലഡുകളൊക്കെ ഇപ്പോൾ വന്ന് നെഞ്ചിൻ കൂടിൽ കയറി ഉരുണ്ടു കളിക്കുന്നു. പേടിച്ചിട്ടാണെങ്കിൽ ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല.
"എടോ മരമണ്ടാ നീ വലിയ എഴുത്ത് കാരനാണല്ലെ. കമൻറുകൾക്ക് നീയിടുന്ന മറുപടിയിൽ പഞ്ചസാരയുടെ അംശം കൂടുന്നത് കണ്ടപ്പോൾ കരുതിയതാ നിനക്കിട്ടൊരു പണി ത രണമെന്ന്. നീയൊക്കെ ഏത് കോപ്പിലെ എഴുത്തു കാരനാടോ. പെണ്ണുങ്ങളുടെ കമന്റ് കാണുമ്പോഴുള്ള നിന്റെ ഒലിപ്പിക്കൽ.നിനക്ക് ഇരയിടാനായി മാത്രം ഞങ്ങൾ കുറച്ച് പേർ ചേർന്ന് ഉണ്ടാക്കിയതാടാ ഷിജി തോമസ് എന്ന ഈ ഐഡി. അടങ്ങിയൊതുങ്ങി മര്യാദക്ക് നിന്നില്ലെങ്കിൽ ഇനി വരുന്ന പണി പതിനാറിന്റെ തായിരിക്കും"
ഫോൺ കൈയിൽ നിന്നും താഴെ വീണ് ബാറ്ററിയും മറ്റും തെക്കോട്ടും വടക്കോട്ടുമൊക്കെ തെറിച്ചു പോയത് കൊണ്ട് അവരുടെ വായിലുള്ള ബാക്കി സൂക്തങ്ങൾ കേൾക്കേണ്ടി വന്നില്ല.
______________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക