Slider

നരകം

0

ആളിക്കത്തുന്ന നരകത്തിലാണ് ഇന്ന് ഞാൻ. കറുത്തിരുണ്ട നരകം. അതിന്റെ ജ്വാലയം കനലും കെട്ടണയുന്നില്ല. എന്റെ വസ്ത്രം തീഗോളങ്ങളാണ്. എനിക്കുള്ള പാനീയം ചൂടുള്ള വെള്ളവും നരകവാസികളുടെ കത്തിയമരുന്ന ശരീരത്തിൽ നിന്ന് ഒലിക്കുന്ന ചീഞ്ചലവുമാണ്..
ഇന്നലെയാണ് ഞാൻ ഇവിടേക്ക് എറിയപ്പെട്ടത്. സ്വർഗം ലഭിക്കാൻ ഭൂമിയിൽ നരകം വിതച്ച വിഡ്ഡിയായ മനുഷ്യൻ. അതാണ് ഞാൻ...
,ഒരു കൊലപാതകം നടത്തിയാൽ നീ ഭൂമിയിലുള്ള മുഴുവൻ ജനങ്ങളെയും കൊന്ന പോലെയാണെന്ന് നിനക്ക് പഠിപ്പിക്കപ്പെട്ടില്ലേ,,? ഇന്നലെയാണ് എന്നോട് ഒരു മാലാഖ ഇത് ചോദിച്ചത്... ഞാൻ അതെ അർത്ഥത്തിൽ തലയാട്ടി. ,,പിന്നെ എന്തിന് നീ നിരപരാധികളായ നൂറ് കണക്കിന് ആളുകളെ കൊന്നു,, ചോദ്യത്തോടെപ്പം ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആഞ്ഞുള്ള ഒരു കുത്തൽ.എന്റെ തലയോട്ടി പിളർന്നു പോയി. അത് വീണ്ടു ഒന്നാകുന്നു..
സഹിക്കാൻ പറ്റാത്ത ചൂട്. എന്റെ തൊലിയെല്ലാം ഉരുകി ഒലിക്കുന്നു. ദാഹം കൊണ്ട് തൊണ്ട വരളുന്നു.
പണത്തിനു വേണ്ടിയും കപട സിദ്ധാന്തങ്ങൾക്ക് അടിമപ്പെട്ടവരും മതങ്ങളുടെ അടിസ്ഥാന തത്വങ്ങളുമായി പുലബന്ധം പോലുമില്ലാത്ത വഴിപിഴച്ച ഭൂമിക്ക് ഒരു ഭാരമായി തീർന്ന മസ്തിഷ്കം ചെകുത്താന് പണയം വെച്ച ഒരു കൂട്ടം മനുഷ്യ മൃഗങ്ങളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് ഞാൻ ആ നീചകൃത്യം ചെയ്തത്... തിരക്കേറിയ ആ റെയിൽവേ സ്‌റ്റേഷനിൽ ഒരു ഉഗ്രസ്ഫോടനം നടത്തിയത്....
അവസാനിക്കാത്ത ശിക്ഷ...
എന്നെ പ്രലോഭിപ്പിച്ചവർ ഇന്ന് എനിക്ക് കൂട്ടിനില്ല.... അവർ വാഗ്ദാനം ചെയ്ത സ്വർഗിയസുഖങ്ങളും ഇന്ന് എനിക്കില്ല...
ഇന്നാണ് ഞാൻ മൂലം മരണം വരിച്ചവരെ എനിക്ക് കാണിക്കപ്പെട്ടത്. ഒരു കൂട്ടം മാലാഖമാരുടെ ചിറകിലേറിയാണ് അവർ വന്നത്. അവരുടെ മുഖത്ത് സന്തോഷത്തിന്റെ പതിനാലാം രാവ്. പ്രകാശം പരത്തുന്ന മുഖങ്ങൾ. അതിലൊരു കൊച്ചു മാലാഖ പോലെ തോന്നുന്ന ഒരു പിഞ്ചു പൈതലിന്റെ മുഖത്തേക്ക് ചൂണ്ടി ഒരു മാലാഖ എന്നോട് ചോദിച്ചു.
, ഇതാരാണെന്ന് നിനക്കറിയാമോ,,..... ഞാൻ അറിയില്ല എന്ന ഭാവത്തിൽ തലയാട്ടി.
,, ഇത് നീ നടത്തിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവളാന്ന്... അന്ന് ഇവൾ അമ്മയുടെ ഗർഭപാത്രത്തിലാണ്. ഭൂമിയിലെക്ക് വന്നിട്ടില്ല..
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം പ്രകാശത്താൽ തിളങ്ങുന്നു. ആ പ്രകാശം കാരണം മറ്റുള്ളവരുടെ മുഖമെല്ലാം മങ്ങുന്നു. ആയിരം പൂർണചന്ദ്രൻമാർ ആ മുഖത്ത് ഒത്ത് കൂടിയത് പോലെ...
ഇവൾ എന്നെ നോക്കി ഒന്ന് ചിരിച്ചോ..... ചിരിച്ചിരിക്കും.... നിഷ്കളങ്കതയുടെ ആ പിഞ്ചുമനസ്സിന് ഒന്നും അറിയില്ലായിരിക്കാം..
പിന്നിട് പല മുഖങ്ങളും എനിക്ക് പരിചയപ്പെടുത്തപ്പെട്ടു. കുടുംബം പോറ്റു വാൻ ജോലി തേടി പോകുന്ന ജോലിക്കാർ, നിഷ്കളങ്കതയുടെ നറുപുഞ്ചിരിയുമായി ഒരു പാട് ഇളംപുവുകൾ ... റെയിൽവേ സ്റ്റേഷനിൽ പിച്ച തെണ്ടുന്ന യാചകർ, വീടെത്താൻ ധൃതിയിൽ വരികയായിരുന്ന പലരും. എന്തിന് പറയുന്നു വർഷങ്ങൾക്ക് ശേഷം നാട്ടിൽ വരുന്ന ഒരു പ്രവാസി അടക്കം ... വീടണയാൻ പറ്റാത്ത ഒരു നിരാശ ഇപ്പോഴും അദ്ധേഹത്തിന്റെ മുഖത്തുണ്ടെന്ന് തോന്നുന്നു...
അങ്ങനെ എത്രയോ മുഖങ്ങൾ. ഇവരുടെയെല്ലാം മോഹങ്ങളും പ്രതീക്ഷകളും തല്ലി കെടുത്തി സ്വർഗം തേടിയ എനിക്കെങ്ങനെ അത് ലഭിക്കാനാണ്...
അതാ വീണ്ടും ആ കുഞ്ഞു മാലാഖ എന്നെ നോക്കി ചിരിക്കുന്നു. അതെ അവൾ എന്റെ
അടുത്തേക്ക് വരുന്നു. അവൾ വരുമ്പോൾ എന്തോ ഒരു ആശ്വാസം..
തോന്നുകയാണോ..അല്ല യാഥാർഥ്യമാണ്. ചൂട് കുറയുന്നുണ്ടോ. അവൾ എന്റെ അടുത്തെത്തിയിരിക്കുന്നു.. അവളുടെ മുഖത്തെ പ്രകാശം വെട്ടിതിളങ്ങുന്നുവോ....
ചൂടിന്റെ ശക്തി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസം. അതെ ചൂടില്ല. പതിയെ ഞാൻ അനുഭവിച്ച വേദനകളിൽ നിന്ന് മോചിതനാകുകയാണോ?...
അതെ പരിപൂർണമായും മോചിതനായിരിക്കുന്നു...
....ദൈവമെ..... സ്വപ്നമായിരുന്നോ?..
അതെ സ്വപ്നമാണ്‌. ഫോൺ ബെല്ലടിക്കുന്നു. ഞെട്ടിയുണർന്നു ഞാൻ. മൊബൈലിൽ തെളിഞ്ഞ നമ്പർ. ദൈവമേ. അയാൾ. നാളെ ആ ക്രൂരകൃത്യം നടത്താൻ എനിക്ക് പണവും പ്രലോഭനങ്ങളും വാഗ്ദാനമായി സ്വർഗവും നൽകിയ ആൾ.
ഇല്ല..
എനിക്കത് ചെയ്യാനാകില്ല....
കൂടെ നടന്ന് ഒറ്റിയതിന്റെ പേരിൽ ചിലപ്പോൾ എന്റെ ജീവൻ?..... എന്നാലും...
അയാൾ പറഞ്ഞ സ്വർഗം എനിക്ക് വേണ്ട. എനിക്ക് യഥാർഥ സ്വർഗം വേണം. എനിക്ക് മാലാഖമാരുടെ ചിറകിലേറണം. പൂർണ ചന്ദ്രന്മാരുടെ പ്രകാശമുള്ള എന്റെ കൊച്ച് മാലാഖക്കുഞ്ഞിന്റെ കൂടെ...
,, ഒരാൾ ഒരു നിരപരാധിയെ കൊന്നാൽ അയാൾ മനുഷ്യകുലത്തെ മുഴുവൻ കൊല ചെയ്തത് പോലെയാണ്... ഒരാൾ ഒരു ജീവൻ രക്ഷിച്ചാൽ മനുഷ്യകുലത്തെ മുഴുവൻ രക്ഷിച്ചതിന് തുല്യവുമാണ്,..(നബിവചനം)

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo