Slider

തോട.

0

മഴ പെയ്ത് തോർന്ന പ്രഭാതത്തിന്റെ കുളിർമ്മയിലേക്ക് ഞാൻ സന്തോഷത്തോടെ നോക്കി. ഈ മഴയിലും കാറ്റിലും ഒരു പാട് മാമ്പഴങ്ങൾ വീണ് കാണണം. വെട്ടം വീഴുന്നതേ ഉള്ളൂ.. നേരത്തെ പോയാൽ ആരേലും വരുന്നതിന് മുമ്പേ മാമ്പഴങ്ങളെല്ലാം പെറുക്കിയെടുക്കാം. തേൻ തോൽക്കും മധുരമുള്ള നാട്ട് മാങ്ങ നെഞ്ചിലൂടെ ചാറൊ ലിപ്പിച്ച് കടിച്ച് തിന്നുന്നതാലോചിച്ചപ്പോൾ നാവിൽ വെള്ളമൂറി..
നനഞ്ഞ കരിയിലകൾ ചവിട്ടി ഇടവഴിയിലൂടെ നടക്കാൻ രസമുണ്ടായിരുന്നു. മാഷിന്റെ പറമ്പിലാണ് വലിയ നാട്ട് മാവുള്ളത്. പടിഞ്ഞാറ് ഭാഗത്തെ വേലിയിലൊരു ഓട്ടയുണ്ട് അത് വഴി കടന്നാൽ നേരെ മാവിൻ ചുവട്ടിലെത്താം. അന്ന് ഒരു പാട് മാമ്പഴങ്ങൾ എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു. കീറിത്തുടങ്ങിയ കുപ്പായം മടക്കി വെച്ച് എല്ലാം അതിലാക്കി.ഒരു മൂളിപ്പാട്ട് പാടി നടക്കുമ്പോൾ ആലോചിച്ചു.. ഇനി മുത്തിയുടെ വീട്ടിലൊന്ന് പോവണം.
ഇടവഴിയുടെ അരികിലാണ് മുത്തിയുടെ വീട്. ഓലകൊണ്ട് മറച്ചുണ്ടാക്കിയ കൊച്ച് കൂര.. മുത്തിക്ക് ആരുമില്ല.. എന്നാലും എന്നോട് നല്ല സ്നേഹമാണ്. കൊച്ച് നാട്ട് മാങ്ങ ഈമ്പി തിന്ന് വലിയ തോടയിട്ട കാതുകൾ ആട്ടിയുള്ള മുത്തിയുടെ കഥകളുടെ രസം അനുഭവിച്ചറിയുക തന്നെ വേണം.. പല്ലില്ലാത്ത മോണ കാട്ടി മുത്തി ചിലപ്പോൾ ഉറക്കെ ചിരിക്കാറുണ്ട്. കാതിലെ വലിയ തോടകൾ സ്വർണ്ണമാണത്രെ... മുത്തിയുടെ ഏക സമ്പാദ്യമാണത്... ബാക്കിയുള്ള സ്വത്തുക്കളെല്ലാം മക്കൾക്ക് എഴുതിക്കൊടുത്തപ്പോൾ അവരുടെ ജീവിതം ഈ കൂരയിലേക്ക് മാറ്റപ്പെട്ടു. എങ്കിലും ഈ തോടകൾ മാത്രം മുത്തി ജീവനെ പോലെ കാത്ത് സൂക്ഷിച്ചു.
മാമ്പഴങ്ങളുമായി വന്നപ്പോൾ പതിവ് പോലെ മുത്തിയെ പുറത്ത് കണ്ടില്ല. മുറ്റത്തും കോലായിലുമൊക്കെ ചുവന്ന എന്തോ മഴ വെള്ളത്തിൽ കലർന്ന പോലെ.. മുളക് പൊടിയാണെന്ന് തോന്നി.മാമ്പഴങ്ങൾ ഇറയിൽ വെച്ച് അകത്ത് കയറി. മുത്തി മയങ്ങുകയായിരുന്നു. ചുളിഞ്ഞ കവിളിൽ തൊട്ടപ്പോൾ നല്ല തണുപ്പ് .... പെട്ടെന്നൊരു അലറിക്കരച്ചിലോടെ ഞാൻ പുറകോട്ട് മാറി... മുത്തിക്ക്.... മുത്തിക്ക് രണ്ട് കാതുകളും ഇല്ലായിരുന്നു...!!
By: younus muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo