ഞാനും കുടുംബവും രാജ്യത്തിനു വേണ്ടി പട്ടിണി കിടന്നതിന്റെ പിറ്റേന്നത്തേക്ക് ഹസ്സൻക്കായുടെ വീട്ടിൽ പണിക്ക് വിളിച്ചിരുന്നു.
രാവിലെ അവൾ അടുത്ത വീട്ടിൽ പോയി കുറച്ച് അരി കടം വാങ്ങി കൊണ്ടുവന്നിരുന്നു. കഞ്ഞി കുടിച്ച് ഹസ്സൻക്കായുടെ വീട്ടിലേക്ക് പോയി.
ഇന്നത്തെ കൂലി അസാധുവല്ലാത്ത നോട്ട് കിട്ടുമെന്ന സന്തോഷത്തോടെ നിന്ന എന്റെ യടുത്തേക്ക് ആയിരത്തിന്റെ നോട്ടുമായിട്ടാണ് ഹസ്സൻക്ക വന്നത്.
"ബേങ്കിൽ പോയിരുന്നു ശിവാ... തിരക്ക് കാരണം നോട്ട് മാറാൻ കഴിഞ്ഞില്ല... ബാക്കി മുന്നൂറ്റമ്പത് രണ്ട് ദിവസം കഴിഞ്ഞിട്ട് കുറച്ചൂടെ പണിണ്ട്... അതില് കഴിക്കാ... ന്താ..."
"അല്ല...ഹസ്സൻക്കാ.. എന്റേല് ഒരഞ്ഞൂറിന്റെ നോട്ടല്ലാതെ ഒന്നൂല്ല.. അത് കടക്കാരൊന്നും എടുക്കുന്നൂല്ല.. ഇന്നലെ തന്നെ വല്ലാതെ ബുദ്ധിമുട്ടി.. ങ്ങള് എന്തെങ്കിലും ചില്ലറണ്ടങ്കി തരിം.."
"ഒന്നൂല്ലാലോ...ശിവാ..നീ തൽക്കാലം സാധനം കടം വാങ്ങ് ബേങ്കിൽ പോയി മാറ്റിയാ കൊടുക്കാലോ.."
അതും പറഞ്ഞ് ഹസ്സൻക്ക അകത്തേക്ക് പോയി. ഞാൻ ആയിരത്തിന്റെ നോട്ടുമായി ബേജാറായി നിൽക്കുമ്പോഴാണ് ഹസ്സൻക്കായുടെ ഭാര്യ മറിയത്ത പുറകിലെ മുറ്റത്ത് നിന്നും വിളിക്കുന്നത്.
"ശിവാ..ഒന്നിങ്ങോട്ട് വാ..ഈ കല്ലൊന്ന് അപ്പുറത്തേക്ക് മാറ്റാനാ.."
പുറകിലേക്ക് ചെന്നു. മറിയത്ത എന്റെ അരികിലേക്ക് വന്ന് രഹസ്യമായ് പറഞ്ഞു:
"ഞാൻ വിളിച്ചതേ..കല്ല് മാറ്റാനൊന്നുമല്ല.. ഹസ്സൻക്ക അറിയരുത്. നീ ബേങ്കിൽ പോകുമ്പോൾ ഇതു കൂടി ഒന്ന് മാറ്റി വാങ്ങണം... മൂപ്പര് അറിഞ്ഞാ പിന്നെ എനിക്ക് കിട്ടൂല്ല...ചില്ലറ ഇരുന്നൂറ് രൂപ ഞാൻ തരാം നിനക്ക് ..ബുദ്ധിമുട്ടണ്ട..."
മറിയത്ത നാല് അഞ്ഞൂറിന്റെ നോട്ടും രണ്ട് നൂറിന്റെ നോട്ടും എന്റെ നേരെ നീട്ടി. ഇന്നൂറ് കിട്ടിയതിൽ
വല്ലാത്ത ആശ്വാസം തോന്നി.
വല്ലാത്ത ആശ്വാസം തോന്നി.
അങ്ങാടിയിൽ നിന്നും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി കുടിയിലേക്ക് നടന്നു.
രാവിലെ കുളിച്ച് പുറപ്പെട്ട്, മറിയത്തായുടെ രണ്ടായിരം രൂപയും എന്റെ കൈയ്യിലെ ആയിരത്തി അഞ്ഞൂറ് രൂപയും ഇന്നലെ മിച്ചം പിടിച്ച നാൽപത് രൂപയും കീശയിലിട്ട് ബേങ്കിലേക്ക്.
തിരക്കാണെന്ന് കേട്ടിരുന്നുവെങ്കിലും ബേങ്കിലെത്തിയ ഞാൻ പകച്ചുപോയി. ക്യൂവിന്റെ നിളം കണ്ട്. വളഞ്ഞ് പുളഞ്ഞ് ബേങ്കിന്റെ മുറ്റവും കടന്ന് റോഡ് സൈഡിലൂടെ നീണ്ടുപോവുകയാണ് അത്.
ഫോമ് വാങ്ങി പൂരിപ്പിച്ച് പൊള്ളുന്ന വെയിലത്ത് കൂവിൽ സ്ഥാനമുറപ്പിച്ചു.
ആളുകളുടെ രോഷങ്ങളും സങ്കടങ്ങളും പരാതികളും പല പല വാക്കുകളും വാചകങ്ങളുമായി കാതിലെത്തുന്നുണ്ട്.
മണിക്കൂറുകൾ മൂന്ന് കഴിഞ്ഞു.ക്യൂ അധികമൊന്നും മുന്നോട്ട് നീങ്ങിയിട്ടില്ല. തൊണ്ട വരളുന്നു. കാലുകൾ കുഴയുന്നത് പോലെ തോന്നുന്നു. ഒന്നിരിക്കാൻ പോലും നിവിർത്തിയില്ല.
പെട്ടെന്നാണ് തൊട്ട് മുന്നിലുണ്ടായിരുന്ന പ്രായം ചെന്ന ആൾ കുഴഞ്ഞ് തറയിലേക്ക് വീണത്. ഞാനും അയാളുടെ മുന്നിലുണ്ടായിരുന്ന ആളും പിടിച്ച് പൊക്കി തറയിൽ ഇരുത്തിച്ചു.
ക്യൂവിലെ സ്ഥാനം നഷ്ടപ്പെടുമോ? എന്ന പേടിയാണെന്ന് തോന്നുന്നു പിടിക്കാനോ എഴുന്നേൽപ്പിക്കാനോ ആരും വരുന്നില്ല.
ആരോ ഒരാൾ ,"ദാ.. കുറച്ച് വെള്ളം കൊടുക്കൂ " എന്ന് പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന കുപ്പിവെള്ളം ക്യൂവിൽ നിന്നും എറിഞ്ഞു തന്നു. കുപ്പി പിടിച്ച് അയാളുടെ വായിലേക്ക് അൽപം വെള്ളം ഒഴിച്ചു കൊടുത്തു. ഒരിറക്ക് വെള്ളം കുടിച്ച് അയാൾ മതിയെന്ന് കൈ കാണിച്ചു.
പക്ഷേ അയാൾക്ക് ക്ഷീണം വിട്ടിട്ടില്ല. എഴുന്നേൽക്കാൻ കഴിയുന്നില്ല. അയാൾ വീണ്ടും അവശനാകുന്നത് പോലെ.
"ആരെങ്കിലും ഒരു ഓട്ടോ വിളിച്ച് വരുമോ..?
നമുക്കിയാളെ ആശുപത്രീലേക്ക് കൊണ്ടോവാം..."
നമുക്കിയാളെ ആശുപത്രീലേക്ക് കൊണ്ടോവാം..."
ക്യൂവിലുള്ള ആരും അനങ്ങുന്നില്ല. ബേങ്കിൽ നിന്നും പണം മാറ്റി വാങ്ങി ഇറങ്ങി വരികയായിരുന്ന ഒരാൾ ഓട്ടോ പിടിച്ച് വന്നു. ഞാനും ആ ആളും ഓട്ടോ ഡ്രൈവറും ചേർന്ന് അയാളെ ഓട്ടോയിലേക്ക് കയറ്റി. ഞാനും കയറി. ഓട്ടോ പിടിച്ചു വന്ന ആൾ " നിങ്ങൾ പോയാമതിയല്ലോ..." എന്ന് പറഞ്ഞ് ഒഴിഞ്ഞു.
ഓട്ടോ അടുത്തുള്ള സഹകരണ ആശുപത്രിയിലേക്ക് നീങ്ങി.
കൈയ്യിലുണ്ടായിരുന്ന ചില്ലറ നാൽപത് രൂപയിൽ ബസ്സിനു കൊടുത്തതും കഴിച്ച് മുപ്പ് രൂപയിൽ ഇരുപത് രൂപ ഓട്ടോ കാരന് കൊടുത്തു.
ക്യാഷ്യാലിറ്റിയിൽ നിന്നും ഡോക്ടർ അയാളെ പരിശോധിച്ചു.
"ഭക്ഷണവും വെള്ളവും ചെല്ലാത്തതിന്റെ ക്ഷീണമാ.. ഗ്ലൂക്കോസ് കയറ്റണം.."
സിസ്റ്റർ ഫാർമസിയിൽ നിന്ന് മരുന്നും ഗ്ലൂക്കോസും വാങ്ങാനും ശീട്ടിന്റെ പണമടയ്ക്കാനും പറഞ്ഞു. അയാളുടെ കൈയ്യിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടല്ലാതെ വെറും ഇരുപത് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആശുപത്രിക്കാരോട് വിവരം പറഞ്ഞു. അവർ വേണ്ടത് ചെയ്തു. അയാളെ നിരീക്ഷണ വാർഡിലേക്ക് മാറ്റി ഗ്ലൂക്കോസ് കയറ്റി.
അയാളോട് മകന്റെ നമ്പർ വാങ്ങി വിവരം അറിയിച്ചു. മകൻ ഉടനെ എത്താമെന്ന് പറഞ്ഞു.
അയാളോടും സിസ്റ്ററോടും വിവരം പറഞ്ഞ് ഞാൻ ആശുപത്രിയിൽ നിന്നിറങ്ങി ബേങ്കിലേക്ക് നടന്നു.
വെയിലേറ്റ് വീണ്ടും തളർന്ന് ബേങ്കിലെത്തിയപ്പോൾ ക്യൂവിലുള്ളവർക്ക് ടോക്കൺ കൊടുത്തു കഴിഞ്ഞെന്നും ഇനി ഇന്ന് ടോക്കൺ കൊടുക്കില്ലെന്നും അറിഞ്ഞു.
അടുത്ത് കണ്ട ഹോട്ടലിൽ കയറി ഒരു ഗ്ലാസ് ചൂടുവെള്ളം വാങ്ങിക്കുടിച്ച് കീശയിൽ ശേഷിക്കുന്ന അസാധുവല്ലാത്ത പത്ത് രൂപയുമായി ഞാൻ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
**********************
ഷാനവാസ്.എൻ, കൊളത്തൂർ.
**********************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക