Slider

ചിന്താധാരാ-2

0

അണ്ണാ ഷെയർ ഇറ്റ് ഇറുക്കാ..?
ഫസ്റ്റ് ഫ്ലോറിൽ താമസ്സിക്കുന്ന അരുളിൻ്റെ ശബ്ദം....അകത്ത് ചായകുടിച്ചോണ്ടിരുന്ന എന്നോടും ഏട്ടനോടും നാമൂസ്സിളക്കിക്കൊണ്ടിരുന്ന ശങ്കുരു സൈക്കളിൽ ന്ന് ചാടി എണീറ്റു... അരുളിൻ്റെ പിറകിൽ ഫസ്റ്റ് ഫ്ലോറിലെ മറ്റു രണ്ടു കുട്ടീസും ഉണ്ടെന്നുകണ്ടപ്പോൾ മ്മടെ സന്തതിക്ക് സന്തോഷായി...ശങ്കുരൂന് ഏട്ടന്മാരെ വല്യ ഇഷ്ടാണ്. സിറ്റൗട്ടിൽ നിൽക്കുന്ന അവരോട് അകത്തേക്ക് കയറിവരാൻ പറഞ്ഞിട്ടും വരാത്തതിനാൽ ഏട്ടൻ ഉമ്മറത്തേക്ക് ചെന്നു..
അരുളിൻ്റെ പുതുതായി വാങ്ങിയ ടാബിൽ ചില ആപ്പ്സ് വേണം.... ഏട്ടനെന്നോട് അകത്തു ചാർജ്ജറിലിരിക്കുന്ന ഫോണെടുക്കാൻ പറഞ്ഞു. അതിനിടയിൽ ശങ്കുരു അകത്തുകിടക്കുന്ന കസേരകൾ കഷ്ടപ്പെട്ട് വലിച്ചുകൊണ്ടുപോയി സിറ്റൗട്ടിലിട്ടുകൊടുത്ത് അരുളിനോടും ശിങ്കിടികളോടും ഇരിക്കാൻ പറയുന്നുണ്ടായിരുന്നു....
'അമ്മൂ....പിള്ളേർക്കൂടി ചായ എടുക്ക്...'
-അതുകേട്ട് ഫോൺ ഏട്ടൻ്റെ കൈയ്യിൽ കൊടുത്ത് ഞാൻ അടുക്കളേലേക്ക് തിരിഞ്ഞപ്പോൾ അവരൊരേ സ്വരത്തിൽ എതിർത്തു
'വേണാ....അക്ക...ചായ വേണാ...'
'യേ... കുടിച്ചിട്ടിയാ...?'
-അവരെല്ലാരും സ്കൂൾ വിട്ട് വന്നതേയുള്ളു എന്നറിയാമെങ്കിലും ഞാൻ ചോദിച്ചു.
'ഇല്ലൈ....വേണാ...'
-പിന്നേയും ഒരുമിച്ചുള്ള മറുപടി.
അപ്പോഴേക്കും അകത്തെ പാത്രത്തിൽന്ന് ശങ്കുരു ഒന്നുരണ്ട് സ്നാക്സ് എടുത്തുകൊണ്ട് വന്ന് അവരോരോരുത്തരുടേം കൈയ്യിൽ വച്ചു കൊടുക്കുന്നുണ്ട്... അവരാരും അതു വാങ്ങിയില്ല
'സ്നാക്സ് സാപ്പിട്ങ്കൊ.'.
-ഏട്ടൻ വീണ്ടും പറഞ്ഞപ്പോൾ കൊച്ചു ശിങ്കിടികളിൽ ഇളയതിന് അരമനസ്സുണ്ടെങ്കിലും അവൻ മെല്ലെ പറഞ്ഞു....'അമ്മാ തിട്ടുവാങ്കേ....'
അടുത്തവനും കാര്യമിതൊക്കെ തന്നെയാണ് മനസ്സിലെങ്കിലും ഒന്നും മിണ്ടിയില്ല...
പ്രായത്തിൽ മൂത്ത അരുൾ (15 വയസ്സ്) ഇതോന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അവൻ്റെ ടാബിലേക്ക് കുറച്ച് ആപ്പ്സും കയറ്റി അറിയാത്ത ചില ഫങ്ഷൻസും മനസ്സിലാക്കി....ഒരു താങ്ക്സും പറഞ്ഞത് അവൻ താഴേക്കു കോണിപ്പടിയിറങ്ങി..... പിറകെ മനസ്സില്ലാ മനസ്സോടെ മറ്റു രണ്ടു കുട്ടീസും.... അവരുപോയവഴിയേ നോക്കി ശങ്കുരു നിന്നു... മൂന്നരവയസ്സിലെന്തോ മഹാകാര്യം മനസ്സിലാക്കിയെന്നപോലെ....
'എന്താലേ....നമ്മൾ എത്ര നിർബന്ധിച്ചിട്ടും സ്നേഹത്തോടുകൂടി കൊടുത്ത ഒരു തുണ്ട് ചിപ്സ് പോലും വാങ്ങാത്ത ആ കുട്ടികൾ ഡിജിറ്റൽ ഫോമിലുള്ള സഹായങ്ങൾ ചോദിച്ചു വാങ്ങിക്കാനൊരു മടിയും കാണിക്കുന്നില്ലല്ലോ... എന്തൊരു കാലം... ?'
-ഏട്ടനെന്നെനോക്കി നെടുവീർപ്പെട്ടു....ഞാനും
ഒരുപക്ഷെ വിശ്വാസകുറവുകൊണ്ടാവാം മറ്റുള്ളവരിൽ നിന്നൊരു ദാഹജലംപോലും സ്വീകരിക്കരുതെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കാൻ കാരണം... എങ്കിലും സ്ഥിരമായി കാണുന്ന അയൽക്കാരെപ്പോലും.... നമ്മളിലൊരാളായി കാണാൻ കഴിയാത്തവിധം കുഞ്ഞുങ്ങൾ പോലും മാറിയതിൽ മനുഷ്യകുലം തലകുനിക്കണം...... പക്ഷെ ആരെ നമ്മൾ പഴിക്കും...?

By: 
അമൃത അരുൺ സാകേതം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo