Slider

പത്തുപൈസാ

0
Image may contain: 1 person, smiling, closeup
ഉദയന്‍റെ കാറ്റുകുറഞ്ഞ സൈക്കിളിന്‍റെ പിറകില്‍ കുണ്ടക്കം മണ്ടക്കം ടക്കോം ടിക്കോം ന്നു പുല്ലാഞ്ഞിക്കുറ്റി ഇറക്കമിറങ്ങുമ്പോള്‍ രഘു ചോദിച്ചു:-
"ആര്‍റാ ഈ ഒന്നാംദ്യ കണ്ടുപിടിച്ചേ ? മനുഷേനേ വലയ്ക്കാനായിട്ട് ? അങ്ങേരെടെ കയ്യിലിരിപ്പൊണ്ടന്നെനിക്കറിയാം ..... കഴിഞ്ഞാഴ്ച്ച കോട്ടാ വാങ്ങിച്ചോണ്ടു വരുന്നത് ഞാന്‍ കണ്ടതല്ലിയോ" ?? "ബാക്കി പിന്നെത്തരാവെന്നു സാധനം കയ്യില്‍കിട്ടിയിട്ട് പറഞ്ഞാമതിയാരുന്നു", അതെങ്ങനാ സൈക്കിളേ നിന്നോണ്ടുതന്നെ നിന്‍റെ ചോദിക്കലുംകഴിഞ്ഞ്... പൊക്കും കഴിഞ്ഞ്....എറിയാനാറിയാവുന്നവന്‍റെ കയ്യിലിരിക്കണം വടി.....
ഉദയന്‍റെ മണ്ടത്തരത്തെ രഘു വിമര്‍ശിക്കുമ്പോള്‍ പറ്റിയതു പറ്റീന്നും പറഞ്ഞ് ബ്രേക്ക് മാക്സിമത്തിലാക്കി താഴത്തെ കണ്ടത്തിലേക്കു കുതിക്കുകയാണ് രണ്ടാളും .....
പരിചയമുളളവരെ കണ്ടാൽ ‍ അവിടെ മൂന്നുലിറ്ററിന്‍റെ വെള്ളക്കന്നാസും പിറകില്‍പിടിച്ച് ഏതെങ്കിലുമൊരു ഭാഗത്തൂന്ന് ഒരു ജീവി തലനീട്ടി പുറത്തുവരും
"ബാലന്‍ചേട്ടന്‍",
റിസ്ക്കെടുത്തു പത്ത് കാശുണ്ടാക്കി ഒന്നു പച്ചപിടിക്കുമ്പോള്‍ എക്സൈസുകാര് പൊക്കും, പിന്നെ ഒണ്ടാക്കിയതും കടംവാങ്ങിച്ചതും കൂട്ടി
കേസീന്നു തലയൂരിവന്നു ലൊക്കേഷന്‍ മാറ്റി സ്ഥാപനം വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കും...... അടുത്തറിയാവുന്നവർക്കു മാത്രേ ശെരിയായ ലൊക്കേഷന്‍റെ സ്കെച്ച് കൊടുക്കാറുള്ളൂ...
നേരേവന്നു പരമൂന്‍റെ മാടത്തിനു മുന്നില്‍ (പെട്ടിക്കട) ഉദയന്‍ കാലുരച്ചു നിര്‍ത്തുമ്പോള്‍ രഘു ചാടിയിറങ്ങിച്ചോദിച്ചു :-
'കൊച്ചാട്ടാ, ബാലന്‍ചേട്ടനേതു ഭാഗത്താ" ?
മടിയിലിരിക്കുന്ന മുറത്തിനകത്തൂന്നു തലപൊക്കി തെക്കോട്ടും വടക്കോട്ടുമൊന്നിരുത്തിനോക്കിയിട്ട് പരമു പറഞ്ഞു....
"ശങ്കരപ്പിള്ളേടെ വെറ്റക്കൊടിക്കകത്തു കാണും"....
തൂക്കിയിട്ടിരിക്കുന്നതില്‍നിന്നും രഘുവൊരു പക്കാവട പറിച്ചു കാശുംകൊടുത്തിട്ട് സൈക്കിളൊന്നു നോക്കിയേക്കണേന്നു പറഞ്ഞിട്ട് നേരേ ചെല്ലുമ്പോള്‍ ബാലന്‍ചേട്ടന്‍ ഏണിനു കയ്യുംകൊടുത്തു നിന്നു വിളിച്ചുപറഞ്ഞു
"ഒന്നു വേഗം വാടായിങ്ങോട്ട്"
കന്നാസില്‍നിന്നും ഗ്ലാസിലേക്ക്പകരുമ്പോള്‍ രഘു ചോദിച്ചു "ഗ്ലാസൊന്നേയൊള്ളോ" ?
അല്ലടാ ആളാം വീതം ഗ്ലാസ്സുംവെച്ചിട്ട് ഇരിക്കാന്‍ രണ്ടു കസേരേംകൂടെ പിടിച്ചിടാം, ബാലന്‍ചേട്ടന്‍റെ തമാശകേട്ട് ഉദയന്‍ പൊട്ടിച്ചിരിക്കുമ്പോള്‍
ബാലന്‍ചേട്ടനോര്‍മ്മിപ്പിച്ചു...... "പെട്ടന്നു സ്ഥലംവിട്ടോണം, ചുറ്റിനുമൊറ്റുകാരാ"......
രണ്ടെണ്ണമകത്തു ചെന്നാല്‍ രഘു അടുത്തുനില്‍ക്കുന്നവര്‍ ആരായാലും ആത്മാര്‍ഥമായിട്ടങ്ങു സ്നേഹിച്ചുകളയും....
"ഇവിടെവന്നു മോന്തിയേച്ചു പോകുന്നവന്മാരു തന്നാരിക്കും ചേട്ടാ ഒറ്റുന്നതും, ഒരുത്തന്‍റെ വീട്ടില്‍ തീപുകയുന്നത് വേറൊരുത്തനു പിടിക്കത്തില്ലല്ലോ...... നമ്മളിന്നുവിന്നലേവല്ലല്ലോ ബാലന്‍ചേട്ടനെ കാണുന്നത്? ദാണ്ടിന്നുതന്നെ വെളേവടിക്കേലെ പട്ടാളത്തിന്‍റെ വീട്ടില്‍ സാധനവിരിപ്പൊണ്ട്...... ബാലന്‍ചേട്ടന് പത്തുപൈസാ കിട്ടിക്കോട്ടെന്നു വിചാരിച്ചു..... അതല്ല്യോ ഞങ്ങളിങ്ങോട്ടുപോന്നത്.... ??
ബാലന്‍ചേട്ടനൊന്നു സുഖിച്ചു....
"ഡാ... ആ കാലന്‍മാരെപ്പളാ വരുന്നേന്നു പറയാന്‍ പറ്റില്ല, വിടാന്‍ നോക്കെ"ന്നു പറഞ്ഞ് നാക്കങ്ങകത്തോട്ടിട്ടു കൊടിക്കിടയിലൂടെ നോക്കിയതും "ഓടിക്കോടാ".....ന്നു വിളിച്ചുപറഞ്ഞോണ്ട് ബാലന്‍ചേട്ടന്‍ കന്നാസുമെടുത്തോണ്ട് കണ്ടംവഴിയോടി.....
ഉദയനും രഘുവും തൊട്ടുപിറകേ.....,
പോകുന്നപോക്കില്‍ത്തന്നെ ബാലന്‍ചേട്ടന്‍ കന്നാസെടുത്തു കണ്ടത്തിലേക്കേറിഞ്ഞിട്ട് അക്കരകയറി വാസൂന്‍റെ വീടിന്‍റെ ചാണകക്കുഴിയിലേക്കെടുത്തുചാടി....
ഉദയനും രഘുവും കൂടെച്ചാടി....
"ഇവിടെല്ലാര്‍ക്കൂടെ സ്ഥലവില്ല, എണീച്ചുപോയിനെടാ, എന്നെ കണ്ടാലേ കുഴപ്പവൊള്ളൂ"ന്നു പറഞ്ഞിട്ട്
ഒരുവല്ലമെടുത്തു കമഴ്ത്തി ബാലന്‍ചേട്ടനവിടിരുന്നു...
ഉദയനും രഘൂം അവിടുന്നെണീറ്റു പിന്നേമോടി.....
ലക്ഷ്യമില്ലാതെ രഘു എങ്ങോട്ടോടുന്നോ അങ്ങോട്ടുതന്നെ ഉദയനുമുണ്ട്.....ഒടുവില്‍ എക്സൈസുകാരുടെ വായില്‍ത്തന്നെ ചെന്നു കേറിക്കൊടുത്തു....."ഞങ്ങള് ചുമ്മാതവിടെ നിന്നതാ സാറേ"ന്നു രഘു പറഞ്ഞപ്പോളടിച്ച വാറ്റിന്‍റെ നാറ്റം ഉദയനേക്കൊണ്ടുമൂതിച്ചുറപ്പു വരുത്തിച്ചു തൂക്കിക്കൊണ്ടുപോകുമ്പോള്‍
രഘു പറഞ്ഞു :-
"അല്ല സാറേ...... അടിച്ചവര്‍ക്കേ കേസൊള്ളോ....വിറ്റവന് കുഴപ്പവൊന്നുവില്ല്യോ " ??
"നീകൂടുതല് നിയമം പഠിപ്പിക്കല്ലേ......വിറ്റവനേം പൊക്കും", എങ്ങോട്ടാടാ അവനോടിയതെന്നു കൂടെനിന്ന ഏമ്മാന്‍ ചോദിക്കുമ്പോള്‍ രഘു വാസൂന്‍റെ വീട്ടിലേക്കു കണ്ണിന്‍റെ കൃഷ്ണമണിനീട്ടിക്കൊണ്ടു പറഞ്ഞു
"ബാലന്‍ചേട്ടനാ ചാണകക്കുഴീല്‍ വല്ലോംകമഴ്ത്തിയിരിപ്പുണ്ട് സാറേ"......
ഒടുവില്‍ തൊണ്ടിയുള്‍പ്പെടെ ജീപ്പിലിട്ട് വണ്ടി സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ പരമൂന്‍റെ കടയില്‍ പതുങ്ങിനില്‍ക്കുന്ന മാപ്പുസാക്ഷികളെ നോക്കിക്കൊണ്ട് ബാലന്‍ചേട്ടനോര്‍ത്തു,
"ബാലന്‍ചേട്ടന് പത്തുപൈസാ കിട്ടിക്കോട്ടെന്നു വിചാരിച്ചു..... അതല്ല്യോ ഞങ്ങളിങ്ങോട്ടുപോന്നത്...." ?? 

By: 
Santhosh Nooranad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo