Slider

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

0

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്.
.
"നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..."
.
"ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്"
.
വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി.
"എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി ഉണ്ടാവുകയായിരുന്നു. ഒരു മകൻ ഉണ്ടായപ്പോൾ അവനെയും ഞാൻ പഠിപ്പിച്ചു പാർട്ടിയെയും തൊഴിലാളികളെയും പറ്റി. പക്ഷെ അവന്റെ കാലമായപ്പോഴേക്കും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ ഉണ്ടാകുന്ന അവസ്ഥയായി. അവനും അതിൽ ഒരുവനായി. ഒടുവിൽ അതിനുള്ള കൂലി ഞങ്ങൾക്ക് കിട്ടി. വെട്ടി മുറിച്ച അവന്റെ ശരീരം.... അല്ലെങ്കിൽ ഞാൻ എന്തിനാ ഈ കഥകൾ ഒക്കെ നിങ്ങളോട് പറയുന്നേ... നിങ്ങൾക്കും ഉണ്ടല്ലോ ഇത് പോലെ ഒരു കഥ.. അല്ലേ മാഷേ?? "
അയാൾ ചായ വലിച്ച് കുടിച്ചു.
"അതെ, ഇരകൾക്കെല്ലാം ഒരു കഥയാണല്ലോ.."
.
"ആഹ്...അവൻ പോയതിന് ശേഷം എനിക്ക് കിട്ടുന്ന ചെറിയ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിച് പോകുന്നത്. എല്ലാ കൊല്ലവും അവന്റെ ആണ്ടിന് പാർട്ടിക്കാർ വരും അവനു വേണ്ടി എല്ലാം അവർ ചെയ്യും എന്ന് ഉറപ്പ് പറയും... ഒരു ദിവസം അറിഞ്ഞു.. എന്റെ മകന് വേണ്ടി അവർ നിങ്ങളുടെ മകനെ വെട്ടിക്കൊന്നെന്നു..എന്ത് ചെയ്യാനാ മാഷെ..."
.
അൽപ സമയം അവർക്കിടയിൽ മൗനം നിറഞ്ഞു.
"അതൊക്കെ കഴിഞ്ഞിട്ട് വർഷം പലതായില്ലേ..അവസാനിക്കാത്തൊരു തുടർക്കഥയാണിതെടോ. നമ്മുടെ നഷ്ടങ്ങൾ നേട്ടങ്ങളാക്കുന്നവർ ഉള്ളിടത്തോളം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.."
.
"മ്ഹും.. അതെ. എനിക്ക് പ്രായമായി.. ഞാൻ ചത്താലും കുടുംബത്തിലുള്ളോർക്ക് ജീവിക്കണ്ടെ.. അതാണ് അവന്റെ ഭാര്യയുടെ ജോലിക്കായി ഒരു നിവേദനം കൊടുക്കാമെന്നു വെച്ചത്. അവിടുത്തെ പാർട്ടിക്കാർ എല്ലാം ശരിയാക്കിയിട്ടുണ്ട്, ഈ നിവേദനവുമായി മന്ത്രിയെ ഒന്ന് കണ്ടാൽ മതി എന്നാണ് പറഞ്ഞത്."
.
ബിൽ കൊടുത്ത് ഇറങ്ങാൻ നേരമാണ് ടി വിയിൽ അവരാ ഫ്ലാഷ് ന്യൂസ് കണ്ടത്.
.
"പ്രമുഖ രാഷ്ട്രീയ പാർട്ടിയായ INM CJNഇൽ ലയിക്കുന്നു."
2 പാർട്ടിയുടെയും നേതാക്കന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ടീവിയിൽ നിറഞ് നിന്നു.
.
അവർ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു.
.
"അല്ലെങ്കിലും ഒരു കണക്കിന് നോക്കിയാ ഇതാടോ നല്ലത്. ഇതാകുമ്പോ ഇനി ഈ പാർട്ടികളുടെ പേര് പറഞ് തമ്മിൽ തല്ലൂലാലോ.. നമ്മക്ക് സംഭവിച്ച പോലെ നഷ്ടം ഇനി ആർക്കും ഉണ്ടാവുകേം ഇല്ല..."
.
"അതെ മാഷേ ഇത് തന്നെയാ നല്ലത്..."
.
ഇരച്ചു കയറിയ രക്തം അവരുടെ മുഖത്തെ ചുവപ്പിച്ചു.
കയ്യിൽ ഉണ്ടായിരുന്ന നിവേദനം അയാൾ ഹോട്ടലിലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.. .
By: Rahul raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo