Slider

മേഘപാളികൾക്കിടയിലെ സൂര്യൻ

0

ഞാൻ അച്ഛന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..ഇടയ്ക്ക് പടികൾ..ചിലപ്പോൾ കുത്തനെയുള്ള കയറ്റം. കയറ്റം കഴിഞ്ഞാൽ നിരപ്പായ പാത..അച്ഛന്റെ തോളിൽ വലിയ ഒരു ഭാണ്ഡകെട്ടുമുണ്ടായിരുന്നു..
തളർന്നപ്പോൾ കരിങ്കൽ പടികളിൽ ഞങ്ങൾ ഇരുന്നു..
അമ്മ അവളേയും എടുത്തു പടികൾ കേറിവരുന്നതേയുള്ളൂ .ഇടയ്ക്ക് മേഘപാളികൾക്കിടയിൽ സൂരൃൻ ഞങ്ങളെ നോക്കിച്ചിരിച്ചു..
ആരോ പാടുന്നുണ്ട്..വൃക്തമല്ലാത്ത ഒരു നാടൻ പാട്ട്..
പടികൾ ഞാൻ ഓടിക്കയറി..അച്ഛനിലും മുൻപേ..ഇടയ്ക്ക് ഞാൻ തിരിഞ്ഞു നോക്കി..അതാ അവളും ഓടി വരുന്നു.. അമ്മ ഞങ്ങളെ ശാസിക്കുകയും തല്ലാൻ ഭാവിക്കുകയും ചെയ്തു.
മരക്കൊമ്പിലെ പക്ഷികളുടെ പാട്ടിനൊത്ത് ഞങ്ങൾ എല്ലാം മറന്നു കളിക്കവേ..
അവളുടെ മുതുകിൽ ചിറകുകൾ മുളച്ചുവന്നു..എന്നെ നോക്കാതേ അവൾ പറന്നകന്നുപോയി..
ഭാണ്ഡകെട്ടുമായി നിരങ്ങിവന്ന അച്ഛൻ കരഞ്ഞു.. അമ്മ തളർന്നിരുന്നു..ഏതോ മലകളുടെ വിദൂരതകളിലേയ്ക്ക് അവളുടെ ചിറകടി ശബ്ദം അകന്നകന്നു പോയി..
ഇരുന്നു മടുത്തപ്പോൾ ഞങ്ങൾ പിന്നേയും എഴുന്നേറ്റു.അച്ഛന്റെ നേർത്ത കൈയ്യിൽ നിന്നും ഞാൻ ആ ഭാണ്ഡക്കെട്ട് എടുത്തു..അതിനു ഭയങ്കര ഭാരം..പഴയപോലെ എനിക്ക് ഓടിക്കയറാനാവുന്നില്ല..
കയറ്റത്തിലെ പാതയിൽ വച്ച് അച്ഛന്റെ പിൻവിളി കേട്ട് ഞാൻ നിന്നു.പാതയോരത്ത് ഒരു യുവതി പുഞ്ചിരിച്ചു നിൽക്കുന്നു..തിളങ്ങുന്ന കണ്ണുമായി..
ഞാൻ അവളുടെ കൈ പിടിച്ചു നടന്നു ..പല വർണ്ണങ്ങൾ നിറഞ്ഞ പൂക്കൾക്കരികിലൂടെ..മഴവില്ലുകൾ വിരിഞ്ഞ ആകാശത്തിനു ചുവട്ടിൽ, കവിതകൾ മൂളി..കഥകൾ പറഞ്ഞു ....ഞങ്ങൾ നടന്നു..
മലയിടുക്കുകളിലെ സർപ്പപ്രതിഷ്ഠകളിൽ തൊഴുതു നിൽക്കവേ അവളുടെ തോളിൽ നിന്നിറങ്ങിയ കുഞ്ഞുങ്ങൾ കൊഞ്ചിക്കുഴഞ്ഞു ചിരിച്ചു.
അച്ഛന്റെ കൈയിൽ തൂങ്ങി അവർ കളിച്ചു..
വഴിമദ്ധ്യേ അവൾ ചോദിച്ചു..
എന്താണീ ഭാണ്ഡത്തിൽ?..എന്തിനാണ് നിങ്ങൾ ഇതു ചുമക്കുന്നത്..?
മറുപടി ഞാൻ പറഞ്ഞില്ല..
ഞങ്ങൾ കുറച്ചു ദൂരം കൂടി നടന്നു..
ദിക്കറിയാതെ പതംപറഞ്ഞു ഏതോ കാറ്റ് മുടന്തി വന്നു..
ആരുടേയോ കരച്ചിൽ ..
ഞാൻ പിൻതിരിഞ്ഞു നോക്കി..
അച്ഛനെ കാണാനില്ല..
എവിടെ പോയി അച്ഛൻ...? മലയടിവാരത്തിലെവിടെയോ ചിറകടിയുടെ ശബ്ദങ്ങൾ കേൾക്കുന്നു ഞാൻ..തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും
ഭാണ്ഡകെട്ടുമായി ഞാൻ കുറേ നേരം കരഞ്ഞു കാത്തിരുന്നു... ഇരുന്നുമടുത്തപ്പോൾ പിന്നേയും എഴുന്നേറ്റു
ഭാരം കൂടി വരുന്ന ഭാണ്ഡം ചുമലിലേറ്റി നടക്കവേ..ഞാൻ അവളുടെ കൈകളിൽ ബലമായി പിടിച്ചു..
സൂക്ഷിച്ചു നടക്കൂ..തെറ്റി വീഴരുത്..അവൾ പിറുപിറുത്തു..
വഴിപിരിഞ്ഞുപോകുന്ന യാത്രക്കാരിൽ ചിലർ ഞങ്ങളെ നോക്കി ചിരിച്ചു..
പിന്നേയും പടികൾ ... കുത്തനെയുള്ള കയറ്റം..നിരപ്പായ പാത..
നിമിഷങ്ങളെ മെരുക്കിയെടുത്ത് ഞങ്ങൾ നീങ്ങവേ..
അവന്റെ കുഞ്ഞികൈകൾ എന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു..
....പ്രേം ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo