Slider

റോയിയുടെ ജീവിതത്തിൽ നിന്നും ഒരേട്

0
Image may contain: 1 person, sitting and closeup

ഒരു തണുത്ത വെളുപ്പാൻ കാലം... മഞ്ഞിൽ കുളിച്ചു നിന്ന തൈപ്പറമ്പിൽ വീട്ടിൽനിന്നും..മഞ്ഞിൻകണങ്ങളെ കീറിമുറിച്ചുകൊണ്ടു ഒരു കോഴി കൂവുന്ന ശബ്ദം...... ആ വീട്ടിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന അന്നാമ്മ കിടന്നുകൊണ്ട് തന്നെ സൈഡിലെ മേശയിൽ നിന്നു മൊബൈൽ എടുത്തു അലാറം ഓഫാക്കി... കോഴി കൂവൽ നിറുത്തി...
അന്നമ്മ എണ്ണീറ്റു മേശയുടെ പുറത്തിരുന്ന വെപ്പുമുടി ഇച്ചിരിയുള്ള അന്നാമ്മയുടെ തുത്തുമായി കൂട്ടി കെട്ടിവെച്ചിട്ടു
മൂടി പുതച്ചുകിടക്കുന്ന കെട്ടിയവൻ ഔസേപ്പച്ചനെ കുലുക്കി വിളിച്ചു...
അച്ചായാ.... അച്ചായാ.... ഒന്നെണ്ണിറ്റേ....
എന്നതാടീ... രാവിലെ മനുഷ്യനേ ഉറക്കത്തും ഇല്ലല്ലോ ഇവൾ.....
 ഓ.... മാളുവിനെ പിടിക്കാനുള്ളതാ... അച്ചായൻ എണീക്കു...
മാളുവിനെ പിടിക്കാൻ റോയി ഇല്ലേടീ....
ഓ... എന്റെ മനുഷ്യാ അവൻ ഇവിടുണ്ടങ്കിൽ നിങ്ങളോടു ഞാൻ ഈ ഗുസ്തി പിടിക്കുവാൻ നിക്കുമോ... അവൻ ഇന്റർവ്യൂന് പോയേക്കുവല്ലേ...
നീ പോയി കടും കാപ്പി എടുത്തിട്ട് വാ... ഞാൻ എണ്ണിറ്റോളാം...
ഇങ്ങോട്ടു എണീൽക്കു എന്റെ അച്ചായാ... എന്നും പറഞ്ഞു അന്നാമ്മ പുതപ്പു വലിച്ചു മാറ്റാൻ നോക്കി... ഔസേപ്പച്ചൻ അത് വിട്ടുകൊടുക്കാതിരിക്കാനും..... ഒടുവിൽ
രക്ഷയില്ലെന്ന് കണ്ടു ഔസേപ്പച്ചൻ എണീറ്റിരുന്നു പിറുപിറുത്തു...
 നീയും നിന്റെയൊരു മാളുവും..... മനുഷ്യന്റെ ഉറക്കവും കളഞ്ഞു......
കാലിത്തൊഴുത്തിൽ ഒസേപ്പച്ചൻ മാളുവിന്റെ മൂക്കുകയറിലും പിടിച്ചു തൂണിൽ ചാരി നിൽക്കുന്നു... ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി മൂടിപുതച്ചാണ് നിൽപ്പു.....
അച്ചായാ മൂക്കുകയറിൽ ശരിക്കു പിടിച്ചോണം... ഇവൾക്ക് ഈയിടെയായി തൊഴി കൂടുതലാ..
എന്നു പറഞ്ഞോണ്ട് അന്നാമ്മ മാളുവിനെ കറക്കുവാൻ തുടങ്ങി..... പാൽ കറന്നു തീരാറായപ്പോഴേക്കും ഔസേപ്പച്ചൻ ഉറക്കം തൂങ്ങി വേച്ചുപോയി.... മൂക്കു കയറിൽനിന്നു പിടിയും വിട്ടു..... മാളു കാലു പറിച്ചൊരു ചാട്ടം....
അന്നാമ്മ എന്റെ ഈശോയേ എന്നു വിളിച്ചു പുറകിലേക്ക് മറിഞ്ഞു വീണു...പാലുംപാത്രം മറിഞ്ഞു പാലു മൊത്തം പോയി...
അന്നാമ്മ എണ്ണിറ്റു ഷീറ്റിനിടയിൽ തിരുകി വച്ചിരുന്ന വടിയെടുത്തു അരിശം തീരും വരെ മാളുവിനെ തല്ലി.....
ഇതുകണ്ട് ഔസേപ്പച്ചൻ പറഞ്ഞു....
മതിയെടി അതിനെയിട്ടു തല്ലിയത്.... ആളു മാറിയല്ലേ ഇന്ന് പിടിച്ചത് അതിന്റെയാരിക്കും
ഇനി അത് പറഞ്ഞാ മതി... അല്ലാതെ നിങ്ങൾ ഉറക്കം തൂങ്ങി വീണിട്ടല്ല..... പാലു കറന്നു തീരാറായാതായിരുന്നു....... കുന്തം... അതു മൊത്തം കളഞ്ഞു..... അന്നാമ്മ ചാടി തുള്ളി പോയി.......
ഇവളതു കണ്ടായിരുന്നോ... എന്നൊരു ആത്മഗതം നടത്തിയിട്ടു ഔസേപ്പച്ചൻ മാളുവിനെ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു....
അടങ്ങി നിന്നാൽ പോരായിരുന്നോ.. വെറുതെ കുറെ തല്ലു മേടിച്ചു.....
ഇന്നത്തേനുള്ളതായി എന്ന് മനസ്സിൽ വിചാരിച്ചു ഔസേപ്പച്ചൻ വീട്ടിലേക്കു പോയി..
തൈപ്പറമ്പിൽ ഔസേപ്പച്ചൻ ആളൊരു ശുദ്ധ മനസ്ക്കനാണ്..... ജോലിയെന്ന് പറയാൻ പ്രത്ത്യേകിച്ചൊന്നും ഇല്ല.... പേരിനു ഒരു സ്ഥല കച്ചവട ബ്രോക്കർ എന്ന് പറയാം.... മനസ്സിൽ കള്ളത്തരം ഇല്ലാത്തതിനാൽ അതുകൊണ്ടു വല്യ കാര്യമൊന്നുമില്ല... അന്നാമ്മക്കു കുറച്ചു തകൃതം ഉള്ളതിനാൽ പശു, ആട്, കോഴി,പിന്നെ അല്പ സ്വൽപ്പം കൃഷിയുമൊക്കെയായി കുടുംബം പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകുന്നു ....
ഔസേപ്പച്ചനും, അന്നാമ്മക്കും മക്കൾ മൂന്ന്.... മൂത്തവൾ ആനിയെ കെട്ടിച്ചു വിട്ടു... വീട്ടിൽനിന്നു എന്തേലും കൊണ്ടുപോകാൻ കിട്ടുന്ന അവസരങ്ങളിലേ ആനി ഇങ്ങോട്ടു വരാറുള്ളൂ....
രണ്ടാമത്തെ സന്തതി.... റോയി.... ഉത്തരവാദ്യത്യങ്ങളാകുന്നതു വരെ ജീവിതം ആസ്വദിക്കാനുള്ളതാണന്നു വിശ്വസിച്ചു..
ജീവിതം ആഘോഷമാക്കുന്ന ഒരു M A ഡിഗ്രിയുള്ള ചെറുപ്പക്കാരൻ... അതിനു പൊലിമയേകാൻ അവന് മൂന്നു കൂട്ടുകാരും ..
ഇളയവൾ മിനിക്കുട്ടി .....പത്താം ക്ലാസ്സിൽ പഠിക്കുന്നു...
റോയി ഒരു ഇന്റർവ്യൂന് വന്നതാണ് കൊച്ചിയിൽ ... കൂടെ കൂട്ടുകാരുമുണ്ട്, ഓരോ ഇന്റർവ്യൂവും ഇവർക്ക് ഒരു ടൂർ പോഗ്രാം ആണ് .... നാട്ടിൽ നിന്നു ഒന്ന് മാറി അടിച്ചുപൊളിക്കുവാനുള്ള അവസരം .....
അവർ ഓട്ടോയിൽ ഇന്റർവ്യൂ നടക്കുന്ന സ്ഥലം... കൊച്ചിയിലെ കുണ്ടും, കുഴിയും നിറഞ്ഞ ഒരു റോഡിലൂടെ അന്വേഷിച്ചു മുന്നോട്ട് പോകുമ്പോളാണ് ആ ബോർഡ് അവരുടെ ശ്രെദ്ധയിൽ പെട്ടത്........ BAR..... ഉടനെ ഓട്ടോ സൈഡിലാക്കി ഓരോ നിപ്പൻ അടിച്ചു എല്ലാവരും.... തിരിച്ചു വന്നപ്പോൾ റോയി ഓട്ടോക്കാരനോട് ചോദിച്ചു..... ചേട്ടൻ വീശുവോ..... ?
ചെറുതായി....
എന്നാ വാ..... എല്ലാരും കൂടെ പോയി ഒന്നുകൂടെ വിട്ടു.... കലാപരിപാടികളൊക്കെ കഴിഞ്ഞു ഇന്റർവ്യൂന് ചെല്ലുമ്പോൾ അവിടെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്....
സെക്യൂരിറ്റി പറഞ്ഞതനുസരിച്ചു അഞ്ചാമത്തെ നിലയിലാണു ഇന്റർവ്യൂ നടക്കുന്നത്...
മുകളിലേക്ക് പോകാനുള്ള ലിഫ്റ്റിൽ ആളുകൾ ഇടിച്ചു കയറുന്നു....ലിഫ്റ്റിന് മുൻപിൽ നിന്ന ഒരു പെൺകുട്ടിയിൽ റോയിയുടെ കണ്ണുകൾ ഉടക്കി.... നല്ല നീളമുള്ള മുടി വൃത്തിയായി പിന്നിയിട്ടിരിക്കുന്നു..... മുന്നിലേക്ക് ചെന്നു കടക്കണ്ണെറിഞ്ഞു ഒന്ന് പാളി നോക്കി....
സുന്ദരിയാണല്ലോ..... അവൻ മനസ്സിൽ പറഞ്ഞു....
അടുത്ത ചാൻസിനു റോയിയും, കൂട്ടുകാരും, ആ സുന്ദരിയും കൂട്ടുകാരും ഇടിച്ചു കയറി....
ആളു കൂടുതലാണ്... മൂന്ന് പേർ ഇറങ്ങിക്കോ... ലിഫ്റ്റ് ഓപ്പറേറ്റർ പറഞ്ഞു... ആരും അനങ്ങിയില്ല.... റോയിയും കൂട്ടുകാരും പരസ്പരം നോക്കി... റോയിയുടെ കൂട്ടുകാരിലൊരാൾ പെൺകുട്ടിയോട് പറഞ്ഞു... നിങ്ങൾ ഒരു മൂന്നുപേർ ഇറങ്ങി നിക്ക്...
അതെന്താ നിങ്ങൾക്ക് ഇറങ്ങിക്കൂടെ.... ?... ഞങ്ങൾ ഇറങ്ങില്ല.... ലേഡീസ് ഫസ്റ്റ്... കേട്ടിട്ടില്ലേ.... സുന്ദരിയുടെ കൂട്ടുകാരിലൊരാൾ ചോദിച്ചു.....
ഇതു കേട്ടു റോയി കൂട്ടുകാരോട് ....പറഞ്ഞു...
പോട്ടെടാ... നിങ്ങൾ ഇറങ്ങി നിക്ക്....
അപ്പൊ നീയോ... ?
മൂന്നുപേർ ഇറങ്ങിയാ പോരെ...... നിങ്ങൾ ഇറങ്ങിയാ കഴിഞ്ഞു..... !
ഓ... ഹോ.. അങ്ങനെ..... ശരിയാക്കിത്തരാം കേട്ടോ....... എന്ന് പറഞ്ഞു കൂട്ടുകാർ ഇറങ്ങി......
റോയി മുകളിൽ എത്തിയതിന്റെ പുറകെ കൂട്ടുകാരും എത്തി.... അവരെല്ലാവരും കൂടി സുന്ദരി നിക്കുന്നിടത്തേക്കു ചെന്നു....
അവരെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ നിന്നിരുന്ന പെൺകുട്ടികളോട് റോയി പറഞ്ഞു....
വെറുതെ ഇവിടെ നിന്നു മിനക്കെടണ്ട കേട്ടോ..... വേക്കൻസി എല്ലാം ഫിൽ ആണ്... ക്യാഷ് മേടിച്ചു അപ്പോയ്ന്റ് ചെയ്തിട്ട് മാനേജ്മെന്റിനെ പറ്റിക്കാൻ വേണ്ടി നടത്തുന്ന ഒരു ഇന്റർവ്യൂ... അത്രയേ ഉള്ളു....
റോയി പറഞ്ഞതുകേട്ട് സുന്ദരിപ്പെണ്ണ് ചോദിച്ചു.....
സത്യമാണോ നിങ്ങൾ പറയുന്നത്.....
പരമസത്യം.... നിങ്ങൾക്ക് നിക്കണേൽ നിക്കാം.... പോകണേൽ പോകാം.... ഏതായാലും ഞങ്ങൾ പോകാൻ തീരുമാനിച്ചു..... വാടാ പോകാം.....
ഇതൊന്നു ചോദിച്ചിട്ടു തന്നെ കാര്യം..... വാടി.... സുന്ദരിപ്പെണ്ണും, സുഹൃത്തുക്കളും ഓഫീസിലേക്ക് നീങ്ങി....
റോയിയും, കൂട്ടുകാരും താഴേക്ക് സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു...
നമ്മുക്കും അവരുടെ കൂടെ ചെല്ലണ്ടതായിരുന്നു..... ഇവന്മാര് കാണിക്കുന്നത് ചെറ്റത്തരം അല്ലേ.... ചോദിക്കാതെ പോന്നത് ശരിയായില്ല....
നല്ല തല്ലു നാട്ടിൽ കിട്ടുമല്ലോ.... ഇനി നിനക്ക് കൊച്ചിയിൽ നിന്നു തല്ലു മേടിക്കണമെന്നു എന്തേലും ആഗ്രഹം ഉണ്ടേൽ... ചെന്നു മേടിച്ചോണ്ടു പോരെ...
മിഴിച്ചു നോക്കിയ കൂട്ടുകാരോട് റോയി തുടർന്നു....
എടാ.. ഞാൻ അവളുമാർക്കിട്ടു ഒരു പണി കൊടുത്തതല്ലേ..... ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു... അതിപ്പം തീർന്നുകാണും...
ലിഫ്റ്റിൽ നിന്നു ഇറക്കിയ സുന്ദരിക്കിട്ടും, കൂട്ടുകാരികൾക്കും പണി കൊടുത്തതിൽ ഹാപ്പിയായി അവർ പെട്ടന്ന് സ്ഥലം കാലിയാക്കി...
കല്യാണം കഴിഞ്ഞാൽ ഉത്തരവാദ്യത്തിങ്ങൾ ആകും... അതുവരെ അടിച്ചുപൊളിച്ചു ജീവിക്കണം എന്നാ റോയിയുടെ തീരുമാനം.... ഒരു ജോലിക്കും പോകില്ല.... രാവിലെ എല്ലാവരും കൂടി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോയി ചീട്ടുകളിക്കും.... കിട്ടുന്ന കാശിനു രാത്രി വെള്ളമടിക്കും.... പിന്നെ വായിനോട്ടം... അല്ലറ ചില്ലറ രാഷ്ട്രീയം......
മകന്റെ ഈ കടിഞ്ഞാൺ ഇല്ലാത്ത പോക്ക് കണ്ടു ഔസേപ്പച്ചനും, അന്നാമ്മക്കും സങ്കടമാണ്..... പക്ഷേ എന്തു ചെയ്യാം.... വീട്ടുകാരും, നാട്ടുകാരും... ഉപദേശിച്ചു മടുത്തു..... ഒടുവിൽ ഇടവക പള്ളിയിലെ വികാരി അച്ഛനാണ് ഔസേപ്പച്ചന് ഒരു ഉപായം പറഞ്ഞുകൊടുത്തത്....
റോയിയെ പിടിച്ചു പെണ്ണ് കെട്ടിക്കുക... കല്യാണം കഴിഞ്ഞാൽ അവനു ഒരു ഉത്തരവാദ്യത്യബോധം ഒക്കെ ഉണ്ടാകും...
ഒരു പരീക്ഷണം ആണ്..... പക്ഷേ അച്ഛൻ ഒരു കാര്യം പ്രത്യകം പറഞ്ഞു.... പരീക്ഷണത്തിനായി ഈ ഇടവകയിൽ നിന്നു ഒരു കുഞ്ഞാടിനെ നോക്കിയേക്കരുത് എന്ന്....
ഏതായാലും റോയിയുടെ വീട്ടുകാർ കൊണ്ടുപിടിച്ച ആലോചന തുടങ്ങി..... പക്ഷേ റോയിയുണ്ടോ സമ്മതിക്കുന്നു.... ഇപ്പൊ അനുഭവിക്കുന്ന ആഘോഷദിവസങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചു അവനു ചിന്തിക്കാനേ കഴിഞ്ഞില്ല.....
ഒരു ദിവസം റോയിയെ പറഞ്ഞു പറ്റിച്ചു വീട്ടുകാർ പെണ്ണുകാണാൻ കൊണ്ടുപോയി..... കൂട്ടുകാരുമുണ്ട് കൂടെ...... പെണ്ണിന്റെ വീട്ടിൽ ചെന്നപ്പോളാണ് അവർക്കു അപകടം മനസിലായത്.... ശരി.... വന്നതല്ലേ... ചായ കുടിച്ചിട്ട് പോകാം എന്ന് റോയി കൂട്ടുകാരോട് പറഞ്ഞു....
പക്ഷേ.... ചായയുമായി വന്ന പെണ്ണിനെ കണ്ടു അവർ ഞെട്ടി.... ഇന്റർവ്യൂന് പോയപ്പോൾ കണ്ട സുന്ദരിപ്പെണ്ണ്.....
ചായ കുടിയൊക്കെ കഴിഞ്ഞു റോയിക്കും, സുന്ദരിപ്പെണ്ണിനും തനിച്ചു സംസാരിക്കാൻ വേണ്ടി ഇരുന്നപ്പോൾ എന്തു ചോദിക്കണമെന്നറിയാതെ റോയി ഒന്ന് പരുങ്ങി........ കല്യാണം ഇപ്പൊ വേണ്ട എന്നാരുന്നെങ്കിലും അന്നു കണ്ടപ്പോൾ തന്നെ മനസ്സിൽ ഉടക്കിയ സുന്ദരിപ്പെണ്ണിനേ അവനു ഇഷ്ട്ടമായിരുന്നു.. ..... പക്ഷേ ഒരു കാര്യവുമില്ല എന്നവനോർത്തു... അന്നു അവിടെ എന്തൊക്കെ സംഭവിച്ചു എന്നറിയില്ലല്ലോ... അവളുടെ നോട്ടത്തിൽ നിന്നു എന്തൊക്കെയോ സംഭവിച്ച പോലെയുണ്ട്... ഒടുവിൽ അവൻ ചോദിച്ചു....
എന്താ പേര്.... ?
ജാസ്മിൻ.....
ഇനി എന്തു ചോദിക്കും എന്ന്
ചിന്തിക്കുമ്പോഴാണ് ജാസ്മിന്റെ കൂട്ടുകാരിലൊരാൾ അങ്ങോട്ട് വന്നത്.....
സംസാരിച്ചു കഴിഞ്ഞോടി......
ഒന്ന് ആക്കിയ പോലെയല്ലേ അവൾ ചോദിച്ചത്....റോയിക്കു അങ്ങനെ തോന്നി.
ചേട്ടാ... കൂട്ടുകാരെ പെട്ടന്ന് ഇവിടന്നു കൊണ്ടുപൊക്കോ... അല്ലേൽ പ്രശ്നമാകും....
റോയിയും..., ജാസ്മിനും ആകാംഷയോടെ അവളെ നോക്കി.... അവളുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് ജാസ്മിൻ ചോദിച്ചു....
നീ എന്താ ഒപ്പിച്ചെ... ?
ഏയ്... ചെറുതായി ഒരു മറുപണി..... അവരുടെ ചായക്കകത്തു ഒരു ഇച്ചിരി vim ഇട്ടു കൊടുത്തു....
യ്യോ.... ജാസ്മിൻ അറിയാതെ പറഞ്ഞുപോയി....
റോയി വയറിൽ ഒന്ന് ഞെക്കി..... കുഴപ്പം വല്ലതും ഉണ്ടോ....
അവൾ പറഞ്ഞു...... ചേട്ടൻ പേടിക്കണ്ട
..ചേട്ടന് തരണ്ടതായിരുന്നു.... പക്ഷേ ഇവളെ കാണാൻ വന്നതാണല്ലോ എന്നോർത്ത് ഞാൻ ക്ഷമിച്ചു.... അതാ കൂട്ടുകാർക്കിട്ടു കൊടുത്തത്.....
റോയി ദേഷ്യപ്പെട്ടു ജാസ്മിനെ നോക്കി....
അവൾ എന്തു പറയണമെന്നറിയാതെ വിഷമിച്ചു....
സോറി..... ഞാൻ...
കൂട്ടുകാരുടെ കാര്യമോർത്തു റോയി ചെല്ലുമ്പോഴേക്കും അവിടെ പ്രശ്നം ഗുരുതരമായി......
വയർ പൊത്തിപിടിച്ചു മൂന്നും ഞെളിപിരി കൊള്ളുകയാണ്....
റോയി അവരോടു... എണീൽക്കടാ.... പെട്ടന്ന് പോകാം..... എന്ന് പറഞ്ഞെങ്കിലും... മൂന്നും ബാത്റൂം എവിടെ എന്ന് ചോദിച്ചുകൊണ്ട് അകത്തേക്കും, പുറത്തേക്കും ഒക്കെ ഓടി.....
മൂന്നുപേർക്കും ഒരുമിച്ചു വയറ്റിൽ പ്രശ്നം വന്നതിൽ ജാസ്മിന്റെ വീട്ടുകാർ അകെ അങ്കലാപ്പിലായി...... ചായക്ക്‌ കുഴപ്പം എന്തേലും ഉണ്ടായോ എന്ന് സംശയിച്ച അവരെ.... ഏയ്....ഞങ്ങൾക്കൊന്നും കുഴപ്പമില്ലല്ലോ എന്ന് പറഞ്ഞു ഔസേപ്പച്ചൻ സമാധാനിപ്പിച്ചു...
കാര്യങ്ങൾ തുറന്നുപറഞ്ഞു ജാസ്മിൻ എല്ലാരോടും ക്ഷമ ചോദിച്ചു...
ഔസേപ്പച്ചൻ പക്ഷേ അവരോടു പറഞ്ഞു...
 നിങ്ങൾക്ക് ഇതിൽ കുറ്റബോധം ഒന്നും വേണ്ട.... ഇവന്മാർക്ക് ഇതു അൽപ്പം നേരത്തെ കിട്ടണ്ടതായിരുന്നു എന്നേ ഞാൻ പറയൂ....
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയെങ്കിലും റോയി കല്യാണത്തിന് സമ്മതിച്ചതോടെ...
ഇനി അവന്റെ മനസ്സെങ്ങാനും മാറിയാലോ എന്ന് പേടിച്ചു പെട്ടന്ന് തന്നെ ഔസേപ്പച്ചൻ റോയിയുടെ കല്യാണം നടത്തി.....
കല്യാണം കഴിഞ്ഞിട്ടു റോയിക്കു ആകെയുണ്ടായ മാറ്റം അടിച്ചോണ്ടിരുന്ന ബ്രാൻഡ് ഒന്ന് മാറ്റി..... ജാസ്മിന് മണം സഹിക്കാൻ പറ്റുന്നില്ലാന്നു പറഞ്ഞതുകൊണ്ട് ഇപ്പൊ വൈറ്റ് റം ആണ് അടിക്കുന്നത്....
ഒരു ദിവസമെങ്കിലും കള്ളുകുടിക്കാതെ വീട്ടിൽ വരണമെന്ന് അവനു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും..... അവനു അതിനു സാധിച്ചില്ല..... മദ്യം അത്രമേൽ അവനെ കീഴ്പെടുത്തിയിരുന്നു.......
മകനേ ഓർത്തു സങ്കടപ്പെട്ടിരുന്ന ഔസേപ്പച്ചനും, അന്നാമ്മയും ഇപ്പൊ വീട്ടിൽ കേറിവന്ന ജാസ്മിന്റെ കണ്ണീരുകൂടി കാണണ്ട അവസ്ഥ ആയി.....
ജാസ്മിൻ ആകാവുന്ന രീതിയിലൊക്കെ പയറ്റിനോക്കി റോയിയുടെ കള്ളുകുടി ഒന്ന് മാറ്റാൻ..... കുറച്ചു് നാളായിട്ടു..... ജാസ്മിന് വിശേഷം ഒന്നും ആകാത്തതിന്റെ ടെൻഷൻ എന്ന് പറഞ്ഞായിരുന്നു കള്ളുകുടി..... ഇപ്പൊ ജാസ്മിൻ ഗർഭിണി ആണ്.... ഇപ്പൊ പറയുന്നു നീ ഗർഭിണി ആയതിന്റെ സന്തോഷം കൊണ്ടു കുടിക്കുന്നതാണന്നു...... അല്ലേലും ഈ കുടിയന്മാർക്കെല്ലാം ഓരോ ദിവസവും ഓരോ കാരണങ്ങൾ കാണും.... ജാസ്മിൻ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി....
അങ്ങനെയിരിക്കുമ്പോഴാണ് വികാരി അച്ഛൻ ഔസേപ്പച്ചനോട് ഒരു ഉപായം കൂടി പറഞ്ഞു കൊടുക്കുന്നത്....
റോയിയെ വേറെ വിടുക... അവരു തന്നെ താമസിക്കുമ്പോൾ അവന് അവരുടെ കാര്യം നോക്കിയല്ലേ പറ്റൂ... അപ്പൊ അവൻ ജോലിക്കു പൊക്കോളും ..
ഔസേപ്പച്ചനും , അന്നാമ്മക്കും മനസ്സിൽ ഒത്തിരി വിഷമം ഉണ്ടാരുന്നെങ്കിലും മകന്റെ നന്മയെക്കരുത്തി അവർ ആ കടുത്ത തീരുമാനമെടുത്തു ... റോയി മാറാതിരിക്കാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ഔസേപ്പച്ചന്റെ കടുത്ത നിലപാടുമൂലം അതു വിലപ്പോയില്ല ...
അങ്ങനെ റോയിക്കു വീതമായി കൊടുത്ത സ്ഥലത്തു ഔസേപ്പച്ചൻ തന്നെ ഒരു വീട് വെച്ചു കൊടുത്തു .... അവിടെ റോയിയും ജാസ്മിനും ജീവിതം ആരംഭിച്ചു ...
പക്ഷേ റോയി ഇപ്പോഴും അങ്ങനെ തന്നെ .....ഒരു മാറ്റവും ഇല്ല ..വീതം കൊടുത്തത് കൂടി പണയപെടുത്തിയാണ് ഇപ്പൊ കള്ളുകുടി... ജാസ്മിൻ ഗർഭിണി ആയതിനാൽ സന്ധ്യയാകുമ്പോൾ ഔസേപ്പച്ചനും , അന്നാമ്മയും ജാസ്മിന് വന്നു കൂട്ടിരിക്കും ....റോയി വരുമ്പോൾ അവർ വീടിന്റെ പിന്നിൽക്കൂടി ഇറങ്ങി പോകും .....കാരണം തങ്ങളെ കണ്ടാൽ റോയിയുടെ വരവ് ഇനിയും താമസിക്കുമെന്നു അവർ ഭയപ്പെട്ടു ....
പതിവു പോലെ അന്നും ജാസ്മിന്റെ അടുത്ത് വന്നതായിരുന്നു ഔസേപ്പച്ചനും, അന്നാമ്മയും, മിനിക്കുട്ടിയും .... മിനിക്കുട്ടിക്ക് പിറ്റേദിവസം പത്താംക്ലാസിലെ പരീക്ഷ തുടങ്ങുവാണു.. പഠിക്കാനുള്ളതിൽ ഒരു ബുക്ക് എടുത്തോണ്ട് വരാഞ്ഞതിനാൽ മിനിക്കുട്ടി ടെൻഷൻ അടിക്കുന്നത് കണ്ടു ജാസ്മിൻ അവരോടു പൊക്കോളാൻ പറഞ്ഞു.... റോയി ഇപ്പൊ വന്നോളും എന്ന വിശ്വാസത്തിൽ അവർ വീട്ടിലേക്കു പോയി...
ജാസ്മിൻ റോയിയെയും നോക്കി ഇരുന്നു മടുത്തു.... നല്ല ക്ഷീണവും, കൂടെ ഉറക്കവും വന്നതിനാൽ ഒന്ന് കിടക്കാം എന്ന് വിചാരിച്ചു ജാസ്മിൻ മുറിയിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അവളുടെ കണ്ണിൽ ഇരുട്ടു നിറഞ്ഞു... തല കറങ്ങി നിറ വയറുമായി അവൾ നിലത്തു വീണു.....
അന്നാമ്മക്കു വീട്ടിൽ ചെന്നിട്ട് എന്തോ പോലെ.... മനസ്സിൽ ആകെയൊരു വിഷമം... റോയി വന്നു കാണുവോ എന്നായിരുന്നു ചിന്ത മുഴുവനും.... കുറച്ചു കഴിഞ്ഞു അന്നാമ്മ ജാസ്മിനെ വിളിച്ചു നോക്കി.... റിങ്ങാകുന്നതല്ലാതെ ഫോൺ എടുക്കന്നില്ലന്നു കൂടി കണ്ടതോടെ അന്നാമ്മ ഔസേപ്പച്ചനെ റോയി വന്നോന്നു നോക്കുവാനായി നിർബന്ധിച്ചു പറഞ്ഞുവിട്ടു.....
ഔസേപ്പച്ചൻ അവിടെ ചെല്ലുമ്പോൾ റോയി വന്നിട്ടില്ല എന്ന് മനസ്സിലായി.... ജാസ്മിനെ വിളിച്ചിട്ടു ഒട്ടു വിളി കേൾക്കുന്നതും ഇല്ല.... കതകിനു കുറെ തട്ടി നോക്കി.... ഒരനക്കവും ഇല്ല.... ഔസേപ്പച്ചനും വേവലാതി ആയി..... വേറെ വഴിയൊന്നും കാണാഞ്ഞതിനാൽ ഔസേപ്പച്ചൻ കതകു തല്ലിപ്പൊളിച്ചു അകത്തു കടന്നു.... അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു.... രക്തത്തിൽ കുളിച്ചു ബോധമില്ലാതെ കിടക്കുന്ന ജാസ്മിൻ... എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഔസേപ്പച്ചൻ സ്തംഭിച്ചു നിന്നു..... മനധൈര്യം വീണ്ടെടുത്ത അയാൾ പുറത്തോട്ടു ചാടി ഇറങ്ങുമ്പോഴാണ് താഴെ റോഡിൽ റോയി കൂട്ടുകാരുമായി ഓട്ടോയിൽ വന്നിറങ്ങുന്നത്..... റോയിയെയും, വണ്ടിയും കണ്ടു.. ജാസ്മിനെ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ ആക്കാമെന്നുള്ള ആശ്വാസത്തിൽ ഔസേപ്പച്ചൻ എടാ റോയി എന്ന് നിലവിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പാഞ്ഞു.....
താഴെ റോഡിൽ നിന്നു റോയിയുടെ കൂട്ടുകാർ നിലവിളിച്ചു കൊണ്ടു വരുന്ന ഔസേപ്പച്ചനെ കണ്ടു തങ്ങളെ ചീത്ത പറയാൻ വരുന്നതാണെന്ന് തെറ്റിദ്ധരിച്ചു.. പെട്ടന്ന് ഓട്ടോയിൽ കയറി അവർ പോകുന്നത് കണ്ടു വണ്ടി നിർത്തടാ...
എന്ന് ഔസേപ്പച്ചൻ അലറി വിളിച്ചെങ്കിലും അവർ ഒന്നുകൂടി സ്പീഡ് കൂട്ടി ഓടിച്ചുപോയി......
ഓടി റോയിയുടെ അടുത്ത് വന്ന ഔസേപ്പച്ചൻ കാണുന്നത് കാലുകൾ നിലത്തുറക്കാതെ, ആടുന്ന മകനെയാണ്... അയാൾ അവനോടു ജാസ്മിന്റെ സ്ഥിതിയെക്കുറിച്ചു പറഞ്ഞപ്പോൾ.... അവനൊന്നും മനസിലാകുന്നില്ല.... ബോധമില്ലാതെ എന്തൊക്കെയോ പുലമ്പുന്ന അവന്റെ കരണത്തു ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ പിതാവ് ആഞ്ഞടിച്ചു.....
സമചിത്തത വീണ്ടെടുത്ത ഔസേപ്പച്ചൻ അന്നാമ്മേ എന്ന് വിളിച്ചു കൊണ്ടു വീട് ലക്ഷ്യമാക്കി പാഞ്ഞു....
.പിറ്റേദിവസം രാവിലെ റോയിയുടെ കൂട്ടുകാരൻ ആണ് ബോധമില്ലാതെ കിടന്ന റോയിയെ വിളിച്ചുണർത്തി വിവരങ്ങൾ ധരിപ്പിക്കുന്നത്‌....ഇന്നലത്തെ വീഴ്ചയിൽ കുഞ്ഞു മരിച്ചു... കുറെ നേരം ആരും അറിയാതിരുന്നതിനാൽ രക്തം ഒരുപാടു പോയി.... വീഴ്ചയിൽ കിഡ്‌നി fail ആയി .... ഡയാലിസിസ് ചെയ്തോണ്ടിരിക്കുവാണ് ഇപ്പോൾ...രക്ഷപ്പെടുമെന്ന് ഉറപ്പില്ല... എല്ലാം അറിഞ്ഞു അവൻ പെട്ടന്ന് ഹോസ്പിറ്റലിലേക്ക് ഓടി.......
തലേദിവസം നല്ലപോലെ കുടിച്ചതിന്റെ ക്ഷീണം കാരണം അപ്പോഴും അവന്റെ തല നേരെ നിക്കുന്നില്ലായിരുന്നു......
ഐ സി യു വിന്റെ മുമ്പിലേക്ക് കടന്ന അവൻ പെട്ടന്ന് നിന്നു..... അച്ഛനും, അമ്മയും, ജാസ്മിന്റെ അച്ഛനും അമ്മയും മിനിക്കുട്ടിയും... എല്ലാവരും ദുഃഖം നിറഞ്ഞ മുഖങ്ങളുമായി അവിടവിടെ നിൽക്കുന്നു... അവരുടെ മുമ്പിലേക്ക് കടന്നു ചെല്ലാൻ കഴിയാതെ അവൻ വാതിൽ മറവിൽ ഒരു കുറ്റവാളിയെപ്പോലെ നിന്നു.... ജാസ്മിന്റെ അവസ്ഥ എന്താണെന്നറിയില്ല...... അവൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോളാണ് ജാസ്മിന്റെ അച്ഛൻ അവനെ കാണുന്നത്..
നിയന്ത്രണം വിട്ട ആ പിതാവ് ഓടി വന്നു അവനെ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു...
സമാധാനമായില്ലേ നിനക്കു.... പോ... പോയി കുടിക്കടാ .... ഇപ്പൊ കുടിക്കാനായി ഒരു കാരണമായില്ലേ..... എന്റെ കൊച്ചിന്റെ ജീവിതം നീ തകർത്തു കളഞ്ഞല്ലോടാ...
ബഹളം കേട്ടു എല്ലാവരും ഓടിവന്നു.....
ജാസ്മിന്റെ 'അമ്മ അച്ഛനെ പിടിച്ചുമാറ്റി....
ഔസേപ്പച്ചൻ ഇതു കണ്ടു ഒരക്ഷരം മിണ്ടാനാവാതെ തല താഴ്ത്തി നിന്നു.....
റോയി തളർന്നു നിലത്തേക്കിരുന്നു....
എല്ലാവരും തന്നെ നോക്കുന്നത് അത്യധികം വെറുപ്പോടെയാണ്... എല്ലാത്തിനും താനാണ് കാരണക്കാരൻ... തന്റെ നശിച്ച മദ്യപാനം.... അന്നാദ്യമായി അവനു കുറ്റബോധം തോന്നി.... ആരും അവനോടൊന്നും മിണ്ടിയില്ല... ചെയ്തുകൂട്ടിയ തെറ്റുകളുടെ അനന്തര ഫലമെന്നോണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....
ഒരു മാസത്തിനു ശേഷമാണു ജാസ്മിൻ സംസാരിച്ചത് ... ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത് താൽക്കാലികമായി നിറുത്തി... പൂർണമായി സുഖപ്പെട്ടില്ലെങ്കിലും കിഡ്നിയുടെ ഒഴിച്ച് ബാക്കിയെല്ലാം പ്രതീക്ഷിക്കാവുന്ന നിലയിൽ എത്തിയിട്ടുണ്ട്.... അന്നത്തെതിൽ പിന്നെ റോയി കുടിച്ചിട്ടില്ല..... ഒരുപാടു സങ്കടമുണ്ടായിരുന്നെങ്കിലും റോയിയുടെ മാറ്റം ഒരു പരിധിവരെ ജാസ്മിനെ കഴിഞ്ഞതെല്ലാം മറക്കുവാൻ സഹായിച്ചു....
രണ്ടുവർഷം കഴിഞ്ഞൊരു ദിവസം. ഒരു സംശയം ഉറപ്പാക്കാനായി ഡോക്ടറുടെ മുൻപിൽ ഇരിക്കുവാണു റോയിയും, ജാസ്മിനും..ടെസ്റ്റിന്റെ റിസൾട്ട് നോക്കിയശേഷം ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....
Congrats..... റിസൾട്ട് പോസിറ്റിവ് ആണ്...
പിന്നെ..... എപ്പോഴും ശ്രദ്ധിച്ചോണം.... റോയി സമ്മതത്തോടെ തലയാട്ടി.... ..
വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മുഖം പ്രസന്നമായിരുന്നു.... ജാസ്മിൻ റോയിയുടെ മുഖത്തേക്ക് നോക്കി.... ജീവിതത്തിൽ നഷ്ട്ടപെട്ടതൊക്കെ തിരിച്ചു കിട്ടികൊണ്ടിരിക്കുന്നതിനാൽ....... മുന്നിൽ റോഡ് നീണ്ടു കിടക്കുന്നു..... .അതുപോലെ അവളുടെ അവളുടെ ആഗ്രഹങ്ങളും...
(ഒരാൾ നിയന്ത്രണമില്ലാതെ മദ്യപിക്കുമ്പോൾ അയാൾ മാത്രം സന്തോഷിക്കുന്നു... ചുറ്റുമുള്ളവർ എല്ലാം അയാളെ വെറുക്കുന്നു...സങ്കടപെടുന്ന പ്രിയപ്പെട്ടവർക്കായി ഇതു സമർപ്പിക്കുന്നു.. )
****Bins Thomas ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo