
ഒരു പാതക്കിരുവശവും ഉള്ള മരങ്ങളിലെ ഇലകളായാണ് ഞങ്ങളുടെ ജനനം...ഞാൻ പുതു നാമ്പായിരുന്നപ്പോളേ എന്റെ കളിയും ചിരിയും പിടിവശിയും എല്ലാം അവൻ അമ്മയുടെ കൈകളിൽ ഇരുന്ന് ചാഞ്ചാടിക്കൊണ്ട് ശ്രദ്ധിക്കുമായിരുന്നത്രേ...
തളിരിലകളായിരുന്നപ്പോൾ ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു... ഓരോ ഇളം കാറ്റിനും ഒപ്പം ഞങ്ങൾ നൃത്തം വച്ചു... പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും ഒപ്പം ഞങ്ങൾ ഇളകി തിമിർത്തു....
കാലങ്ങൾ കഴിയുംതോറും ഞങ്ങളുടെ സ്നേഹത്തിന് പുതിയ നിറം കൈവന്നു തുടങ്ങി... അവന്റെ നോട്ടത്തിലും ചിരിയിലുമെല്ലാം ഒരു പ്രത്യേക തിളക്കം... സ്നേഹം പ്രണയമായി മാറുകയായിരുന്നു ഞങ്ങൾ അറിയാതെ...
ഇളം കാറ്റും പറവകളും ഞങ്ങളുടെ സന്ദേശ വാഹകർ ആയി.... അവൻ ചൊല്ലികൊടുക്കുന്ന കിന്നാരങ്ങൾ കാറ്റ് വന്നെന്റെ കാതിൽ രഹസ്യമായി ചൊല്ലിയിരുന്നു...കിളികളും പറവകളും തുമ്പികളും കളിവാക്കുകൾ പറഞ്ഞു ഞങ്ങളെ എപ്പോളും വെറുതേ ചൊടിപ്പിച്ചിരുന്നു...
വീട്ടുകാരും കൂട്ടുകാരും ഞങ്ങളുടെ സ്നേഹത്തിന് എതിരായിരുന്നു... പാഴ്മരത്തിൽ ജന്മമെടുത്ത അവൻ എനിക്കൊരിക്കലും ചേരില്ല എന്നും..കുലവും കുടുംബ മഹിമയും നോക്കി വേണം സ്നേഹിക്കാൻ എന്നും വീട്ടുകാർ ഉപദേശിച്ചുകൊണ്ടേ ഇരുന്നു...
നീണ്ടു മെലിഞ്ഞു സുന്ദരിയായ എനിക്ക് ഒരുതരത്തിലും ചേരാത്തവൻ ആണ് അവൻ എന്നും ... എനിക്കവനേക്കാൾ പൊക്കം കൂടുതൽ ആണെന്നും ഒക്കെ പറഞ്ഞു കൂട്ടുകാരികളും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു...
ഇതൊന്നും പക്ഷേ ഞങ്ങളുടെ പ്രണയത്തെ ഉപേക്ഷിക്കാൻ ഉതകുന്ന കാരണങ്ങൾ ആയിരുന്നില്ല..ഒരിക്കലും ഒന്നുചേരാൻ ആകില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾ പരസ്പരം തീവ്രമായി പ്രണയിച്ചു... ഞങ്ങൾ വളരുന്നതിനൊപ്പം ഞങ്ങളുടെ പ്രണയവും വളർന്നുകൊണ്ടേ ഇരുന്നു...
നിനച്ചിരിക്കാതെ വരുന്ന പേമാരിയും കാറ്റും പണ്ടൊക്കെ ഭീതിതം ആയിരുന്നെങ്കിലും ...ഇപ്പോൾ അവന്റെ കരസ്പര്ശം ഏൽക്കാനുള്ള മാർഗം ആയതിനാൽ അവയെയും ഞാൻ സ്നേഹിച്ചു തുടങ്ങി... ഒരുപക്ഷേ ആ കാറ്റിന്റെ തീവ്രതയിൽ ഞാനോ അവനോ കൊഴിഞ്ഞു താഴെ വീണേക്കാം... അതറിയാമായിരുന്നിട്ടുകൂടി അവരുടെ വരവിനായി അക്ഷമയോടെ ഞങ്ങൾ കാത്തിരുന്ന് തുടങ്ങി.. അവൻ എന്റെ കൈകൾ ചേർത്ത് പിടിച്ചു ധൈര്യം തരുമ്പോൾ ഞാൻ എന്തിന് അവയെ പേടിക്കണം...
വസന്തവും ഗ്രീഷ്മവും വർഷവും എല്ലാം ഞങ്ങളുടെ പ്രണയത്തിന് പുതിയ പുതിയ പശ്ചാത്തലങ്ങൾ ഒരുക്കി കടന്നു പോയി... പൂക്കളുടെ സുഗന്ധവും തേനിച്ചക്കളുടെ പാട്ടും ഞങ്ങളെ ഉന്മത്തരാക്കി...മഞ്ഞിന്റെ കുളിർമയും തൂമഴയുടെ തണുപ്പും ഞങ്ങളെ പ്രണയ പരവശരാക്കി...
നാളുകൾ കഴിയുംതോറും ഞങ്ങളിൽ വന്നിരുന്ന മാറ്റങ്ങൾ പോലും ഞങ്ങൾ അറിഞ്ഞിരുന്നില്ല.... നിറം മങ്ങുന്നതോ..ശരീരം മെലിയുന്നതോ... ഒന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല... അവനു ഞാൻ എന്നും നീണ്ടു മെലിഞ്ഞു ഇളം പച്ച പെൺകൊടി ആയിരുന്നു...അത്ര തീവ്രമായിരുന്നു ഞങ്ങളുടെ പ്രണയം..
നിനച്ചിരിക്കാതെ കടന്നുവന്ന മഴയിൽ കുതിർന്നു എന്റെ ഞെട്ടറ്റു ഞാൻ താഴേക്ക് വീഴുമ്പോൾ ഒന്ന് കൈ എത്തി പിടിക്കാനോ അലറി കരയാനോ പോലുമാകാതെ നിറകണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്നിരുന്ന അവന്റെ മുഖം...അതിപ്പോളും എന്റെ മനസ്സിൽ ഉണ്ട് ... അവസാനമായി ഒരു വാക്ക് പോലും പറയാനാവാതെ മൗനം കൊണ്ട് വിടപറയേണ്ടി വന്നവർ ...
ഇന്ന് ഞാൻ അവന്റെ വരവും കാതിരിക്കയാണിവിടെ... ഈ മണ്ണിൽ ഒരുമിച്ചലിഞ്ഞു ചേരാൻ....
നിഷ ബിബിൻ
18/04/2017
18/04/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക