
ഞായറാഴ്ച രാവിലെ രാജേഷിനെ ഉറക്കത്തിൽ നിന്നുണർത്തിയത് പ്രിയ സുഹൃത്ത് അമലിന്റെ ഫോൺ കോൾ ആണ്.
"എന്താടാ ഇത്ര രാവിലെ തന്നെ?"
കാൾ അറ്റൻഡ് ചെയ്തു കൊണ്ട് രാജേഷ് ചോദിച്ചു.
"ഞാൻ നമ്മുടെ കോളേജിനടുത്തുള്ള ബേക്കറിയിലുണ്ട്.നീ വേഗം ഇവിടെ എത്തണം.കൂടുതലൊന്നും ചോദിക്കേണ്ട.എല്ലാം ഇവിടെ വരുമ്പോൾ പറയാം."
രാജേഷ് പെട്ടെന്ന് ഒരു കുളി പാസാക്കി ബേക്കറിയിലെത്തി.
"എന്താടാ പെട്ടെന്ന് വരാൻ പറഞ്ഞേ?"
അമലിനെ കണ്ടപ്പോൾ രാജേഷ് ചോദിച്ചു.
അമൽ രണ്ടാൾക്കും ഓരോ ലൈം ജ്യൂസ് ഓർഡർ ചെയ്തു.ശേഷം വിഷയത്തിലേക്ക് കടന്നു.
"അളിയാ ഒരു ചെറിയ പ്രശ്നമുണ്ട്."
"എന്താടാ"
രാജേഷ് ഭയന്നു.
"പേടിക്കാനൊന്നുമില്ല.നമ്മുടെ ക്ലാസ്സിലെ രമ്യയില്ലേ... എനിക്കവളോട് പ്രേമം തുടങ്ങിയോ എന്നൊരു സംശയം."
രാജേഷ് അല്പനേരം മൗനം പാലിച്ചു. ശേഷം പൊട്ടിച്ചിരിച്ചു.
"അതിരാവിലെ ഈ കോമഡി പറയാനാണോ എന്നെ വിളിച്ചു വരുത്തിയത്?"
"ഇതിലെന്താടാ കോമഡി?"
"നിന്നെ എനിക്കറിയില്ലേ?കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും നിനക്ക് ഈ അസുഖം.വരും.ഇത്രയും കാലം മീനയായിരുന്നു. ഇപ്പൊ രമ്യ."
രാജേഷിന്റെ മറുപടി അമലിനെ ചൊടിപ്പിച്ചെങ്കിലും അത് പുറത്തു കാട്ടാതെ അമൽ തുടർന്നു:
"ഇത് തമാശയല്ലടാ.നിന്നാണേ സത്യം. ഐ ആം സീരിയസ്.എനിക്കവളെ ഒരുപാടിഷ്ടാ. നീ ഒരു സഹായം ചെയ്യണം.അവളുടെ മനസ്സിൽ എന്നോട് ഇഷ്ടക്കുറവെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചറിയണം.നീ ക്ലാസ്സിലെ "മിസ്റ്റർ പെർഫെക്റ്റ്" അല്ലേ?"
ഓഹോ അപ്പൊ അതാണ് കാര്യം. ഞാൻ നിന്റെ ബ്രോക്കർ ആവണം അല്ലേ?ശരി. സമ്മതിച്ചിരിക്കുന്നു.പക്ഷേ എനിക്കെന്താ ലാഭം?"
രാജേഷ് ചോദിച്ചു.
"വെറുതെ വേണ്ട.ഫീസായി നിനക്കെന്തും ആവശ്യപ്പെടാം."
രാജേഷ് അൽപസമയം എന്തോ ആലോചിച്ചു.ശേഷം മറുപടി നൽകി.
"ശരി. എങ്കിൽ നാളെ വൈകുന്നേരം വരെ എനിക്ക് സമയം തരണം.ബാക്കി ഞാനേറ്റു."
സുഹൃത്തുക്കൾ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു.
പിറ്റേന്ന് കോളേജിൽ വച്ച് രമ്യയോട് സംസാരിക്കുവാൻ അമൽ നിർബന്ധിച്ചു കൊണ്ടിരുന്നു.ഉചിതമായ സമയം വരട്ടെ എന്ന് പറഞ്ഞു രാജേഷ് ഒഴിഞ്ഞു മാറി.ഒടുവിൽ,വൈകിട്ട് കോളേജ് വിട്ട സമയത്ത് രാജേഷ് രമ്യയുടെ അടുത്തെത്തി.അവനെ കണ്ടതും രമ്യയുടെ കൂട്ടുകാർ അവളെ ഒളികണ്ണിട്ടു നോക്കി.ശേഷം ഒരു കള്ളച്ചിരിയോടെ പിൻവാങ്ങി.
"ഞാൻ വന്നത് കൊണ്ടാണോ അവർ പോയത്?"
രാജേഷ് ചോദിച്ചു.
"ഹേയ്, അത് കൊണ്ടൊന്നുമല്ല."
"എനിക്ക് രമ്യയോട് ഒരു കാര്യം പറയാനുണ്ട്."
രാജേഷ് പരുങ്ങി.
"എനിക്കും."
"എങ്കിൽ രമ്യ പറഞ്ഞോളൂ.ഗേൾസ് ഫസ്റ്റ്."
" സിനിമ സ്റ്റൈലിൽ പ്രപോസ് ചെയ്യാനൊന്നും എനിക്കറിയില്ല.എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട്."
അവൾ ഒരു കത്ത് രാജേഷിന്റെ നേർക്ക് നീട്ടി.അടുത്ത നിമിഷം അവൻ അവളെ തടഞ്ഞു.
"അരുത് രമ്യ.ഇത് തെറ്റാണ്.എന്റെ സുഹൃത്ത് അമൽ തന്നെ ജീവന് തുല്യം സ്നേഹിക്കുന്നു.അത് തന്നെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ തന്നെ കാണാൻ വന്നത്.എന്നേക്കാൾ എന്തു കൊണ്ടും തനിക്കു ചേരുന്നത് അവനാണ്.സൗന്ദര്യത്തിലായാലും സമ്പത്തിലായാലും.തനിക്കു ഞാനെന്നും നല്ലൊരു സുഹൃത്തും സഹോദരനുമായിരിക്കും. അതിനപ്പുറത്തേക്ക് ഒരു ബന്ധവും നമ്മൾ തമ്മിൽ വേണ്ട.തനിക്കെന്നോടുള്ള ഇഷ്ടം നൂറു ശതമാനം സത്യസന്ധമാണെണെങ്കിൽ എന്റെ അമലിനെ നിരാശനാക്കരുത്.എനിക്ക് അവൻ കഴിഞ്ഞേ ഉള്ളൂ മറ്റാരും.ഐ ആം സോറി."
രമ്യ ഒന്നും തന്നെ പറഞ്ഞില്ല.രാജേഷിന് നേർക്ക് നീട്ടിയ കത്ത് അവളുടെ കൈയിൽ നിന്നും താഴെ വീണു.നിറകണ്ണുകളോടെ അവൾ നടന്നകന്നു.വഴിയിൽ രാജേഷിനെ കാത്ത് അമൽ അക്ഷമനായി നിൽപ്പുണ്ടായിരുന്നു.
"എന്തായി?"
"ഡോണ്ട് വറി. ഇന്ന് രാത്രി അവൾ നിന്നെ വിളിച്ചിരിക്കും. ഇത് എന്റെ വാക്കാ."
അന്നേ ദിവസം രാത്രി അമലിന്റെ കാൾ വീണ്ടും രാജേഷിനെ തേടിയെത്തി.
"അളിയാ,നിന്നെ ഞാൻ സമ്മതിച്ചെടാ. രമ്യ എന്നെ വിളിച്ചിരുന്നു.അവൾക്കെന്നെ ഇഷ്ടമാണെന്ന്.നീ എന്ത് മാജിക്കാടാ കാണിച്ചത്?"
"അതൊന്നും നീ തൽക്കാലം നീ അറിയണ്ട.നാളെ എനിക്കൊരുഗ്രൻ ട്രീറ്റ് തരണം."
"ഡൺ."
അമലിന്റെ കാൾ കട്ടായപ്പോൾ രാജേഷ് തന്റെ കട്ടിലിൽ കിടന്നു.അല്പസമയത്തിന് ശേഷം അയാളുടെ അടഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.ആ കണ്ണീർ രമ്യയോട് അയാൾക്കുണ്ടായിരുന്ന...അറിഞ്ഞിട്ടും പറയാതെ പോയ പരിശുദ്ധ പ്രണയത്തിന്റെ അടയാളമായിരുന്നു....ഓരോ പ്രാവശ്യം അയാളുടെ നെഞ്ചിൻ കൂട് ഉയർന്നു താഴ്ന്നപ്പോഴും രമ്യയുടെ പ്രണയാക്ഷരങ്ങൾ നിറച്ച കത്ത് കുപ്പായത്തിന്റെ കീശയിൽ കിടന്നു വിങ്ങി.
~ജിഷ്ണു മുരളീധരൻ~
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക