Slider

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍

0
Image may contain: 1 person, indoor

അഞ്ചു വയസ്സുതികഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. വര്‍ഷാവസാനപ്പരീക്ഷക്കു മുമ്പ് ഞങ്ങള്‍ അക്ഷരങ്ങള്‍ കൂട്ടിയെഴുതാനും ഒന്നും ഒന്നും കൂട്ടിയാല്‍ മ്മ്ണി ബല്യ ഒന്നല്ല, രണ്ടാണ് ശരിയായ ഉത്തരം എന്ന് അറിയാനും തുടങ്ങി .
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമ്പലനടക്കലെ ആല്‍ത്തറയിലിരുന്ന് ഞങ്ങള്‍ അക്ഷരം കൂട്ടിയെഴുതുന്നതിന്റെ മാസ്മര സൗന്ദര്യം ആഘോഷിച്ചു. ഞാന്‍ അവളുടെ പേരും അവള്‍ എന്റെ പേരും എഴുതി ഒരു നിമിഷം ഞങ്ങള്‍ ആഹ്ലാദഭരിതരായി. പിന്നെ,വെറുതെ ഒരു കൗതുകത്തിന്‌ അവള്‍ അവളുടെ പേരിനൊപ്പം എന്റെ പേരും കൂട്ടി വായിച്ചു .
'' ച്ഛീ, ഒരു തരം കല്യാണം കഴിഞ്ഞവരുടെ പേരു പോലെ. '' ഞാന്‍ അവളോടു കലഹിച്ചു. ''എന്താ നമക്ക് കല്യാണം കഴിച്ചൂടെ ?'' എന്തോ ഒരാശ ഉള്ളില്‍ കയറിയപോലെ അവള്‍ മുട്ടിയുരുമ്മിയിരുന്നു .
കല്യാണം കഴിഞ്ഞ് അവള്‍ അവളുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കുമായിപ്പോയ പത്തു വര്‍ഷത്തിനു ശേഷം ഇന്നാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. നാട്ടിലേക്കുള്ള ബസ്സിനു കാത്തു നില്‍ക്കുകയായിരുന്നു ഞങ്ങള്‍ രണ്ടു പേരും.
'' അന്നു നമ്മളൊന്നിച്ചിരുന്നെഴുതിയ നമ്മുടെ പേരുകള്‍ പുസ്തകത്താളില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട് '', കുശലങ്ങള്‍ക്കു ശേഷം തൂവാലകൊണ്ടു മുഖം തുടച്ച് തന്റെ മനസ്സിന്റെ വിഹ്വലത ഒതുക്കി അവള്‍ പറഞ്ഞു.
''അതാണ് പ്രണയം. '' ഞാന്‍ പറഞ്ഞു. '' കംടുംബവും പ്രാരാബ്ധങ്ങളും പിടിച്ചുകെട്ടിയിടുമ്പോഴും മനസ്സില്‍ കുറിച്ചിട്ട ഇഴപിരിക്കാനാവാത്ത രണ്ടു പേരുകളും അതുണ്ടാക്കുന്ന നൊമ്പരവും.
ദാ, ബസ്സു വരുന്നു. ഞാന്‍ ടിക്കറ്റെടുക്കാം. അങ്ങനെ നമുക്ക് കുറച്ചു നേരം ഒന്നാവാം.''

By: Rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo