Slider

കൃതാര്‍ത്ഥയായവള്‍ കഥ

0

കൃതാര്‍ത്ഥയായവള്‍
കഥ
അച്ഛനുമമ്മക്കും അനിയന്മാര്‍ക്കും വെച്ചുവിളമ്പിയും,
എന്റെ വീടെന്നു ഞാന്‍ കരുതിയ പിറന്നുവീണ ഇടം അടിച്ചുതുടച്ച് ദിപം കാട്ടിയും,
മുഷിഞ്ഞതൊക്കെ അലക്കി തേച്ചും ,
ഒരു മുതിര്‍ന്ന പെണ്ണായപ്പോള്‍ അവര്‍ എന്നെ കെട്ടിച്ചയച്ചു.
പിന്നെ അവിടെയും ഞാന്‍
വെച്ചു വിളമ്പി,
അടിച്ചു തുടച്ചു ദീപം കാട്ടി,
മുഷിഞ്ഞതൊക്കെ അലക്കി.
(അന്തിക്ക് ചൂടിയ മുല്ലപ്പൂവ് ചതഞ്ഞരഞ്ഞ മെത്ത
പുലര്‍ച്ചക്ക് കുടഞ്ഞു വിരിക്കുന്നത് ജീവിതത്തിലെ സൗഭാഗ്യമാണെന്ന് അമ്മായി അമ്മ അടക്കം പറഞ്ഞു)
ഇപ്പോള്‍ ഞാന്‍ മോന്റെ ഒപ്പം നഗരത്തിലെ ഒരു ഫ്ലാറ്റില്‍
വെച്ചുവിളമ്പിയും ,
അടിച്ചുതുടച്ചു ദീപം കാട്ടിയും,
മുഷിയുന്ന വസ്ത്രം അലക്കിയും കഴിയുന്നു.
കേട്ടിട്ടില്ലേ ആര്‍ഷവാക്യം --
''പിതാ രക്ഷതുകൗമാരേ
ഭര്‍ത്താ രക്ഷതു യൗവ്വനേ
പുത്രോ രക്ഷതു വാര്‍ദ്ധക്യേ......''അതു തന്നെ.
കൗമാരം പോയതും യൗവ്വനം വന്നുപോയതും
വാര്‍ദ്ധക്യത്തിലെത്തിപ്പെട്ടതും അടുക്കള തിരക്കില്‍ ഞാനറിഞ്ഞതേയില്ല.
എന്നാലും ഞാന്‍ കൃതാര്‍ത്ഥയാണ്.
കൗമാരത്തില്‍ അച്ഛനമ്മമാരേയും
യൗവ്വനത്തില്‍ ഭര്‍ത്താവിനേയും
വാര്‍ദ്ധക്യത്തില്‍ പുത്രന്മാരേയും ഞാന്‍ രക്ഷിച്ചല്ലോ !

by
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo