Slider

ഒരു മധ്യ വേനലവധി

0

Image may contain: 1 person, smiling, selfie and closeup

എല്ല പ്രാവശ്യത്തെയും പോലെ ഇത്തവണയും ഇളയമ്മയുടെ വീട്ടിലേക്കാണ് പോകുന്നത്. അവിടെ ഇളയമ്മയും മോനും ആണ് താമസം. ഞങ്ങൾ രണ്ടാളും വല്യ കൂട്ടാണ്..ആദ്യത്തെ ഒരു മാസം അവിടെയും അടുത്ത മാസം എന്റെ വീട്ടിലുമാണ് ഞങ്ങളുടെ വേനലവധി.
ഇത്തവണ പോകുമ്പോൾ കുറെ പ്ലാനിങ് ഉണ്ടായിരുന്നു. ആറിൽ കുളിക്കണം.പാണ്ഡവൻപാറ കയറണം മായിലാടും കുന്നിൽ പോകണം എന്നൊക്കെ..
ഇളയമ്മ ആണേൽ പട്ടാള ചിട്ടയാണ് ( പട്ടാളത്തെ കണ്ടിട്ട് പോലുമില്ല) അങ്ങനെ അവിടെ പോയതിന്റെ രണ്ടാം ദിനം ഞാനും കണ്ണനും(ഇളയമ്മയുടെ മകൻ- എന്റെ അനിയൻ ആണ്) കൂടെ രാത്രി കിടക്കുമ്പോൾ പ്ലാൻ ചെയ്തു.പിറ്റേന്ന് ഇളയമ്മ വകായിലൊരു അമ്മൂമ്മ സുഖമില്ലാതെ കിടക്കുന്നത് അന്വേഷിച്ചു പോകുകയാണ്. അങ്ങനെ ഞങ്ങൾ രണ്ടാളും ഭയങ്കരമായ ചർച്ചകളും പ്ലാനുമൊക്കെ തയ്യാറാക്കി വച്ചു..
പിറ്റേന്ന് 11 മണിയോടെ ഞങ്ങൾക്ക് ഓരോ പാത്രം പഴങ്കഞ്ഞിയും തലേന്നത്തെ ചക്ക പുഴുക്കും തന്നിട്ട് ഇളയമ്മ പോയി....
തിന്നു എല്ലിന്റെ ഇടയിൽ കയറും എന്ന് പറയുന്നപ്പോലെ ഞങ്ങൾ നല്ലരീതിയിൽ തൈരും കാന്താരി മുളകും ഞവിടി തന്ന പഴങ്കഞ്ഞി പത്രം വടിച്ചു നക്കി പാത്രവും കഴുകി വച്ച് നമ്മുടെ മാള കയറ്റത്തിന്റെ പ്രാരംഭ നടപടികളിലേക് തിരിഞ്ഞു..
രണ്ടു കുപ്പി വെള്ളവും ഇച്ചിരി ഉപ്പും മുളക് പൊടിച്ചതും ( ഈ രണ്ടു ഐറ്റംസ് വഴിയിൽ മാവുകളുണ്ട് പച്ച മാങ്ങാ തിന്നാനുള്ള സൈഡിഷ്) കൊണ്ട് ഇളയമ്മ ലേറ്റ് ആകണെ മന്ത്രമൂർത്തി ഏന്നു പ്രാർത്ഥിച്ചുകൊണ്ട് യാത്ര തുടങ്ങി.
കുറെ നടന്നു ആറും കഴിഞ്ഞു നടക്കുകയാണ്. വഴിക്കു വച്ച് ഒന്ന് രണ്ടുപേർ ചോദിച്ചു"എന്തെടാ പിള്ളേരെ ഈ നട്ടുച്ചയ്ക്ക് എവിടെ പോണത്...മേലോട്ടൊന്നും പോവരുത്..ഉച്ച സമയമാണ്...വല്ലതും വെട്ടിപ്പിടിച്ചാ ഇരിപ്പതാ... "
ഞങ്ങൾ അതൊക്കെ അവഗണിച്ചു യാത്ര തുടർന്നു...ഏകദേശം 2കിലോമീറ്റർ മുകളിലേയ്ക്ക് പോയപ്പോൾ നിരപ്പായ ഒരു പ്രദേശം...അങ്ങിങ്ങായി ക്രമം തെറ്റി മാവിൻ കൂട്ടങ്ങൾ വേണമെങ്കിൽ മാന്തോപ്പെന്നു പറയാം.. അതിൽ ഒരു ചെറിയ മാവു എന്റെ കണ്ണിൽ പെട്ടു.. തറയിൽ നിന്ന് ഒരു മൂന്നടി പൊക്കത്തിൽ ഒരുപാട് ശിഖരങ്ങളായി പിരിഞ്ഞു നിൽക്കുന്ന മാവ്...അതിൽ ഒരുപാട് മാങ്ങകൾ..പഴുത്തതും പഴുക്കാറായതും പച്ചയും...ഞാൻ അവനെ വിളിച്ചു.."കണ്ണാ ഇങ്ങോട്ട് ഒന്ന് നോക്കേടാ ശരിക്കും മാങ്ങ നിക്കുന്നു.. നമുക്ക് പറിച്ചാലോ..?" അവൻ പറഞ്ഞു "ചേട്ടാ ആരേലും വരുമോ...??അമ്മ അറിഞ്ഞാൽ പ്രശ്നമാ..??" ഞാൻ അവനോടു പറഞ്ഞു ആരേലും വരുമായിരുന്നേൽ ഈ മാങ്ങകൾ ഇങ്ങനെ ഇവിടെ നിക്കുമോ... വരണവന്മാർ പറിച്ചോണ്ട് പോവൂലെ..നീ എന്തെരെടെ ഇങ്ങനെ.. " എന്റെ ആ കണ്ടുപിടുത്തിൽ അവൻ വീണു...അടുത്ത വാക്കിന് കത്ത് നിൽക്കാതെ അവൻ മവിന്മേൽ പാഞ്ഞു കയറി...
ഞാൻ താഴെനിന്നു വിളിച്ചു പറഞ്ഞു "ഡാ തറയിൽ വീഴരുത് ചതയും. നീ ഈ ഷർട്ടിലേക്ക് ഇട്ടേക്ക്.."എന്റെ ഷർട് ഊരി അതിന്റെ രണ്ടു കൈയും കഴുത്തിൽ ചുറ്റിക്കെട്ടി ഒരു വല പോലെ കാണിച്ചു കൊടുത്തു. (ആദ്യത്തെ അഞ്ചാറു മാങ്ങാ എന്റെ നെഞ്ചംകൂടു തകർത്തോ എന്നൊരു സംശയം ഇന്നുമുണ്ട് അത് ഇടയ്ക്കിടയ്ക്ക് ചുമ വരുമ്പോൾ ഞാൻ ഓർക്കാറുണ്ട്) കണ്ടവന്റെ മാവു മാങ്ങ പറിക്കാൻ നല്ല രസം..അവൻ പറിക്കുന്നതിനു സ്പീഡ് കുറവെന്ന് കാരണം പറഞ്ഞു അവനെ താഴെ ഇറക്കി ഞാൻ കയറി....ഒരു പഴുത്ത മാങ്ങാ പറിച്ചു തിന്നു കൊണ്ട് ചുറ്റുമൊന്നു വിസ്തരിച്ചു നോക്കി....എന്നിട്ട് എന്റെ ജോലിയിൽ മുഴുകി...ഇടയ്ക്കിടയ്ക്ക് അവനോട് വാചകമടിക്കുന്നുമുണ്ട്...അവൻ അതിനു മറുപടിയും തരുന്നുണ്ടായിരുന്നു....
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ അനക്കമില്ല..ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവന്റെ കൊളറിൽ ഒരു രോമാവൃതമായ മുഴുത്ത കരങ്ങൾ... അവൻ ഒരു പൂച്ചക്കുട്ടിയെപോലെ താഴ്മയായി ഒന്നും മിണ്ടാതെ നിക്കുന്നു...
മരക്കൊമ്പിൽ നോക്കി ആ ബലിഷ്ഠ കായൻ വിളിച്ചു പറഞ്ഞു " ഇറങ്ങി താഴെ വാടാ...." ആ ശബ്ദത്തിൽ ഒരു ഭീഷണി ഉണ്ടോ... ഉണ്ട് ആദി ഉറപ്പാണ്.....കൊമ്പിൽ നിന്ന് ചാടാം എന്ന് വിചാരിച്ചാൽ എന്റെ കൂട്ടുകള്ളൻ പിടിയിലായി.ഞാനും പിടിക്കപ്പെടും...എങ്ങനെ രക്ഷപ്പെടും....ഈ ഭൂമി ഒന്ന് കുലുങ്ങി താഴ്ന്നെങ്കിൽ എന്റെ ഈശ്വരന്മാരെ എന്ന് ആഗ്രഹിച്ചുപോയി..(മന്ത്ര മൂർത്തിയെ മനഃപൂർവം ഒഴുവാക്കി.. പുള്ളിയെ പ്രാർത്ഥിച്ചിട്ടാണല്ലോ സാഹസിക യാത്ര തുടങ്ങിയത്) ഞാൻ താഴേയ്ക്കിറങ്ങി....അയാൾ അടുത്ത് വന്നു എന്നെയും ആ മാടൻ കൈകളിൽ ആക്കി..എന്നിട്ട് വീടും വീട്ടുപേരും പാരമ്പര്യം മൊത്തം ചോദിച്ചു....തത്ത പറയുമ്പോലെ ഒന്നും വിടാതെ വീട്ടിലേയ്ക്കുള്ള ഊട് വഴി വരെ പറഞ്ഞു കൊടുത്തു....ഞങ്ങളെ വിട്ടു തന്നെ പ്രതികളെ കൊണ്ട് മോഷണ മുതൽ കണ്ടെടുപ്പിക്കുന്ന പോലെ പറിച്ച എല്ലാ മാങ്ങയും ഒരിടത്തു അടുപ്പിച്ചു...അമ്പതിലേറെ മാങ്ങാ വരും....അയാൾ അടിയ്ക്കാനായ് കൈ ഓങ്ങിയതും ഞാൻ അനിയനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു അവനൊന്നും മനസ്സിലായില്ല ഞാൻ അയാളുടെ കാൽക്കൽ വീണു...കരഞ്ഞതാണോ കരച്ചിൽ വരുത്തിയതാണോ അറിയില്ല എന്നിട്ട് പറഞ്ഞു.."മാമ നിങ്ങളുടെ സ്വന്തം മക്കളാണ് ഇത് ചെയ്തതെങ്കിൽ നിങ്ങൾ ക്ഷമിക്കൂലെ...ഞങ്ങൾക്ക് അറിയാതെ പറ്റിയതാണ്.....എന്റെ അച്ഛന്റെ പ്രായമേ മാമനുള്ളൂ...ഇന്റച്ഛനോട് പറയുമ്പോലെ പറയുകയാണ്....വീട്ടിലാറിഞ്ഞാൽ ഞങ്ങളെ കൊല്ലും...പ്ളീസ് മാമാ.... ഒരിക്കലത്തേയ്ക്ക് ക്ഷമിക്കണം......"
അയാൾ ഗൗരവം വിടാതെ ഞങ്ങളെ ശാസിച്ചിട്ടു രണ്ടു മാങ്ങാ (ഉള്ളതിൽ ഏറ്റവും ചെറുത്) തന്നിട്ട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു....
ഞങ്ങൾ അവിടെ നിന്നും ഓടുകയായിരുന്നു...ഓട്ടം നിന്നത് ആറിന്റെ കരയിലും....
മല പോലെ വന്നത് എലി പോലെ പോയെന്നു പറഞ്ഞു ചിരിച്ചുകൊണ്ട് ആറിൽ ഇറങ്ങി നന്നായി നീരാടി വൈകുന്നേരമായപ്പോൾ വീട്ടിലേയ്ക്ക് എത്തി..
വീട്ടിൽ എത്തുമ്പോൾ നമ്മുടെ ഉരുക്കു വനിതാ ഇളയമ്മ ഇറയത്തു ഇരുപ്പുണ്ട്....ഞങ്ങളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേയ്ക്ക് പോയി....
കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വീടിന്റെ ഉമ്മറത്ത് വന്നു ഇളയമ്മയുടെ പേര് പറഞ്ഞു വിളിക്കുന്നു..."
കണ്ണാ ആരെന്ന് നോക്ക്."..ഇളയമ്മ കണ്ണനോട് പറഞ്ഞു....
പുറത്തേയ്ക്ക് തുള്ളിച്ചാടി പോയവന്റെ ഒരനക്കവും ഇല്ല...ഞാൻ പതിയെ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ആ ബലിഷ്ഠ കായൻ ഒരു കുട്ട മാങ്ങയുമായി വീടിന്റെ മുറ്റത്തു...ഒരൊറ്റ നിമിഷംകൊണ്ട നേരത്തെ വിളിച്ച എല്ല ഈശ്വരന്മാരോടും മനസ്സിൽ "ചതിക്കുവായിരുന്നല്ലേ" എന്ന ചോദിച്ചിട്ട് തിരിഞ്ഞു നോക്കിയത് ഉരുക്കു വനിതയുടെ മുഖത്ത്.....
കാര്യങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ ആ ദുഷ്ടനാം ബലിഷ്ഠ കായൻ വിവരിച്ചു..തെളിവിനായി മാങ്ങയും കാണിച്ചു..അതിൽ ഞാൻ കടിച്ച ഒരു മങ്ങയുണ്ടായിരുന്നു...കണ്ണനോട് ചോദിച്ചപ്പോൾ "അമ്മ അത് ചേട്ടൻ കടിച്ച മങ്ങയാ ഞാൻ അല്ല കടിച്ചത്" എന്ന് പറഞ്ഞപ്പോഴേക്കും എന്റെ കാര്യത്തിലും കൂടെ അവന്റെ കാര്യത്തിലും തീരുമാനമായി...
കാശുകൊടുത്തു ആ മാങ്ങാ വാങ്ങി ഞങ്ങളെ ഇറയത്തു ഇരുത്തി ആ മാങ്ങാ ഞങ്ങളുടെ മുന്നിൽ നിരത്തിയിട്ട് ആ ഉരുക്കു വനിത തിന്നാൻ പറഞ്ഞു....കൂടെ നല്ല തല്ലും.....രണ്ടുപേരുടെയും തുട അടി കൊണ്ട് തിണിർത്തു...എവിടെക്കൂടെയോ ആവി പറക്കുന്നപോലെ തോന്നി...ഉരുക്കു വനിതയുടെ ശബ്‌ദം വലിയൊരു പാത്രം ചെവിയിൽ കമിഴ്ത്തി വച്ചിട്ട് ഉണ്ടാകുന്ന മുഴക്കം പോലെ തോന്നി.....
*****************
ഇപ്പോൾ എവിടെ മാങ്ങാ കണ്ടാലും തുടയിലൊരു നീറ്റ്ലാണ് അനുഭവപ്പെടുന്നത്........
കുട്ടൻ രതീഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo