Slider

ഒണ്ട്..കാശൊണ്ട്

0
Image may contain: 1 person, hat, outdoor and closeup

എടാ സജീ.....ആയിരത്തഞ്ഞൂറുരൂപാ മാസവെനിക്ക് നീ പലിശ തരേണ്ടിവരും, പെയ്ന്‍റടിച്ചു കിട്ടുന്നതുകൊണ്ട് ബിവറേജിലെ വരീലും പോയിനിന്ന് വീട്ടുചെലവും കഴിഞ്ഞാല്‍ പിറ്റേന്ന് പണിക്കുപോയെങ്കിലല്ലേ നീയാ മോണയ്ക്കു വെക്കുന്ന കവറുപോലും വാങ്ങിക്കാനുള്ള കാശുണ്ടാവൂ....പിന്നളിയാ പുളിയാന്നുംപറഞ്ഞു നീ പറയുന്ന ന്യായോംകേട്ട് നിന്‍റെ പെറകേ പലിശവേണ്ട മൊതലെങ്കിലും താടാന്നുംപറഞ്ഞു ഞാന്‍ നടക്കുമ്പോള്‍ നീ നിന്‍റെ പെങ്ങളെക്കൊണ്ടത് എഴുതിയങ്ങുതള്ളിക്കും....
അതോടെ നെനക്കിങ്ങോട്ടു കേറാനും പറ്റാതാവും,
വീട്ടുകാരുടെ പ്രാക്കു പോരാഞ്ഞിട്ട്‌ നാട്ടുകാരുവരെ ആ പാക്കരപിള്ളേടെ ചായക്കടേല്‍ വട്ടംകൂടിയിരുന്ന്
അറത്തകയ്ക്കുപ്പുതേക്കാത്ത നാറി സ്വന്തവളിയന്‍റെ കഞ്ഞിക്കലത്തില്‍ കയ്യിട്ടു വാരാന്‍ നടക്കുവാന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ ഈ പതിനയ്യായിരത്തിന്‍റെകൂടെ നിനക്കൊരു സുഖോംകൂടെ കിട്ടും....ല്ല്യോ ?? അതുകൊണ്ട് കയ്യിലിരിക്കുന്ന കാശു ചെലവാക്കി തന്തക്കുവിളി വാങ്ങിക്കാന്‍ എനിക്കൊരു താല്‍പ്പര്യോവില്ല....
അമ്പതും നൂറുവായിട്ട് സുജാതേടെ കയ്യീന്നു വാങ്ങിക്കുന്നതും ഞാന്‍തന്നിട്ടുള്ളതുവൊക്കെ നാളെയിങ്ങു തരാവെന്നല്ലിയോ നീ പറയാറുള്ളത്?
പണ്ട് അവടെ കയ്യേക്കിടന്ന വള വാങ്ങിച്ചോണ്ടു പോകുമ്പോ നീയെന്തുവാ പറഞ്ഞേ ?
രണ്ടാഴ്ച്ചകഴിഞ്ഞ് അത്തച്ചിട്ടിയടിക്കുന്നത് എനിക്കല്ലിയോ അളിയോന്നോ ?? എടാ ആറേഴുമാസം കഴിഞ്ഞ് അതിന്‍റെ പലിശയുള്‍പ്പെടെ ആ ചൊരണ്ടിയെടെ കടേക്കൊണ്ടടച്ച് ഞാന്‍ വാങ്ങിച്ചോണ്ടു പോന്നപ്പോള്‍ രണ്ടുമാസം കഴിഞ്ഞ് ആ വളതന്നെ പണയംവെക്കാന്‍ ഒരുളുപ്പുവില്ലാതെ വന്നുചോദിച്ച ലോകത്തിലെ ആദ്യത്തെ അളിയനാ നീ.....
"അതല്ലളിയാ ഇതങ്ങനൊന്നുവല്ലന്നു പറഞ്ഞില്ലിയോ?? എല്ലാ പ്രാവശ്യത്തേപ്പോലല്ല".....
സജിയുടെ ഉറപ്പു കേട്ട് സുഗതൻ കുറേക്കൂടി ഉച്ചത്തിൽ ചോദിച്ചു :-
എന്തോ അങ്ങനല്ലന്നാ....? അല്ലാ അതുചോദിച്ചില്ലല്ലോ??
എന്തിനാ പതിനയ്യായിരം രൂവാ ??
"തുണ്ടിലെ രായന്‍റെ ബൈക്ക്‌ കൊടുക്കാനാ,അതു വാങ്ങിക്കാനാരുന്നു"....
ഇത് കേട്ടതും നീ നിന്‍റെ ജോലിനോക്കടാ ഉവ്വേ വെറുതെയെന്‍റെ വായിലിരിക്കുന്നത് കേള്‍പ്പിക്കാതെന്നും പറഞ്ഞു സുഗതൻ തിരിഞ്ഞപ്പോള്‍ കതകുവലിച്ചടച്ച് രണ്ടുവരിത്തെറിയുംപറഞ്ഞ് അടുക്കളയിലെത്തി സജി "ഏറ്റില്ലടീന്നും" പറഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ സുഗതന്‍ പിറകെവന്നു സുജാതയോട് :-
"നീയാന്നോടീ അവനേ അങ്ങോട്ടുപറഞ്ഞുവിട്ടത് " ??
തേങ്ങാ തിരുമ്മല്‍ ഒന്നു നിര്‍ത്തി സുജാത മുഖംകൊടുക്കാതെ തിരിഞ്ഞിട്ടു പറഞ്ഞു ഞാനൊന്നുവല്ല, അളിയനോടു ചുമ്മാതൊന്നെറിഞ്ഞുനോക്കട്ടെന്നും പറഞ്ഞാമുറീലോട്ടു വന്നത് ...
"ബൈക്കുതന്നല്ലടീ ഒരു കൂളിംഗ് ഗ്ലാസ്സൂടെ ഞാന്‍ വാങ്ങിച്ചുകൊടുക്കുന്നുണ്ടവന് ".... ഡൈനിംഗ് ടേബിളിലിരുന്ന പത്രോമെടുത്ത് സുഗതൻ നേരേ സിറ്റൗട്ടിലേക്കു പോയി.
ഒരു ദിവസം പണിസൈറ്റില്‍ നില്‍ക്കുമ്പോള്‍ "ഡാ സജിയേ"ന്നുള്ള നീട്ടിയവിളിക്ക് ആരാന്നുംചോദിച്ച് കുതിരപ്പുറത്തൂന്നു കുനിഞ്ഞു ജന്നലീക്കൂടെ നോക്കുമ്പോള്‍ കുഞ്ഞാപ്പി അവന്‍റെ മൂന്നുവീലുവണ്ടിയേല്‍ വന്നിട്ട് ചാടിയിഴഞ്ഞാ വീട്ടിലേക്കുവരുന്നു, എവന്‍റെ കയ്യീന്നു കാശൊന്നും വാങ്ങിച്ചിട്ടില്ലല്ലോന്നു ചിന്തിച്ച് എടുത്തുചാടി സിറ്റ് ഔട്ടിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ കുഞ്ഞാപ്പിയുടെ മുഖം പ്രസന്നതകൂടി പൊട്ടിപ്പോകുന്ന അവസ്ഥയില്‍.....
"ഡാ നീയന്നെടുത്ത ലോട്ടറിയെന്തേ"?
കുഞ്ഞാപ്പിയുടെ ആവേശത്തോടെയുളള ചോദ്യം കേട്ട് സജി ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ചോദിച്ചു :-
"ഏതു ലോട്ടറി " ?
"ഡാ കോപ്പേ ഞാന്‍ വിറ്റ ടിക്കറ്റിനാ ഒന്നാം സമ്മാനം....എല്ലാര്‍ടേം ടിക്കറ്റു നോക്കി, ഇനി നിന്‍റെ ടിക്കറ്റൂടെയൊള്ള് .....നിനക്കുതന്നാടാ എനിക്കുറപ്പാ".. !!
ഇത് കേട്ടതും സജി ഓടി ഒരു മുറിക്കട്ടയില്‍ ചവിട്ടി മോണതല്ലി വീഴാന്‍പോയ പോക്ക് ഓട്ടത്തിനു സ്പീഡാക്കി, എന്നിട്ട് സൈക്കിളിന്‍റെ ഹാന്‍റിലേല്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ പോക്കറ്റീന്നു വിറയലോടെ പേഴ്സു വലിച്ചെടുത്ത് ടിക്കറ്റുമായി കുഞ്ഞാപ്പിയുടെ അടുത്തേക്കോടി...
"നോക്കളിയാ പെട്ടന്ന് "..... !!
കയ്യിലിരുന്ന ന്യൂസ്‌ പേപ്പറിലും ടിക്കറ്റിലുമായി മുഖം വെട്ടിച്ചുനോക്കുമ്പോള്‍ കുഞ്ഞാപ്പിയുടെ മുഖം പുഞ്ചിരിയില്‍നിന്നും ഇന്നുവരെ ഒരാളും കണ്ടുപിടിച്ചിട്ടില്ലാത്ത പലതരത്തിലുള്ള രസങ്ങളിലൂടെ മിന്നിമറയുന്നു... ഒടുവില്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നമുഖത്ത്‌ കണ്ണീരുവരുത്തി കുഞ്ഞാപ്പിയുടെ രൂപത്തിനുചേരാത്ത ഒരു വൃത്തികെട്ട ലുക്കില്‍ ചുണ്ടുകൊണ്ട് വേറൊരു കോക്രി.....
"മനുഷ്യനെ മൊനേനിര്‍ത്താതെ കാര്യംപറയടാ കോപ്പേ" ന്ന് സജിയലറുമ്പോള്‍ സജിക്കൊപ്പം അക്ഷമരായി നില്‍ക്കുന്ന പണിക്കാരേംവീട്ടുകാരേമെല്ലാം കണ്ണുതുടച്ചുകൊണ്ട് കുഞ്ഞാപ്പി മാറിമാറിയൊന്നു നോക്കി ,
പിന്നേമൊരു കോക്രി .....
കുഞ്ഞാപ്പിയെന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു >>>....
"നമ്മടെ നാട്ടിലെ പുതിയ കോടീശ്വരനെ പൊക്കിയെടുക്കെടാ നോക്കിനില്‍ക്കാതെ "!!!!.......... :-D
__________________________________________
പിന്നീട് പഴയ സെക്കന്‍റ് ഹാന്‍ഡ്‌ ബൈക്കിനു പകരം സജിയൊരു സ്വിഫ്റ്റ്‌ ഡിസയര്‍ വാങ്ങി സുഗതനളിയനെക്കൊണ്ട് ടയറിന്‍റടീല്‍ നാരങ്ങാവെച്ച് ഉദ്ഘാടനം ചെയ്യിക്കുമ്പോള്‍ കുഞ്ഞാപ്പി അവന്റെ പുതിയ ലോട്ടറിക്കടയുടെ ഉദ്ഘാടനവും നടത്തുകയായിരുന്നു സൂർത്തുക്കളേ.... ഉദ്ഘാടനവും നടത്തുകയായിരുന്നു .....
സജി തലയുയര്‍ത്തി സ്വിഫ്റ്റ് ഡിസയറില്‍ ഇരിക്കുന്നതും, സുഗതനളിയന്‍റെ ചപ്ലിച്ച മോന്തയും, കുഞ്ഞാപ്പിയുടെ ഉദ്ഘാടനവും.....
"അതിങ്ങനെ മാറ്റി മാറ്റി കാണിക്കണം

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo