
അന്ന് ഏപ്രിൽ 25, 2015..ഒരു ശനിയാഴ്ച ദിവസം. ചൂടുകൂടുന്നതിനാൽ മാർച്ച് പകുതിയോടുകൂടി തന്നെ ഉത്തരേന്ത്യയിൽ സ്കൂൾ സമയം രാവിലെ ആറര മുതൽ പന്ത്രണ്ടു വരെയാകും.രാവിലെ ആറുമണിക്കുതന്നെ അധ്യാപക ദമ്പതികളായ ഞാനും എന്റെ ഭർത്താവും സ്കൂളിലെത്തി. രാവിലെ മുതൽ തന്നെ പ്രകൃതിക്കു എന്തൊക്കെയോ മാറ്റം.. അത് എല്ലാർക്കും തോന്നിയിരുന്നു. പതിവുപോലെ ഞങ്ങൾ ക്ലാസുകളിലേക്ക് പോയി..അവസാനത്തെപീരീഡ് ആയി.. കടുത്ത ചൂടുകാരണം ഞാനാകെ തളർന്നിരുന്നു.. പോരാത്തതിന് അവസാനത്തെ പീരീഡ് പൊളിറ്റിക്കൽ സയൻസും.. പിള്ളേരുടെ അവസ്‌ഥ എന്നേക്കാൾ പരിതാപകരം.. ക്ലാസ്റൂമിൽ രണ്ടു ഫാനുകൾ വേണോ വേണ്ടയോ എന്ന് ആലോചിച്ച് കറങ്ങുന്നു. ആൺകുട്ടികൾ പലരും ടൈ ഊരി ഷർട്ടിന്റെ ബട്ടൺ ഒക്കെ തുറന്നിട്ടിരിക്കാൻ ആരംഭിച്ചു.. അന്ന് ഇന്റർവെൽ സമയത്തെ ചൂട് നാൽപതു ഡിഗ്രിയോ മറ്റോ ആയിരുന്നു. പെട്ടന്നാണ് ഒരു കാറ്റ് വീശിയത്.. ലൂ ആയിരുന്നു. സ്കൂളിന്റെ മൂന്നാം നിലവരെ മണ്ണ് പറന്നെത്തി..
അവസാനത്തെ പീരീഡ് ഞങ്ങൾക്ക് കുട്ടികളുടെ ഡയറി പരിശോധിച്ചു അതിൽ ഒപ്പിടണമെന്നഒരു ചടങ്ങുണ്ട. മുന്നിൽനിന്നും തുടങ്ങി ഏകദേശം നടുവിൽ ഞാൻ എത്തിക്കാണും.. വല്ലാത്ത ഒരു അവസ്‌ഥ.. തലചുറ്റുംപോലെ.. നേരെ നില്ക്കാൻ ബാലൻസ് കിട്ടുന്നില്ല.. അടുത്തുള്ള സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് നിലവിളികൾ കേൾക്കുന്നു. എന്റെ ക്ലാസ്സിൽ നിന്നും ഒരാൺകുട്ടി ബാഗുപോലും എടുക്കാതെ ഇറങ്ങിയോടുകയും ചെയ്തു.. എന്താ ഇവിടെ സംഭവിക്കുന്നത്.. ആകെ പരിഭ്രമമമായി. കാലിനടിയിലൂടെ ആരോ ചങ്ങല വലിച്ചുകൊണ്ടോടുംപോലെ..
തൊട്ടടുത്ത ക്ലാസ്സിൽ നിന്നും ഭോലാ സർ ഒന്നും മിണ്ടാതെ ഇറങ്ങിയോടുന്നു.. ഏകദേശം നൂറു കിലോയോളം ഭാരമുള്ള സാർ ഓട്ടത്തിനിടയിൽ ഉരുണ്ടുവീണു.. അവിടുന്ന് വീണ്ടും എണീറ്റ് ഓടി സ്കൂളിന്റെ മധ്യഭാഹത്തുള്ള ഗ്രൗണ്ടിൽ നിലയുറപ്പിച്ചു. ഗോഡ്ഫാദർ സിനിമയിൽ എൻ എൻ പിള്ള "കേറിവാ മക്കളെ കേറിവാ" എന്ന് പറയുംപോലെ ഭോലാസാർ കുട്ടികളെ കൈകൊണ്ടു ആംഗ്യം കാണിച്ചു താഴേക്ക് വിളിക്കുന്നു.
ഉടൻതന്നെ പ്രിൻസിപ്പലിന്റെ അന്നൗൺസ്‌മെന്റ് വന്നു.. എല്ലാ ടീച്ചേഴ്സും കുട്ടികളെ സുരക്ഷിതരായി ഗ്രൗണ്ടിൽ എത്തിച്ചതിനു ശേഷം മാത്രമേ സ്റ്റാഫ്‌റൂമിൽ കേറാവൂ എന്ന്.. മൂന്നാം നിലയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഏതോ മലയാളി ടീച്ചർ പണ്ടെങ്ങോ നട്ട കണിക്കൊന്ന വഴി ഊർന്നു നിലത്തിറങ്ങാൻ ശ്രെമിച്ച സജ്ന മിസ് ഏതായാലും ആ ശ്രെമം ഉപേക്ഷിച്ചു.. ലാസ്‌റ്ബെല്ലടിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഭൂമികുലുക്കം വന്നത്.. ബെല്ലടിക്കാൻ നിയോഗിച്ചിരുന്ന നീമാജി കെട്ടിവെച്ചിരുന്ന മണിയുടെ കയർ അഴിച്ചെങ്കിലും പേടികാരണംഓടി രക്ഷപെട്ടു.. അഴിഞ്ഞു കിടന്ന കയർ ആരും കെട്ടിവെക്കാത്തകാരണം കുറെ കുട്ടികൾ അതിൽ തട്ടിവീണു... കൂട്ടമണിയടിയും കേൾക്കാൻ തുടങ്ങി.
വലിയൊരു കുലുക്കം കഴിഞ്ഞെങ്കിലും തുടർചലനങ്ങൾക്കു സാധ്യതയുണ്ടെന്ന് തോന്നി... എങ്ങനെയെങ്കിലും ക്ലാസ്സിലെ കുട്ടികളെ താഴെയിറക്കി.. ഞാൻ താഴേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അതാ പിറകില്നിന്നൊരു കെട്ടിപ്പിടുത്തം.. പഠിക്കുന്ന കാര്യത്തിൽ മടിച്ചിയാണെങ്കിലും അധ്യാപകരെ സ്നേഹിക്കുന്നതിലും ബഹുമാനിക്കുന്നതിലും ഒന്നാം റാങ്കുകാരിയായ അനു ആയിരുന്നു എന്നെ കെട്ടിപ്പിടിച്ചതു.. ഹം ആപ്കോ അകേലേ നഹിം ചോടേഗാ.. അവൾ കരയാൻ തുടങ്ങി.. അവളെന്നെ കെട്ടിപിടിച്ചു നിൽക്കുന്നതുകണ്ട മറ്റുകുട്ടികളും അതനുകരിക്കാൻ തുടങ്ങി..എന്റെ ചുറ്റുംഒരുകൂട്ടം പെൺകുട്ടികൾ.. ബീഹാറി പിള്ളേർക്ക് ഒരു മലയാളിയോടുള്ള സ്നേഹം അന്നെനിക്ക് മനസ്സിലായി.. അന്ന് ആ കെട്ടിപിടുത്തവും കരച്ചിലുമൊക്കെ എന്നിൽ അല്പം അസ്വസ്‌ഥത ഉണ്ടാക്കിയിരുന്നു.. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ എന്റെ കുട്ടികളുടെ സ്നേഹം എനിക്ക് മനസ്സിലായി.
അന്ന് വൈകിട്ട് ഞങ്ങൾ വെറുതെ സ്കൂളിൽ പോയി നോക്കി. യുദ്ധം കഴിഞ്ഞ പ്രതീതിയായിരുന്നു.
വൈകിട്ടും രാത്രിയിലുമൊക്കെ ചെറിയ കുലുക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ആർക്കും അപകടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഭൂമികുലുക്കം രസമുള്ള ഒരനുഭവമാണ്.. അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ...
By Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക