Slider

ഒരു പ്രണയ കഥയുടെ ചുരുളഴിയുമ്പോൾ

0
Image may contain: 1 person, beard and closeup

പ്രിയ നല്ലെഴുത്ത് സുഹൃത്തുക്കളെ,
ഇത് ഒരു കഥയും ജീവിതവുമാണ്. ഈ കഥ പ്രവാസികളായ ഓരൊരുത്തർക്കും അവരുടെ ഭാര്യമാർക്കും പ്രേമവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യുവാക്കൾക്കും സമർപ്പിക്കുന്നു. എല്ലാവരുടേയും പ്രോത്സാഹനവും അഭിപ്രായവും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു. അല്പം ദൈർഘ്യമുള്ളതായതിനാൽ മൂന്നോ നാലോ ഭാഗങ്ങളായി എഴുതുന്നു. എല്ലാവർക്കും നന്ദി.
.......................................................................
ക്ഷേത്രത്തിൽ നട അടച്ചിരുന്നില്ല. തൊട്ടടുത്തുതന്നെ കണ്ട ക്ഷേത്രക്കുളത്തിന്റെ പടവുകൾ മെല്ലെ ഇറങ്ങി നിഷ തന്റെ കാലുകളും കൈയും മുഖവും കഴുകി. മുഖം കഴുകിയപ്പോൾ നല്ല ഒരു സുഖം. നീണ്ട ഒരു യാത്ര കഴിഞ്ഞ് വരുന്നതല്ലെ.
അവൾ നനഞ്ഞ കാല്പാദങ്ങളാൽ കുളക്കടവിലെ പടികളിൽ വഴുക്കി വീഴാതിരിക്കാൻ ശ്രദ്ധിച്ചു നടന്നു. ക്ഷേത്ര നടയിൽ കൽവിളക്കിനരികിൽനിന്ന് അവൾ മനമുരുകി തന്റെ ആഗ്രഹ സാഫല്യത്തിനായി പരമേശ്വരനോടു പ്രാർത്ഥിച്ചു.
നേരിയ ഒരു ആശ്വാസമെന്നോണം ഒരു നെടുവീർപ്പ് അവളിൽനിന്നും ഉയർന്നു വന്നു.
മെല്ലെ അവൾ തിരികെ നടന്നു. ക്ഷേത്രത്തിനു പുറത്തുള്ള വലിയ ആൽമരത്തിനരികെ എത്തിയ നേരം അവൾ ഒന്നും ശങ്കിച്ചു.
ആരോടെങ്കിലും ചോദിച്ചാലോ...
ക്ഷേത്രത്തിനു പുറത്തു കാണുന്ന കടയുടെ എതിർ വശത്തായി കാണുന്ന ചെറിയ വഴിയിലൂടെ മുമ്പോട്ടു നടന്നാൽ മൂന്നാമത്തെ വീട്. നാലുഭാഗത്തും മതിൽ കെട്ടിയ ഓടുമേഞ്ഞ വീട്.
അങ്ങനെയാണ് പണ്ട് എപ്പോഴോ ഒരിക്കൽ വിളിച്ചപ്പോൾ ശിവേട്ടൻ പറഞ്ഞത്.
ഇപ്പോൾ വർഷം പത്ത് കഴിഞ്ഞു. എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിലോ..? സാരമില്ല. ഏതായാലും പോയി നോക്കാം. ആരോടെങ്കിലും ചോദിച്ചാൽ പിന്നെ വിത്തും പേരും എല്ലാം പറയണം. അതുവേണ്ട... നടക്കാം.
അല്പം മുന്നോട്ടു നടന്നപ്പോൾ ഇടതു വശത്തായി ഒരു ചെറിയ വഴി കാണാൻ കഴിഞ്ഞു. ഏകദേശം നാലടി വീതിയിൽ ഒരു ഇടവഴി. ആ വഴിയുടെ ഇരു വശങ്ങളിലും ഓരോ വലിയ വീടുകൾ. അവർക്ക് നേരെ റോഡിലേക്ക് മുഖം.
ശിവേട്ടൻ മുമ്പ് പറഞ്ഞത് ശരിയാണ്. അവർക്ക് വലിയ റോഡ് മുന്നിലുള്ളപ്പോൾ പിന്നെ എങ്ങനെ ഈ വഴി വലുതാക്കാൻ അവർ സ്ഥലം നൽകും..?
ഇടവഴിയിലൂടെ നിഷ നടന്നു.
അതാണ് മൂന്നാമത്തെ വീട്. തന്റെ ഊഹം ശരിയാണെങ്കിൽ അതുതന്നെ ആയിരിക്കും വീട്.
മൂന്നാമത്തെ ഓടുമേഞ്ഞ വീട്.... അതെ ഇപ്പോഴും ഓടുമേഞ്ഞുതന്നെ. പരിസരത്തൊന്നും മറ്റൊരു ഓടുവീട് കാണാൻ കഴിഞ്ഞില്ല.
വെള്ളയും അതിന് സൈഡ് പിങ്കും ചേർന്ന് പെയിന്റിംഗ് ചെയ്ത മതിലുകൾ. അതിന് നടുവിൽ അത്ര വലുതല്ലാത്ത ഒരു ഗേറ്റ്. അത് ലോക്ക് ചെയ്തിരുന്നു. ഗേറ്റിനു വെളിയിൽ നിന്ന് അവൾ ആ വീട് നല്ലവണ്ണം വീക്ഷിച്ചു.
ഓടു മേഞ്ഞതാണെങ്കിലും അത്ര ചെറുതല്ലാത്ത നല്ലൊരു വീട്. വീടിന് ഇളം റോസും ഇളം പിങ്കും രണ്ടു സ്റ്റെപ്പായി പെയിന്റ് ചെയ്തിരുന്നു. ഗേറ്റിനു രണ്ടു വശങ്ങളിലും നിറയെ പൂക്കൾ. ബോഗൺവില്ലയും മഞ്ഞ കോളാമ്പിയും നിറയെ പൂത്തു നില്ക്കുന്നു. ഗേറ്റിൽ നിന്ന് വീടിന്റെ ഉമ്മറപ്പടിവരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്, ഏകദേശം ഏഴടി വീതിയിൽ. അതിന്റെ ഇരു വശങ്ങളിലും വീടിന്റെ രണ്ടറ്റം വരേയും ഇടയ്ക്കിടെ ഒന്നര അടി ഉയരത്തിൽ ചെടിച്ചട്ടികൾ വക്കുന്നതിനായി കെട്ടിയ തൂണുകൾ. അതിൽ നിറയെ പല നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളും മുന്നോ നാലോ നിറത്തിലുള്ള ബോഗൺവില്ലയും പൂവിട്ടു നില്കുകയാണ്. മതിലിനോട് ചേർന്നു ഇടവിട്ടിടവിട്ട് പല നിറങ്ങളിലുള്ള ചെമ്പരത്തി പൂത്തു നില്ക്കുന്നു. ഇടയിൽ ഒന്നോ രണ്ടോ തെച്ചിയും ഗന്ധരാജനും. ഓണക്കാലം ആയതിനാലാവാം നിറയെ പൂക്കൾ.
ഉമ്മറത്ത് വടക്കു ഭാഗത്തായി ഒരു കിണർ. അതിന്റെ മൂന്നു വശങ്ങൾ മതിൽ കെട്ടി മറച്ചിട്ടുണ്ട്. അവിടെ നിന്നും വീടിനു മുകളിലേക്കു പടർന്നു കയറി ഇടക്കിടക്ക് കുലയായി പൂത്തു നില്ക്കുന്ന കർട്ടൻ പ്ളാന്റിൽ ഓറഞ്ച് പൂക്കളും. കൂടാതെ മാവും ചെമ്പകവും ലാങ്കിലാങ്കി മരങ്ങളും. ഒറ്റ നോട്ടത്തിൽതന്നെ ആരും കൊതിച്ചു പോകുന്ന ഒരു വീട്. ഇത് വീട് തന്നെയാണോ...? മറ്റേതോ ഒരു ലോകത്ത് എത്തിയതുപോലെ നിഷക്ക് തോന്നി.
പുറത്ത് ആരേയും കാണുന്നില്ല. അവൾ ഗേറ്റ് പൂട്ടിയിരൂന്ന താഴിലായി മുട്ടി ചെറിയ ശബ്ദം ഉണ്ടാക്കി.
ഓടുവീട് ആയതിനാൽ ആയിരിക്കും അകത്ത് ആരുടേയൊ ശബ്ദം കേട്ടു.
...............................
രാവിലെ കഴിക്കാനുള്ള ദോശ തയ്യാറാക്കുന്നതിനിടയിലാണ് ദിനി പുറത്ത് ഗേറ്റിൽ ആരോ മുട്ടുന്നത് കേട്ടത്.
'മോളെ നിഖീ... അവിടെ പുറത്ത് ആരാ വന്നതെന്ന് നോക്കു... ആ ഗേറ്റ് ഒന്നു തുറന്നു കൊടുത്തെ....'
നിഖി അവൾ പഠിക്കുകയാണ്. എം. എ. മലയാളം സെക്കന്റിയർ. അവൾ പഠിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വെച്ചു ഗേറ്റ് തുറക്കാൻ ചാവിയെടുത്ത് ഉമ്മറവാതിൽ തുറന്നു പുറത്ത് വന്നു. ഗേറ്റിനു വളിയിലായി ഒരു സ്ത്രീ കാത്തുനിൽക്കുന്നത് അവൾ കണ്ടു.
അവരെ കണ്ടിട്ടും ഒന്നും പറയാതെ അവൾ ഗേറ്റ് തുറക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ നിഷ അവളെ തിരിച്ചറിഞ്ഞു.
അതെ.... തന്റെ മോള്....
ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു
'മോളെ. ....'
പക്ഷേ നിഖി അത് കേൾക്കാത്തതുപോലെ ഗേറ്റ് തുറന്നു അകത്തേക്ക് തിരിച്ചു പോയി. ഇതിനിടയിൽ നിഷ ഒന്നുകൂടി വിളിച്ചു
'മോളേ....'
പക്ഷേ അവൾ ഒന്നും മിണ്ടിയില്ല.
നിഷ വീടിന്റെ ഉമ്മറത്തേക്ക് കയറി വന്നു.
"ആരായിരുന്നു മോളെ അവിടെ ?'.
ദിനി ചോദിച്ചു.
'ആരാണാവോ.... ഒരു സ്ത്രീ... എനിക്കറിയില്ല... ചിറ്റ പോയി നോക്കിക്കോ....'.
നിഖിയുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി ദിനി അടുക്കളയിൽ നിന്ന് ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തു പുറത്ത് വന്നു.
മുറ്റത്ത് ഏകദേശം 50 വയസ്സ് പ്രായമുള്ള ഇരുനിറത്തോടുകൂടിയ ഒരു മെലിഞ്ഞ സ്ത്രീ. അകാലത്തിൽ വാർദ്ധക്യം ഭാതിച്ചതുപോലെ മുടിയിഴകളിൽ വെള്ളി വീണുതുടങ്ങിയിരിക്കുന്നു. കൺ തടങ്ങളിൽ കറുത്ത നിറം. നെറ്റിയിൽ ഒരു വലിയ പൊട്ട്.മൂക്കിൽ മൂക്കുത്തി, കഴുത്തിൽ മഞ്ഞ ചരടിൽ കോർത്തിണക്കി താലി. തോളിൽ ഒരു ബാഗ്. ദൂരയാത്ര കഴിഞ്ഞു വരുന്നതാണ് എന്ന് അവരുടെ മുഖം വ്യക്തമാക്കി.
ദിനി ചോദിച്ചു 'ആരാ...മനസ്സിലായില്ല '
'ഞാൻ....'
നിഷ അല്പം പരുങ്ങി. വാക്കുകൾക്ക് പുറത്ത് കടക്കാൻ കഴിയാത്തതുപോലെ.
'ഞാൻ... മോളെ കാണാൻ വന്നതാ...'.
'മോളോ...' ദിനി അല്പം അമ്പരപ്പോടെ ചോദിച്ചു.
'അതെ... നിഖി... അവൾ...
വാക്കുകൾ മുഴുവിക്കാതെ നിഷ തല താഴ്ത്തി നിന്നു.
(തുടരും...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo