കമ്പനിയും തൊഴിലാളികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി ഉടനെ എന്തെങ്കിലും ചെയ്യണം. കമ്പനി സി ഇ ഒ യ്‌ക്ക് ഉപദേശം ലഭിച്ചു. എന്താണൊരു വഴി? ഉപദേശിച്ചവൻ തന്നെ അതിനൊരു വഴി നിർദേശിച്ചു. ഏതെങ്കിലും ഒരു ചവറു പരിപാടി കമ്പനി ചിലവിൽ സംഘടിപ്പിക്കുക. എല്ലാ തൊഴിലാളികളെയും ക്ഷണിക്കുക. ഒരു ചായയും വല്ല പപ്‌സോ ചിപ്‌സോ അങ്ങനെ എന്തെങ്കിലും കൊടുക്കുക. വല്ല നല്ല നാലു ഡയലോഗും പറയുക. അത്ര തന്നെ. അതിനിപ്പോ എന്തു പരിപാടിയാ? സി ഇ ഓ കുത്തിയിരുന്ന് ആലോചിച്ചു. ബോറടിച്ചപ്പോ രഹസ്യമായി വായിക്കാൻ കൊണ്ടു വന്ന വീക്കിലി എടുത്തു വായിച്ചു. ദേ കെടക്കുന്നു ഐഡിയ! സൂര്യഗ്രഹണം! ഉടനെ ലാപ്‌ടോപ്പ് എടുത്തു. കമ്പനി മാനേജർക്ക് ഒരു മെയിൽ അയച്ചു.
നാളെ രാവിലെ 11 മണിയ്‌ക്ക് ഒരു പൂർണ സൂര്യഗ്രഹണം ഉണ്ടാകും. അതായത് രണ്ടു മിനിറ്റോളം സൂര്യൻ പൂർണമായും ചന്ദ്രന്റെ പുറകിലായിരിക്കും. ഈ പ്രതിഭാസം എല്ലാ ദിവസവും കാണാൻ കഴിയുന്നതല്ലാത്തതിനാൽ എല്ലാ തൊഴിലാളികളും നാളെ രാവിലെ പത്തരയ്‌ക്ക് കമ്പനി പാർക്കിങ്ങിൽ കൂടണം. സൂര്യഗ്രഹണത്തെക്കുറിച്ച് ഞാൻ ഒരു ചെറിയ വിവരണം നൽകാം. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാൻ പാടില്ലാത്തതിനാൽ എല്ലാവർക്കും കണ്ണടകൾ നൽകുന്നതായിരിക്കും. ഇതിന് ഒരു ചെറിയ തുകയും ഈടാക്കും. ചായസൽക്കാരത്തോടെ പിരിയാം.
പിന്നെ സമാധാനമായി സീറ്റിലേക്കു മടങ്ങി.
മാനേജർക്ക് ഒരു കുന്തവും മനസ്സിലായില്ല. സൂര്യഗ്രഹണവും കമ്പനിയും തമ്മിലെന്തു ബന്ധം?
എന്നാലും സി ഇ ഓ അയച്ച മെയിലല്ലേ..പുള്ളി ഡിപാർട്‌മന്റ് ഹെഡിന് വിവരത്തിനായി ഒരു മെയിൽ അയക്കാനാരംഭിച്ചു.
നാളെ രാവിലെ പത്തു മുതൽ പതിനൊന്നു വരെ എല്ലാ തൊഴിലാളികളും പാർക്കിങ്ങിൽ ഒത്തു കൂടേണ്ടതാണ്. അതിനെത്തുടർന്ന് ഒരു സൂര്യഗ്രഹണം ഉണ്ടാകും. സൂര്യൻ ചന്ദ്രന്റെ പുറകിൽ അപ്രത്യക്ഷമാകും. രണ്ടു മിനിറ്റോളം ഇതു നീണ്ടു നിൽക്കും. ഒരു ചെറിയ തുകയ്‌ക്ക് വാങ്ങാവുന്ന കണ്ണടയും വിതരണം ചെയ്യും.മറ്റൊരു കാര്യം എല്ലാ ദിവസവും കാണാനാകാത്ത നമ്മുടെ സി ഇ ഓ ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്കു നൽകുന്നതായിരിക്കും. ചായസൽക്കാരവും ഉണ്ടാകും.
മാനേജറുടെ വലംകൈ ആയ ഡിപാർട്‌മന്റ് ഹെഡ് മെയിൽ കിട്ടിയതേ ഫ്ലോർ മാനേജർക്ക് ഒരു മെയിൽ അയച്ചു.
എന്നും കാണാനാകാത്ത നമ്മുടെ സി ഇ ഓ നാളെ നമ്മുടെ പാർക്കിങ്ങിൽ വെച്ച് രാവിലെ 10 മുതൽ 11 വരെ ഒരു ചെറിയ പ്രസംഗം നടത്തി സൂര്യനെ ചന്ദ്രനു പുറകിൽ സൂര്യഗ്രഹണം വഴി അപ്രത്യക്ഷനാക്കുന്നതാണ്. ഇത് രണ്ടു മിനിറ്റോളം ഉണ്ടാകും. നിങ്ങൾക്കോരോരുത്തർക്കും ഒരു ചെറിയ തുക മുടക്കി ഇത് സുരക്ഷിതമായി കാണാനാകുന്നതാണ്. ചായ സൽക്കാരവുമുണ്ടാകും.
നല്ല തിരക്കിലിരിക്കുകയായിരുന്ന ഫ്ലോർമാനേജർ മെയിൽ സൂപ്പർവൈസർക്ക് അയച്ചു കൊടുത്തു.
പത്തോ പതിനൊന്നോ സ്‌റ്റാഫ് നാളെ പാർക്കിങ്ങിൽ സന്നിഹിതരായി സി ഇ ഓ സൂര്യഗ്രഹണം നടത്തി രണ്ടു മിനിറ്റ് നേരത്തേക്ക് സൂര്യനെ അപ്രത്യക്ഷനാക്കുന്ന വിദ്യ കാണേണ്ടതാണ്. എപ്പോഴും കാണാനാകാത്ത ഈ കാഴ്‌ച സുരക്ഷിതമായി കാണുന്നതിലേക്കായി പതിവു പോലെ ഒരു ചെറിയ തുക പിരിയ്‌ക്കുന്നതായിരിക്കും. ചായ സൽക്കാരവുമുണ്ടാകും.
സൂപ്പർവൈസർ മെയിൽ വായിച്ച് ഒരു നോട്ടീസ് തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഒട്ടിച്ചു.
നാളെ രാവിലെ കുറച്ചു തൊഴിലാളികൾ പാർക്കിങ്ങിൽ സന്നിഹിതരായി നമ്മുടെ സി ഇ ഓ അപ്രത്യക്ഷനാകുന്നത് കാണേണ്ടതാണ്. സുരക്ഷിതമാണെങ്കിലും ഇത് എല്ലാ ദിവസവും കാണാനാകുന്നതല്ല!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി.
#panikkathy
#panikkathy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക