അച്ഛന്റെ പിണക്കം
നാളെയാണ് സ്‌കൂൾ തുറക്കുന്നത്. പുത്തൻ ബാഗും പുസ്തകങ്ങളും വാങ്ങി അച്ഛന്റെ കയ്യുംപിടിച്ച് കുണുങ്ങിച്ചിരിച്ച് റോഡ്‌സൈഡിലൂടെ നടക്കുന്നതിനിടയിലാണ് മനുകുട്ടൻ കള്ളുഷാപ്പിന്റെ മുന്നിലെത്തിയത്. കണ്ണും ചുവപ്പിച്ച് അലസമായി ചീകിയൊതുക്കിയ മുടിയുമായി നാലുകാലിൽ ഇറങ്ങുന്ന ചേട്ടന്മാരെ കണ്ടപാടെ അവൻ അച്ഛന്റെ കൈ അൽപ്പം കൂടി മുറുക്കി പിടിച്ചു. അവന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കിയത്കൊണ്ടാകാം അച്ഛൻ പുഞ്ചിരി തൂകി അവന്റെ മുഖത്തേക്ക് നോക്കി.
"ഡാ... നീ പേടിക്കേണ്ട... അച്ഛൻ കുടിക്കില്ല.. പക്ഷെ, എനിക്കതിനകത്തൊരു ആവശ്യമുണ്ട്.. നീ ഇവിടെ നില്ല്.. ഞാനിപ്പോൾ വരാം "
ഇതും പറഞ് അഴിഞ്ഞുവീഴാറായ കൈലിമുണ്ട് ഒന്നുകൂടി മുറുക്കിയെടുത്ത് അച്ഛൻ ഷാപ്പിന്റകത്തേക്ക് കയറി.
മനുകുട്ടന് ആകെ പേടിയായി. മൂന്ന്മാസങ്ങൾക്ക് മുൻപ് മാത്രമാണ് അമ്മയുടെ തലപിടിച്ച് അച്ഛൻ സത്യം ചെയ്തത് ഇനി മേലാൽ ഈ സാധനം കൈക്കൊണ്ട് തൊടില്ലെന്ന്. ഇതിപ്പോൾ ഷാപ്പിന്റെ മണം അടിച്ചപ്പോൾ തന്നെ അച്ഛന്റെ കണ്ട്രോൾ മൊത്തം പോയോ ഈശ്വരാ... അവൻ ആത്മഗതം പറഞ് കൈകൾ മേൽപ്പോട്ടുയർത്തി.
പെട്ടെന്നാണ് അയലത്തെ വീട്ടിലെ രവിക്കുട്ടൻ അങ്ങോട്ടേക്ക് വന്നത്. മനുകുട്ടനെ കണ്ടതും അവൻ കണ്ണൊന്നുരുട്ടി.
"നീ എന്താടാ ചെക്കാ ഇവിടെ ??"
"ഞാൻ അച്ഛനെ കാത്തിരിക്കുകയാണ് "
"അത് ശെരി, അപ്പൊ നിന്റെ അച്ഛൻ കുടി നിർത്തിയില്ല അല്ലെ "
അവൻ ഒരു ലോട്ടറി അടിച്ച ഭാവത്തോടെ പൊട്ടിചിരിച്ചുക്കൊണ്ട് മനുകുട്ടനിൽ നിന്ന് നടന്നകന്നു.
അഞ്ചുമിനിറ്റ് മാത്രം ദൈർഘ്യമുള്ള കാത്തിരിപ്പിന് ശേഷം അച്ഛൻ ഷാപ്പിൽ നിന്നിറങ്ങി.മനുകുട്ടൻ ഉത്കണ്ഠ നിറഞ്ഞ കണ്ണുകളോടെ അച്ഛന്റെ കാലുകളിലേക്ക് നോക്കി. ഇല്ല കാലുകളുടെ ചലനങ്ങളിലൊന്നും അസാധാരണമായി ഒന്നും തന്നെ ഇല്ല. കണ്ണുകളിലെല്ലാം ആ പഴയ തിളക്കമുണ്ട്. അച്ഛൻ കുടിച്ചിട്ടില്ലെന്ന് സാരം. പിന്നെന്തിനായിരിക്കാം അച്ഛൻ ഷാപ്പിനകത്തേക്ക് കയറിയത്. അവൻ അത് ചോദിക്കുന്നതിന് മുൻപേ അച്ഛൻ മറുപടി പറഞ്ഞു
"നിന്റെ അമ്മ എന്നും ചോദിക്കാറുണ്ട് ഷാപ്പിലെ മീന്കറിയുടെ ടേസ്റ്റിനെ കുറിച്ച്... എന്നും മേടിക്കണമെന്ന് വിചാരിക്കും.. പക്ഷെ ഞാനങ് മറന്നുപോകും "
മനുകുട്ടന്റെ മുഖം സന്തോഷം കൊണ്ട് മിന്നിത്തിളങ്ങി. ഒരു നിമിഷത്തേക്കാണെങ്കിലും അച്ഛനെ സംശയിക്കേണ്ടി വന്നതിൽ അവന് നീരസം തോന്നി. അവൻ അച്ഛന്റെ കയ്യിൽ നിന്നും മീൻകറി കെട്ടിവെച്ച പൊതിവാങ്ങിച്ച് ബാഗിലേക്കിട്ടു. പിന്നെ, അച്ഛന്റെ ചൂണ്ടു വിരലിന്റെ അറ്റത്ത് മുറുകെ പിടിച്ചുകൊണ്ട് അവൻ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയതും അമ്മയതാ ഉമ്മറത്തു തന്നെ അവരെ കാത്ത് നിൽക്കുന്നു. അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. മുടി അഴിച്ച് കണ്ണുരുട്ടി ഭദ്രകാളി സ്റ്റൈലിൽ ആണ് നിൽപ്പ്.എന്തോ പന്തികേടുണ്ടെന്ന് ഉറപ്പാണ്.
"എന്താണ് നിങ്ങളുടെ ഉദ്ദേശം...നിങ്ങൾ ഒരിക്കലും നന്നാകില്ലെ മനുഷ്യാ ???അഞ്ചുവയസ്സ് പോലും തികയാത്ത മകനെ ഷാപ്പിന് പുറത്തു നിർത്തി കള്ളുകുടിക്കാൻ പോകാൻ നാണം തോന്നിയില്ലേ... ??"
മറുപടിയൊന്നും പറയാനാകാതെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് തിണ്ണയിൽ വെച്ച് അച്ഛൻ മുറ്റത്തേക്കിറങ്ങി. അഴയിൽ തൂക്കിയിട്ട തോർത്തുമുണ്ടെടുത്ത് നേരെ കുളിമുറിയിലേക്ക് കയറി.
"അമ്മ എന്തറിഞ്ഞിട്ടാ... അമ്മയ്ക്ക് കഴിക്കാൻ വേണ്ടി മീൻ കറി വാങ്ങാനാ അച്ഛൻ ഷാപ്പിലേക്ക് കയറിയത്...അമ്മയല്ലേ പറഞ്ഞിരുന്നത് ഷാപ്പിലെ മീൻ കറി വാങ്ങിത്തരുമോ എന്ന് ?? പാവം അച്ഛൻ.. ഇപ്പൊ എന്തോരം സങ്കടായിക്കാണും "
"ആണോ ഡാ ??"
അമ്മയുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു. കാര്യമറിയാതെ അച്ഛനെ വഴക്ക് പറയേണ്ടി വന്നതിൽ അമ്മയ്ക്ക് സങ്കടമായി. അമ്മ വേഗം കുളി മുറിയുടെ നേരെ നടന്നു. അടച്ചിട്ട വാതിലിൽ ചാരി നിന്നുകൊണ്ട് നാണം പുരട്ടിയ ശബ്ദത്തോടെ അമ്മ പറഞ്ഞു
"അതേയ്... എനിക്ക് നേരത്തെ അറിയാമായിരുന്നു കുടിക്കാനൊന്നുമല്ല നിങ്ങൾ ഷാപ്പിൽ കയറിയതെന്ന്... ഞാൻ നിങ്ങളെ ഒന്ന് ടെസ്റ്റ് ചെയ്തതല്ലേ ??"
പക്ഷെ അച്ഛനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അമ്മയുടെ മുഖത്ത് വീണ്ടും നിരാശ പ്രകടമായി.പക്ഷെ തോറ്റുകൊടുക്കാൻ തയ്യാറാകാത്ത അമ്മ അടുത്ത ആയുധത്തിന് മൂർച്ചകൂട്ടി. ഇത്തവണ ശബ്ദം അൽപ്പം കൂടി മയപ്പെടുത്തി.
"അതേയ്... നിങ്ങളിന്നലെ പറഞ്ഞില്ലേ പുറത്തു നിറയെ അഴുക്കുണ്ടെന്ന്... വാതിൽ ഒന്ന് തുറന്നെ.. ഞാൻ നന്നായി ഉരച്ചു തരാം "
"എന്റെ പ്രഭേ.. അത്യാവശ്യത്തിന് സോപ്പ് ഞാൻ തന്നെ നന്നായി പതപ്പിക്കുന്നുണ്ട്.. ഇനി പുറത്ത് നിന്ന് നിന്റെ സോപ്പിങ് വേണ്ട "അതോടെ പ്രതീക്ഷയെല്ലാം നഷ്ടപെട്ട അമ്മ വേഗം അടുക്കളയിലേക്ക് നടന്നു
നേരം ഇരുട്ടിത്തുടങ്ങി.നില വിളക്കും കയ്യിലേന്തി അമ്മ ഉമ്മറത്തേക്ക് നടന്നു വന്നു.തറയിൽ വെച്ച വിളക്കിൽ നിന്ന് അൽപ്പം എണ്ണ തലയിൽ തേച്ചു.പതിവിൽ നിന്ന് വ്യത്യസ്തമായി അമ്മ കൂടുതൽ സുന്ദരിയായി കാണപ്പെട്ടിരുന്നു.കഴിഞ്ഞ വിഷുവിന് അമ്മാവൻ വാങ്ങിച്ചുകൊടുത്ത റോസ് ചുരിദാർ ആണ് അമ്മ ധരിച്ചിട്ടുള്ളത്.അച്ഛന് ഏറ്റവും ഇഷ്ടമുള്ള ചുരിദാർ ആയിരുന്നു അത്.
മനുകുട്ടനെ കണ്ടതും അമ്മ അവനോട് പറഞ്ഞു.
''ഈ ഇരുട്ടിലിരിക്കാതെ വേഗം അകത്തുപോയി ആ പുസ്തകങ്ങളൊക്കെ എടുത്ത് വെക്ക്..ഞാൻ വന്നിട്ട് പൊതിഞ്ഞു തരാം''
മനുകുട്ടൻ തലയാട്ടി അകത്തേക്കു പോയതും അമ്മ തിണ്ണയിൽ ഇരിക്കുകയായിരുന്ന അച്ഛന്റെ നേരെ നടന്നു.തോർത്തുമുണ്ടുകൊണ്ട് കെട്ടിവെച്ച് കാർക്കൂന്തൽ അഴിച്ചു വെച്ച് അച്ചന്റെ മുഖത്തിന് നേരെ നീട്ടി.
''അതേയ്...ഈ കാച്ചിയെണ്ണ തേച്ച മുടിയുടെ മണം എങ്ങനെയുണ്ട്??''
''എന്തൊരു നാറ്റമാടീ ഇത്..നിനക്ക് നന്നായൊന്നു കുളിച്ചു നടന്നൂടെ..''
''ഞാൻ കുളിച്ചിട്ടാണല്ലോ വന്നത്??"
മറുപടിയൊന്നും പറയാതെ അച്ചൻ അകത്തേക്ക് നടന്നു.കാച്ചിയെണ്ണയും ഏശിയല്ല എന്ന ബോധ്യമായതോടെ നിരാശപ്രകടമാക്കാതെ അമ്മ വേഗം അടുക്കളയിലേക്ക് നടന്നു.
നല്ല പാവയ്ക്ക വറുക്കുന്ന മണം കിട്ടിയതോടെയാണ് മനുകുട്ടൻ അടുക്കളയിലേക്ക് വന്നത്.അച്ഛന് ഏറെ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് അത്. ഒരുപക്ഷെ, അച്ഛനെ വീഴ്ത്താനുള്ള അമ്മയുടെ ആവനാഴിയിലെ അവസാന ആയുധം എന്ന് വേണമെങ്കിൽ പറയാം.
പക്ഷെ,പതിവിൽ നിന്ന് വ്യത്യസ്തമായി അച്ഛൻ കൂടുതൽ ചോറ് തിന്നു എന്നല്ലാതെ അമ്മയെ സന്തോഷിപ്പിക്കാനുള്ള ഒരു ഗ്രീൻ സിഗ്നൽ പോലും അച്ഛന്റെ ഭാഗത്തു നിന്നുണ്ടായില്ല
അടുക്കള കോലായിലെ ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് അച്ചൻ കൈകഴുകുന്നതിനിടെ അമ്മ ഒരു കഷ്ണം തോർത്തുമായി അച്ഛന്റെ പിറകെ നിന്നു.ഉടുത്തിരുന്ന കൈലിക്കൊണ്ട് മുഖവും കയ്യും തുടച്ച് അച്ചൻ അമ്മയെ വീണ്ടും അവഗണിച്ചതോടെ അമ്മയുടെ സകല നിയന്ത്രണങ്ങളും നഷ്ടമായി.
''ഇതെന്തൊരു ശുണ്ഠിക്കാരനാണ് ദൈവമേ...ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ??...കള്ളുകുടി നിർത്തി എന്ന് പറഞ്ഞ ഭർത്താവ് കള്ളുഷാപ്പിൽ ഇരിക്കുന്നെന്ന് കേട്ടാൽ ഏത് ഭാര്യയാണ് സഹിക്കുക??...അതിന് ഇങ്ങനെ ശിക്ഷിക്കണോ??''
അമ്മയുടെ പ്രതിഷേധങ്ങൾക്ക് മുഖം കൊടുക്കാതെ അച്ഛൻ ബെഡ്റൂമിലേക്ക് നടന്നു .കൂടെ മനുകുട്ടനും.
പത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി ലൈറ്റണച്ച് അമ്മ റൂമിലേക്ക് നടന്നു വന്നു.പക്ഷെ,മനുകുട്ടനെ നടുവിൽ കിടത്തി ചുമരിനോട് ചാരികിടന്നുറങ്ങുന്ന അച്ഛനെ കണ്ടതോടെ അമ്മയുടെ കണ്ണുകൾ അന്നാദ്യമായി ഈറനണിഞ്ഞു.രാത്രിയുടെ ശാന്തമായ ഒഴുക്കിനിടയിലും അമ്മയുടെ നിശബ്ദമായ തേങ്ങൽ മാത്രം ആ റൂമിൽ ബാക്കിയായി.
''പ്രഭേ..??''
''എന്തോ??''
''നീ ഉറങ്ങിയില്ലേ??"
''ഇല്ല..എങ്ങനെ ഉറങ്ങാനാ...ഒരു ചെറിയ തെറ്റിന് ഇത്രയും ശിക്ഷിക്കണമായിരുന്നോ എന്നെ...എനിക്ക് എത്ര സങ്കടായെന്നറിയോ??"
''ഡീ..നിനക്കോർമയുണ്ടോ??? അശോകന്റെ കല്യാണത്തിന് പോകാൻ ഞാനല്പം താമസിച്ചതിന്റെ പേരിൽ നീ എന്നോട് മുന്നീസം മിണ്ടാതെ നടന്നു...അതും പോട്ടെ ,നിന്റെ ചെറിയമ്മയുടെ മോന്റെ കല്യാണത്തിന് തലേന്ന് പോകാൻ പറ്റാത്തതിന്റെ പിണക്കം തീർക്കാൻ എനിക്ക് രണ്ടാഴ്ച വേണ്ടി വന്നു...ഇന്ന് ഞാൻ വെറും രണ്ടു മണിക്കൂർ നിന്നെ അവഗണിച്ചപ്പോൾ നിനക്ക് സഹിക്കാൻ പറ്റുന്നില്ലല്ലേ??..നിങ്ങൾ സ്ത്രീകൾ ക്ഷമയുടെയും സഹനത്തിന്റെയുമൊക്കെ പര്യായമാണെന്നൊക്കെ പറയുമ്പോഴും നീ എന്നോട് ഒന്ന് മിണ്ടാൻപോലും ദിവസങ്ങളും ആഴ്ചകളുമൊക്കെ എടുക്കുന്നു....അന്നൊക്കെ ഞാൻ അനുഭവിച്ച സങ്കടങ്ങളും വിഷമങ്ങളുമൊക്കെ ഞാൻ നീ ഇപ്പോഴും അനുഭവിച്ചിട്ടില്ല ...നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമല്ല ഈ സെന്റിമെൻറ്സും തേങ്ങാക്കൊലയുമൊക്കെ ഉള്ളത് ..ഞങ്ങൾ ആണുങ്ങൾക്കുമുണ്ടത്..ഇപ്പോൾ മനസ്സിലായോ??''
''ങും''
''എന്നാ മനുവിനെ ഇനി ചുമരിന് നേരെ ചാരിക്കിടത്താം അല്ലെ ??''
''വേണ്ട ...എനിക്ക് അച്ഛന്റെയും അമ്മയുടെയും നടുവിൽ കിടന്നുറങ്ങിയാൽ മതി "
''അത് ശെരി...അപ്പോൾ കള്ളൻ ഉറങ്ങിയില്ലായിരുന്നോ??. ..പോയി ഉറങ്ങാൻ നോക്ക് ചെക്കാ..നാളെ സ്‌കൂളിൽ പോകണ്ടേ??"
സമീർ ചെങ്ങമ്പള്ളി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക